Friday, June 21, 2019 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
ഋഷി വിഎസ്
Sunday 11 Nov 2018 08.49 PM

കുപ്രസിദ്ധ പയ്യൻ സുപ്രസിദ്ധിയിലേക്ക്

ദു:ശ്ശാസനന്റെ രക്തം കൊണ്ടേ മുടികെട്ടൂവെന്നു ശപഥമെടുത്ത് മഹാഭാരതത്തിൽ മുടി അഴിച്ചിട്ട പാഞ്ചാലി മുതൽ മുഖ്യമന്ത്രി ആയശേഷമേ നിയമസഭാ മന്ദിരത്തിൽ കാൽ കുത്തൂ എന്ന ജയലളിതയുടെ പിടിവാശിയും ഒടുവിൽ വിജയത്തിൽ കലാശിച്ചു. ആരുടെ മുന്നിൽ തോറ്റാലും തന്റെ മുൻ സീനിയർ സന്തോഷ് നാരായണന്റെ മുന്നിൽ തോൽക്കില്ലെന്ന അഡ്വ ഹന്നയുടെ നിശ്ചയദാർഢ്യത്തിന്റെ തങ്ക തിളക്കമാണ് ഒരു കുപ്രസിദ്ധപയ്യൻ എന്ന സിനിമയിൽ കാണുന്നത്.
Oru kuprasidha payyan movie review

ചില പിടിവാശികളാണ് വലിയ കൊടുമുടികൾ കീഴടക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നത് . ദു:ശ്ശാസനന്റെ രക്തം കൊണ്ടേ മുടികെട്ടൂവെന്നു ശപഥമെടുത്ത് മഹാഭാരതത്തിൽ മുടി അഴിച്ചിട്ട പാഞ്ചാലി മുതൽ മുഖ്യമന്ത്രി ആയശേഷമേ നിയമസഭാ മന്ദിരത്തിൽ കാൽ കുത്തൂ എന്ന ജയലളിതയുടെ പിടിവാശിയും ഒടുവിൽ വിജയത്തിൽ കലാശിച്ചു. ആരുടെ മുന്നിൽ തോറ്റാലും തന്റെ മുൻ സീനിയർ സന്തോഷ് നാരായണന്റെ മുന്നിൽ തോൽക്കില്ലെന്ന അഡ്വ ഹന്നയുടെ നിശ്ചയദാർഢ്യത്തിന്റെ തങ്ക തിളക്കമാണ് ഒരു കുപ്രസിദ്ധപയ്യൻ എന്ന സിനിമയിൽ കാണുന്നത്. നിമിഷയുടെ അഭിനയ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കി മധുപാൽ ഒരുക്കിയ സിനിമ. അഭിഭാഷക ജീവിതത്തിൽ തുടക്കക്കാരിയുടെ എല്ലാ മനോവ്യാപാരങ്ങളും ഭംഗിയായി നിമിഷ അവതരിപ്പിച്ചു.

സിനിമകളിലെ കോടതി മുറികൾ നായികാ വക്കീലന്മാർക്കു വാദശരമാരികൊണ്ട് വീർപ്പ്മുട്ടിക്കാനുള്ളതാണെങ്കില്‍ കുപ്രസിദ്ധപയ്യനിൽ പലയിടത്തും തളർന്നുപോവുന്ന അഡ്വ. ഹന്നാ എലിസബത്തിനെ കാണാൻ കഴിയും. യാഥാർഥ്യവുമായി ചേർന്ന് പോകുന്ന രംഗങ്ങൾ ആണിവ.

രണ്ടുതരം പോലീസിനെ ഈ സിനിമയിൽ കാണാം. ദൈവം വെട്ടിയ വഴിയിലൂടെ പോകാൻ വക്കീലിനെ അനുഗ്രഹിക്കുന്ന ലോക്കൽ പൊലീസിലെ സർക്കിൾ ഇൻസ്‌പെക്‌ടർ പ്രവീൺകുമാർ, ദിവസങ്ങൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ തയാറായി അന്വേഷണം ഏറ്റെടുക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശങ്കർ എന്നിവരാണ് കാക്കിക്കുള്ളിലെ രണ്ടു ധാരകളെ പ്രതിനിധീകരിക്കുന്നത്. നിരപരാധികളായ മനുഷ്യരെ പ്രതികളാക്കി ജയിലിൽ അടയ്ക്കുന്ന വാർത്തകൾ നിരന്തരം മാധ്യമങ്ങളിൽ വരുന്ന കാലത്താണ് നിരപരാധിയായ അജയനെ(ടോവിനോ ) ജയിലിലേക്ക് അയക്കുന്ന പ്രമേയം സിനിമയായി എത്തുന്നത്.

മഹാനായ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ മുതൽ കണ്ണൂർ കതിരൂർ സ്വദേശി താജ്ജുദ്ദീൻ വരെ നീളുന്ന ഈ പട്ടിക മുഖം നോക്കുന്ന ചലച്ചിത്രം കൂടിയാണിത്. പ്രതിയെ തീരുമാനിച്ചശേഷം സാഹചര്യ തെളിവുകളും സാക്ഷികളെയും നിർമിക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നത്. മികച്ച തിരക്കഥയുടെ കത്രികപൂട്ടിട്ടു പൂട്ടി കഴിയുമ്പോൾ പെട്ടെന്ന് ഊരിപ്പോകാൻ കഴിയില്ലെന്നു മാത്രമല്ല , അഴിക്കുംതോറും മുറുകുന്ന കടുംകെട്ടായി തീരുകയും ചെയ്യുന്നു. ചോദിക്കാനും പറയാനും അധികം ആരും ഇല്ലാത്തവരെ, സമൂഹത്തിലെ ദുർബലരെ തെരഞ്ഞുപിടിച്ചാണു കുറ്റവാളിയുടെ കുരിശിൽ തറക്കുന്നത്. ദൈവത്തിന്റെ മൂന്നാം കണ്ണ് പ്രവർത്തിക്കുന്ന കാഴ്ച ഒട്ടും നാടകീയമല്ലാതെ നിമിഷയിലൂടെ കാണിച്ചുതരുന്നു. അജയനോടുള്ള ജലജയുടെ പ്രണയം ആവിഷ്‌ക്കരിക്കുമ്പോഴും മരംചുറ്റി പ്രേമത്തിലേക്ക് വീഴാതെ റിയാലിറ്റിയുടെ ഉള്ളം കൈയിൽ വച്ചാണ് മധുപാല്‍ അവതരിപ്പിക്കുന്നത്.

Oru kuprasidha payyan movie review

പ്രതിസന്ധിയിൽ തളരാതെ അജയനൊപ്പം നിൽക്കാൻ ജലജക്ക് കരുത്ത് പകരുന്നത്, അജയന്റെ സത്യസന്ധതയിലുള്ള ഉറപ്പാണ്.
ടോവിനോയുടെ ആരാധകരെ തൃപ്തിപെടുത്തുന്ന രീതിയിൽ കൂടിയാണ് ചിത്രം എടുത്തിരിക്കുന്നത് .

സംസ്ഥാന ടെലിവിഷൻ പുരസ്‌കാര ജേതാവ് കൂടിയായ നൗഷാദ് ഷെരീഫ് ആണ് ക്യാമറ ചലിപ്പിച്ചത്. ശാസ്ത്രപംക്തി എഴുത്തുകാരൻ എന്ന നിലയിൽ മാത്രം പരിചയമുള്ള ജീവൻ ജോബ് തോമസ് മികച്ച ആക്ഷൻ ക്രൈം തില്ലർ ആണ് എഴുതിയിരിക്കുന്നത്. കരുത്തുള്ള തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല് .

കോടതിയ്ക്കുള്ളിലെ രംഗങ്ങൾ മികച്ച കയ്യടക്കത്തോടെ മനോഹരമായി മധുപാൽ ചിത്രീകരിച്ചിരിക്കുന്നത്. ഇന്റെർവെല്ലിനു ശേഷമാണ് സിനിമയുടെ ഊർജ്ജം പ്രേക്ഷകരിലേക്ക് ശക്തമായി ഒഴുകിയെത്തുന്നത്. സുധീർകരമനയുടെയും ,സുജിത്തിന്റെയും കാക്കി വേഷത്തിന്റെ പകർന്നാട്ടവും ഏറെ നാളുകൾക്ക് ശേഷം കിട്ടിയ വേഷം നെടുമുടി വേണു ഗംഭീരമാക്കിയതും സിനിമയുടെ പ്ലസ് തന്നെയാണ്. ക്രിക്കറ്റ് പ്രേമികൂടിയായ ലൈബ്രെറിയൻ ആയി വേഷമിടുന്ന സിദ്ദിഖ് കഥാപാത്രത്തെ പൂർണതയിൽ എത്തിച്ചാണ് മടങ്ങുന്നത്. ഇത്രയും താരങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച സിനിമ അടുത്ത കാലത്ത് വേറെ ഉണ്ടായിട്ടില്ല. ന്യൂജന്റെയും ഓൾഡ് ജെനെറെഷന്റെയും മിക്സിങ്ങിൽ റിഥം കണ്ടെത്താനാകാതെ ശ്രീകുമാരൻ തമ്പി- ഔസേപ്പച്ചൻ ടീമിന്റെ പാട്ടുകൾ വിഷമിക്കുന്നത് സിനിമയിൽ കാണാം. വിപണി താൽപര്യങ്ങൾക്കു മുന്നിൽ കലാമൂല്യം അടിയറവ് പറയാതെ മികച്ച സിനിമ അണിയിച്ചൊരുക്കിയതിൽ മധുപാലിന്‌ അഭിമാനിക്കാം

Ads by Google
ഋഷി വിഎസ്
Sunday 11 Nov 2018 08.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW