Thursday, April 25, 2019 Last Updated 23 Min 20 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 07 Nov 2018 01.49 AM

ആയുര്‍വേദ ദിനത്തിലെ ആരോഗ്യചിന്തകള്‍

uploads/news/2018/11/262946/bft1.jpg

ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ അതുല്യമാണ്‌. വികസിതരാജ്യങ്ങള്‍ക്ക്‌ തുല്യമായ ആരോഗ്യനിലവാരം കൈവരിച്ച സംസ്‌ഥാനമെന്ന ഖ്യാതിയും സ്വന്തം. ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക്‌ ആധാരമായ ശിശു-മാതൃമരണനിരക്കു കുറയ്‌ക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവര്‍ക്കു ചികിത്സാലഭ്യത ഉറപ്പുവരുത്താന്‍ സഹായിച്ചിരുന്നു.
സര്‍ക്കാരും പൊതുസമൂഹവും ചെലവിടുന്ന മൊത്തം തുക കണക്കിലെടുത്താല്‍ വികസിതരാജ്യങ്ങളിലേതിനേക്കാള്‍ തുച്‌ഛമായ തുകയാണ്‌ ആരോഗ്യാവശ്യങ്ങള്‍ക്കായി കേരളം ചെലവിടുന്നത്‌. ആരോഗ്യമെന്നതു ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്‌ഥിതിയെന്നാണു ലോകാരോഗ്യസംഘടന വിവക്ഷിക്കുന്നത്‌. ആരോഗ്യമെന്നതു ഡോക്‌ടര്‍, ആശുപത്രി, നഴ്‌സ്‌ അഥവാ ജീവനക്കാര്‍, മരുന്ന്‌ എന്ന സമവാക്യത്തിനപ്പുറം ശുദ്ധമായ കുടിവെള്ളം, ശുദ്ധവായു, വൃത്തിയുള്ള വീടും പരിസരവും തൊഴിലിടങ്ങളും ഉള്‍പ്പെടുന്നതാണ്‌. ആരോഗ്യമുള്ള മനുഷ്യരാണ്‌ ഏതൊരു സമൂഹത്തിന്റെയും അടിസ്‌ഥാന ഘടകം. സാമൂഹിക പുരോഗതിക്കും അതുതന്നെയാണു നിദാനം.
ആകാശത്തുനിന്നു പൊട്ടിവീഴുന്ന അദ്‌ഭുത വസ്‌തുവല്ല ആരോഗ്യം. അത്‌ നമ്മുടെ ഉള്ളില്‍നിന്നു തന്നെ സ്വാഭാവികമായി ഉയര്‍ന്നു വരേണ്ട ഒന്നാണ്‌. ഭൂമിയിലെ പല ഘടകങ്ങളുടെയും ഗുണഫലമാണ്‌ നമ്മുടെ ശരീരം. ആയുര്‍വേദത്തിന്റെ അടിസ്‌ഥാനം ഈ അറിവാണ്‌. ഭൂമിയടക്കമുള്ള പഞ്ചഭൂതങ്ങളില്‍ നിന്നാണ്‌ ശരീരം രൂപംകൊണ്ടിട്ടുള്ളത്‌. അതിനാല്‍ നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെയും കാര്യക്ഷമതയോടെയും നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ നാം പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. നമ്മുടെ പ്രവൃത്തികളും അതിന്‌ അനുസൃതമായിട്ടായിരിക്കണം. അതുകൊണ്ടാണ്‌ ഇവിടെയുള്ള ഓരോ ചെടിയുടെയും വേരും തൊലിയും മൊട്ടും പൂവും കായുമൊക്കെ ഔഷധമൂല്യമുള്ളതാണെന്ന്‌ ആയുര്‍വേദം അടിവരയിട്ടു പറയുന്നത്‌. അവയുടെ മൂല്യമറിഞ്ഞ്‌ അനുയോജ്യമാംവിധം പ്രയോജനപ്പെടുത്താന്‍ ചുരുക്കം പേരേ പഠിച്ചിട്ടുള്ളു. ആരോഗ്യമെന്നത്‌ ശ്രദ്ധാപൂര്‍വം സൃഷ്‌ടിച്ചെടുക്കുകതന്നെ വേണം. നമ്മുടെ ശരീരത്തിന്റേതുപോലെ തന്നെ ആരോഗ്യത്തിന്റെ വളര്‍ച്ചയും ആന്തരികമായി സംഭവിക്കുന്നതാണ്‌. അതിനുള്ള പോഷകങ്ങള്‍ ലഭിക്കുന്നത്‌ ഭൂമിയില്‍നിന്നും.
ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ്‌ ആയുര്‍വേദം അനുശാസിക്കുന്നത്‌. ആയുസിനെക്കുറിച്ചുള്ള വേദം എന്നാണ്‌ ആയുര്‍വേദം എന്ന പദത്തിന്റെ അര്‍ഥം. മാരീച കശ്യപന്‍, ആത്രേയ പുനര്‍വസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങള്‍ ക്രോഡീകരിച്ച്‌ അവരുടെ ശിഷ്യന്മാര്‍ രചിച്ചതെന്നു കണക്കാക്കുന്ന സംഹിതകളിലാണ്‌ ആയുസിന്റെ പരിപാലനത്തെ സംബന്ധിച്ചും അതു ലഭിക്കാനുള്ള ഉപായവും വിവരിച്ചിട്ടുള്ളത്‌. സമ്പൂര്‍ണ ജീവശാസ്‌ത്രമായാണ്‌ ആയുര്‍വേദത്തെ ഭാരതീയര്‍ ദര്‍ശിക്കുന്നത്‌. വാത-പിത്ത-കഫങ്ങള്‍ എന്നീ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്‌ഥയാണു രോഗകാരണം എന്നാണ്‌ ആയുര്‍വേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്‌ഥയെ ആരോഗ്യമെന്നും നിര്‍വചിക്കുന്നു. രോഗം ബാധിച്ച ശരീരഭാഗത്തെ മാത്രം ചികിത്സിക്കുന്നതിലല്ല വ്യക്‌തിയെ സമഗ്രമായി സുഖപ്പെടുത്തുന്നതിലാണ്‌ ആയുര്‍വേദം വിശ്വസിക്കുന്നത്‌. ശരീരത്തിലെ മുഴുവന്‍ വിഷാംശങ്ങളെയും ഇല്ലാതാക്കി പ്രകൃതിദത്ത രീതികളിലൂടെ ശരീരത്തിന്റെ പ്രതിരോധവും സൗഖ്യവും ആയുര്‍വേദം വീണ്ടെടുക്കുന്നു. ഇളംപ്രായത്തില്‍ തേനും വയമ്പും നാവില്‍ സ്‌പര്‍ശിക്കുന്നതു മുതല്‍ നാമൊരു വൈദ്യസംസ്‌കാരവുമായി കണ്ണി ചേര്‍ക്കപ്പെടുകയാണ്‌. വളരുന്തോറും ആ ബന്ധം ദൃഢമാകുകയും ചെയ്യും.
ചികിത്സാശാസ്‌ത്രമെന്നതില്‍ ഉപരിയായാണ്‌ പ്രാചീനാചാര്യന്മാര്‍ ആയുര്‍വേദത്തെ പരിഗണിച്ചിട്ടുള്ളത്‌. ശാഖ, വിദ്യ, സൂത്രം, ജ്‌ഞാനം, ശാസ്‌ത്രം, ലക്ഷണം, തന്ത്രം തുടങ്ങിയ പര്യായങ്ങള്‍ ആയുര്‍വേദത്തിന്റെ സമഗ്രതയെയാണു കാണിക്കുന്നത്‌. ഹിതം, അഹിതം, സുഖം, ദുഃഖം, ആയുസ്‌, ആയുസിന്റെ ഹിതാഹിതങ്ങള്‍, ആയുസിന്റെ അളവ്‌ തുടങ്ങിയവയെപ്പറ്റിയെല്ലാം അത്‌ പ്രതിപാദിക്കുന്നു.
കേരളത്തില്‍ നാട്ടുവൈദ്യന്മാര്‍ ചില സ്വശൈലികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. അതിന്‌ ലോകാംഗീകാരവും ലഭിച്ചു. വിദേശികള്‍ ആയുര്‍വേദ ചികിത്സയ്‌ക്കായി കേരളത്തിലെത്തുന്നതിനു കാരണവും മറ്റൊന്നല്ല. ആയുര്‍വേദ ശാസ്‌ത്രത്തിലെ അടിസ്‌ഥാന തത്ത്വങ്ങളില്‍നിന്നു വ്യതിചലിക്കാതെ ചികിത്സ കൂടുതല്‍ സുഗമമാക്കുന്ന രീതിയാണ്‌ ആവിഷ്‌കരിച്ചത്‌. അതിനായി കേരളീയ വൈദ്യന്‍മാര്‍ ശോധന-ശമന ചികിത്സകളില്‍ ഭേദഗതി വരുത്തി. വിധിപ്രകാരം തയാറാക്കിയ തൈലം ഉപയോഗിച്ചുള്ള പിഴിച്ചില്‍, നവരക്കിഴി, ധാര തുടങ്ങിയവ ഉദാഹരണം. സമശീതോഷ്‌ണ കാലാവസ്‌ഥയും ഔഷധ സസ്യങ്ങളുടെ ലഭ്യതയും ജൂണ്‍ മുതല്‍ നവംബര്‍ വരെ നീളുന്ന മഴക്കാലവും കൊണ്ട്‌ സമ്പന്നമായ കേരളം ആയുര്‍വേദ ചികിത്സയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ പ്രദേശമാണ്‌. സമ്പൂര്‍ണമായ സമര്‍പ്പണത്തോടെ ആയുര്‍വേദ ചികിത്സ നടത്തുന്ന ഏക ഇന്ത്യന്‍ സംസ്‌ഥാനവും കേരളമാണ്‌. നാട്ടില്‍ സുലഭമായ പച്ചിലകള്‍ കൊണ്ടും മൂലികകള്‍കൊണ്ടും രോഗചികിത്സയും പ്രതിരോധവും സാധ്യമാണെന്ന അറിവ്‌ സ്വായത്തമാക്കിയിരുന്ന നാട്ടുവൈദ്യന്മാര്‍ കേരളത്തിന്റെ വരദാനമായിരുന്നു. ഇന്നും നമുക്കിടയിലുള്ള അത്തരക്കാരെ സമൂഹം മാന്യമായിത്തന്നെ പരിഗണിക്കുന്നുമുണ്ട്‌. അഞ്ഞൂറിലധികം ഔഷധമൂല്യമുള്ള കാട്ടുചെടികള്‍ ഉപയോഗിച്ചുള്ള പാരമ്പര്യ ചികിത്സയിലൂടെ ശ്രദ്ധേയയായ തിരുവനന്തപുരം വിതുരയിലുള്ള ലക്ഷ്‌മിക്കുട്ടിയമ്മയെ പത്മശ്രീ നല്‍കിയാണു രാജ്യം ആദരിച്ചത്‌.
തലമുറകളിലേക്കു വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളാണ്‌ ഇത്തരം നാട്ടുവൈദ്യത്തിന്റെ കാതല്‍. അനുഭവജ്‌ഞാനത്തില്‍ അധിഷ്‌ഠിതമായതും നാട്ടറിവുകളും പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്ന വൈദ്യവിജ്‌ഞാനീയമാണ്‌ നാട്ടുവൈദ്യന്മാരുടെ കൈമുതല്‍. ശാസ്‌ത്രീയവൈദ്യത്തിലേക്ക്‌ സ്വാംശീകരിക്കാന്‍ കഴിയുന്ന അറിവുകളാല്‍ സമ്പന്നമാണ്‌ നാട്ടുവൈദ്യം. അജ്‌ഞതയും എഴുതിസൂക്ഷിക്കുന്ന പതിവ്‌ കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്‌ടപ്പെട്ടുപോയി. ഇവരുടെ ഇളമുറക്കാര്‍ മറ്റുമേഖലയിലേക്കു ചേക്കേറിയതും തിരിച്ചടിയായി.
കേരളത്തില്‍ ഇനിയും പ്രാധാന്യം സിദ്ധിച്ചിട്ടില്ലാത്ത മറ്റൊരു ചികിത്സാശാസ്‌ത്രമാണു സിദ്ധവൈദ്യം. ആയുര്‍വേദവും സിദ്ധവൈദ്യവും തമ്മില്‍ വലിയ അന്തരമുണ്ട്‌. ആയുര്‍വേദത്തേക്കാള്‍ മനുഷ്യശരീരത്തിലെ ഊര്‍ജവുമായി അടുത്തു നില്‍ക്കുന്നത്‌ സിദ്ധവൈദ്യമാണ്‌. ആയുര്‍വേദം ശ്രദ്ധപതിപ്പിക്കുന്നത്‌ രോഗ ചികിത്സയിലാണ്‌, സിദ്ധയില്‍ പൊതുവായ ആരോഗ്യമാണ്‌ പ്രധാനം. ശരീരത്തിന്‌ പുനരുജ്‌ജീവനം നല്‍കുകയെന്നതാണ്‌ അവരുടെ രീതി. ആയുര്‍വേദത്തില്‍ എണ്ണമറ്റ ഔഷധങ്ങളുണ്ട്‌. സിദ്ധയില്‍ ഔഷധങ്ങള്‍ എണ്ണത്തില്‍ കുറവാണ്‌. എല്ലാ രോഗങ്ങള്‍ക്കും സിദ്ധചികിത്സ ഉണ്ടെന്നു പറയാന്‍ വയ്യ. ഊര്‍ജകേന്ദ്രങ്ങള്‍ക്കു ശക്‌തി പകര്‍ന്നു ശരീരത്തെ ഓജസുറ്റതാക്കുന്നതാണു സിദ്ധയുടെ രീതി. ദക്ഷിണേന്ത്യയിലെമ്പാടും പ്രസിദ്ധമാണെങ്കിലും തമിഴ്‌നാട്ടിലാണു സിദ്ധവൈദ്യത്തിനു കൂടുതല്‍ പ്രചാരം. അഗസ്‌ത്യമുനിയാണ്‌ ഈ ശാസ്‌ത്രത്തിന്റെ പ്രണേതാവ്‌. ദക്ഷിണേന്ത്യയിലെ സമൃദ്ധമായ സസ്യ-ലതാദിക ളുടെ സമ്പത്ത്‌ ലോകോപകാരത്തിനായി പ്രയോജനപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ ചിന്തയാണ്‌ സിദ്ധവൈദ്യത്തിന്‌ വഴിമരുന്നിട്ടത്‌.
എല്ലാ രോഗത്തിനുമുള്ള അവസാന വാക്കെന്നായിരുന്നു അലോപ്പതിയെക്കുറിച്ച്‌ പൊതുവേയുണ്ടായിരുന്നവിശ്വാസം. ഇപ്പോള്‍ ആ വിശ്വാസം ഉണ്ടെന്നു തോന്നുന്നില്ല. അലോപ്പതിയെ തള്ളിപ്പറയുകയല്ല; അടിയന്തരഘട്ടങ്ങളില്‍ അലോപ്പതിയെത്തന്നെ ആശ്രയിക്കേണ്ട അവസ്‌ഥ ഇപ്പോഴുമുണ്ട്‌. അലോപ്പതിയുടെ പാര്‍ശ്വഫലമാണ്‌ അതിന്റെയും ജനങ്ങളുടെയും ശാപം. ആന്റിബയോട്ടിക്കുകള്‍ക്കെതിരേ ശരീരം ആന്റിബോഡികള്‍ ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനെ ചെറുക്കാന്‍ ആന്റിബയോട്ടിക്കുകളുടെ പുതിയ തലമുറകള്‍ സൃഷ്‌ടിക്കപ്പെടുന്നു. മുമ്പ്‌ മൂന്നു ദിവസം കഴിക്കാന്‍ നിര്‍ദേശിച്ചിരുന്ന ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ ദിവസം കഴിക്കേണ്ടിവരുന്നു. ഇതു ശരീരത്തിന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. ഒന്നു മാറുമ്പോള്‍ പല രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന പരാതിയും രോഗികള്‍ക്കിടയിലുണ്ട്‌.
ശസ്‌ത്രക്രിയ അനിവാര്യമായ സാഹചര്യത്തില്‍ അലോപ്പതിയെ ഒഴിച്ചുനിര്‍ത്താനാവില്ലല്ലോ. പണ്ട്‌ ആയുര്‍വേദ ഡോക്‌ടര്‍മാരും ശസ്‌ത്രക്രിയ നടത്തിയിരുന്നു. പുരാതന ഗ്രന്ഥങ്ങളില്‍ അതേക്കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്‌. ഇക്കാര്യത്തില്‍ ആധുനിക കണ്ടുപിടിത്തങ്ങളെ യഥാസമയം സ്വായത്തമാക്കാന്‍ ആയുര്‍വേദത്തിനു കഴിയാതെപോയി. ഇപ്പോഴും ശസ്‌ത്രക്രിയാനന്തര ചികിത്സയ്‌ക്ക്‌ ആയുര്‍വേദത്തെയാണ്‌ ആശ്രയിക്കുന്നത്‌. ചികിത്സാരീതി ചെലവേറിയതാകുന്നതാണു ഭൂരിപക്ഷം പേരെയും അലട്ടുന്നത്‌. ഇവിടെയാണു നാം തിരിച്ചറിവ്‌ കാട്ടേണ്ടത്‌. ക്ഷമയോടെ രോഗത്തെ നേരിട്ടാല്‍ ചെലവുകുറച്ച്‌ അതിനെ കീഴ്‌പ്പെടുത്താന്‍ കഴിയും. സ്വീകരിക്കുന്നത്‌ ആയുര്‍വേദമോ സിദ്ധവൈദ്യമോ ആണെങ്കില്‍ ചെലവ്‌ താരതമ്യേനെ കുറയുകയും ചെയ്യും.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 07 Nov 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW