Thursday, January 24, 2019 Last Updated 58 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 09.56 AM

സിനിമ സ്റ്റൈലില്‍ മുണ്ടും മടക്കി കുത്തി തോക്കുമായി വേട്ടയ്ക്കിറങ്ങിയയാള്‍ക്ക് ഫോട്ടോഗ്രഫര്‍ കൊടുത്തത് തകര്‍പ്പന്‍ പണി; വേട്ടക്കാരന്‍ അഴിയെണ്ണി ജയിലില്‍

man arrested for hunting

തോക്കുമായി വേട്ടയ്ക്കിറങ്ങിയ മധ്യവയസ്‌കന്‍ ജയിലിലായി. മല്ലപ്പള്ളി സ്വദേശി പൗലോസാണ് പക്ഷിയെ വെടിവെച്ച് വീഴ്ത്തി ജയിലിലായത്. ഞായറാഴ്ച ആഘോഷമാക്കാന്‍ ഇറങ്ങിയതായിരുന്നു പൗലോസ്. എന്നാല്‍ ഒരു ഫ്രീലാന്‍സ് ഫോട്ടാഗ്രാഫര്‍ പൗലോസിന്റെ വേട്ടച്ചിത്രങ്ങള്‍ പകര്‍ത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. വെടിയിറച്ചിയുമായി വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് പൗലോസും സഹായിയായ മറ്റൊരാളും ചേര്‍ന്ന് ചെങ്ങരൂര്‍ നടയ്ക്കല്‍ പാടത്ത് നിന്നും പക്ഷിയെ വെടിവെച്ച് പിടികൂടിക്കൊണ്ടു പോകുന്നത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ക്യാമറയിലാക്കിയത്. പൗലോസും സഹായികളും വന്നിറങ്ങുന്നതും പക്ഷിയെ വെടി വച്ച് പിടിക്കുന്നതും ഫോട്ടോ സഹിതം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന പക്ഷിയാണ് ചായമുണ്ടി എന്ന പര്‍പ്പിള്‍ ഹെറോണ്‍. ഹെറോണ്‍ കുടുംബത്തിലെ ഏറ്റവും മനോഹരിയായ പക്ഷിയായ ഇതിനെയാണ് പൗലോസ് വെടിവെച്ചത്. ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി നേരിടുന്നത് മൂലം ഇവ എണ്ണത്തില്‍ കുറവാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

''ഞങ്ങള്‍ക്ക് ലഭിച്ച ഫോട്ടോകളില്‍ കാറിന്റെ നമ്പറും ഉള്‍പ്പെട്ടിരുന്നു. അപ്പോള്‍ തന്നെ വിലാസം കണ്ടെത്തി പൗലോസിന്റെ വീട്ടിലെത്തി. ഞായറാഴ്ച രാത്രി ഏഴുമണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം അയാളുടെ വീട്ടിലെത്തി തോക്കും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന വെടിയിറച്ചിയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൗലോസ് ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.'' - ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍. അദീഷ് വ്യക്തമാക്കി.

ലൈസന്‍സുള്ളതും ഇല്ലാത്തതുമായ രണ്ട് തോക്കുകള്‍ പൗലോസിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തതായും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പാടശേഖരങ്ങളില്‍ നിന്ന് പക്ഷികളെ ഇറച്ചിയ്ക്കായി വേട്ടയാടുന്നത് ഗുരുതരമായ കുറ്റമാണ്. വൈല്‍ഡ് ലൈഫ് നിയമപ്രകാരം ജാമ്യം കിട്ടാന്‍ പ്രയാസമുള്ള വകുപ്പാണ് പൗലോസിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ വേട്ടയ്ക്കായി എത്തിച്ചേര്‍ന്ന കാറും വനംവകുപ്പ് അധികൃതരുടെ കസ്റ്റഡിയിലാണ്. പ്രതിയായ ഒരാളെക്കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW