Thursday, April 25, 2019 Last Updated 43 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 04 Nov 2018 01.10 AM

ഗിന്നസില്‍ കയറിയ 'ഗിന്നസ്‌ ബുക്ക്‌'

uploads/news/2018/11/262116/sun1.jpg

ഗിന്നസ്‌ ബുക്ക്‌ എന്ന വാക്ക്‌ കേള്‍ക്കാത്തവരില്ല. എന്നാല്‍ ഈ പുസ്‌തകം ഏത്‌ ദുനിയാവില്‍ നിന്ന്‌ പൊട്ടിമുളച്ചതാണെന്ന്‌ പലര്‍ക്കും അറിയില്ല. സത്യത്തില്‍ അയര്‍ലന്റാണ്‌ ഇവന്റെ ജന്മദേശം.
1950 കളുടെ തുടക്കത്തിലാണ്‌ ഗിന്നസ്‌ എന്ന ആശയം ബീജാവാപം ചെയ്യുന്നത്‌. ഗിന്നസ്‌ ബ്രൂവറി എന്ന ബ്രാന്‍ഡിന്റെ ഡയറക്‌ടറായിരുന്ന സര്‍ ഹ്യൂഗ്‌ ബീവറിന്റെ തലയിലാണ്‌ ഇത്തരമൊരു ആശയം പൊട്ടിമുളയ്‌ക്കുന്നത്‌. മദ്യനിര്‍മ്മാണക്കമ്പനിയായ ഗിന്നസിന്റെ ഉടമയായ ഹ്യൂഗ്‌ അയര്‍ലന്റുകാരനായിരുന്നു. നായാട്ടില്‍ താത്‌പര്യമുളള അദ്ദേഹം ഒരു ദിവസം ഹണ്ടിംഗിന്‌ പോയപ്പോള്‍ ഗോള്‍ഡന്‍ ബ്ലോവര്‍ എന്ന പക്ഷിയ വെടിവച്ച്‌ വീഴ്‌ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വളരെ വേഗതയില്‍ സഞ്ചരിക്കുന്ന പക്ഷിയാണ്‌. അതാണോ യൂറോപ്പിലെ ഏറ്റവും വേഗതയേറിയ പക്ഷിയെന്ന്‌ അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു.
ഏറ്റവും നല്ല ഷൂട്ടറായിരുന്നിട്ടും അതിനെ വെടിവച്ച്‌ വീഴ്‌ത്താന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന്‌ നിരാശ തോന്നി.
'എനിക്ക്‌ തോന്നുന്നു ഒരു പക്ഷെ ഇതാവും ലോകത്തിലെ ഏറ്റവും വേഗതയേറിയ പക്ഷി'
കേട്ടു നിന്ന സുഹൃത്തുക്കള്‍ക്ക്‌ അത്‌ ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. അവര്‍ എതിര്‍വാദങ്ങള്‍ ഉയര്‍ത്തി.
അതിന്റെ നിജസ്‌ഥിതിയും ആധികാരികതയും ഉറപ്പാക്കാനായി അദ്ദേഹം പല റഫറന്‍സ്‌ പുസ്‌തകങ്ങള്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹവും സുഹൃത്തുക്കളും തമ്മില്‍ ഏറ്റവും വേഗതയേറിയ പക്ഷിയെ ചൊല്ലി തര്‍ക്കമായി. ഇതിലും വേഗതയുളള പക്ഷിയുണ്ടെന്ന്‌ കൂട്ടുകാരില്‍ ചിലര്‍. ഹ്യൂഗ്‌ പക്ഷെ തന്റെ വാദമുഖത്തില്‍ ഉറച്ചു നിന്നു. സത്യം സ്‌ഥിരീകരിക്കാനുളള ഒരു രേഖയും എത്ര ശ്രമിച്ചിട്ടും അവര്‍ക്ക്‌ ലഭിച്ചില്ല.
ഈ തരത്തില്‍ കൗതുകകരവും പ്രസക്‌തവുമായ വിവരങ്ങള്‍ ശേഖരിക്കാനുളള ഒരു സംവിധാനം ആവശ്യമാണെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. നോറിസ്‌ -റോസ്‌ മെക്‌വെര്‍ട്ടര്‍ എന്ന ഇരട്ടസഹോദരന്മാരെ അദ്ദേഹം ഇതിനായി സമീപിച്ചു. പത്രങ്ങള്‍ക്കും എന്‍സൈക്ലോപീഡിയക്കും വസ്‌തുതകളും വിവരങ്ങളും കണക്കുകളും നല്‍കുന്ന ഏജന്‍സി നടത്തിയിരുന്ന സഹോദരന്മാര്‍ ഉത്സാഹപൂര്‍വ്വം വിവരങ്ങള്‍ ശേഖരിക്കുന്ന ചുമതല ഏറ്റെടുത്തു. ഗിന്നസ്‌ എന്ന ബ്രാന്‍ഡിനെ പ്രൊമോട്ട്‌ ചെയ്യാന്‍ ഒരു പുസ്‌തകം എന്നതായിരുന്നു ഹ്യൂഗിന്റെ മുഖ്യലക്ഷ്യം. പബ്ബുകളിലും മറ്റും ഇത്‌ സൗജന്യമായി നല്‍കാം. കൗതുകകരമായതുകൊണ്ട്‌ എന്തായാലും പബ്ബുകളിലും മറ്റും ഇത്‌ സൗജന്യമായി നല്‍കിയാല്‍ ആളുകള്‍ വായിക്കുമെന്നും, അതോടെ തന്റെ ബ്രാന്‍ഡ്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും അദ്ദേഹം കണക്കുകൂട്ടി.
എന്നാല്‍ ഹ്യൂഗിന്റെ പ്രതീക്ഷകള്‍ക്കപ്പുറത്ത്‌ അത്‌ ജനപ്രിയമായി. അങ്ങനെ പുസ്‌തകം വില്‍ക്കാമെന്ന തീരുമാനത്തിലെത്തി. അധികം വൈകാതെ അത്‌ ബെസ്‌റ്റ്സെല്ലര്‍ പട്ടികയില്‍ ഇടം തേടി. 1955 ല്‍ ബ്രിട്ടനില്‍ വച്ചാണ്‌ ആദ്യ പതിപ്പ്‌ പുറത്തിറങ്ങിയത്‌. തുടര്‍ന്നുളള വര്‍ഷം അമേരിക്കയിലും ഇറങ്ങി. നാളിതുവരെ 130 മില്യന്‍ കോപ്പികളാണ്‌ ലോകമെമ്പാടും വിറ്റഴിഞ്ഞത്‌. 37 ഭാഷകളിലേക്ക്‌ തര്‍ജ്‌ജമ ചെയ്യപ്പെട്ടു. പില്‍ക്കാലത്ത്‌ അതിന്റെ വില്‍പ്പന തന്നെ ഒരു റിക്കാര്‍ഡായി മാറി.
കോപ്പി റൈറ്റുളള പുസ്‌തകങ്ങളില്‍ ഏറ്റവുമധികം വിറ്റഴിയപ്പെട്ടതും ഗിന്നസ്‌ ബുക്കാണ്‌.
ലോകമെമ്പാടും സഞ്ചരിച്ചാണ്‌ മെക്‌വെര്‍ട്ടര്‍സ്‌ സഹോദരന്മാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്‌. 1975ല്‍ സഹോദരങ്ങളിലൊരാളായ റോസ്‌, ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ ഗണ്‍മാന്റെ കൈകൊണ്ട്‌ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലും നോറിസ്‌ തന്റെ ദൗത്യം തുടര്‍ന്നു.
പ്രചോദനാത്മക സ്വഭാവമുളള ഒന്നാണ്‌ ഗിന്നസ്‌ ബുക്ക്‌. അസാദ്ധ്യമെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ സാധിതമാക്കാനുളള പ്രേരണ ആളുകളില്‍ സൃഷ്‌ടിക്കാന്‍ അതിന്‌ കഴിയുന്നു.
ഗിന്നസ്‌ ബുക്ക്‌ ഒരു പ്രതിഭാസമായി വളരുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. പതിനായിരക്കണക്കിന്‌ ആളുകള്‍ എല്ലാ വര്‍ഷവും ഇതിനായി ശ്രമിക്കുന്നു. അതില്‍നിന്നും സൂക്ഷ്‌മപരിശോധനകള്‍ക്ക്‌ ശേഷം തെരഞ്ഞെടുക്കുന്നവരെ ഗിന്നസ്‌ ബുക്കില്‍ ഉള്‍പ്പെടുത്തുന്നു. ഇങ്ങനെ അംഗീകാരം ലഭിച്ച വ്യക്‌തികള്‍ക്ക്‌ ഗിന്നസ്‌ സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. ഗ്ലോസി കടലാസില്‍ ഹോളോ ഗ്രാഫിക്ക്‌ മുദ്ര പതിപ്പിച്ചവയാണ്‌ ഈ പ്രശസ്‌തിപത്രങ്ങള്‍.
ലോകത്തിലെ ഏറ്റവും വലിയ സുന്ദരി/ സുന്ദരന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഗിന്നസ്‌ ബുക്ക്‌ സ്വീകരിക്കാറില്ല. അത്തരം കാര്യങ്ങള്‍ ആപേക്ഷികവും പൊതുമാനദണ്ഡത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നതുമാണ്‌ കാരണം.
174 രാജ്യങ്ങളില്‍ നിന്നായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ നിന്നും ശരാശരി 4000 പേരെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. അമേരിക്കന്‍ ലൈബ്രറിയില്‍ ഇന്നും ഏറ്റവും ഡിമാന്‍ഡുളള പുസ്‌തകം ഇതാണ്‌.
ആദ്യമിറങ്ങിയ ബുക്കിന്‌ 7 ഇഞ്ച്‌ വീതിയും 10 ഇഞ്ച്‌ നീളവും പച്ചനിറവും 198 പേജും ഉണ്ടായിരുന്നു. ആദ്യപ്രതി പുറത്തിറങ്ങി ആറ്‌ പതിറ്റാണ്ട്‌ പിന്നിട്ടിട്ടും തുടക്കത്തിലെ അതേ ആവേശത്തോടെയാണ്‌ റിക്കാര്‍ഡ്‌ ബ്രേക്കിംഗ്‌ മാജിക്കുമായി ഗിന്നസിന്റെ സംഘാടകര്‍ മുന്നേറുന്നത്‌.
അതിഭാവുകത്വം കലര്‍ന്ന പല റിക്കാര്‍ഡുകളും സൂക്ഷ്‌മപരിശോധനയ്‌ക്കും അന്വേഷണങ്ങള്‍ക്കും ശേഷം ഗിന്നസ്‌ അധികൃതര്‍ തിരിച്ചയച്ചിട്ടുണ്ട്‌.

റിക്കാര്‍ഡ്‌ ഭീമന്‍
226 റിക്കാര്‍ഡുകളുടെ ഉടമയായ ആശ്രിതാ ഫര്‍മാന്‍ എന്ന വ്യക്‌തിയും ഗിന്നസ്‌ ബുക്കിലുണ്ട്‌. അദ്ദേഹത്തിന്റെ റിക്കാര്‍ഡുകളില്‍ ചിലത്‌ കേട്ടാല്‍ ചിരിയുണരും. ഏറ്റവും വേഗത്തില്‍ കിവി ഫ്രൂട്ടിന്റെ തൊലി കളഞ്ഞയാളാണ്‌ 64 കാരനായ ഫര്‍മാന്‍.
ഒരു മിനിറ്റുകൊണ്ട്‌ 26 തണ്ണിമത്തന്‍ വയറ്റില്‍ വച്ച്‌ മുറിച്ചിട്ടുണ്ട്‌ ഈ ഭയങ്കരന്‍.
ന്യൂയോര്‍ക്ക്‌ സ്വദേശിയായ ഇദ്ദേഹം 1979 മുതല്‍ തുടര്‍ച്ചയായി റിക്കാര്‍ഡുകള്‍ സൃഷ്‌ടിച്ച്‌ മുന്നേറുന്നു. ഫര്‍മാന്‍ എന്ന്‌ മാത്രമായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന്റെ പേര്‌. സംസ്‌കൃത ഭാഷയോട്‌ പ്രതിപത്തിയുളള ഫര്‍മാന്‍ ആശ്രിത എന്ന വാക്ക്‌ പിന്നീട്‌ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ദൈവത്തിന്റെ സംരക്ഷണമുളളവന്‍ എന്നാണ്‌ ഈ വാക്കിന്റെ അര്‍ത്ഥം. ഏറ്റവും കൂടുതല്‍ റിക്കാര്‍ഡുകളുളള ആള്‍ എന്ന റിക്കാര്‍ഡും ഫര്‍മാന്‌ സ്വന്തം.
തന്റെ അദ്ധ്യാപികയ്‌ക്ക് പിറന്നാള്‍ സമ്മാനം നല്‍കാനായി മൂന്നാഴ്‌ചയെടുത്ത്‌ ഇദ്ദേഹം 20 മീറ്റര്‍ നീളമുള്ള ഒരു പെന്‍സില്‍ നിര്‍മ്മിച്ചു. ഇതാണ്‌ ഫര്‍മാന്റെ 100-ാമത്തെ റിക്കാര്‍ഡ്‌.
പാല്‍ നിറച്ച കുപ്പി തലയില്‍ വച്ച്‌ താഴെ വീഴാതെ ഏറ്റവും വേഗതയില്‍ ഒരു മൈല്‍ നടന്നതിന്റെ റിക്കാര്‍ഡും ഇയാളുടെ ക്രെഡിറ്റ്‌ ലിസ്‌റ്റിലുണ്ട്‌. റിക്കാര്‍ഡ്‌ സൃഷ്‌ടിക്കാനായി 40 ഓളം രാജ്യങ്ങളില്‍ പോയിട്ടുണ്ട്‌ ഫര്‍മാന്‍.
ഒരു മെഡിറ്റേഷന്‍ ഗ്രൂപ്പിന്റെ ടൂര്‍ മാനേജറാണ്‌ ഫര്‍മാന്‍. ധ്യാനം ശീലിക്കുന്നവര്‍ക്ക്‌ എന്തും സാധ്യമാണെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം.
സ്വിസ്‌ ബോളിന്റെ പുറത്ത്‌ 2 മണിക്കുര്‍ 16 മിനിറ്റ്‌ 2 സെക്കന്‍ഡ്‌ തുടര്‍ച്ചയായി ബാലന്‍സ്‌ നിലനിര്‍ത്തിക്കൊണ്ട്‌ നിന്നതിന്റെ റിക്കാര്‍ഡും ഫര്‍മാനുണ്ട്‌.
പോപ്പ്‌കോണ്‍ കൊണ്ട്‌ നിര്‍മ്മിച്ച ഏറ്റവും വലിയ ശില്‍പ്പത്തിന്റെ ഉടമയും ഫര്‍മാനാണ്‌. 20 അടി 10 ഇഞ്ച്‌ വലിപ്പമുണ്ട്‌ അതിന്‌.
ഒരു മിനിറ്റില്‍ 86 മുന്തിരിങ്ങ താഴെ വീഴാതെ വായ്‌ കൊണ്ട്‌ ക്യാച്ച്‌ ചെയ്‌തതും ഫര്‍മാന്റെ റിക്കാര്‍ഡുകളുടെ ഗണത്തില്‍ പെടുന്നു.
എറിയപ്പെടുന്ന 54 കത്തികള്‍ ഒരു മിനിറ്റു കൊണ്ട്‌ പിടിച്ചെടുത്തയാള്‍ കൂടിയാണ്‌ ഇദ്ദേഹം. ഏറ്റവും മൂര്‍ച്ചയുള്ള സാമുറായ്‌സ് വാള്‍ കൊണ്ട്‌ 29 ആപ്പിള്‍ ഒരു മിനിറ്റുകൊണ്ട്‌ മുറിച്ചിട്ടുണ്ട്‌.
റിക്കാര്‍ഡുകള്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍തൂവലായി സൂക്ഷിക്കാമെന്നല്ലാതെ സാമ്പത്തിക നേട്ടമൊന്നും ഇതുമായി ബന്ധപ്പെട്ട്‌ നല്‍കുന്നില്ല.
ഗിന്നസ്‌ റിക്കാര്‍ഡിനായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ വെറുതെ നഷ്‌ടപ്പെടുത്താതെ മറ്റുളളവര്‍ക്ക്‌ നല്‍കണമെന്നും നിബന്ധനയുണ്ട്‌. ഉദാഹരണത്തിന്‌ 50 ആപ്പിളുകള്‍ റിക്കാര്‍ഡിനായി പ്രയോജനപ്പെടുത്തുന്നവര്‍ അത്‌ ചുറ്റുവട്ടത്തുളളവര്‍ക്ക്‌ സൗജന്യമായി നല്‍കിയിരിക്കണം.
ഓരോ റിക്കാര്‍ഡും പിന്നീടുളള വര്‍ഷങ്ങളില്‍ മറ്റാരെങ്കിലും മറികടന്നാല്‍ ആദ്യത്തേതിന്റെ സാധുത നഷ്‌ടപ്പെടും. എന്നാല്‍ പുസ്‌തകത്തില്‍ മാത്രമേ ഭേദഗതി വരുന്നുളളു. മുന്റിക്കാര്‍ഡ്‌ ഉടമയുടെ പക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ അവശേഷിക്കുക തന്നെ ചെയ്യും.
ഹാന്‍സ്‌ ലാന്‍സ്‌ സേത്ത്‌ എന്നയാള്‍ക്കായിരുന്നു ലോകത്തില്‍ ഏറ്റവും നീളമുള്ള താടി ഉണ്ടായിരുന്നത്‌. പതിനേഴര അടി നീളമുണ്ടായിരുന്നു അതിന്‌. ആ റിക്കാര്‍ഡ്‌ ഇന്നേവരെ ഭേദിക്കപ്പെട്ടിട്ടില്ല. അയാളുടെ മരണാനന്തരം ആ താടി സ്‌മിത്ത്‌ സോണിയന്‍ എന്ന ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ സംഭാവന ചെയ്‌തു.
ഹിംസാത്മകമായ കാര്യങ്ങളൊന്നും തന്നെ ഗിന്നസ്‌ പ്രോത്സാഹിപ്പിക്കാറില്ല.
ഇറാനിലെ ഒരു വ്യക്‌തി ലോകത്തിലെ ഏറ്റവും വലിയ സാന്‍ഡ്‌വിച്ച്‌ ഉണ്ടാക്കിയ ശേഷം വിവരം ഗിന്നസ്‌ ബുക്ക്‌ അധികൃതരെ അറിയിച്ചു. 700 കിലോ ഒട്ടകപ്പക്ഷിയുടെ ഇറച്ചിയും 700 കിലോ കോഴിയിറച്ചിയും കൊണ്ട്‌ നിര്‍മ്മിച്ച ഈ സാന്‍ഡ്‌വിച്ചിന്‌ 1500 മീറ്റര്‍ നീളമുണ്ടായിരുന്നു. ഇതിന്റെ ഉയരവും തൂക്കവും അളന്ന്‌ തിട്ടപ്പെടുത്താനായി ഗിന്നസ്‌ സംഘം എത്തിയപ്പോഴേക്കും കൊതിമൂത്ത്‌ നാട്ടുകാര്‍ അത്‌ തിന്നാന്‍ തുടങ്ങിയിരുന്നു. അങ്ങനെ അത്യപുര്‍വമായ ആ റിക്കാര്‍ഡ്‌ പെരുവഴിയിലായി.
ഇറാന്റെ തലസ്‌ഥാനമായ ടെഹ്‌റാനിലെ പാര്‍ക്കിലാണ്‌ ഇത്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌.
ഗിന്നസില്‍ നിന്നും മൂന്നു പേരാണ്‌ നിരീക്ഷകരായി എത്തിയത്‌. അവര്‍ക്ക്‌ എന്ത്‌ ചെയ്യണമെന്ന ആശയക്കുഴപ്പമായി. സാന്‍ഡ്‌വിച്ചിന്റെ വീഡിയോ മതിയോയെന്ന്‌ സംഘാടകര്‍ ആരാഞ്ഞു. എന്നാല്‍ നിയമം അതിന്‌ അനുവദിക്കുമായിരുന്നില്ല.

കൗതുകകരമായ ചില റിക്കാര്‍ഡുകള്‍
റിക്കാര്‍ഡിനായി ബോധപുര്‍വം ശ്രമിക്കാതെ തന്നെ ഒരു അപൂര്‍വ റിക്കാര്‍ഡ്‌ വീണു കിട്ടിയ വ്യക്‌തിയാണ്‌ എത്യോപ്യന്‍ കായികതാരമായ അബേബ്‌ ബിക്കില.
1960ല്‍ റോമില്‍ വച്ചു നടന്ന ഒളിംപിക്‌ മാരത്തോണില്‍ ഷൂ വാങ്ങാന്‍ നിവൃത്തിയില്ലാതെ നഗ്നപാദനായി ഓടിയ അദ്ദേഹത്തിന്‌ ആ നിലയ്‌ക്കാണ്‌ റിക്കാര്‍ഡ്‌ ലഭിച്ചതും.
ബഡ്‌ജി എന്ന വിഭാഗത്തില്‍ പെട്ട 'പക്ക്‌' എന്ന പക്ഷി നമ്മുടെ നാട്ടിലെ തത്തയോട്‌ സമാനമായ ഒരിനമാണ്‌. 1728 വാക്കുകള്‍ അറിയാവുന്ന ആ പക്ഷിക്ക്‌ വാചകങ്ങള്‍ രൂപീകരിക്കാനും വശമുണ്ട്‌. ഈ പക്ഷിയും ഗിന്നസ്‌ റിക്കാര്‍ഡിന്‌ ഉടമയായി.
ഏറ്റവും അധികം നിയമസ്യൂട്ടുകള്‍ ഫയല്‍ ചെയ്‌തതിന്റെ പേരില്‍ ഗിന്നസ്‌ അധികൃതര്‍ ജൊണാത്തന്‍ ലീ റിച്ചസ്‌ എന്ന വ്യക്‌തിയെ ബുക്കില്‍ ഉള്‍പ്പെടുത്തി. തന്റെ അനുമതിയില്ലാതെ ഗിന്നസ്‌ റിക്കാര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തിയതിന്‌ ഗിന്നസ്‌ അധികൃതര്‍ക്കെതിരെയും കേസ്‌ കൊടുത്തു റിച്ചസ്‌.
ഏറ്റവും കൂടുതല്‍ ദൂരം അമ്പെയ്‌തതിന്റെ റിക്കാര്‍ഡ്‌ നേടിയത്‌ ഇരുകരങ്ങളും നഷ്‌ടപ്പെട്ട മാറ്റ്‌ സ്‌റ്റൂട്ട്‌ മാന്‍ എന്ന വ്യക്‌തിയാണ്‌. ഒരു ദിവസം ഏറ്റവും കൂടുതല്‍ ഷേക്ക്‌ഹാന്‍ഡ്‌ കൊടുത്തതിന്റെ പേരിലാണ്‌ ടെഡി റൂസ്‌വെല്‍റ്റ്‌ ഗിന്നസ്‌ റിക്കാര്‍ഡിനുടമയായത്‌. വൈറ്റ്‌ ഹൗസില്‍ വച്ച്‌ ദിവസം 8000 പേര്‍ക്കാണ്‌ അദ്ദേഹം ഹസ്‌തദാനം നല്‍കിയത്‌.
ചില ന്യൂജന്‍ സ്‌റ്റൈല്‍ റിക്കാര്‍ഡുകളും ഗിന്നസിലുണ്ട്‌. ഏറ്റവുമധികം സെല്‍ഫികള്‍ എടുത്തതിന്റെ പേരിലാണ്‌ ജയിംസ്‌ സ്‌മിത്ത്‌ എന്ന അമേരിക്കക്കാരന്‍ റിക്കാര്‍ഡ്‌ സൃഷ്‌ടിച്ചത്‌. മൂന്ന്‌ മിനിറ്റിനുളളില്‍ 168 സെല്‍ഫികളാണ്‌ ഇദ്ദേഹം എടുത്തു കളഞ്ഞത്‌. ഓരോ സെല്‍ഫിയിലും എടുക്കുന്നയാള്‍ക്കൊപ്പം വ്യത്യസ്‌ത വ്യക്‌തികള്‍ കടന്നു വരണം. പകര്‍ത്തുന്നവരുടെ മുഖവും തോളും വ്യക്‌തമായിരിക്കണം.
ലീ റെഡ്‌ മണ്ട്‌ എന്ന അമേരിക്കക്കാരി കഴിഞ്ഞ 30 വര്‍ഷമായി നഖം വെട്ടുന്നില്ല. 28 അടി 4 ഇഞ്ചാണ്‌ അവരുടെ നഖത്തിന്റെ നീളം. 2008 ലാണ്‌ ഇവരുടെ റിക്കാര്‍ഡ്‌ സ്‌ഥാപിക്കപ്പെട്ടത്‌. തൊട്ടടുത്ത വര്‍ഷം നടന്ന ഒരു വാഹനാപകടത്തില്‍ അവര്‍ക്ക്‌ നഖം നഷ്‌ടമായി.
ഗ്രാംസിങ്‌ ചൗഹാന്‍ എന്ന ഇന്ത്യാക്കാരനാണ്‌ ഏറ്റവും നീളമുളള മീശ. റോമില്‍ വച്ചാണ്‌ ഇത്‌ അളന്ന്‌ തിട്ടപ്പെടുത്തിയത്‌. 14 അടി നീളമുള്ള ഈ കൊടുംമീശയും ഗിന്നസില്‍ കയറിപ്പറ്റി. സോഫ്‌റ്റ് ഡ്രിംഗ്‌സ് നിറച്ച 35 മെറ്റാലിക്‌ ക്യാനുകള്‍ ഒരു മിനിറ്റിനുളളില്‍ പൊട്ടിച്ച സാക്ക്‌ എന്ന പക്ഷിയും ഗിന്നസ്‌ റിക്കാര്‍ഡിന്‌ ഉടമയായി.
ലക്കി ഡയമണ്ട്‌ റിച്ച്‌ എന്നയാള്‍ ഏറ്റവും കുടുതല്‍ പച്ചകുത്തിയതിന്റെ പേരിലാണ്‌ ഗിന്നസില്‍ കയറിപറ്റിയത്‌. ദേഹം മുഴുവന്‍ പച്ചകൊണ്ട്‌ അഭിഷേകം ചെയ്‌തു കളഞ്ഞു ടിയാന്‍. സ്‌ഥാപിക്കുന്ന റിക്കാര്‍ഡുകള്‍ക്ക്‌ പുറമെ ഏറ്റവും വലിയ കൊടുമുടി, ഏറ്റവും നീളം കൂടിയ നദി എന്നീ ജനുസില്‍ പെട്ടവയും ഗിന്നസില്‍ ഇടം പിടിക്കാറുണ്ട്‌.
8 അടി 3 ഇഞ്ച്‌ ഉയരമുള്ള സൂല്‍ത്താന്‍ കോസനാണ്‌ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പൊക്കമുളള പുരുഷന്‍. വളര്‍ച്ചയുടെ ഹോര്‍മോണ്‍ അധികരിച്ചതിനെ തുടര്‍ന്നുണ്ടായ പിറ്റ്യൂട്ടറി ജൈജാന്റിസം എന്ന അവസ്‌ഥയാണ്‌ ടര്‍ക്കിഷ്‌ കര്‍ഷകനും 35 കാരനുമായ കോസനെ ഈ നിലയില്‍ എത്തിച്ചത്‌. ഏറ്റവും നീളമുളള കൈകളുടെ പേരിലും കോസന്‍ റിക്കാര്‍ഡ്‌ സ്‌ഥാപിച്ചിട്ടുണ്ട്‌.എട്ടടിക്ക്‌ മുകളില്‍ ഉയരമുളള പത്ത്‌ പേരെയേ മുന്‍പ്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുളളു. ഇന്ത്യക്കാരിയായ ജ്യോതി ആംഗേ എന്ന 25 കാരിയാണ്‌ ഏറ്റവും ഉയരം കുറഞ്ഞ സ്‌ത്രീ. അവര്‍ക്ക്‌ ആകെയുളള പൊക്കം 2 അടി 1 ഇഞ്ച്‌ മാത്രമാണ്‌. അക്കോന്‍ഡ്രോ പ്ലാസിയ എന്ന രോഗമാണ്‌ അവരെ കുളളിയാക്കി മാറ്റിയത്‌. ചലച്ചിത്രതാരവും ടെലിവിഷന്‍ അവതാരകയുമാണ്‌ അവര്‍.
2018ല്‍ ഈജിപ്‌ഷ്യന്‍ സാംസ്‌കാരിക മന്ത്രാലയം ടൂറിസ്‌റ്റുകള്‍ക്കു വേണ്ടി സംഘടിപ്പിച്ച ചടങ്ങില്‍ വച്ച്‌ ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷനും ഏറ്റവും ഉയരം കുറഞ്ഞ സ്‌ത്രീയും തമ്മില്‍ കണ്ടുമുട്ടിയതും ഒരുമിച്ച്‌ ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തതും ഏറെ ചര്‍ച്ചാവിഷയമായി. ചന്ദ്രബഹാദൂര്‍ ദംഗി എന്ന നേപ്പാള്‍കാരനാണ്‌ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍. പായയും തൊപ്പിയും നെയ്യുന്ന 75 കാരനായ ഇദ്ദേഹത്തിന്റെ ഉയരം 2 അടി അര ഇഞ്ച്‌. ലണ്ടനില്‍ വച്ച്‌ ഗിന്നസ്‌ വേള്‍ഡ്‌ റിക്കാര്‍ഡിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ്‌ ഉയരക്കൂടുതലിന്റെയും കുറവിന്റെയും പേരില്‍ ഒന്നാമന്മാരായവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്‌.
നമ്മുടെ കൊച്ചുകേരളത്തിനുമുണ്ട്‌ മറ്റാര്‍ക്കും ഭേദിക്കാനാവാത്ത ചില റിക്കാര്‍ഡുകള്‍. അതിലൊന്ന്‌ നിത്യവസന്തം പ്രേംനസീറിന്റേതാണ്‌. 600ലധികം സിനിമകളില്‍ നായകവേഷമിട്ട്‌ അദ്ദേഹം ചരിത്രം സൃഷ്‌ടിച്ചപ്പോള്‍ നസീര്‍-ഷീല ജോടികള്‍ 100 ലധികം സിനിമകളില്‍ നായികാ നായകന്‍മാരായി അഭിനയിച്ചും ലോകറിക്കാര്‍ഡിട്ടു.ഇത്തിരിപ്പോന്ന നമ്മുടെ ഉണ്ടപ്പക്രുവിനും റിക്കാര്‍ഡ്‌ രണ്ടാണ്‌. ഒരു സിനിമയില്‍ മുഴുനീള നായകവേഷം ചെയ്‌ത ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്നതായിരുന്നു ആദ്യറിക്കാര്‍ഡ്‌. ഏറ്റവും ഉയരം കുറഞ്ഞ ചലച്ചിത്രസംവിധായകനുളള റിക്കാര്‍ഡും പക്രു അടിച്ചെടുത്തു.
ഗിന്നസില്‍ സ്‌ഥാനം പിടിച്ചതോടെ അജയന്‍ എന്നും ഉണ്ടപ്രക്രു എന്നും അതുവരെ അറിയപ്പെട്ടിരുന്ന അദ്ദേഹം ഗിന്നസ്‌ പക്രുവായി. ഈ അപൂര്‍വ നാമകരണം സാദ്ധ്യമാക്കിയതോ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും. എങ്ങനെയുണ്ട്‌ ഗിന്നസ്‌ കൗതുകങ്ങള്‍..!
അത്‌ കടല്‍ പോലെ അനന്തമായി നീണ്ടുപരന്ന്‌ കിടക്കുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഗിന്നസില്‍ കയറിപറ്റുക ഒട്ടും അനായാസമല്ല.
ആകെയുളള 92% അപേക്ഷകരെയും നിരാശപ്പെടുത്തിക്കൊണ്ട്‌ 8% അപേക്ഷകര്‍ക്കാണ്‌ ഓരോ വര്‍ഷവും ഗിന്നസില്‍ പ്രവേശനം ലഭിക്കുന്നത്‌.
ജിം പാറ്റിസണ്‍ ഗ്രൂപ്പാണ്‌ നിലവില്‍ ഗിന്നസ്‌ ബുക്കിന്റെ പ്രസാധകര്‍.
ഗിന്നസില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പൊതുസമൂഹത്തിനും അവകാശമുണ്ട്‌. ഉദാഹരണത്തിന്‌ നമ്മുടെ നാട്ടില്‍ നിലവിലുളള റിക്കാര്‍ഡിനേക്കാള്‍ മീതെ എന്തെങ്കിലുമുണ്ടെങ്കില്‍ നമുക്ക്‌ ശിപാര്‍ശ ചെയ്യാം.

സജില്‍ ശ്രീധര്‍

Ads by Google
Sunday 04 Nov 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW