എം. ബി. ബി. എസ്. പഠനം കഴിഞ്ഞ് ഹൗസ് സര്‍ജന്‍സിക്കിടെയാണ് ഡോക്ടറെ ആക്ടറാകാന്‍ സിനിമ വിളിച്ചത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഐശ്വര്യ ലക്ഷ്മി മായാനദിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നു.
ഒടുവില്‍ വരത്തന് കൂടി റിലീസായതോടെ മലയാളികളൊന്നടങ്കം ഇപ്പോള്‍ ഈ യുവനടിയുടെ പിന്നാലെയാണ്. മലയാളത്തിലെ മുന്‍നിര നടന്മാര്ക്കൊപ്പമെല്ലാം പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്തു കഴിഞ്ഞ ഐശ്വര്യ തമിഴില്‍ വിശാലിനൊപ്പം അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
കുറച്ചു കാലത്തിനുള്ളില്‍ തന്നെ മികച്ച സംവിധായകരുടെയും അഭിനേതാക്കളുടെയും ഒപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു. ഇക്കാലയളവില്‍ ഒരു നടിയെന്ന നിലയില്‍ മെച്ചപ്പെടാന്‍ കഴിഞ്ഞു എന്ന വിശ്വാസമുണ്ട്. വരത്തനെ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷം.
ആ സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞ ശേഷമാണ് സത്യത്തില്‍ അഭിനയത്തോട് കൂടുതല്‍ താല്പര്യം തോന്നുന്നതും നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ചിന്ത ഉണ്ടാകുന്നതും. അവിടെ നിന്ന് ഇപ്പോള്‍ ഇവിടെ വരെ എത്തി. ഇനി കഴിയുന്ന പോലെ ഇവിടെ തുടരണം.
ആദ്യത്തെ സിനിമയ്ക്ക് ശേഷം മുംബൈയില്‍ ഒരു ആക്ടിംഗ് കോഴ്സിന് ചേര്‍ന്നിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ള കോണ്‍ഫിഡന്‍സ് ലഭിച്ചത് ആ ഒരു മാസ കാലയളവിലാണ്.
ആദ്യമായി ക്യാമറയെ ഫെയിസ് ചെയ്യുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. അഭിനേതാവെന്ന നിലയില്‍ അവസരം തന്നവര്‍ക്ക് ഒരു ബാധ്യതയാകരുതെന്ന ചിന്തയുണ്ടായിരുന്നു. പള്‍സ് റേറ്റ് കൂടാനുള്ള കാരണം അതായിരിക്കും.
വരത്തനില്‍ കുറച്ചു കൂടി മെച്ചമാക്കാന്‍ പറ്റി. അഭിനയിച്ച കഥാപാത്രങ്ങള്‍ പിന്തുടരുന്ന അവസ്ഥയൊന്നുമില്ല. ഓരോ കഥാപാത്രവും കഴിയുമ്പോള്‍ ഒരാളില്‍ നിന്നെങ്കിലും നല്ല വാക്ക് കേള്‍ക്കുമ്പോള്‍ കൂടുതല്‍ കോണ്ഫിഡന്റാകാറാണ് പതിവ്.
ഒരു സ്വതന്ത്ര ഡോക്ടറായി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ആക്ടറായി തുടരുമ്പോള്‍ ഡോക്ടറെന്ന നിലയില്‍ നീതി പുലര്‍ത്താന്‍ കഴിയില്ലന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്. അഭിനയത്തിന് ഒരു ബ്രേക്ക് വരുമ്പോള്‍ എം.ഡി എടുക്കണമെന്ന ആഗ്രഹവുമുണ്ട്.
നല്ല സിനിമയുടെയും സഹപ്രവര്‍ത്തകരുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് കൊണ്ടാണ് എനിക്കീ അറ്റന്ഷന് കിട്ടിയത്. ആദ്യ സിനിമയില്‍ നിവിന്‍, രണ്ടാമത്തേതില്‍ ടോവിനോ പിന്നെ ഫഹദ്, ഷറഫിക്ക എന്നിവരുടെ ഒക്കെ കൂടെയാണ് അഭിനയിച്ചത്. കണ്ടും കേട്ടും പഠിക്കാന്‍ ഒരുപാടുള്ള അഭിനേതാക്കളാണ് അവരെല്ലാം. വലിയ ബഹുമാനമാണ് അവരോടെല്ലാം. അതേ സമയം വളരെ ഈസിയായി അവര്‍ക്കൊപ്പം അഭിനയിക്കാനും കഴിയും.
സിനിമയിലുള്ളവരെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമാണ് എന്ന് മാത്രം. സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. ആദ്യത്തെ സിനിമ നന്നായി ഓടി. നല്ല കഥാപാത്രങ്ങള്‍ കിട്ടി. അത്തരത്തില്‍ ഞാന്‍ ലക്കിയാണ്.
ആരെങ്കിലും മോശമായി പറഞ്ഞാല്‍ ഒരുപക്ഷേ എനിക്ക് വിഷമം വരുമായിരിക്കും. പക്ഷേ കരഞ്ഞാല്‍ തീരാവുന്ന പ്രശ്നങ്ങളേ എനിക്കുണ്ടായിട്ടുള്ളൂ. അനാവശ്യ പോസ്റ്റ്മാര്‍ട്ടം നടത്തുന്നവരെ പേടിയുണ്ട്. പക്ഷേ ഏത് പ്രതിസന്ധിയില്‍ നിന്നും ഉയര്ത്തെഴുന്നേല്ക്കാന് കഴിയുമെന്ന ആത്മവിശ്വാസം അതിലേറെയുണ്ട്.
ആരോടെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അല്പം സമയം എടുത്തിട്ടാണെങ്കിലും സോറി പറയാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. തല്ക്കാലം മാറ്റമൊന്നും കൂടാതെ ഇങ്ങനെയൊക്കെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം.