Thursday, April 25, 2019 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 07.16 AM

ആര്‍എസ്എസിന് ആചാരം പുല്ലാണ്, ഒരു (കു)തന്ത്രിയും നടയടച്ചില്ല; ശബരിമലയെ തങ്ങളുടെ അശ്ലീല രാഷ്ട്രീയത്തിന്റെ വേദിയാക്കി സംഘപരിവാര്‍ മാറ്റുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം: എംബി രാജേഷ് എംപി

about sabarimala

തിരുവനന്തപുരം: ശബരിമലയില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി നടത്തിയ ആചാരലംഘനത്തെയും ബിജെപി നിലപാടുകളയും രൂക്ഷമായി വിമര്‍ശിച്ച് എംബി രാജേഷ് എംപി. 'കാരണവര്‍ക്ക് അടുപ്പിലുമാകാം എന്നൊരു ചൊല്ലുണ്ടല്ലോ.ആര്‍.എസ്.എസ്.നേതാവ്ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി നിരങ്ങിയത് ഈ ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നു. ആചാരം ആര്‍.എസ്.എസ്.കാരന് പുല്ലാണ്.ഒരു (കു)തന്ത്രിയും നടയടച്ചില്ല..' 'ഇവിടെ കെണിവച്ചിരിക്കുന്നത് ശബരിമലയുടെ പേരിലാണെങ്കില്‍ ഉത്തരേന്ത്യയില്‍ രാമക്ഷേത്രമെന്ന പഴയ കെണി തെരഞ്ഞെടുപ്പടുത്തതോടെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ഇവിടെ തന്ത്രിയെ മുന്‍നിര്‍ത്തിയാണ് കളിയെങ്കില്‍ അവിടെ സന്യാസി വേഷധാരികളെയാണിറക്കിയിരിക്കുന്നത്. സന്യാസ വേഷക്കാര്‍ സമ്മേളിച്ച് രാമക്ഷേത്രം ഉടനുണ്ടാക്കണമെന്നും മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്നും പറഞ്ഞിരിക്കുന്നു. അയോദ്ധ്യയില്‍ നിന്നും ശബരിമലയിലേക്കുള്ള ചോര വീണ പാതയിലൂടെ വോട്ടും സീറ്റും അധികാരവും ഉറപ്പിക്കുക മാത്രമാണിവരുടെ ലക്ഷ്യം.' -എംബി രാജേഷ് എംപി ഫേസ്ബുക്കില്‍ കുറിച്ചു.

എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാരണവര്‍ക്ക് അടുപ്പിലുമാകാം എന്നൊരു ചൊല്ലുണ്ടല്ലോ.ആര്‍.എസ്.എസ്.നേതാവ്ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി നിരങ്ങിയത് ഈ ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നു. ആചാരം ആര്‍.എസ്.എസ്.കാരന് പുല്ലാണ്.ഒരു (കു)തന്ത്രിയും നടയടച്ചില്ല. ശബരിമലയെ തങ്ങളുടെ അശ്ലീല രാഷ്ട്രീയത്തിന്റെ വേദിയാക്കി സംഘപരിവാര്‍ മാറ്റുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇത് നമുക്കൊരു സുവര്‍ണ്ണാവസരമാണ് എന്ന ശ്രീധരന്‍ പിള്ളയുടെ ആര്‍ത്തിപൂണ്ട വാക്കുകളില്‍ ആര്‍ക്കെങ്കിലും ഭക്തിയും വിശ്വാസവും ദര്‍ശിക്കാനാവുമോ? അധികാരക്കൊതി മൂത്ത ഈ വാക്കുകള്‍ക്ക് പിന്നിലുള്ളത് ചോരമണക്കുന്ന ഒരു ചെന്നായയുടെ വെള്ളമൂറുന്ന നാക്കാണെന്ന് ഏത് കൊച്ചു കുട്ടിക്കും തോന്നിപ്പോകും. ഇതുവരെ എല്ലാവരും നമ്മുടെ കെണിയില്‍ വീണു എന്ന വീരവാദത്തില്‍ വിശ്വാസമല്ല, കെണിയൊരുക്കി വിശ്വാസികളെ വീഴ്ത്തിയ സൃഗാല ബുദ്ധിയാണെന്ന് ആര്‍ക്കാണറിയാത്തത്? പിള്ളയും പരിവാറുമൊരുക്കിയ ഈ കെണിയിലേക്ക് കൊടിയും ചുരുട്ടി അണികളെയും തെളിച്ചു കൊണ്ടുപോയി ചാടിച്ചവരാണ് ചെന്നിത്തല-മുല്ലപ്പള്ളിമാര്‍

ഒരു വ്യാഴവട്ടം കോടതിയില്‍ കേസ് നടന്നപ്പോഴൊന്നും വിശ്വാസവും ആചാരവും രക്ഷിക്കാന്‍ തിരിഞ്ഞു നോക്കാത്തവര്‍, വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തവര്‍, ഇരുപത്തിനാല് മണിക്കൂറിനകം മലക്കം മറിഞ്ഞ് തെരുവിലിറങ്ങിയവര്‍, റിവ്യൂ പെറ്റീഷനുമായി കോടതിയില്‍ പോകാതെ കല്ലു നിറച്ച ഇരുമുടിക്കെട്ടുമായി കള്ളസ്വാമികളായ ക്രിമിനലുകളുമായി പമ്പയിലേക്ക് പോയവര്‍, അയ്യപ്പസന്നിധി ശരണം വിളികള്‍ക്ക് പകരം തെറിവിളികളാല്‍ മലിനമാക്കിയവര്‍, പ്രായം ചെന്നവരുള്‍പ്പെടെ കണ്ണില്‍ കണ്ട സ്ത്രീകള്‍ക്കു മേലെല്ലാം കൈ വച്ച് കലിതുള്ളിയവര്‍, നാമജപമെന്ന വ്യാജേന തെരുവുകള്‍ തോറും തെറിപ്പാട്ടു ഘോഷയാത്ര നടത്തിയവര്‍, ഇരപിടിക്കാനുള്ള കെണിയില്‍ ഒരു പാവം മനുഷ്യന്റെ മൃതദേഹം പോലും കരുവാക്കിയ ഹൃദയശൂന്യര്‍, മൂത്രമൊഴിച്ചും ചോര വീഴ്ത്തിയും സന്നിധാനം അശുദ്ധമാക്കാന്‍ കോപ്പുകൂട്ടിയ ദൈവനിഷേധികള്‍,നടയടച്ചിട്ട് അയ്യപ്പസന്നിധി കലാപകേന്ദ്രമാക്കാനുള്ള കുതന്ത്രം തന്ത്രിക്ക് ഉപദേശിച്ചു കൊടുത്ത കുബുദ്ധികള്‍...... അവര്‍ ശബരിമലയെ വച്ച് തയ്യാറാക്കിയിരിക്കുന്ന കലാപ പദ്ധതികളാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്.

തങ്ങളുടെ കെണിയില്‍ ഓരോരുത്തരായി വീണുവെന്ന അഹന്തക്ക് മുഖമടച്ചൊരു മറുപടി കൊടുക്കേണ്ട സന്ദര്‍ഭമാണിത്. രണ്ടിലൊരു രാഹുലിനെ നേതാവായി തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കിട്ടിയപ്പോള്‍ മൂത്രമൊഴിക്കല്‍- ചോര വീഴ്ത്തല്‍ പ്ലാനുകളുടെ ഉപജ്ഞാതാവായ രാഹുലിന്റെ രാഷ്ട്രീയം ഓപ്റ്റ് ചെയ്ത രാമന്‍ നായര്‍ മുതല്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ ശരവണന്‍ വരെയുള്ളവര്‍ ആ കെണിയില്‍ വീണവരാണെന്ന് മറക്കരുത്. അതിനുത്തരവാദികള്‍ ചെന്നിത്തല-മുല്ലപ്പള്ളിമാര്‍ നയിക്കുന്ന കെ.പി.സി.സി. ( ബി ) യാണ്. ആദ്യം സ്വന്തം കൊടി ചുരുട്ടി പിള്ളയും പരിവാറും നയിച്ച ഘോഷയാത്രയുടെ പിന്നാലെ കൂടി.അണികള്‍ പരിവാറിന്റെ പിന്നില്‍ ബാഗ് പൈപ്പറിന്റെ പിന്നാലെയെന്നോണം അനുഗമിച്ചു.പിന്നെ അവര്‍ സ്വന്തം നേതാവിനെ തള്ളി സംഘപരിവാറിന്റെ പിണിയാളുകളായി. ആദ്യം കൊടിയും പിന്നെ നേതാവിനെയും കയ്യൊഴിഞ്ഞ ആള്‍ക്കൂട്ടമായി കേരളത്തിലെ കോണ്‍ഗ്രസിനെ മാറ്റി. അവശേഷിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് കോണ്‍ഗ്രസ്സായി തന്നെ നില്‍ക്കാന്‍ കരുത്തുണ്ടാവട്ടെ എന്നാശംസിക്കാം. ഇവിടെ കെണിവച്ചിരിക്കുന്നത് ശബരിമലയുടെ പേരിലാണെങ്കില്‍ ഉത്തരേന്ത്യയില്‍ രാമക്ഷേത്രമെന്ന പഴയ കെണി തെരഞ്ഞെടുപ്പടുത്തതോടെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു.

ഇവിടെ തന്ത്രിയെ മുന്‍നിര്‍ത്തിയാണ് കളിയെങ്കില്‍ അവിടെ സന്യാസി വേഷധാരികളെയാണിറക്കിയിരിക്കുന്നത്. സന്യാസ വേഷക്കാര്‍ സമ്മേളിച്ച് രാമക്ഷേത്രം ഉടനുണ്ടാക്കണമെന്നും മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്നും പറഞ്ഞിരിക്കുന്നു. അയോദ്ധ്യയില്‍ നിന്നും ശബരിമലയിലേക്കുള്ള ചോര വീണ പാതയിലൂടെ വോട്ടും സീറ്റും അധികാരവും ഉറപ്പിക്കുക മാത്രമാണിവരുടെ ലക്ഷ്യം. കേരളത്തിന് തീ കൊടുക്കുകയാണിവര്‍.മോദിയുടെ ഗുജറാത്തിലും യോഗിയുടെ യു.പി.യിലും തീ കൊടുത്തത് പോലെ.എന്നാല്‍ ഇത് കേരളമാണെന്ന പാഠം സംഘപരിവാറിന് പഠിപ്പിച്ചു കൊടുക്കണം. അവരുടെ കയ്യിലുള്ള ഒരു അളവുകോലു കൊണ്ടും അളക്കാവുന്നതിനപ്പുറമാണ് കേരളത്തിന്റെ ഔന്നത്യമെന്ന് മനസിലാക്കിക്കൊടുക്കണം. ഒരു നുണ പൊളിയുമ്പോള്‍ നാണമില്ലാതെ അടുത്തതുമായി വരുന്ന വഞ്ചകപ്പരിഷകളെ ശബരിമലയില്‍ നിന്നും വിശ്വാസത്തിന്റെ വിശുദ്ധമായ എല്ലായിടങ്ങളില്‍ നിന്നും തുരത്തണം. നാടിനെയും വിശ്വാസത്തെത്തന്നെയും രക്ഷിക്കാന്‍ അതാവശ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW