Wednesday, June 26, 2019 Last Updated 58 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Nov 2018 03.32 PM

നിലാവ് പോലെ ഒരമ്മ

''പ്രതിസന്ധികള്‍ ജീവിതത്തില്‍ തുടര്‍ക്കഥയാകുമ്പോഴും പോരാടാനുറച്ച മനസ്സുമായി പുഞ്ചിരിയോടെ മുന്നോട്ടു പോവുകയാണ് റിന്‍സി ജോസഫ് എന്ന അമ്മ. ''
uploads/news/2018/11/262829/rinsiyjosphINW061118.jpg

സ്നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും ത്യാഗത്തിന്റെയും ആള്‍രൂപമാണ് അമ്മ. തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മറ്റു കുഞ്ഞുങ്ങളേയും ചേര്‍ത്തുപിടിക്കാന്‍ അമ്മമാര്‍ക്ക് മാത്രമേ കഴിയൂ. അങ്ങനെ ഒരമ്മയാണ് റിന്‍സി ജോസഫ്. ഡൗണ്‍സിന്‍ഡ്രോം എന്ന അസുഖവുമായി ജനിച്ച രണ്ടാമത്തെ മകനാണ് ഈ അമ്മയുടെ ജീവിതത്തെ മാറ്റിമറിച്ചത്. തോറ്റു പിന്മാറാന്‍ അവര്‍ തയാറായില്ല. രാപ്പകല്‍ മകനൊപ്പം ചെലവഴിച്ച് അവനെ സാധാരണ കുട്ടികളെപ്പോലെ വളര്‍ത്താന്‍ റിന്‍സി പരിശ്രമിച്ചുകൊണ്ടേയിരുന്നു.

ആ പരിശ്രമം വെറുതെയായില്ല. റിന്‍സിയുടെ മകന്‍ അലന്‍ സാധാരണ കുട്ടികള്‍ പഠിക്കുന്ന സിലബസ് മനപ്പാഠമാക്കി, സഹായിയുടെ പിന്‍ബലമില്ലാതെ ഡൗണ്‍സിന്‍ഡ്രോം ബാധിച്ചവരില്‍നിന്നു കേരളത്തില്‍ ആദ്യമായി പത്താം ക്ലാസ് പാസായ വിദ്യാര്‍ഥി എന്ന വിശേഷണം സ്വന്തമാക്കി. അനുഭവങ്ങള്‍ കരുത്താക്കി അലന്‍ T 21 എന്ന വെല്‍ഫയര്‍ ട്രസ്റ്റിലൂടെ ഡൗണ്‍സിന്‍ഡ്രോം ബാധിതരായ മറ്റു കുഞ്ഞുങ്ങള്‍ക്കുംവേണ്ടി പോരാടാനുള്ള കരുത്ത് നേടി മുന്നേറുകയാണീ അമ്മ.

ആ നാളുകള്‍


ജീവിതത്തില്‍ സന്തോഷം മാത്രമുണ്ടാവണമെന്ന് വാശി പിടിക്കരുത്. സങ്കടങ്ങളുണ്ടാകുമ്പോഴാണ് മനുഷ്യര്‍ കൂടുതല്‍ കരുത്ത് നേടുന്നത്. എന്റെ അനുഭവത്തില്‍ നിന്ന്് ഞാന്‍ പഠിച്ച പാഠമാണിത്. മൂന്നുമക്കളാണെനിക്ക്, മൂന്നുപേരും തമ്മില്‍ വലിയ പ്രായവ്യത്യാസമില്ല. മൂന്നു മക്കളില്‍ രണ്ടാമനാണ് അലന്‍. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച അവന്‍ ദൈവത്തിന് എന്നും പ്രിയപ്പെട്ടവനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അലനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞിന്റെ ആരോഗ്യം സംബന്ധിച്ച് ചില ആശങ്കകളുണ്ടായിരുന്നെങ്കിലും ദൈവം തരുന്നതെങ്ങനെയാണോ അതുപോലെ ആവട്ടെ എന്നുകരുതി അന്നതത്ര കാര്യമാക്കിയില്ല. കുഞ്ഞ് ജനിച്ച് പിറ്റേ ദിവസമാണ് അവന് ക്രോമസോം വൈകല്യമുണ്ടെന്ന് സ്ഥിതീകരിക്കുന്നത്.

uploads/news/2018/11/262829/rinsiyjosphINW061118b.jpg
റിന്‍സി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

പിന്നെയും ഒരുമാസമെടുത്തു ഡൗണ്‍സിന്‍ഡ്രോം ആണെന്ന് സ്ഥിതീകരിക്കാന്‍. നഴ്സായതുകൊണ്ടുതന്നെ മരുന്നുകൊണ്ടോ ഓപ്പറേഷന്‍ വഴിയോ ചികിത്സിച്ചുമാറ്റാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ ആ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് മകനുവേണ്ടി ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
അലന് ഡൗണ്‍സിന്‍ഡ്രോം ആണെന്ന് സ്ഥിതീകരിച്ച ദിവസം ഡോക്ടര്‍മാരില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ കൗണ്‍സിലിംഗ് വളരെ നെഗറ്റീവായിരുന്നു.

എത്ര കെയര്‍ കൊടുത്താലും അവന്‍ സാധാരണ കുട്ടികളെപ്പോലെയാവില്ല എന്ന മറുപടിയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. നീറുന്ന മനസുമായാണ് അവിടെ നിന്ന് ഇറങ്ങിയത്. അതോടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ ആരുടെ മുമ്പിലും പോവില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

അമ്മയുണ്ട് കൂടെ


മകന്‍ സ്വയം പര്യാപ്തനാകണമെന്നു മാത്രമേ ഒരമ്മ എന്ന നിലയില്‍ ആഗ്രഹിച്ചുള്ളൂ. അതിനുവേണ്ടിയുള്ള പ്രയത്നങ്ങളായിരുന്നു പിന്നീടുള്ള എന്റെ ജീവിതം. എന്നെ സഹായിക്കാന്‍ ആരുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഞാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടി. നെറ്റില്‍ നിന്ന് കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ചു. വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുത്തു. അങ്ങനെ എന്നാല്‍ കഴിയുംവിധം കെയര്‍ കൊടുത്ത്, വളരെയധികം കഷ്ടപ്പെട്ട് ഞാനവനെ വളര്‍ത്തിക്കൊണ്ട് വന്നു.

അലനെ സാധാരണ കുട്ടികളെപ്പോലെ വളര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. ജനിതകവൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇന്റലക്ച്വല്‍ ഗ്രോത്ത് കുറവായിരിക്കും. ആ അപാകത പരിഹരിക്കാന്‍ പറ്റുന്ന കാലത്തോളം അവന് ഞാന്‍ മുലപ്പാല്‍ നല്‍കി. കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് മുലപ്പാല്‍ ഉത്തമമായതിനാല്‍ മൂന്നാമത്തെ കുഞ്ഞ് ജനിച്ചു കഴിഞ്ഞും അലന് മുലപ്പാല്‍ നല്‍കുന്നത് തുടര്‍ന്നു. സാധാരണ കുഞ്ഞുങ്ങള്‍ കമഴ്ന്നുവീഴുന്ന സമയത്ത് അവനത് സാധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാനവനെ കമഴ്ത്തിക്കിടത്താന്‍ ശ്രമിച്ചു. ഇരിക്കേണ്ട പ്രായത്തില്‍ പിടിച്ചിരുത്താന്‍ ശ്രമിച്ചു.

സ്‌കൂളില്‍ ചേര്‍ക്കുന്നതായിരുന്നു പിന്നീടുള്ള കടമ്പ. ദുബായില്‍ സ്പെഷ്യല്‍ സ്‌കൂളുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സാധാരണ സ്‌കൂളില്‍ ചേര്‍ത്തു. അലനൊപ്പം ഞാനും ഇരുന്നാല്‍ മാത്രമേ അഡ്മിഷന്‍ തരൂ എന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അങ്ങനെ ജോലി സമയം അഡ്ജസ്റ്റ് ചെയ്ത് ഞാനും അലനൊപ്പം ക്ലാസിലിരിക്കാന്‍ തുടങ്ങി. അവിടെയും പ്രശ്നങ്ങളുണ്ടായിരുന്നു, ഒന്നാമത് അലന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.

സാധാരണ കുട്ടികളെപ്പോലെയല്ല അവന്‍ എന്ന് സഹപാഠികള്‍ തിരിച്ചറിഞ്ഞപ്പോഴുള്ള പ്രതികരണവും പ്രശ്നമായിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ട് മാറ്റാന്‍ ഞാനവനെ വീട്ടിലിരുന്നും പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ജോലിക്കാര്യവും കുഞ്ഞുങ്ങളുടെ കാര്യവും വീട്ടുകാര്യവും ഒരു
പോലെ മാനേജ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കാര്യങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങി. അങ്ങനെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ സെറ്റിലാകാന്‍ തീരുമാനിച്ചു.

uploads/news/2018/11/262829/rinsiyjosphINW061118a.jpg
റിന്‍സി ജോസഫ്, അലന്‍, ആല്‍ബി, അലീസറിന്‍സി ജോസഫ്, അലന്‍, ആല്‍ബി, അലീസ

ജോലിയില്‍ ഉയര്‍ച്ച വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അന്ന് ഞാന്‍ ഭര്‍ത്താവിനോടു പറഞ്ഞതിതാണ്. ഇന്ന് ഞാന്‍ അലനുവേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ മരണക്കിടക്കയില്‍ വച്ച് എന്റെ കുഞ്ഞിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം തോന്നിയിട്ട് കാര്യമില്ലല്ലോ.

അങ്ങനെ അലന് പത്തുവയസ്സുള്ളപ്പോള്‍ ഞങ്ങള്‍ നാട്ടിലെത്തി. നാട്ടിലെത്തിയപ്പോഴും അവന്റെ വിദ്യാഭ്യാസകാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എങ്കിലും മല്ലപ്പള്ളി നിര്‍മല്‍ ജ്യോതിയില്‍ തുടര്‍ പഠനത്തിന് പ്രവേശനം ലഭിച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പം അലനെ വീട്ടിലിരുത്തിയും പഠിപ്പിച്ചു.

അങ്ങനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളില്‍ പത്താം തരം പരീക്ഷ എഴുതിക്കാനുള്ള തയാറെടുപ്പും നടത്തി. സാധാരണ കുട്ടികള്‍ പഠിക്കുന്ന സിലബസ് മനപ്പാഠമാക്കി, സഹായിയുടെ പിന്‍ബലമില്ലാതെ അലന്‍ പത്താംക്ലാസ് പരീക്ഷ എഴുതി. ഡൗണ്‍സിന്‍ഡ്രോം ബാധിച്ചവരില്‍നിന്നു കേരളത്തില്‍ ആദ്യമായി പത്താം ക്ലാസ് പാസായ വിദ്യാര്‍ഥിയായവന്‍ മാറി. ഇപ്പോള്‍ പ്ലസ്വണ്ണില്‍ പഠിക്കുന്നു.

ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെട്ട സമയത്ത് സഹായത്തിനാരുമുണ്ടായിരുന്നില്ല. ആ അവസ്ഥ മറ്റുള്ള അമ്മമാര്‍ക്കുണ്ടാവാതിരിക്കാനാണ് എന്റെ ശ്രമം.

കൂടെയുണ്ട് കുടുംബം


അലന്‍ ഇന്നീ നിലയിലെത്തിയതിന് പിന്നില്‍ കുടുംബത്തിന്റെ പങ്ക് വളരെ വലുതാണ്. ഞാനും മക്കളും ദുബായില്‍ നിന്നു നാട്ടില്‍ വന്നപ്പോഴും ഭര്‍ത്താവ് ജോസ് അവിടെ ബിസിനസുമായി തുടര്‍ന്നു. മൂത്തമകന്‍ ആല്‍ബിയും അലനും തമ്മില്‍ ഒരു വയസും 11 മാസവുമേ വ്യത്യാസമുള്ളൂ. അലനും ഇളയ മകള്‍ അലീസയുമായി ഒന്നര വയസ് വ്യത്യാസവും. അലന് കൂടുതല്‍ ശ്രദ്ധ കൊടുക്കുമ്പോഴും മറ്റു രണ്ടുകുട്ടികള്‍ക്കും പരിഗണന കിട്ടുന്നില്ല എന്ന തോന്നലുണ്ടാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അതുകൊണ്ട് മക്കളെ മൂന്നുപേരേയും ഒരുമിച്ചാണ് വളര്‍ത്തിക്കൊണ്ടുവന്നത്. ഉറക്കുന്നതുപോലും ഒരുമിച്ചായിരുന്നു. ഞാന്‍ അലനെ കെയര്‍ ചെയ്യുന്നതുകണ്ടിട്ട് മക്കളും അവനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് മൂത്ത മകന്‍. ഞാന്‍ ഒന്നും പറഞ്ഞുകൊടുക്കാതെ തന്നെ അവന്‍ അനിയന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു.

uploads/news/2018/11/262829/rinsiyjosphINW061118d.jpg
റിന്‍സി ഡൗണ്‍സിന്‍ഡ്രോം ബാധിതനായ കുട്ടിയെ പരിശീലിപ്പിക്കുന്നു

പ്രതിസന്ധികളേറെ


ഓരോ പ്രായത്തിലും ഓരോ പ്രശ്നങ്ങളെ അഭിമുഖീകരിച്ചാണ് അലന്‍ വളര്‍ന്നത്. സംസാരിക്കാന്‍ കഴിയാത്തതും നടക്കാനും ഓടാനും ബുദ്ധിമുട്ടിയതുമൊക്കെ എനിക്കും വിഷമമുണ്ടാക്കിയിരുന്നു. നാട്ടിലെത്തിയശേഷം ഒരിക്കല്‍ എനിക്കൊഴികെ മക്കള്‍ക്കെല്ലാവര്‍ക്കും ചിക്കന്‍പോക്സ് വന്നു. അലന് വന്നപ്പോഴാണ് ഏറ്റവുമധികം കഷ്ടപ്പാടനുഭവിച്ചത്. അന്ന് ഞാനവന് ടോയ്‌ലറ്റ്ട്രെയിനിങ് നല്‍കുന്ന സമയമാണ്.

ചിക്കന്‍പോക്സ് വന്ന് അവന്റെ കാലുകള്‍ നീര് വന്ന് വീര്‍ത്തിരുന്നു. ഇരിക്കാനും നടക്കാനുമൊക്കെ അവന്‍ വല്ലാതെ കഷ്ടപ്പെട്ടു. ടോയ്ലറ്റില്‍ പോകാന്‍ കഴിയാതെ വന്നതോടെ ഭക്ഷണം കഴിക്കാതെയായി, ഡീഹൈഡ്രേറ്റഡായി ഹോസ്പിറ്റലില്‍ കാണിച്ചപ്പോഴാണ് അസുഖത്തിന്റെ കാഠിന്യം ഞാന്‍ മനസിലാക്കുന്നത്.

വളരെയധികം സങ്കടമുണ്ടാക്കിയ സന്ദര്‍ഭമായിരുന്നു അത്. അവന്റെ ബുദ്ധിമുട്ട് പറയാന്‍ കുഞ്ഞിന് കഴിഞ്ഞില്ല, ഞാനതൊട്ട് മനസിലാക്കിയുമില്ല.
അവനെ സൈക്കിളിങ് പഠിപ്പിക്കാനും ഒരുപാട് കഷ്ടപ്പെട്ടു. സൈക്കിളില്‍ അവനെ ഇരുത്തി, ഞാന്‍ കുനിഞ്ഞു നിന്ന് അവന്റെ കാലെടുത്ത് സൈക്കിളിന്റെ പെഡലില്‍ വച്ച് കൈകൊണ്ട് പെഡല്‍ കറക്കിയാണ് സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത്. എന്റെ കഷ്ടപ്പാടുകള്‍ മനസിലാക്കി അലനും തനിക്ക് കഴിയുന്നപോലെ പരിശ്രമിച്ചതുകൊണ്ടാണ് കുറേയൊക്കെ മാറ്റങ്ങള്‍ അവനിലുണ്ടായത്.

ദൈവത്തിന്റെ കരസ്പര്‍ശം


ചെറുപ്പം മുതല്‍ ഞാന്‍ മാതാപിതാക്കള്‍ക്കൊപ്പം ഒറീസയിലാണ് വളര്‍ന്നത്. പതിമൂന്നാം വയസില്‍ നാട്ടിലെത്തി മലയാളം പഠിക്കാനായി വീടിനടുത്തുള്ള മഠത്തിലെത്തിയതോടെ എന്റെ ജീവിതം തന്നെ മാറി. കന്യാസ്ത്രീകള്‍ക്കൊപ്പം അവിടുത്തെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്കുവേണ്ടി എന്നാല്‍ കഴിയും വിധം സഹായങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അതോടെ കുഞ്ഞുങ്ങളെ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങി. വേദനിക്കുന്നവരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആഗ്രഹം അന്നുമുതലേ ഉണ്ടായിരുന്നു.

പിന്നീട് ബംഗളൂരുവില്‍ നഴ്സിംഗ് പഠിക്കാന്‍ ചേര്‍ന്നപ്പോഴും മദര്‍തെരേസ ഹോമില്‍ വോളന്ററി വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. ജോലിയുടെ ഭാഗമായി മാലിയിലും പിന്നീട് ദുബായിലും എത്തപ്പെട്ടപ്പോഴും കുഞ്ഞുങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം മനസിലുണ്ടായിരുന്നു. മകനുവേണ്ടി ജോലി രാജി വച്ചപ്പോഴും കാനഡയില്‍ ജോലി ചെയ്യാനുള്ള അവസരം കിട്ടിയത് വേണ്ടെന്ന് വച്ചപ്പോഴും പലരും എന്നെ കുറ്റപ്പെടുത്തി.

കാനഡയില്‍ അലന് കൂടുതല്‍ ജീവിത സൗകര്യമുണ്ടാകുമെന്നും മാതാപിതാക്കള്‍ അവനുവേണ്ടി കഷ്ടപ്പെടേണ്ടി വരില്ല എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ വിദേശത്ത് ഇത്തരം സൗകര്യങ്ങളുണ്ടെങ്കില്‍ നമ്മുടെ നാട്ടിലും എന്തുകൊണ്ട് ആ സൗകര്യം ഒരുക്കിക്കൂടാ എന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെയാണ് അലന്‍T 21 എന്ന ട്രസ്റ്റ് രൂപം കൊള്ളുന്നത്.

uploads/news/2018/11/262829/rinsiyjosphINW061118c.jpg
ഡൗണ്‍സിന്‍ഡ്രോം ബാധിതരായ വിദ്യാര്‍ത്ഥികളുടെ പ്രോഗ്രാം

അലന്‍ T 21


അലന് ഇത്രയൊക്കെ സാധിക്കുമെങ്കില്‍ അവനെപ്പോലെയുള്ള മറ്റു കുഞ്ഞുങ്ങള്‍ക്കും പ്രയോജനപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് 2015 ല്‍ ഈ ട്രസ്റ്റ് രൂപീകരിക്കുന്നത്. ആസ്പയര്‍ ലൈഫ് ആന്‍ഡ് നേച്ചര്‍ എന്ന അര്‍ഥത്തിലാണ് ട്രസ്റ്റിന് ആ പേരു നല്‍കിയത്. ഡൗണ്‍സിന്‍ഡ്രോം എന്ന പേര് ഉപയോഗിക്കേണ്ട എന്ന മനപ്പൂര്‍വമുള്ള തീരുമാനത്തില്‍ നിന്നാണ് അലന്‍ ടി 21 എന്ന പേര് തെരഞ്ഞെടുത്തത്. ഡൗണ്‍സിന്‍ഡ്രോമിന്റെ മെഡിക്കല്‍ നെയിം ആണ് ട്രൈസോമി 21.

ഡൗണ്‍സിന്‍ഡ്രോം ബാധിതരായ കുഞ്ഞുങ്ങളുടെ പ്രീസ്‌കൂളിങ്ങ് മുതലുള്ള കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കുന്നത്. ഡൗണ്‍സിന്‍ഡ്രോം ബാധിതരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തി ക്കുക, അവര്‍ക്ക് മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും ലഭ്യമാക്കുക, അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുക, ആശ്രയം നല്‍കുക എന്നീ നാല് ആശയങ്ങളാണ് ട്രസ്റ്റ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.

ചങ്ങനാശ്ശേരി തെങ്ങണയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റില്‍ ദൂരെ നിന്നുവരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ വീട്ടില്‍ എങ്ങനെ പരിചരിക്കണമെന്ന് പറഞ്ഞു മനസിലാക്കിക്കൊടുക്കും. നിലവില്‍ ആറ് ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമാണ് ഇവിടെയുള്ളത്. ആ ട്രെയിനിങ് ക്ലാസിലൂടെ സാധാരണ സ്‌കൂളില്‍ പഠിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു.

എങ്ങനെ തനിയെ ആഹാരം കഴിക്കണമെന്നും ടോയ്ലറ്റ് ട്രെയിനിങ്ങും ഉള്‍പ്പടെയുള്ള പരിശീലനം നല്‍കുന്നുണ്ട്. ചില കുട്ടികള്‍ ആഴ്ചയില്‍ രണ്ട് ദിവസം സാധാരണ സ്‌കൂളിലും ബാക്കിയുള്ള ദിവസം ഇവിടെയും വന്ന് പഠിക്കുന്നുണ്ട്. ഇവര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ സിലബസില്‍ പത്താംക്ലാസ്, പ്ലസ്ടൂ പരീക്ഷയെഴുതാം.

കൂടാതെ ഡൗണ്‍സിന്‍ഡ്രോം ബാധിച്ച മുതിര്‍ന്ന കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യവും ഞങ്ങളൊരുക്കുന്നു. ചങ്ങനാശ്ശേരിയിലെ വിവിധ സ്ഥാപനങ്ങളില്‍ ആറുമാസത്തെ ട്രെയിനിങ്ങിനുവിടുന്നതിനുമുമ്പായി ഞങ്ങള്‍ ഫങ്ഷണല്‍ അക്കാദമിക് ട്രെയിനിങ് നല്‍കാറുണ്ട്. സ്പെഷ്യല്‍ ട്രെയിനിങ് നേടിയ അധ്യാപകരുടേയും തെറാപ്പിസ്റ്റുകളുടേയും നേതൃത്വത്തിലാണ് ട്രെയിനിങ്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW