Thursday, May 02, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 18 Nov 2018 01.17 AM

കോട്ടയം പുഷ്‌പനാഥ്‌ കഥ ഇതുവരെ...

uploads/news/2018/11/265670/sun3.jpg

കോട്ടയം പുഷ്‌പനാഥിന്‌ എഴുത്ത്‌ തപസ്യയായിരുന്നു. അതുകൊണ്ടാകാം, ഒരായുഷ്‌കാലം രണ്ടുകൈകൊണ്ട്‌ എഴുതിയാലും തീരാത്തത്ര കുറ്റാന്വേഷണ നോവലുകളുടെയും മാന്ത്രിക നോവലുകളുടെയും മഹാപ്രപഞ്ചം ആ തൂലികയിലൂടെ അടര്‍ന്നുവീണത്‌. മുന്നൂറില്‍പരം നോവലുകളിലൂടെ മൂവായിരത്തിലധികം കഥാപാത്രങ്ങളെ സൃഷ്‌ടിച്ച മറ്റൊരു എഴുത്തുകാരനില്ല.
അധ്യാപികയായ അമ്മയുടെ പ്രോത്സാഹനമാണ്‌ പുഷ്‌പനാഥിനെ ചെറുപ്രായത്തിയില്‍ത്തന്നെ പുസ്‌തകങ്ങളുടെ ചങ്ങാതിയാക്കിയത്‌. എഴുത്തുജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതില്‍ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന ഐപ്‌ സാറിന്‌ വലിയൊരു പങ്കുണ്ട്‌. ഷെര്‍ലോക്ക്‌ ഹോംസിന്റെ രചനകള്‍ അതിന്റെ എല്ലാ സസ്‌പെന്‍സും നിലനിര്‍ത്തി സാര്‍ വിവരിച്ചുകൊടുക്കുമ്പോള്‍ കുഞ്ഞുമനസ്സില്‍ വീണ തീപ്പൊരിയാണ്‌ പില്‍ക്കാലത്ത്‌ ഉദ്വേഗജനകമായ എഴുത്തിലൂടെ ഒരു തലമുറയെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രചോദനമായത്‌.
സ്‌കൂള്‍കാലത്തുതന്നെ ചെറിയതോതില്‍ എഴുതിത്തുടങ്ങിയ പുഷ്‌പനാഥിന്റെ രചനകള്‍ സ്‌കൂള്‍ മാഗസിനില്‍ അടക്കം പ്രസിദ്ധീകൃതമായി. ചരിത്രാധ്യാപകനായി ജോലിയില്‍ നില്‍ക്കെയാണ്‌ നോവലെഴുത്തിന്റെ തുടക്കം. കൃത്യമായി പറഞ്ഞാല്‍ 1968 നവംബറില്‍.
ജനപ്രിയ സാഹിത്യത്തിന്റെ വസന്തകാലമായ എണ്‍പതുകളാണ്‌ കോട്ടയം പുഷ്‌പനാഥ്‌ എന്നപേര്‌ മലയാളമനസ്സുകളില്‍ ഒരിക്കലും മായാത്ത തരത്തില്‍ കോറിയിട്ടത്‌. വഴിമാറി സഞ്ചരിക്കുകയും വേറിട്ട ശൈലി രൂപപ്പെടുത്തുകയും ചെയ്‌തതിലൂടെ അദ്ദേഹം ആഴ്‌ചപ്പതിപ്പുകളുടെ അവിഭാജ്യഘടകമായി മാറി. സമാനതകളില്ലാത്ത ഇരിപ്പിടത്തിലിരുന്ന്‌ ഒരേസമയം ഒന്‍പത്‌ നോവലുകള്‍വരെ രചിച്ചു. തൈമൂര്‍ എന്ന തൂലികാനാമത്തിലും അദ്ദേഹത്തിന്റെ രചനകള്‍ വെളിച്ചംകണ്ടു. തിരക്കുകൂടിയപ്പോള്‍ അധ്യാപകവൃത്തിയില്‍ നിന്ന്‌ വിരമിച്ച്‌ മുഴുവന്‍സമയ എഴുത്തുകാരനായി. രാവിലെ ഏഴുമുതല്‍ രാത്രി പതിനൊന്നുവരെ ഇടതടവില്ലാതെ എഴുതുകയും മുറിയില്‍ മൂന്നുപേരെ ഇരുത്തി ഒരേ സമയം വ്യത്യസ്‌ത കുറ്റാന്വേഷണ നോവല്‍ ഭാഗങ്ങള്‍ അവര്‍ക്ക്‌ പറഞ്ഞുകൊടുത്തെഴുതിക്കുകയും ചെയ്‌ത സന്ദര്‍ഭങ്ങളുണ്ട്‌. ഏറ്റെടുക്കുന്ന നോവലുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കും എന്ന കാര്യത്തില്‍ പ്രസാധകര്‍ക്ക്‌ ഒരിക്കല്‍പോലും അവിശ്വാസം തോന്നിയിട്ടില്ല. മുന്‍പേര്‍ പ്രതിഫലം നല്‍കി കാത്തിരിക്കാന്‍ വരെ അക്കാലയളവില്‍ ആളുകള്‍ തയ്യാറായിരുന്നു.
കുറ്റാന്വേഷണ നോവലുകള്‍ എഴുതുന്നത്‌ പ്രണയനോവലുകള്‍ പോലെയത്ര എളുപ്പമല്ല. ചരിത്രം, നിയമം, ശാസ്‌ത്രീയ വശങ്ങള്‍, മനഃശാസ്‌ത്രം എന്നിവയെക്കുറിച്ചുള്ള അവഗാഹം ആവശ്യമാണ്‌. നിരന്തരമായ വായനയിലൂടെയാണ്‌ കോട്ടയം പുഷ്‌പനാഥ്‌ ഇത്‌ ആര്‍ജിച്ചത്‌. സാങ്കേതിക വിദ്യകളെക്കുറിച്ചും അദ്ദേഹം വ്യക്‌തമായി മനസിലാക്കിയിരുന്നു. അപസര്‍പ്പകനോവലുകള്‍ സാധാരണക്കാരനെ സ്‌പര്‍ശിക്കുന്നതരത്തില്‍ സ്വന്തമായൊരു രസതന്ത്രവും സ്വായത്തമാക്കിയതാണ്‌ കോട്ടയം പുഷ്‌പനാഥിന്റെ വിജയം. ഡിറ്റക്‌റ്റീവ്‌ മാര്‍ക്‌സ്, ഡിറ്റക്‌റ്റീവ്‌ പുഷ്‌പരാജ്‌ എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്രകഥാപാത്രങ്ങളാക്കി അദ്ദേഹം രചിച്ച നോവലുകള്‍ യുവാക്കള്‍ക്കും കുടുംബിനികള്‍ക്കും ഒരുപോലെ ഹരമായി.
വിദേശരാജ്യങ്ങളില്‍ ഒന്നും പോകാതെ തന്നെ റീഡേഴ്‌സ് ഡൈജസ്‌റ്റും നാഷണല്‍ ജിയോഗ്രഫിയും വിജ്‌ഞാന ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും വായിച്ച്‌ കാര്‍പാത്യന്‍ മലനിരകളിലൂടെ മാര്‍ക്‌സിനും കാമുകിയും നടക്കുന്നതും ഇംഗ്ലണ്ടിലെ നഗരങ്ങളും ബര്‍മുഡ ട്രയാങ്കിളും ശാന്തസമുദ്രത്തിലെ അന്തര്വാഹിനിയുമെല്ലാം തൊട്ടറിഞ്ഞതുപോലെ അക്ഷരങ്ങള്‍കൊണ്ട്‌ വര്‍ണിച്ചു.
കമ്പ്യൂട്ടര്‍ എന്താണെന്നുപോലും മലയാളികള്‍ക്ക്‌ അറിയാത്ത കാലത്താണ്‌ 'കമ്പ്യൂട്ടര്‍ ഗേള്‍' എന്ന നോവല്‍ എഴുതിയത്‌. ചരിത്രാധ്യാപകന്‍ ആയിരുന്നതിനാല്‍ ഓരോ രാജ്യങ്ങളിലെ ഭൂപടങ്ങളെക്കുറിച്ച്‌ വ്യക്‌തമായ ധാരണയുണ്ടായിരുന്നത്‌ എഴുത്തിനെ സഹായിച്ചിട്ടുണ്ട്‌. ഒരു സംഭവം നടക്കുമ്പോള്‍ അതിന്റെ ചരിത്രപശ്‌ചാത്തലം വിവരിക്കുന്നത്‌ വായനക്കാര്‍ക്ക്‌ കഥയിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ വഴിയൊരുക്കി.
നോവലിലെ കഥാപാത്രങ്ങളും കഥാന്ത്യവും മാത്രം ഓര്‍ത്തുവച്ചുകൊണ്ട്‌ അവര്‍ നില്‍ക്കുന്നിടത്തുനിന്ന്‌ പിന്തുടര്‍ന്ന്‌ കഥാഗതി തിരിച്ചുവിടുന്നതായിരുന്നു പുഷ്‌പനാഥിന്റെ ശൈലി.
മുന്‍കൂട്ടി ട്വിസ്‌റ്റുകള്‍ കണ്ടുവയ്‌ക്കുകയോ എഴുതിയത്‌ തിരുത്തുകയോ ചെയ്‌തിട്ടില്ല. പക്ഷെ, എല്ലാം കൃത്യമായിരുന്നെന്ന്‌ ജനമനസ്സുകളിലെ സ്വീകാര്യത തെളിയിച്ചു. ഡ്രാഗണ്‍, റിട്ടേണ്‍ ഓഫ്‌ ഡ്രാക്കുള, ജരാസന്ധന്‍, കഴുകന്റെ നിഴല്‍, മറൈന്‍ ഡ്രൈവ്‌ തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും കൂടുതല്‍ പതിപ്പിറങ്ങിയവ. മികച്ച നോവലുകള്‍ കോര്‍ത്തിണക്കി 'ബെസ്‌റ്റ് സെല്ലേഴ്‌സ് ഓഫ്‌ കോട്ടയം പുഷ്‌പനാഥ്‌', 'മെഗാഹിറ്റ്‌ ക്രൈം നോവല്‍സ്‌' എന്നീ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചു.
തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളിലേക്ക്‌ ഈ പുസ്‌തകങ്ങള്‍ മൊഴിമാറ്റം ചെയ്‌തതും വിറ്റഴിഞ്ഞു. ബ്രഹ്‌മരക്ഷസ്സ്‌, ചുവന്ന അങ്കി തുടങ്ങിയ കൃതികള്‍ക്ക്‌ ചലച്ചിത്ര ഭാഷ്യവും ഒരുങ്ങി.
കോട്ടയം പുഷ്‌പനാഥ്‌ ചരിത്രത്തില്‍ അനശ്വരനാവുന്നത്‌ രണ്ട്‌ കാരണങ്ങള്‍ കൊണ്ടാണ്‌.മലയാളഭാഷയില്‍ മികച്ച കുറ്റാന്വേഷണ നോവലുകള്‍ ഒരുക്കുകയും അത്‌ ജനപ്രിയമാക്കുകയും ചെയ്‌തത്‌ പുഷ്‌പനാഥാണ്‌. മാന്ത്രിക നോവല്‍ എന്ന വിഭാഗത്തിന്‌ തുടക്കമിട്ടത്‌ കൃഷ്‌ണപ്പരുന്തിലുടെ പി.വി.തമ്പിയാണെങ്കിലും അദ്ദേഹം ആ ജനുസില്‍ പിന്നീട്‌ ഒരു നോവല്‍ എഴൂതിയില്ല. എന്നാല്‍ അതിന്റെ സാദ്ധ്യകള്‍ മനസിലാക്കിയ പുഷ്‌പനാഥ്‌ രണ്ട്‌ ദശകത്തിലേറെക്കാലം നിരന്തരമായി മാന്ത്രികനോവലുകള്‍ രചിച്ചു വന്നു.
എഴുത്ത്‌ ഒരു കാലത്തിന്റേതാണ്‌. വായനയുടെ അഭിരുചിയില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അവയുടെ പ്രസക്‌തി ഇല്ലാതാകാം. എന്നാല്‍, എഴുത്തുകാരന്‍ കാലാതീതനാണ്‌. സൃഷ്‌ടികളുടെയും സംഭാവനയുടെയും പേരില്‍ അനശ്വരമായി ആ പേര്‌ സാഹിത്യലോകത്ത്‌ നിലനില്‍ക്കും.
മരണത്തിനുപോലും മായ്‌ക്കാന്‍ കഴിയാതെ, അപസര്‍പ്പക നോവലുകളുടെ തമ്പുരാനായി കോട്ടയം പുഷ്‌പനാഥിന്റെ നാമം മലയാള ഭാഷയില്‍ എന്നും നിലകൊള്ളും.

എം.ആര്‍.കെ.

Ads by Google
Sunday 18 Nov 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW