Thursday, November 08, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 04.28 PM

എന്‍സിപി ലയനത്തില്‍ പിള്ളയെ തള്ളി ഗണേശ്കുമാര്‍; ലക്ഷ്യം ജലീലിന്റെ മന്ത്രിസ്ഥാനം

uploads/news/2018/11/263405/ganesh.jpg

തിരുവനന്തപുരം: ജലീല്‍ പുറത്തുപോയാല്‍ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് എന്‍.സി.പിയുമായി ലയിക്കാനുള്ള ആര്‍. ബാലകൃഷ്ണപിള്ളയുടെ നീക്കത്തിനെതിരെ മകന്‍ കെ.ബി. ഗണേഷ്‌കുമാര്‍. പാര്‍ട്ടി സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ലയനം ചര്‍ച്ചചെയ്യാന്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന ഉത്തരമേഖല സമ്മേളനത്തില്‍ ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. ലയനത്തിനുള്ള പ്രതിഷേധസൂചകമായി ഉച്ചയ്ക്ക് ശേഷം നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തുമില്ല. എന്നാല്‍ തീരുമാനം വേണമെന്ന ഉറച്ചനിലപാടിലാണ് ആര്‍. ബാലകൃഷ്ണപിള്ള. ഇതോടെ പാര്‍ട്ടിയിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരികയാണ്.

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെ.ടി. ജലീലിന്റെ കാര്യം പരുങ്ങലിലാണെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. നാളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമെന്നും അറിയുന്നു. ശബരിമല വിവാദത്തില്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ മറ്റൊരു വിവാദത്തില്‍ കൂടി പെടാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ജലീലിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍എത്രയും വേഗം തീരുമാനം ഉണ്ടാക്കണമെന്ന നിലപാടാണ് സി.പി.എം. ഇതിന്റെ അടിസ്ഥാനത്തില്‍ ജലീല്‍ പുറത്തുപോയാല്‍ ആ സ്ഥാനമാണ് ഗണേഷ്‌കുമാര്‍ ലക്ഷ്യമാക്കുന്നത്. സി.പി.എമ്മിന്റെ കണക്കിലാണെങ്കിലും ജലീല്‍ സ്വതന്ത്രനായാണ് വിജയിച്ചത്. സ്വതന്ത്രന്മാരില്‍ നിന്നുള്ള മന്ത്രിയുമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ജലീല്‍ പോയാല്‍ ആ സ്ഥാനത്ത് എത്താന്‍ കഴിയുമെന്ന് ഗണേഷ്‌കുമാര്‍ കണക്കുകൂട്ടുന്നു. ഇപ്പോള്‍ എന്‍.സി.പിയുമായി ലയിച്ചാല്‍ അതിനുളള വഴിയടയും. എന്‍.സി.പിക്ക് നിലവില്‍ മന്ത്രിസഭയില്‍ ഒരംഗമുണ്ട്. അതുകൊണ്ടുതന്നെ ഇനി ഒരു സ്ഥാനത്തിനുകൂടി സാദ്ധ്യതയില്ല. ഇത് മുന്നില്‍കണ്ടാണ് ഗണേഷ്‌കുമാറിന്റെ നീക്കം.

അതുകൊണ്ടുതന്നെ കോഴിക്കോട് നടന്ന യോഗത്തില്‍ ഗണേഷ്‌കുമാര്‍ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കുകയും ചെയ്തു. താന്‍ ലയനത്തിനെതിരാണെന്ന് ഗണേഷ്‌കുമാര്‍ യോഗത്തില്‍ തുറന്നടിച്ചു. പാര്‍ട്ടി അതിന്റെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പ്രസംഗിച്ചശേഷം സ്ഥലം വിട്ട ഗണേഷ്‌കുമാര്‍ ഉച്ചയ്ക്ക്‌ശേഷം നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തുമില്ല. ഇതിന് ഗണേഷിനെതിരെ ശക്തമായ വിമര്‍ശനം യോഗത്തില്‍ ഉണ്ടാകുകയും ചെയ്തു. ഗണേഷിന്റേതിന് വിരുദ്ധമായ നിലപാടാണ് ബാലകൃഷ്ണപിള്ള യോഗത്തില്‍ സ്വീകരിച്ചത്. ഇനി തനിക്ക് ഈ പാര്‍ട്ടികൊണ്ടുനടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് പ്രായമായി വരികയാണ്, പാര്‍ട്ടികൊണ്ടുനടക്കുന്നതിനുള്ള ആരോഗ്യവുമില്ല. അതുകൊണ്ട് ലയനം വേണം. എന്തായാലും തീരുമാനം ഉടന്‍ വേണമെന്നും പിളള വ്യക്തമാക്കി. യോഗത്തിന് ശേഷം അന്തിമതീരുമാനത്തിനായി വൈകിട്ട് ഉന്നതാധികാരസമിതിയും യോഗം ചേരുന്നുണ്ട്.

സുരേഷ് ആര്‍

Ads by Google
Ads by Google
Loading...
TRENDING NOW