Thursday, April 25, 2019 Last Updated 41 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.50 AM

തകഴിയുടെ ക്ലാസിപ്പേരും 'ആധുനിക' കണ്ടെഴുത്ത്‌ വകുപ്പിന്റെ കഷ്‌ടപ്പാടും!

uploads/news/2018/11/263299/bft1.jpg

തമ്പുരാക്കന്‍മാര്‍ക്കും നമ്പൂതിരിമാര്‍ക്കും മാത്രം താമസിക്കാന്‍ അവകാശമുള്ള എരുമത്ര മഠം ക്ലാസിപ്പേര്‍ കൊച്ചുപിള്ളയ്‌ക്ക്‌ ഏര്‍പ്പാടു ചെയ്‌തിരിക്കുന്നു എന്ന നാട്ടുവര്‍ത്തമാനത്തോടെയാണു തകഴിയുടെ 'കയര്‍' എന്ന ക്ലാസിക്‌ നോവലിന്റെ തുടക്കം. "ക്ലാസിപ്പേര്‍" എന്നാല്‍ ക്ലാസിഫയര്‍. അതായതു നിലവും പുരയിടവും തരംതിരിക്കുന്ന ഉദ്യോഗസ്‌ഥന്‍. "കണ്ടെഴുത്തി"നുശേഷം ആധുനിക സര്‍വേ സെറ്റില്‍മെന്റിന്‌ എത്തിയ ആള്‍.
നോവലിലും ചരിത്രത്തിലും ക്ലാസിപ്പേര്‍ സൃഷ്‌ടിക്കുന്നതു പുതിയൊരു ചട്ടക്കൂടാണ്‌. സ്‌ഥലത്തിനും അതിന്റെ സ്വഭാവത്തിനും സംഭവിക്കുന്ന മാറ്റത്തിനൊപ്പം പുതിയ ഒരു സാമൂഹികക്രമം തന്നെ ഉരുത്തിരിയുന്നു. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ ഭൂമിയില്‍ ആദ്യമായി പതിഞ്ഞു. നൂറ്റാണ്ടുകളുടെ സാമൂഹികവ്യവസ്‌ഥിതിയെ തച്ചുടച്ചതു ഭൂവുടമസ്‌ഥതയുമായി ബന്ധപ്പെട്ട നിര്‍വചനങ്ങളിലെ ഈ വ്യതിയാനമാണ്‌. ഭൂമിയിലെ അവകാശങ്ങളും അതിന്മേലുള്ള നിയന്ത്രണങ്ങളും ആധുനികകേരളത്തിന്റെ ധനകാര്യ, സാമൂഹിക, സാംസ്‌കാരിക ക്രമങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌. റവന്യൂ വകുപ്പിന്റെ രൂപീകരണവും ഇതിന്റെ തുടര്‍ച്ചയാണ്‌.
കേരളത്തിന്റെ ഭൂമി കൈകാര്യക്കാരായ റവന്യൂ വകുപ്പിനെ ഇന്ന്‌ ഏല്‍പ്പിക്കുന്ന ജോലികള്‍ക്കു കൈയും കണക്കുമില്ല. തെരഞ്ഞെടുപ്പ്‌ നടത്തിപ്പു മുതല്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം വരെ. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌, 1781-ല്‍ ആരംഭിച്ച ബോര്‍ഡ്‌ ഓഫ്‌ റവന്യൂവിലൂടെയാണ്‌ ഇന്ത്യന്‍ റവന്യൂ വകുപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്‌. ഈ വകുപ്പിലെ അഭിജാതമായ കലക്‌ടര്‍ തസ്‌തിക വാറന്‍ ഹേസ്‌റ്റിങ്ങിന്റെ സംഭാവനയാണ്‌. കേരളത്തില്‍ 1684 മുതല്‍ ഭൂനികുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പദവി വര്‍ധിപ്പിച്ചു. 1783 മുതല്‍ തിരുവിതാംകൂറില്‍ കണ്ടെഴുത്ത്‌, കേട്ടെഴുത്ത്‌ രീതികള്‍ നിലനിന്നിരുന്നു. 1833 വരെ റവന്യൂ, ട്രഷറി, ധനകാര്യം എന്നിവ ചേര്‍ന്നുള്ള ജമാബന്തി വകുപ്പാണ്‌ ഉണ്ടായിരുന്നത്‌. ഇന്നും വില്ലേജുകളിലും താലൂക്കുകളിലും വാര്‍ഷികപരിശോധനയുടെ പേര്‌ ജമാബന്തിയെന്നാണ്‌. വില്ലേജ്‌മാന്‍ വില്ലേജ്‌ ഫീല്‍ഡ്‌ ഓഫീസറും ഗ്രാമസേവകന്‍ വില്ലേജ്‌ എക്‌സ്‌റ്റന്‍ഷന്‍ ഓഫീസറുമായെങ്കിലും പ്രധാനപ്പെട്ട പലതും പഴയ പേരില്‍ത്തന്നെ.
റവന്യൂവുമായി ചേര്‍ന്നുനിന്നിരുന്ന ഒട്ടേറെ വകുപ്പുകള്‍ 1905 മുതല്‍ സ്വതന്ത്രമാക്കി. എക്‌സൈസ്‌, കൃഷി, മത്സ്യബന്ധനം, ഭക്ഷ്യം, പൊതുവിതരണം, ട്രഷറി ദേവസ്വം ഒക്കെ അങ്ങനെ രൂപീകൃതമായതാണ്‌. 1975-ല്‍ റവന്യൂ സ്വതന്ത്രവകുപ്പായി. 1984-ല്‍ റവന്യൂ, വില്ലേജ്‌ വകുപ്പുകള്‍ സംയോജിപ്പിച്ചതും 1996-ല്‍ റവന്യൂ ബോര്‍ഡ്‌ നിര്‍ത്തലാക്കിയതുമെല്ലാം ചരിത്രത്തിന്റെ നാഴികക്കല്ലുകളായി. റവന്യൂ ലാന്‍ഡ്‌ കമ്മിഷണറേറ്റ്‌ നിലവില്‍ വന്നു. വിവിധ വകുപ്പുകള്‍ സ്വതന്ത്രമായതോടെ അവയില്‍ നിരവധി മാറ്റങ്ങളുണ്ടായി.
എന്നാല്‍ മാതൃവകുപ്പായ റവന്യൂവില്‍ കാലോചിതമാറ്റങ്ങള്‍ ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു. ഭൂമി സംബന്ധമായതും അല്ലാത്തതുമായ 150-ല്‍ ഏറെ വിഷയങ്ങള്‍ റവന്യൂ വകുപ്പ്‌ കൈകാര്യം ചെയ്യുന്നു. ലാന്‍ഡ്‌ റവന്യൂ കമ്മിഷണര്‍ മുതല്‍ വില്ലേജ്‌ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ വരെ ഉള്‍പ്പെട്ട റവന്യൂ വകുപ്പില്‍ ഏതൊക്കെ ഓഫീസര്‍മാരുണ്ടെന്നു പൊതുജനത്തിനു കാര്യമായറിയില്ല. അവരുടെ അധികാരപരിധിയും അറിയില്ല. വകുപ്പിന്റെ പേര്‌ പ്രതിപാദിക്കാതെ, തസ്‌തികകൊണ്ടു മാത്രം ഉദ്യോഗസ്‌ഥരെ തിരിച്ചറിയുന്ന ഏകവകുപ്പും ഇതാണ്‌. ജില്ലാ കലക്‌ടര്‍ മുതലുള്ള ഉദ്യോഗസ്‌ഥരുടെ അധികാരപരിധിയെക്കുറിച്ചുള്ള അജ്‌ഞതതന്നെയാണു പൊതുജനം ഏറെ ആശ്രയിക്കുന്ന ഈ വകുപ്പിന്റെ പരിമിതി.
പ്രകൃതി ദുരന്തങ്ങളെ നേരിടുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ്‌ ഇപ്പോഴും സുസജ്‌ജമല്ലെന്നാണു കഴിഞ്ഞ പ്രളയകാലത്തു വ്യക്‌തമായൊരു കാര്യം. ദുരന്തമേഖലയില്‍നിന്ന്‌ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനപ്പുറം ശാസ്‌ത്രീയമായി ദുരന്തസാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി നമുക്ക്‌ ഇന്നുമില്ല. ഡെപ്യൂട്ടി കലക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഭാവിയിലെങ്കിലും ഇക്കാര്യത്തില്‍ പരിശീലനം നല്‍കണം. പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവും വലിയ ഇടപെടല്‍ നടത്തേണ്ട വില്ലേജ്‌ ഓഫീസുകളിലെ സംവിധാനങ്ങള്‍ പരിതാപകരമാണ്‌. ആധുനിക ദുരന്തനിവാരണ സംവിധാനങ്ങള്‍ വരുന്നതിനു മുമ്പ്‌ താലൂക്ക്‌ ഓഫീസില്‍ പ്രകൃതി ദുരന്തം നേരിടാന്‍ മൂന്ന്‌ ഉപകരണങ്ങളാണുണ്ടായിരുന്നത്‌-വയര്‍ കട്ടര്‍, ടോര്‍ച്ച്‌, വലിയൊരു ചുറ്റിക. ഇപ്പോഴും ആവശ്യത്തിനു ജീവനക്കാരോ സംവിധാനങ്ങളോ ഇല്ല. ജില്ലാകേന്ദ്രങ്ങളില്‍ പാരാമിലിട്ടറി സ്വഭാവത്തിലുള്ള ദുരന്തനിവാരണസേനയുടെ രൂപീകരണം ഗൗരവമായി ആലോചിക്കണം. നിയന്ത്രണം റവന്യൂ വകുപ്പിനാകണം. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളും കെട്ടിടങ്ങളും പുനഃസ്‌ഥാപിക്കാന്‍ റവന്യൂ വകുപ്പ്‌ അനുവദിക്കുന്ന ഫണ്ടുണ്ട്‌. അതില്‍നിന്നു തുക അനുവദിച്ച്‌ റവന്യൂ സെക്രട്ടറി ഉത്തരവായാലും കാര്യമില്ല. താഴെയുള്ള ജില്ലാ കലക്‌ടര്‍ പ്രവര്‍ത്തനാനുമതി നല്‍കണം. വലിയപള്ളിക്കുള്ളില്‍ കുരിശുപള്ളി പണിയുന്നപോലെ! മുതല്‍നിര്‍ണയം എന്ന വാര്‍ഷികപരിശോധന (ജമാബന്തി) ആരംഭിച്ച കാലം മുതല്‍ ഇപ്പോഴും പഴയ മാമൂലുകളില്‍ കുടുങ്ങിക്കിടക്കുന്നു.
കേരള കെട്ടിടനികുതി നിയമ(1975)പ്രകാരം 1973 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ നിര്‍മിച്ച എല്ലാ കെട്ടിടങ്ങള്‍ക്കും ഒറ്റത്തവണ കെട്ടിടനികുതി ബാധകമാണ്‌. ഇതിനു തറവിസ്‌തീര്‍ണം കണക്കാക്കേണ്ടതു വില്ലേജ്‌ ഓഫീസറാണ്‌. സിവില്‍ എന്‍ജിനീയര്‍മാര്‍ ചെയ്യേണ്ട ജോലിയാണത്‌. അതിനു പകരം, താരതമ്യേന വൈദഗ്‌ധ്യം കുറഞ്ഞ വില്ലേജ്‌ ഓഫീസര്‍ കണക്കാക്കിയ നികുതി സംബന്ധിച്ച്‌ തര്‍ക്കവും വിതര്‍ക്കവുമായി തുക അടയ്‌ക്കാതെ മുന്നോട്ടുപോകുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്‌ടമെത്രയോ അധികമാണ്‌. റവന്യൂ വകുപ്പില്‍ ടോറന്റ്‌ സിസ്‌റ്റം നേരത്തേ നടപ്പാക്കിയതാണ്‌. അതനുസരിച്ച്‌, വസ്‌തു ഇടപാടില്‍ രൂപരേഖ ഉള്‍പ്പെടെ സമര്‍പ്പിച്ച്‌ പോക്കുവരവ്‌ എളുപ്പം തീര്‍പ്പാക്കാമായിരുന്നു. എന്തുകൊണ്ടോ അതുപേക്ഷിച്ചു. ഒരാളുടെ ഭൂമി സംബന്ധിച്ച്‌, ആര്‍.സി. ബുക്‌ മാതൃകയില്‍ ഒരു പാസ്‌ബുക്‌ നല്‍കിയാല്‍ കാലാകാലങ്ങളിലെ ക്രയവിക്രയങ്ങള്‍ അതില്‍ രേഖപ്പെടുത്താം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌, ബന്ധപ്പെട്ടവര്‍ക്കല്ലാതെ അതു തുറക്കാന്‍ കഴിയാത്ത രീതിയില്‍ സെര്‍വറില്‍ രേഖപ്പെടുത്തുകയോ ആധാറുമായി ബന്ധിപ്പിക്കുകയോ ചെയ്‌താല്‍ ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ ഒഴിവാക്കാം. റവന്യൂ വകുപ്പിനു ഭൂമി സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. സര്‍വേ നടത്താന്‍ സ്വതന്ത്രമായ സര്‍വേ വകുപ്പുണ്ടെന്നു പലപ്പോഴും നാം വിസ്‌മരിക്കുന്നു. പാഞ്ചാലിയുടെ ചേലപോലെ ഒരിക്കലും തീരാത്തതാണു കേരളത്തിലെ റീസര്‍വേ. ഇതേ പ്രക്രിയ മറ്റു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. 2004-ല്‍ കേന്ദ്രസര്‍ക്കാര്‍ ഭൂമി സംബന്ധിച്ച രേഖകള്‍ കമ്പ്യൂട്ടറൈസ്‌ ചെയ്യാന്‍ ഒരു പദ്ധതി തയാറാക്കി ഫണ്ട്‌ അനുവദിച്ചു. എന്നാല്‍, കേരളത്തില്‍ റീ സര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ പദ്ധതി നടപ്പാക്കാനായില്ല.
റവന്യൂ ഉദ്യോഗസ്‌ഥര്‍ക്കു പരിശീലനം നല്‍കുന്ന സ്‌ഥാപനമാണ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലാന്‍ഡ്‌ ആന്‍ഡ്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌. ഇവിടെ ഇപ്പോഴും പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ പഴയ ചെയിന്‍ സര്‍വേയാണു പഠിപ്പിക്കുന്നത്‌! ലോഗരിതം ടേബിളും തിയോഡറ്റ്‌ സര്‍വേയുമൊക്കെയാണ്‌ ഈ ആധുനികയുഗത്തിലും നടക്കുന്നത്‌. കോളജുകളില്‍പോലും ലോഗരിതം ടേബിള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ടോട്ടല്‍ സ്‌റ്റേഷന്‍, ലേസര്‍ സര്‍വേ സാങ്കേതികവിദ്യകള്‍ നിലവില്‍വന്നിട്ടും നാമിന്നും പഴയ ചങ്ങലയും ക്രോസ്‌ സ്‌റ്റാമ്പുമായി നടക്കുന്നു. പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊണ്ട്‌ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ തടസം നില്‍ക്കുന്നത്‌ ആരാണെങ്കിലും അതു ഭൂഷണമല്ല. ഹയര്‍ സര്‍വേയില്‍ പരിശീലനം നല്‍കുന്നതു വിരമിക്കാറായ ഉദ്യോഗസ്‌ഥര്‍ക്കാണ്‌. തുടക്കക്കാര്‍ക്ക്‌ എന്തുകൊണ്ടു പുതിയ സാങ്കേതികവിദ്യയില്‍ പഠനം ആരംഭിച്ചുകൂടാ? കതിരിന്മേല്‍ വളം വയ്‌ക്കുന്ന ഈ രീതി മാറണം.
വില്ലേജുകളില്‍ സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ കുന്നുകൂടുന്നു. ഇവ പരിഹരിക്കാന്‍ നിയുക്‌തരായതു വിരലിലെണ്ണാവുന്ന സര്‍വേയര്‍മാരാണ്‌. വില്ലേജ്‌ ഓഫീസുകളില്‍നിന്നു നിയമപ്രകാരം 23 തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ മതിയെന്നിരിക്കേ, ഏകദേശം 150 സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ നല്‍കിവരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തേക്കാള്‍ വിഷയവൈപുല്യമാണ്‌ പ്രധാനം. ഒരാള്‍ പുനര്‍വിവാഹം ചെയ്‌തിട്ടില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ വിശ്വസനീയരായ രണ്ട്‌ അയല്‍ക്കാരുടെ മൊഴി വേണമെന്നാണു ചട്ടം. എന്നാല്‍ പലരും ഇതിനെ വ്യാഖാനിച്ചിരിക്കുന്നതു പുരുഷന്മാരായ അയല്‍വാസികള്‍ എന്നാണ്‌. വില്ലേജ്‌ ഓഫീസര്‍മാര്‍ക്കു കനത്ത ജോലിഭാരമുള്ളതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ അയല്‍വാസികളെ വിളിച്ചുവരുത്തുകയാണു പതിവ്‌. സര്‍ട്ടിഫിക്കറ്റ്‌ ഒരു സ്‌ത്രീയുടെ പേര്‍ക്കാകുമ്പോള്‍ ഇക്കാര്യത്തിലുള്ള ബുദ്ധിമുട്ട്‌ ചെറുതല്ല. ലിംഗസമത്വചര്‍ച്ചകള്‍ക്കിടയിലും ഇത്തരം നിയമലംഘനങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. വില്ലേജില്‍ എത്ര നാട്ടാനയുണ്ടെന്നു കണ്ടെത്തി പട്ടിക തയാറാക്കേണ്ടതും വില്ലേജ്‌ ഓഫീസറാണ്‌. ഇതൊക്കെയാണെങ്കിലും വില്ലേജ്‌ ഓഫീസര്‍ക്കു ഗസറ്റഡ്‌ റാങ്കില്ല. സര്‍ട്ടിഫിക്കറ്റ്‌ സാക്ഷ്യപ്പെടുത്താനോ അടിയന്തരഘട്ടത്തില്‍ പണം ചെലവഴിക്കാനോ അധികാരമില്ല. മണ്ണെടുക്കുന്നതിന്റെ പഴി എന്നും റവന്യൂ വകുപ്പിനാണ്‌. എന്നാല്‍, എത്രതോതില്‍ എടുക്കണമെന്നു തീരുമാനിക്കുന്നതു ജിയോളിസ്‌റ്റാണ്‌. 2000 ക്യുബിക്‌ അടി മണ്ണുമാറ്റാന്‍ ജിയോളജി വകുപ്പ്‌ അനുമതി നല്‍കിയാല്‍, ഏതു ഭാഗത്തുനിന്ന്‌ എത്രമാത്രമെന്നു കണ്ടെത്താന്‍ മാര്‍ഗമൊന്നുമില്ല. കിട്ടിയ പെര്‍മിറ്റിന്റെ ഇരട്ടി മണ്ണുമായി ആവശ്യക്കാര്‍ പോകും. വില്ലേജ്‌ ഓഫീസര്‍ക്കു നോക്കിനില്‍ക്കാനാണു വിധി.
കേരളത്തില്‍ സ്‌പെഷല്‍ ഗ്രേഡ്‌ പഞ്ചായത്തുകള്‍ നിര്‍ത്തലാക്കിയിട്ടു കാലങ്ങളായി. അതറിയാത്ത ഒരു വകുപ്പാണു റവന്യൂ! ഇപ്പോഴും റവന്യൂ വകുപ്പ്‌ കെട്ടിടനികുതി കണക്കാക്കുമ്പോള്‍ സ്‌പെഷല്‍ ഗ്രേഡ്‌ പഞ്ചായത്തിനു മുമ്പു നിഷ്‌കര്‍ഷിച്ചിരുന്ന അധികനികുതി സ്ലാബ്‌ ഉപയോഗിക്കുന്നു. ഒരു സര്‍ക്കുലര്‍ കൊണ്ടു തീരാവുന്ന വിഷയം ഇപ്പോഴും തുടരുന്നു. സംസ്‌ഥാനത്തു ഭൂമിയുടെയുടെ ന്യായവില നിര്‍ണയ റിപ്പോര്‍ട്ട്‌ മൂന്നുമാസത്തിനകം തയാറാക്കണമെന്നാണു നിര്‍ദേശം. ഓരോ സബ്‌ഡിവിഷനിലെയും ഭൂമി കണ്ടെത്തി, വിലനിര്‍ണയപരിശോധനകള്‍ നടത്തി ന്യായവില നിശ്‌ചയിക്കാന്‍ നിലവിലെ ജീവനക്കാരുടെ എണ്ണം അപര്യാപ്‌തമാണ്‌. 1972-ലെ സ്‌റ്റാഫ്‌ പാറ്റേണാണ്‌ ഇപ്പോഴുമുള്ളത്‌. ചെറിയ വകുപ്പുകളില്‍പോലും ടൈപ്പിസ്‌റ്റ്‌ തസ്‌തികയുണ്ടെങ്കിലും വില്ലേജ്‌ ഓഫീസുകളില്‍ അതില്ല. മിക്ക വില്ലേജ്‌ ഓഫീസുകളും ഇടുങ്ങിയ കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്‌. രേഖകളും ജപ്‌തി ചെയ്‌ത സാധനങ്ങളും സൂക്ഷിക്കാന്‍ ഇടമില്ല. കേരളത്തിലെ മുഴുവന്‍ വില്ലേജ്‌ ഓഫീസുകളും സ്‌മാര്‍ട്ടാക്കാന്‍ കൂടുതല്‍ ഫണ്ട്‌ അനുവദിക്കണം.
പത്താം ശമ്പളപരിഷ്‌കരണ കമ്മിഷന്‍ സ്‌റ്റാഫ്‌ പാറ്റേണ്‍ സംബന്ധിച്ചു ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പലതും അംഗീകരിക്കപ്പെട്ടില്ല. ഉയര്‍ന്ന തസ്‌തികകളിലേക്കുള്ള നിയമനങ്ങള്‍ക്കു പ്രത്യേകപരീക്ഷ നടത്തണമെന്ന നിര്‍ദേശം അതിലൊന്നാണ്‌. വില്ലേജ്‌ ഓഫീസര്‍ക്കു ഗസറ്റഡ്‌ റാങ്ക്‌ നല്‍കണമെന്നതാണു മറ്റൊന്ന്‌. കെ.എസ്‌.ആര്‍.ടി.സി. കഴിഞ്ഞാല്‍, സംഘടനകളുടെ അനിയന്ത്രിത ഇടപെടലുള്ളതു റവന്യൂ വകുപ്പിലാണ്‌. സര്‍വേ വകുപ്പിലെ ഡ്രാഫ്‌റ്റ്‌സ്‌മാന്‍മാരെയും സര്‍വേയര്‍മാരെയും തെരഞ്ഞെടുക്കുന്നതിന്‌ ഒരേ യോഗ്യതയും മാനദണ്ഡങ്ങളുമാണെന്നിരിക്കേ താലൂക്കുകളില്‍ സര്‍വേയര്‍മാര്‍ കുറവാണെങ്കില്‍ എന്തുകൊണ്ടു ഡ്രാഫ്‌റ്റ്‌സ്‌മാന്മാരെ നിയോഗിച്ചുകൂടാ? എരുമത്ര മഠത്തിലെ നാലുകെട്ട്‌ ജീര്‍ണിച്ച്‌, പൊളിച്ചുമാറ്റിയിട്ടു കാലമെത്രയായി. ഇനിയും പൊളിച്ചെഴുത്തിനു തയാറാകാത്തതു റവന്യൂ വകുപ്പ്‌ മാത്രം.

Ads by Google
Thursday 08 Nov 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW