Friday, November 09, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.17 AM

ലയനത്തില്‍ എതിര്‍പ്പ്‌; ജലീല്‍ രാജിവച്ചാല്‍ മന്ത്രിസഭയിലെത്താന്‍ ഗണേഷിന്റെ നീക്കം

uploads/news/2018/11/263479/6.jpg

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീലിന്‌ രാജിവയ്‌ക്കേണ്ടിവന്നാല്‍ മന്ത്രിസഭയിലെത്താന്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ നീക്കം. ഇതിന്റെ ഭാഗമായി എന്‍.സി.പി- കേരളാ കോണ്‍ഗ്രസ്‌(ബി) ലയനത്തിനെതിരേ എതിര്‍പ്പുമായി ഗണേഷ്‌ രംഗത്തെത്തി. പാര്‍ട്ടി സ്വന്തം വ്യക്‌തിത്വം നിലനിര്‍ത്തി മുന്നോട്ടുപോകണമെന്ന്‌ ലയനം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കോഴിക്കോട്‌ ചേര്‍ന്ന ഉത്തരമേഖല സമ്മേളനത്തില്‍ ഗണേഷ്‌കുമാര്‍ വ്യക്‌തമാക്കി. ഉച്ചയ്‌ക്ക്‌ശേഷം നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കാതിരുന്നത്‌ ലയനത്തിലുള്ള എതിര്‍പ്പാണെന്നാണു സൂചന.
എന്നാല്‍, ലയനത്തിന്‌ അനുകൂലമായ തീരുമാനം വേണമെന്ന ഉറച്ചനിലപാടിലാണ്‌ ആര്‍. ബാലകൃഷ്‌ണപിള്ള. ഇതോടെ പാര്‍ട്ടിയിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തേക്ക്‌. സി.പി.എം. ടിക്കറ്റില്‍ സ്വതന്ത്രനായാണു ജലീല്‍ മത്സരിച്ചു വിജയിച്ചത്‌. അതുകൊണ്ടുതന്നെ ജലീല്‍ പോയാല്‍ ആ സ്‌ഥാനത്തെത്താന്‍ കഴിയുമെന്നാണു ഗണേഷിന്റെ പ്രതീക്ഷ. ഇപ്പോള്‍ എന്‍.സി.പിയുമായി കേരളാ കോണ്‍ഗ്രസ്‌ ലയിച്ചാല്‍ അതിനുള്ള വഴിയടയുമെന്നും ഗണേഷ്‌ കണക്കുകൂട്ടുന്നു.
എന്‍.സി.പിക്ക്‌ മന്ത്രിസഭയില്‍ ഒരംഗമുണ്ട്‌. അതുകൊണ്ടുതന്നെ ഇനി എന്‍.സി.പിയില്‍നിന്ന്‌ രണ്ടാം മന്ത്രിക്കു സാധ്യതയില്ല. കേരളാ കോണ്‍ഗ്രസ്‌(ബി) നിലവില്‍ എല്‍.ഡി.എഫ്‌. ഘടകകക്ഷിയല്ലെങ്കിലും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ ഇടതുപാളയത്തിലാണ്‌. വൈകാതെ മുന്നണിപ്രവേശമുണ്ടാകുമെന്നു കണക്കുകൂട്ടിയിരുന്നെങ്കിലും എല്‍.ഡി.എഫില്‍നിന്ന്‌ അനുകൂല തീരുമാനമുണ്ടായില്ല.
ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിന്റെ കാര്യം പരുങ്ങലിലാണെന്നാണ്‌ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആരോപണങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി വിശദമായ പരിശോധന നടത്തിയിട്ടുണ്ട്‌.
ഇന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗവും ചേരുന്നുണ്ട്‌. രാജി സംബന്ധിച്ച്‌ യോഗത്തില്‍ തീരുമാനമുണ്ടായാല്‍ പകരം മന്ത്രിസഭയിലെത്താനാണു ഗണേഷ്‌ കരുക്കള്‍ നീക്കുന്നത്‌. ശബരിമല വിവാദത്തില്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ മറ്റൊരു വിവാദം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ജലീലിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കണമെന്ന നിലപാടിലാണു സി.പി.എം നേതൃത്വവും.
താന്‍ ലയനത്തിനെതിരാണെന്നു കോഴിക്കോട്ടെ യോഗത്തില്‍ ഗണേഷ്‌കുമാര്‍ തുറന്നടിച്ചു. പാര്‍ട്ടി അതിന്റെ സ്വന്തം വ്യക്‌തിത്വം കാത്തുസൂക്ഷിച്ച്‌ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റേതിനു വിരുദ്ധമായ നിലപാടാണ്‌ ബാലകൃഷ്‌ണപിള്ള യോഗത്തില്‍ സ്വീകരിച്ചത്‌. തനിക്ക്‌ പ്രായമായി വരികയാണ്‌, പാര്‍ട്ടി കൊണ്ടുനടക്കുന്നതിനുള്ള ആരോഗ്യവുമില്ല. അതുകൊണ്ട്‌ ലയനം വേണം. എന്തായാലും തീരുമാനം ഉടന്‍ വേണമെന്നും ബാലകൃഷ്‌ണപിള്ള വ്യക്‌തമാക്കി.

Ads by Google
Friday 09 Nov 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW