Thursday, January 24, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.17 AM

യുവാവിനെ ഡിവൈ.എസ്‌.പി. തള്ളിയിട്ടുകൊന്ന കേസ്‌ പിടയുന്ന ജീവന്‍ രക്ഷിക്കാതെ, പോലീസ്‌ ഡ്യൂട്ടി മാറിക്കളിച്ചു

uploads/news/2018/11/263477/4.jpg

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ഡിവൈ.എസ്‌.പി. തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ അനാസ്‌ഥയ്‌ക്കു കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. വാഹനമിടിച്ചു പരുക്കേറ്റ സനല്‍കുമാറിനെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം, പോലീസുകാരുടെ ഡ്യൂട്ടി മാറാന്‍ ആംബുലന്‍സ്‌ സ്‌റ്റേഷനിലേക്കു തിരിച്ചുവിട്ടു. ഈ സംഭവത്തില്‍ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സതീഷ്‌ചന്ദ്രന്‍, ഷിബു എന്നീ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. എസ്‌ഐ: എസ്‌. സന്തോഷ്‌കുമാറിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തേക്കും.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി പത്തോടെയാണു നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചേങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍കുമാര്‍ വാഹനമിടിച്ചു മരിച്ചത്‌. സമീപത്തെ വീട്ടില്‍നിന്നു പുറത്തുവന്ന ഡിവൈ.എസ്‌.പി: ബി. ഹരികുമാര്‍ സനലിനെ മര്‍ദിക്കുകയും റോഡിലേക്ക്‌ തള്ളിയിടുകയും ചെയ്‌തെന്നാണു കേസ്‌.
ഈ സമയം അതുവഴി വന്ന വാഹനമിടിച്ചാണു സനലിനു ഗുരുതരപരുക്കേറ്റത്‌. തുടര്‍ന്ന്‌ രാത്രി 10.23-നു സനല്‍കുമാറുമായി താലൂക്ക്‌ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു പുറപ്പെട്ട ആംബുലന്‍സാണു പോലീസ്‌ സ്‌റ്റേഷനിലേക്കു തിരിച്ചുവിട്ടത്‌. പോലീസുകാരുടെ ഡ്യൂട്ടി മാറ്റത്തിനായിരുന്നു ഇതെന്നാണ്‌ ഔദ്യോഗികവിശദീകരണം. വാനിലുണ്ടായിരുന്ന പോലീസുകാരന്‍ ഷിബു 10.25-നു സ്‌റ്റേഷനിലിറങ്ങി. പകരം രാത്രി ഡ്യൂട്ടിയിലുള്ള സതീഷ്‌കുമാറിനെയും കയറ്റി ആംബുലന്‍സ്‌ തിരിച്ച്‌, ടി.വി. ജങ്‌ഷനിലെത്തി ഹൈവേ വഴി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു പോകുകയായിരുന്നു. ഇതിനിടെ 15 മിനിട്ട്‌ വരെ കാലതാമസമുണ്ടായതോടെ ആശുപത്രിയിലെത്തുന്നതിനു മുമ്പ്‌ സനല്‍ മരിച്ചു.
പരുക്കേറ്റ സനലിനെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിലും വീഴ്‌ചയുണ്ടായെന്നാണു സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌.
സനലിന്റെ തലയിലേറ്റ മാരകമുറിവും തുടര്‍ന്നുണ്ടായ രക്‌തസ്രാവവുമാണു മരണകാരണമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകളും ഇടതുകൈയും ഒടിഞ്ഞിരുന്നു. പോലീസ്‌ സ്‌ഥലത്തെത്തുമ്പോള്‍ ബോധമുണ്ടായിരുന്ന സനല്‍കുമാറിനെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയതു വ്യാജതെളിവുണ്ടാക്കാനാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനായി സനലിന്റെ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്നും സഹോദരി സജിത ആരോപിച്ചു. ഇക്കാര്യം ആംബുലന്‍സ്‌ ഡ്രൈവര്‍ അനീഷ്‌ നിഷേധിച്ചു.
എന്നാല്‍, മെഡിക്കല്‍ കോളജിലേക്കു പോകുമ്പോള്‍ ആംബുലന്‍സിന്റെ സൈറണ്‍ ഇടരുതെന്ന്‌ പോലീസ്‌ പറഞ്ഞതായി അനീഷ്‌ വെളിപ്പെടുത്തി. സനലിന്റെ രക്‌തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നോയെന്ന്‌ വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചാലേ വ്യക്‌തമാകൂ.

Ads by Google
Friday 09 Nov 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW