Thursday, November 08, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.22 AM

അമേരിക്കയില്‍ സമ്മിശ്രവിധി; ട്രംപിന്‌ പ്രതിനിധിസഭയില്‍ തിരിച്ചടി

uploads/news/2018/11/263212/in1.jpg

വാഷിങ്‌ടണ്‍: പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനു തിരിച്ചടിയായി യു.എസ്‌. ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഡൊമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ വന്‍ മുന്നേറ്റം. യു.എസ്‌. നിയമനിര്‍മാണസഭയായ കോണ്‍ഗ്രസിലെ ജനപ്രതിനിധിസഭ ഡെമോക്രാറ്റിക്‌ പാര്‍ട്ടി പിടിച്ചെടുത്തപ്പോള്‍ സെനറ്റ്‌ ഭരണം നിലനിര്‍ത്തി ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചുനിന്നു. എട്ടുവര്‍ഷത്തിനുശേഷമാണ്‌ ഡെമോക്രാറ്റുകള്‍ പ്രതിനിധിസഭയില്‍ അധികാരത്തിലേക്കു തിരിച്ചെത്തുന്നത്‌.
ഒടുവില്‍ വന്ന ഫലസൂചനയനുസരിച്ച്‌ പ്രതിനിധിസഭയുടെ നിയന്ത്രണത്തിനാവശ്യമായതില്‍ 23 സീറ്റില്‍ കൂടുതല്‍ ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. പ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റിലേക്കുമാണു തെരഞ്ഞെടുപ്പ്‌ നടന്നത്‌. സെനറ്റും പ്രതിനിധിസഭയും രണ്ടുവഴിക്കായതോടെ പ്രസിഡന്റ്‌ ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും അധികാരക്കുത്തക നഷ്‌ടമായി. പ്രതിനിധിസഭ നഷ്‌ടമായെങ്കിലും സെനറ്റിലെ നേട്ടം ചൂണ്ടിക്കാണ്ടി വന്‍വിജയമാണു സ്വന്തമാക്കിയത്‌ എന്നാണു ട്രംപിന്റെ ആദ്യ പ്രതികരണം. എല്ലാവര്‍ക്കും ട്വിറ്റര്‍ സന്ദേശത്തിലൂടെ നന്ദി പറഞ്ഞ ട്രംപ്‌ മാധ്യമസമ്മേളനംവേണ്ടെന്നുവച്ചെന്നും സൂചനയുണ്ട്‌. എന്നാല്‍, ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ ട്രംപിനെ ഇംപീച്ച്‌ ചെയ്യാനുള്ള നീക്കം ഡെമോക്രാറ്റുകള്‍ക്കു നടത്താനാകും.
നിലവിലെ പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ 235 സീറ്റും ഡെമോക്രാറ്റുകള്‍ക്ക്‌ 193 സീറ്റുമാണുള്ളത്‌. ഇടക്കാല തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളാണ്‌ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത്‌. ഇതോടെ ഡെമ്രോക്രാറ്റുകളുടെ അംഗ സംഖ്യ 222 ആയി ഉയര്‍ന്നു. റിപ്പബ്ലിക്കന്‍മാരുടേത്‌ 199 ഉം.
ഡെമോക്രാറ്റ്‌ അംഗം 78 വയസുകാരിയായ നാന്‍സി പെലോസി സ്‌പീക്കര്‍ സ്‌ഥാനത്തേക്ക്‌ തിരിച്ചെത്തുമെന്നാണു കരുതുന്നത്‌. ഇതോടെ അമേരിക്കന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും ശക്‌തയായ വനിതയാകും നാന്‍സി. ഭിന്നിപ്പിക്കല്‍ നടപടികള്‍ അമേരിക്കക്കാര്‍ക്കു മതിയായി എന്നു നാന്‍സി പെലോസി വാഷിങ്‌ടണില്‍ നടത്തിയ വിജയപ്രസംഗത്തില്‍ പറഞ്ഞു.
90 സ്‌ത്രീകള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്‌. ഭൂരിപക്ഷവും ഡെമോക്രാറ്റുകള്‍. ഇവരില്‍ 28 പേര്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നവരാണ്‌. സൊമാലി വംശജയായ ഇല്‍ഹാന്‍ ഒമറും റാഷിദ തിലാബും ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതകളായി. ന്യൂയോര്‍ക്കില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ടെസ്‌(29) പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചു. ജനപ്രതിനിധി സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ്‌ അവര്‍.
നിലവില്‍ 100 അംഗ സെനറ്റില്‍ 51-49 എന്ന നേരിയ ഭൂരിപക്ഷത്തിലാണ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ തുടരുന്നത്‌. ഇതുവരെയുള്ള ഫലം പ്രഖ്യാപനം അനുസരിച്ച്‌ 51 എണ്ണത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചു. ഡെമോക്രാറ്റുകള്‍ക്ക്‌ 43 സീറ്റുകളിലും.
2016ല്‍ അധികാരത്തിലേറിയ ട്രംപ്‌ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമായാണ്‌ ഇടക്കാല തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്‌. കുടിയേറ്റമടക്കമുള്ള ട്രംപിന്റെ വിവാദനയങ്ങളുടെ ഹിതപരിശോധനയായും തെരഞ്ഞെടുപ്പ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ്‌ ഫലം ഒറ്റനോട്ടത്തില്‍

സെനറ്റ്‌ (ആകെ 100,
തെരഞ്ഞെടുപ്പ്‌ നടന്നത്‌ 35)
റിപ്പബ്ലിക്കന്‍ പാര്‍ട്ടി - 51
ഡെമോക്രാറ്റുകള്‍- 45
ജനപ്രതിനിധി സഭ (ആകെ 435)
റിപ്പബ്ലിക്കന്‍ പാര്‍ട്ടി- 199
ഡെമോക്രാറ്റുകള്‍- 222
സംസ്‌ഥാന ഗവര്‍ണര്‍ സ്‌ഥാനം
റിപ്പബ്ലിക്കന്‍ 25
ഡെമോക്രാറ്റിക്‌ 22

Ads by Google
Thursday 08 Nov 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW