Monday, June 17, 2019 Last Updated 8 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 10.46 AM

നെടുമുടി വേണു- ഭാവാഭിനയത്തിന്റെ ദീപ്തപൂര്‍ണ്ണമായ വഴികള്‍

''കുട്ടനാടിന്റെ ഹൃദയഭൂമികകളിലൊന്നായ നെടുമുടി ഗ്രാമത്തിലെ കാവുകളില്‍ തെളിഞ്ഞ പ്രകാശപൂരിതമായ നെയ്ത്തിരിനാളങ്ങള്‍ നെടുമുടി വേണുവിന്റെ അഭിനയസപര്യയ്ക്ക് ഇന്നും ഊര്‍ജം പകരുകയാണ്.''
uploads/news/2018/11/263334/CiniINWnedumudivenu081118.jpg

ഭാവാഭിനയത്തിന്റെ ദീപ്തപൂര്‍ണ്ണമായ വഴികളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അദ്ഭുതങ്ങളുടെ കലവറ സൃഷ്ടിച്ച നെടുമുടിവേണു സിനിമയിലെയത്തിയിട്ട് 40വര്‍ഷം പിന്നിട്ടു. മുഖാഭിനയത്തിന്റെ സൂര്യശോഭയില്‍ അഭിരമിക്കുമ്പോഴും വൈജാത്യപൂര്‍ണ്ണമായ കഥാപാത്രങ്ങളുടെ നടനതാളം ഹൃദയതടങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ നെടുമുടി വേണു സമയം കണ്ടെത്തിയിരുന്നു.

വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങുന്ന സിനിമയില്‍ ആര്‍ക്ക്‌ലൈറ്റുകള്‍ തെളിയുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രങ്ങളുടെ മാസ്മരിക ഭാവങ്ങളിലൂടെയുള്ള സഞ്ചാരമാണ് നെടുമുടി വേണുവിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റുന്നത്. സംഗീതത്തിന്റെ ആരോഹണാവരോഹണത്തില്‍ മനസ്സിലേക്ക് നവ്യാനുഭൂതി പടര്‍ന്നുപിടിക്കുമ്പോഴും മൃദംഗവാദനത്തിന്റെ താളപെരുക്കങ്ങള്‍ നെടുമുടി വേണുവിന്റെ വിരലുകളെ പ്രണയിച്ചിരുന്നു.

കുട്ടനാടിന്റെ ഹൃദയഭൂമികകളിലൊന്നായ നെടുമുടി ഗ്രാമത്തിലെ കാവുകളില്‍ തെളിഞ്ഞ പ്രകാശപൂരിതമായ നെയ്ത്തിരിനാളങ്ങള്‍ നെടുമുടി വേണുവിന്റെ അഭിനയസപര്യയ്ക്ക് ഇന്നും ഊര്‍ജം പകരുകയാണ്. ഈ ഗ്രാമത്തിലെ പാലേഴം തറവാട്ടിലാണ് വേണുഗോപാല്‍ ജനിച്ചത്.

നെടുമുടി യു.പി.സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന കേശവപിള്ളയുടെയും അധ്യാപികയായിരുന്ന കുഞ്ഞുക്കുട്ടി ടീച്ചറിന്റെയും അഞ്ചുമക്കളില്‍ ഇളയവനായ വേണു സംഗീത പ്രിയനായിരുന്നു. മക്കളെ കഥകളി സംഗീതവും മൃദംഗവും പഠിപ്പിക്കാന്‍ അച്ഛന്‍ അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നാണ് ആശാന്മാരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

ജ്യേഷ്ഠന്‍മാര്‍ സംഗീതം പഠിക്കുമ്പോള്‍ കുട്ടിയായിരുന്ന വേണു കാഴ്ചക്കാരനായിരുന്നു. സംഗീതം പഠിക്കണമെന്ന കലശലായ മോഹം മനസ്സില്‍ പച്ചപിടിച്ചപ്പോഴാണ് അച്ഛന്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. സാമ്പത്തികപ്രയാസങ്ങള്‍ സംഗീതപഠനത്തിന് തടസ്സമായപ്പോള്‍ കേട്ട് പഠിച്ച മൃദംഗതാളങ്ങള്‍ വേണുവിന്റെ മനസ്സില്‍ പതിഞ്ഞിരുന്നു.

ഗുരുമുഖത്ത് നിന്നും സംഗീതം പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നെടുമുടിയിലെ കാവുകളില്‍ സായന്തനങ്ങളില്‍ നടക്കാറുള്ള സംഗീതസദസ്സ് വേണുവിന്റെ മനസ്സില്‍ സംഗീതബോധം ഊട്ടിയുറപ്പിച്ചു. സ്‌കൂള്‍പഠനകാലത്ത് ധാരാളം നാടകങ്ങളില്‍ അഭിനയിച്ചെങ്കിലും ആലപ്പുഴ എസ്.ഡി.കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സഹപാഠിയായിരുന്ന ഫാസില്‍ എഴുതിയ നാടകങ്ങളിലും സജീവസാന്നിധ്യമായിരുന്നു.

ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു ബിരുദം നേടി ഛണ്ഡീഗഡിലെ യൂണിവേഴ്‌സിറ്റിയില്‍ നാടകപ്രൊഫസറായി ജോലി ചെയ്തിരുന്ന കുമാരവര്‍മ്മയെ പരിചയപ്പെട്ടത് നാടകാഭിനയം, താളം, നൃത്തം എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ അറിവുണ്ടാവാന്‍ സഹായിച്ചു. കാവാലത്തിന്റെ തിരുവരങ്ങ് നാടകസംഘത്തില്‍ അംഗത്വം നേടിയ നെടുമുടി വേണു ബി.എ മലയാളം ബിരുദവുമായി പുറത്തിറങ്ങുമ്പോള്‍ തന്നെ മോണോ ആക്ടിലും മിമിക്രയലും അറിയപ്പെട്ട് തുടങ്ങിയിരുന്നു. സാമ്പത്തികപ്രയാസം കൂടിയപ്പോള്‍ കുറച്ചുകാലം പാരലല്‍ കോളേജില്‍ അധ്യാപകനായി ജോലി ചെയ്തു.

തിരുവരങ്ങിന്റെ നാടകപ്രവര്‍ത്തനം ആലപ്പുഴയില്‍ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോള്‍ വേണുവും അങ്ങോട്ടേക്ക് പോയി. ആ സമയത്ത് അവിടെ നാടകങ്ങളുടെ സ്ഥിരം സംവിധായകനായി ജി.അരവിന്ദന്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 1975-ല്‍ കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായ വേണു ഫിലിം മാഗസിന്റെ ലേഖകനായി.

കലാകൗമുദി ഫിലിം മാഗസിന് വേണ്ടി ഭരതനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ വേണുവിന്റെ മാനറിസങ്ങള്‍ ശ്രദ്ധിച്ച ഭരതന്‍ ഇന്റര്‍വ്യൂ പിന്നീട് കൊടുത്താല്‍ മതി, ആദ്യം എന്റെ സിനിമയില്‍ അഭിനയിക്ക്് എന്ന് പറഞ്ഞത് നെടുമുടിവേണുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഭരതന്റെ ആരവത്തിലേക്കാണ് ആദ്യക്ഷണം ലഭിച്ചതെങ്കിലും 1978ല്‍ അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലഭിനയിപ്പിച്ചുകൊണ്ടാണ് നെടുമുടിവേണു തന്റെ അഭിനയയാത്രയ്ക്ക് തുടക്കം കുറിച്ചത്. പാലക്കാട്ടെ കൊല്ലങ്കോട്ട് വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിന്റെ സെറ്റിലിരുന്നു സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുന്നു.

ക്യാമറയുടെ മുന്നില്‍ 40 വര്‍ഷം പിന്നിടുമ്പോള്‍ സ്വന്തം അഭിനയാനുഭവങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?


തികഞ്ഞ സംതൃപ്തിയും അതിയായ സന്തോഷവുമുണ്ട്. ഓരോ സിനിമയിലും മാറിമാറി വന്ന കഥാപാത്രങ്ങള്‍. അഭിനയിക്കാന്‍ വേണ്ടിയുള്ള നിരന്തരമായ യാത്രകള്‍. ഇതൊക്കെ വല്ലാത്തൊരനുഭവം തന്നെയാണ്. വര്‍ഷം കുറെയായെങ്കിലും ആദ്യമഭിനയിച്ച സിനിമ ഇന്നലെ ചെയ്തതുപോലെ തോന്നുന്നുണ്ട്.

വ്യത്യസ്ത കഥകളിലൂടെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ച മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. നമ്മുടെ കേരളത്തില്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ഒരുപാട് പരിമിതികളുണ്ട്. ആ പരിമിതികള്‍ക്കകത്ത് നിന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കാണുന്നു.

40 വര്‍ഷത്തിനിടയില്‍ ഒട്ടേറെ സംവിധായകരുടെ മനസ്സറിഞ്ഞ് അഭിനയിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയുണ്ടോ?


മലയാളസിനിമയിലെ ഏറ്റവും പ്രഗത്ഭമതികളുടെ സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എ.വിന്‍സെന്റ്, വി.എന്‍.മേനോന്‍, കെ.എസ്.സേതുമാധവന്‍, ഭരതന്‍, പത്മരാജന്‍, കെ.ജി.ജോര്‍ജ് തുടങ്ങിയവരുടെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞു.

മാത്രമല്ല, ഞാന്‍ സിനിമയിലേക്ക് കടന്നുവന്ന് ശേഷം സിനിമയിലെത്തിയ മിക്ക സംവിധായകരുടെയും ആദ്യസിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതും ഭാഗ്യമായി ഞാന്‍ കരുതുന്നു. ഫാസില്‍, പ്രിയദര്‍ശന്‍, കമല്‍, സത്യന്‍ അന്തിക്കാട്, സിബിമലയില്‍, ഡോ.ബിജു ഉള്‍പ്പടെയുള്ളവരുടെ ആദ്യസിനിമകളിലാണ് ഞാന്‍ അഭിനയിച്ചത്.

നല്ലകഥാപാത്രങ്ങളോടൊപ്പം മനസ്സിന് ഒട്ടും സംതൃപ്തി നല്‍കാത്ത കഥാപാത്രങ്ങളേയും അഭിനയിച്ച് പ്രതിഫലിപ്പിക്കേണ്ടി വന്നിട്ടില്ലേ?


തീര്‍ച്ചയായും. മിക്കപ്പോഴും ഇത്തരം അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അഭിനയം തൊഴിലായി സ്വീകരിച്ചത് കൊണ്ട് സംതൃപ്തിയില്ലാതെയാണ് ക്യാമറക്ക് മുന്നില്‍ നില്‍ക്കുന്നതെങ്കിലും അത്തരം വിട്ടുവീഴ്ചകള്‍ക്ക് നിന്ന് കൊടുത്തിട്ടുണ്ട്. എങ്കിലും എന്റെ മനസ്സിലും പ്രേക്ഷകരുടെ മനസ്സിലും നല്ല കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നതിന്റെ സംതൃപ്തിയുണ്ട്.

തകരയിലെ ചെല്ലപ്പനാശാരി അവിസ്മരണീയമായ കഥാപാത്രമായിരുന്നില്ലേ?


ചെല്ലപ്പനാശാരിയെ പ്രേക്ഷകസമൂഹം നിറഞ്ഞമനസ്സോടെയാണ് സ്വീകരിച്ചത്. അതിന്റെ ക്രെഡിറ്റ് പത്മരാജനും ഭരതനുമാണ്. കഥയില്‍ ചെല്ലപ്പനാശാരി എന്ന കഥാപാത്രത്തിന് പിറവിനല്‍കിയപ്പോള്‍ ആ കഥാപാത്രമായി അഭിനയിക്കാന്‍ ഇരുവരും വിശ്വാസത്തോടെ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. ഗ്രാമത്തിലെ സാധാരണക്കാരനായ ചെല്ലപ്പനാശാരി എങ്ങനെയായിരിക്കണമെന്ന് ഞങ്ങള്‍ക്കൊരു ധാരണയുണ്ടായിരുന്നു.

ഭരതന്‍ വടക്കാഞ്ചേരിക്കാരനും പത്മരാജന്‍ മുതുകുളം സ്വദേശിയും ഞാന്‍ കുട്ടനാട്ടുകാരനും ആയതുകൊണ്ട് ഗ്രാമീണനായ ആശാരിയുടെ സ്വഭാവസ വിശേഷതകള്‍ കുറെയൊക്കെ അറിയാമായിരുന്നു. എന്റെ നാട്ടില്‍ എനിക്കറിയാവുന്ന ആശാരിമാരുടെ ഭാവങ്ങള്‍ അഭിനയിച്ച് കാണിച്ചപ്പോള്‍ ഭരതനും പത്മരാജനും അംഗീകരിക്കുകയായിരുന്നു. അങ്ങനെ ചെല്ലപ്പനാശാരിയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു.

അഭിനയിച്ച് പ്രതിഫലിപ്പിച്ച ചില കഥാപാത്രങ്ങളെങ്കിലും പ്രേക്ഷകരുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞുവെന്ന് തോന്നുന്നുണ്ടോ?


തീര്‍ച്ചയായും. അഭിനയിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞുവെന്നറിയുമ്പോള്‍ വളരെയധികം സന്തോഷം തോന്നാറുണ്ട്. തകരയിലെ ചെല്ലപ്പനാശാരിയെ കണ്ടപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ ആശാരിയാണെന്ന് കരുതിയവരുണ്ട്. ലോഹിതദാസിന്റെ നിവേദ്യം കണ്ടിട്ട് പൂജ ചെയ്യുമ്പോള്‍ ഭഗവാനെ ആവാഹിച്ച താങ്കള്‍ ഒറ്റപ്പാലം ഭാഗത്തെ നമ്പൂതിരിയാണോയെന്ന് ചോദിച്ചവരുണ്ട്.

നെടുമുടി കുട്ടനാടാണെങ്കിലും വള്ളുവനാട്ടുകാരനായ നമ്പൂതിരിയാണെന്നാണ് ചിലര്‍ പറഞ്ഞത്. പള്ളീലച്ചനായി അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ ഭാവങ്ങള്‍ സൂക്ഷ്മതയോടെ നിങ്ങള്‍ക്കെങ്ങനെ ചെയ്യാന്‍ കഴിയുന്നുവെന്ന് ചോദിച്ച പള്ളീലച്ചന്‍മാരുണ്ട്.

ദേവരാജന്‍ മാഷ് ഒരാളെയും പ്രശംസിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ഒരിക്കല്‍ അദ്ദേഹം എന്നെ കണ്ടപ്പോള്‍ സര്‍ഗ്ഗത്തിലെ 'ആന്ദോളനം... ' കേട്ടപ്പോള്‍ വേണുവിന്റെ അഭിനയം അദ്ഭുതപ്പെടുത്തിയെന്ന് പറഞ്ഞു. ചിത്രം, മര്‍മ്മരം, ഗാനം തുടങ്ങിയ സിനിമകള്‍ കണ്ടിട്ട് ഇയാള്‍ യഥാര്‍ത്ഥ മൃദംഗക്കാരനാണോയെന്ന് ചോദിച്ചവരുണ്ട്.

അച്ഛന്‍ വേഷങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ എന്റെ അച്ഛനെ ഓര്‍ക്കാറുണ്ടെന്നാണ് ഒരു ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞത്. ഇങ്ങനെ എന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയം തൊട്ടുവെന്ന് അറിയുമ്പോള്‍ വളരെയധികം സംതൃപ്തി തോന്നാറുണ്ട്.

വിടപറയും മുമ്പെയിെല സേവ്യര്‍ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായിരുന്നില്ലേ?


അതെ, ഡേവിഡ് കാച്ചപ്പള്ളിയും മോഹനുമാണ് സേവ്യറെന്ന കഥാപാത്രത്തെ എനിക്ക് നല്‍കിയത്.

സംവിധായകന്‍ കഥ പറയുമ്പോള്‍ സ്വന്തം കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ച് മാനസികമായൊരു ഹോംവര്‍ക്ക് നടത്താറുണ്ടോ?


അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. ഇതേവരെ ഏതെങ്കിലുമൊരു കഥാപാത്രത്തിന് വേണ്ടി ഹോംവര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. ഞാന്‍ സ്‌ക്രിപ്റ്റ് വായിക്കുന്നത് സെറ്റിലാണ്. ലൊക്കേഷനിലിരുന്ന് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ നമുക്ക് ചുറ്റും ജീവിക്കുന്ന പരിചയക്കാരുടെ മുഖങ്ങളും പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ കഥാപാത്രങ്ങളും മനസ്സിലെത്തും. ഇതെല്ലാം സ്വാധീനിക്കാറുണ്ട്. കള്ളിമണ്ണില്‍ നിന്ന് ശില്പങ്ങള്‍ ഉണ്ടാക്കുന്നതുപോലെ സാങ്കല്‍പികമായി കഥാപാത്രങ്ങളെ മനസ്സില്‍ സൃഷ്ടിക്കുന്നു.

അരങ്ങിന്റെ ഹൃദയം തൊട്ടറിഞ്ഞ അഭിനേതാവെന്ന നിലയില്‍ മലയാള നാടകവേദിയുടെ വളര്‍ച്ചയെ നിരീക്ഷിക്കാറുണ്ടോ?


മലയാള നാടകവേദിക്ക് പുതിയൊരു ഉണര്‍വ്വ് ഉണ്ടായിരിക്കുന്ന കാലമാണിത്. അമച്വര്‍ നാടകവേദിയില്‍ പ്രതീക്ഷാനിര്‍ഭരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴും മാറാത്തത് പ്രൊഫഷണല്‍ നാടകവേദിയാണെന്നും തോന്നിയിട്ടുണ്ട്. മലയാളനാടകവേദിയില്‍ നിന്നും പ്രതിഭയുള്ള അഭിനേതാക്കള്‍ സിനിമയിലേക്ക് കടന്നുവരുന്നുണ്ട്.

ആഗ്രഹം?


നിറഞ്ഞ സംതൃപ്തിയാണുള്ളത്. പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ല. കുടുംബവുമൊന്നിച്ച് സംതൃപ്തിയോടെ ജീവിക്കുകയാണ്. ഇതിനിടയില്‍ സിനിമയില്‍ അഭിനയിക്കാനും സമയം കണ്ടെത്തും.

എം.എസ്.ദാസ് മാട്ടുമന്ത ,
പ്രഭ കൊടുവായൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW