Tuesday, January 22, 2019 Last Updated 15 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 15 Nov 2018 03.19 PM

സ്‌ക്കന്ദഷഷ്ഠിവ്രതം സന്താന സൗഭാഗ്യത്തിന് ഉത്തമം

uploads/news/2018/11/265058/joythi151118a.jpg

ഒരു കുഞ്ഞിക്കാലുപോലും കാണാന്‍ ഭാഗ്യമില്ലാത്ത ദമ്പതിമാര്‍ കാലംപോകും തോറും ഏറിവരികയാണ്. സന്താനഭാഗ്യത്തിനും അവരുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. തുലാമാസത്തിലെ ഷഷ്ഠിയാണ് സ്‌ക്കന്ദഷഷ്ഠിയായി അനുഷ്ഠിക്കുന്നത്.

ഒരു സ്‌ക്കന്ദഷഷ്ഠിക്കുവ്രതം തുടങ്ങി പന്ത്രണ്ടുമാസവും ഷഷ്ഠിവ്രതം എടുത്ത് അടുത്ത സ്‌ക്കന്ദഷഷ്ഠിവ്രതം കൂടി എടുത്ത് നിര്‍ത്തുക. അത് ശത്രുനാശത്തിനും സന്താന ഗുണത്തിനും അത്യുത്തമമാണ്.

ഇതേ രീതിയില്‍ വ്രതമനുഷ്ഠിച്ചാല്‍ ദമ്പതിമാര്‍ ഉത്തമസന്താനങ്ങള്‍ക്കവകാശികളായിത്തീരും. സന്താനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് ഷഷ്ഠിയോളം മറ്റൊരു പൂജയില്ല. ക്ഷിപ്രഫലസിദ്ധി നല്‍കുന്ന ദേവനാണ് മുരുകന്‍. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരായ ത്രിമൂര്‍ത്തികള്‍ക്ക് തുല്യമാണ് ശ്രീമുരുകന്‍.

ഷഷ്ഠിവ്രതം എടുക്കുന്നതിന് ചില ചിട്ടകളൊക്കെയുണ്ട്. കറുത്തവാവ് കഴിഞ്ഞുവരുന്ന ആറാമത്തെ ദിവസമാണ് ഷഷ്ഠി. അത് മുടങ്ങാതെ എടുക്കണം. വെളുത്തപക്ഷത്ത് എടുക്കാന്‍ പറ്റിയില്ലെങ്കില്‍ രണ്ടാമത്തെ ഷഷ്ഠി കറുത്തപക്ഷത്തുവരുന്നത് എടുത്ത് വ്രതം മുടങ്ങാതെ നോക്കണം. തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് പ്രഥമ മുതലാണ് സ്‌ക്കന്ദഷഷ്ഠിവ്രതം തുടങ്ങേണ്ടത്.

വ്രതദിവസങ്ങളില്‍ ഒരുനേരം മാത്രം ലഘുവായ ഭക്ഷണം കഴിച്ച് വ്രതം തുടരണം. എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തണം. ഷഷ്ഠിനാളില്‍ ക്ഷേത്ര ശ്രീകോവിലില്‍ ദേവനെ തൊഴുതു കഴിഞ്ഞ് ക്ഷേത്രത്തിന് ആറു പ്രാവശ്യം ചുറ്റി തൊഴുത് പ്രാര്‍ത്ഥിക്കണം.

പിറ്റേന്നും രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വ്രതം അവസാനിപ്പിക്കാം. സന്താനലബ്ധി, ധനാഭിവൃദ്ധി, ദാമ്പത്യഭദ്രത, രോഗശമനം, സര്‍വ്വകാര്യസിദ്ധി തുടങ്ങിയവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനംകൊണ്ടുള്ള ഗുണങ്ങള്‍.

സന്താനമില്ലാതെ ദുഃഖിക്കുന്നവരും സന്താനമുണ്ടായിട്ടും കഷ്ടപ്പെടുന്നവരും സന്താന ദുഃഖം ഒരുപോലെ അനുഭവിക്കുന്നവരാണ്. അവര്‍ തുലാമാസത്തിലെ സ്‌ക്കന്ദഷഷ്ഠിവ്രതം പ്രഥമ മുതല്‍ എടുക്കുക. ഒപ്പം എന്നും കുളികഴിഞ്ഞ് ദമ്പതിമാര്‍ കദളിപ്പഴം സന്താനഗോപാലമന്ത്രം 108 പ്രാവശ്യം ജപിച്ച് കഴിക്കുക. വൈകിട്ട് ശുദ്ധമായ വെണ്ണ 108 പ്രാവശ്യം ഈ മന്ത്രം ജപിച്ച് കഴിച്ച് പ്രാര്‍ത്ഥിക്കുക.

ഇത് 108 ഷഷ്ഠി എത്തുന്നവരെ അനുഷ്ഠിക്കുക. തെണ്ണൂറു ശതമാനം ദമ്പതികള്‍ക്കും ദീര്‍ഘായുസ്സും, വിദ്യാസമ്പന്നതയും കര്‍മ്മകുശലതയുമുള്ള സന്താനങ്ങള്‍ക്കുടമകളാകാം. സംശയം വേണ്ടാ. സുബ്രഹ്മണ്യ പ്രീതികരമായ ഷഷ്ഠിവ്രതം ഇതേരീതിയില്‍ അനുഷ്ഠിച്ചാല്‍ ഭാര്യാസന്താനങ്ങള്‍ക്കുടമകളാകാം.

വൃശ്ചികമാസത്തില്‍ ഷഷ്ഠിവ്രതം തുടങ്ങി തുലാമാസത്തില്‍ അവസാസിക്കുന്ന രീതിയില്‍ ഒന്‍പത് വര്‍ഷംകൊണ്ട് 108 ഷഷ്ഠിവ്രതം എടുക്കുക. അപ്പോഴും മേല്‍പ്പറഞ്ഞരീതിയില്‍ പഴം, വെണ്ണ, പാല്‍ എന്നിവ ജപിച്ചു കഴിക്കുക; മക്കളാലുള്ള സര്‍വ്വ ദുഃഖങ്ങളും തീരും.

(ഓം) പ്രണവത്തിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാത്തതിനാല്‍ സുബ്രഹ്മണ്യന്‍ ബ്രഹ്മാവിനെ കാരാഗൃഹത്തിലടച്ചു. പിന്നെ ഭഗവാന്റെ ഉപദേശപ്രകാരം മോചിപ്പിച്ചു. ബ്രഹ്മാവിനെ കാരാഗൃഹത്തിലടച്ചത് മഹാപാപത്തിന് കാരണമായി.

ആ പാപമോചനത്തിനായി കുമാരന്‍ സര്‍പ്പരൂപിയായി സഞ്ചരിച്ചു തുടങ്ങി. മകന്റെ ദോഷം തീര്‍ക്കാന്‍ പാര്‍വ്വതീ ദേവി ഭഗവാന്റെ ഉപദേശ പ്രകാരം കഠിനമായി ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. ആ കഠിനവ്രതത്തിന്റെ ഫലമായി വിഷ്ണുഭഗവാന്റെ സ്പര്‍ശംകൊണ്ട് കുമാരന്‍ പൂര്‍വ്വരൂപം കൈക്കൊണ്ടു. ഇങ്ങനെയും ഒരൈതിഹ്യം ഉണ്ട്.

ഈ വര്‍ഷം തുലാം 27 ചൊവ്വാഴ്ചയാണ് (13-11-2018) സ്‌ക്കന്ദഷഷ്ഠിവ്രതം. തുലാമാസം 22-ാം തീയതി വ്യാഴാഴ്ച പ്രഥമ മുതല്‍ തുടങ്ങി 27-ാം തീയതി സ്‌ക്കന്ദഷഷ്ഠിവ്രതം അവസാനിപ്പിക്കാം. പിറ്റേന്ന് ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം സേവിച്ച് അവസാനിപ്പിക്കുന്നതാണ് ഉത്തമം. ഷഷ്ഠിവ്രത വ്യാഖ്യാനപുരാണത്തില്‍ പ്രധാനമാണ് പാര്‍വ്വതീ ദേവിയുടെ ഷഷ്ഠി വ്രതാനുഷ്ഠാനം.

സുബ്രഹ്മണ്യനും ശൂരപത്മാസുരനും തമ്മിലുള്ള യുദ്ധത്തില്‍ അസുരന്റെ മായാശക്തികൊണ്ട് തന്നെയും ഭഗവാനെയും അപ്രത്യക്ഷമാക്കി. ഭഗവാനെ കാണാതെ ദുഃഖിതയായ ദേവിയും ദേവഗണങ്ങളും ആഹാരാദികളുപേക്ഷിച്ച് ഷഷ്ഠി വ്രതമനുഷ്ഠിച്ചു. അതിന്റെ ഫലമായി തുലാമാസത്തിലെ ഷഷ്ഠിനാളില്‍ മഹേശ്വരന്‍ അസുരനെ വധിച്ചു. ശൂരസംഹാരം നടന്ന ദിവസമാണ് സ്‌ക്കന്ദഷഷ്ഠിയായി ആചരിക്കുന്നതെന്ന് മറ്റൊരൈതിഹ്യം നിലവിലുണ്ട്.

ഷഷ്ഠിവ്രതമെടുത്ത് മന്ത്രങ്ങളും സ്‌തോത്രങ്ങളും ജപിക്കുന്നത് സര്‍വ്വകാര്യവിജയത്തിന് കാരണമാകും. ''ഓം വചത് ഭുവേ നമഃ'' ഇതാണ് സുബ്രഹ്മണ്യ മൂലമന്ത്രം. ഈ മന്ത്രം ദിവസവും 108 പ്രാവശ്യം വീതം 6 ദിവസവും ജപിക്കുന്നത് മനഃശാന്തിക്കും പാപശാന്തിക്കും നല്ലതാണ്.

സന്താന നന്മയ്ക്കുവേണ്ടി ഷഷ്ഠിവ്രതമെടുക്കുമ്പോള്‍ താഴെപ്പറയുന്ന മന്ത്രം രണ്ടുനേരവും 36 പ്രാവശ്യം വീതം ചൊല്ലുക. ചുരുക്കത്തില്‍ സന്താനഭാഗ്യത്തിനും അഭിവൃദ്ധിക്കും ഷഷ്ഠിവ്രതവും പൂജയും നിര്‍വചിക്കാന്‍ പറ്റാത്ത രീതിയില്‍ ശ്രേഷ്ഠമാണ്.

മന്ത്രം: ''ഓം നമഃ കുമാരമൂര്‍ത്തയേ
സൗഭാഗ്യ വര്‍ദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ''

എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍) ഫോണ്‍: 9446946945

Ads by Google
Thursday 15 Nov 2018 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW