Friday, November 09, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.17 AM

'ശബരിമലയില്‍ നടന്നത്‌ വിധ്വംസക പ്രവര്‍ത്തനം'

uploads/news/2018/11/263478/5.jpg

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനത്തിനെതിരേ ആള്‍ക്കൂട്ടം നടത്തിയത്‌ നീതികരിക്കാനാകാത്ത, ഗുരുതരമായ വിധ്വംസക പ്രവര്‍ത്തനമാണെന്നു ഹൈക്കോടതി. സമരം വിശ്വാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കി. വ്യാപക നശീകരണ പ്രവര്‍ത്തനം നടത്തിയ ആള്‍ക്കൂട്ടത്തിനു നേതൃത്വം നല്‍കിയ ഹൈക്കോടതി അഭിഭാഷകന്‍ തൃപ്പൂണിത്തുറ ശാന്തികുഞ്ച്‌ ഗോവിന്ദ്‌ മധുസൂദന(32)ന്റെ ജാമ്യാപേക്ഷ തള്ളിയാണു ജസ്‌റ്റിസ്‌ സുനില്‍ തോമസിന്റെ നിരീക്ഷണം.
കഴിഞ്ഞ മാസം 17-നുണ്ടായ അക്രമത്തില്‍ രണ്ടു ബസുകള്‍ ഉള്‍പ്പെടെ പോലീസിന്റെ ആറു വാഹനങ്ങളും 12 കെ.എസ്‌.ആര്‍.ടി.സി. ബസുകളും തകര്‍ത്തു. മൂന്നു മാധ്യമ സ്‌ഥാപനങ്ങളുടെ വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും തകര്‍ത്തു. 14 പോലീസുകാര്‍ക്കു പരുക്കേറ്റെങ്കിലും അക്രമം നടത്തിയ ആള്‍ക്കൂട്ടത്തിലെ ആര്‍ക്കും പരുക്കില്ലെന്നു കോടതി പറഞ്ഞു. 16.78 ലക്ഷം രൂപയുടെ പൊതുമുതലും 15.5 ലക്ഷം രൂപയുടെ സ്വകാര്യമുതലും നശിപ്പിക്കപ്പെട്ടു. അക്രമങ്ങളില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തെങ്കിലും 25 പേരെ മാത്രമേ കസ്‌റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അന്വേഷണം പുരോഗിക്കുന്നതിനിടെ 17-ാം പ്രതിയായ ഗോവിന്ദ്‌ മധുസൂദനനു ജാമ്യം അനുവദിക്കാനാകില്ലെന്നു കോടതി പറഞ്ഞു.
അക്രമങ്ങളില്‍ ഇയാളുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്‌. ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ച്‌ അക്രമത്തിനു നേതൃത്വം നല്‍കിയവരിലൊന്ന്‌ ഗോവിന്ദ്‌ മധുസൂദനനാണ്‌. പോലീസ്‌ ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകരും പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ പ്രതിയുടെ പങ്ക്‌ വ്യക്‌തമാണ്‌. ആള്‍ക്കൂട്ടത്തിലെ ചിലര്‍ മുഖം മറച്ചിട്ടുണ്ട്‌. അക്രമം ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും കോടതി പറഞ്ഞു. ലാത്തിച്ചാര്‍ജുണ്ടായ അന്നു രാവിലെ പത്തിനാണു നിലയ്‌ക്കലില്‍ ചെന്നതെന്നും ഉച്ചയ്‌ക്കു രണ്ടിനു തൃപ്പൂണിത്തുറയിലെ വീട്ടില്‍ തിരിച്ചെത്തിയെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. അന്നു രാവിലെ ഒമ്പതിനും വൈകിട്ട്‌ അഞ്ചിനും ഇയാള്‍ നിലയ്‌ക്കലില്‍ ഉണ്ടായിരുന്നെന്നു മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍നിന്നു വ്യക്‌തമാണ്‌. കൈചുരുട്ടി മുദ്രാവാക്യം വിളിച്ച്‌ ആള്‍ക്കൂട്ടത്തിനു നേതൃത്വം നല്‍കുന്ന ചിത്രങ്ങളും പോലീസിന്റെ പക്കലുണ്ട്‌. വാഹനങ്ങള്‍ക്കു കല്ലെറിഞ്ഞതിനു തെളിവുണ്ടെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരേ സമരം നടത്തിയതു നിയമവിരുദ്ധമാണെന്നും തീര്‍ഥാടകരെയും പോലീസിനെയും മാധ്യമപ്രവര്‍ത്തകരെയും സമരക്കാര്‍ ആക്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. യുവതീപ്രവേശത്തിനെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നു സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

Ads by Google
Friday 09 Nov 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW