Thursday, April 25, 2019 Last Updated 39 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 04 Nov 2018 01.10 AM

ഇങ്ങനെയും ഒരു കൗണ്‍സിലര്‍

uploads/news/2018/11/262114/sun3.jpg

അതിരാവിലെ ആറുമണിക്ക്‌ മൊബൈല്‍റിങ്‌ കേട്ടാണ്‌ ഉണര്‍ന്നത്‌. കൗണ്‍സിലര്‍ ബിനുവല്ലേ എന്നായിരുന്നു ആദ്യചോദ്യം. അതെയെന്ന്‌ പറഞ്ഞപ്പോഴാണ്‌ അയാള്‍ പ്രശ്‌നം അവതരിപ്പിച്ചത്‌.
''എനിക്ക്‌ വീട്ടില്‍നിന്ന്‌ പുറത്തിറങ്ങാന്‍ പറ്റുന്നില്ല. വാതിലിന്‌ കുറുകെ ഒരു പട്ടി കിടക്കുന്നു. അതാണെങ്കില്‍ എനിക്കുനേരെ കുരച്ചുചാടുകയാണ്‌. പോലീസിനെ വിളിച്ചെങ്കിലും വന്നില്ല. എത്രയും പെട്ടെന്ന്‌ പി.എം.ജി.ജംഗ്‌ഷനടുത്തുള്ള വീട്ടിലേക്കെത്തി എന്നെ രക്ഷിക്കണം.''
ഫോണ്‍ ചെയ്‌തയാള്‍ വീടും വഴിയും പറഞ്ഞുകൊടുത്തു. ബിനു കോര്‍പ്പറേഷന്റെ ഹെല്‍ത്ത്‌ സ്‌ക്വാഡിനെ വിളിച്ചു. അവര്‍ മറ്റൊരു വാര്‍ഡില്‍ ജോലിയിലാണ്‌. ആരെയും കാത്തിരുന്നിട്ട്‌ കാര്യമില്ലെന്നറിഞ്ഞപ്പോള്‍ പഴയൊരു ചങ്ങലയുമെടുത്ത്‌ അടുത്ത സുഹൃത്തിനെയും വിളിച്ച്‌ ബിനു പുറത്തിറങ്ങി. നേരെ പി.എം.ജിക്കടുത്തുള്ള വീട്ടിലേക്ക്‌. അയാള്‍ ഫോണില്‍ പറഞ്ഞത്‌ ശരിയാണ്‌. വലിയൊരു പട്ടിയാണ്‌. കണ്ടപ്പോള്‍ കുരച്ചുചാടി. കൈയിലുള്ള ബിസ്‌കറ്റ്‌ കാണിച്ചപ്പോള്‍ അനുസരണയോടെ അടുത്തേക്ക്‌. പട്ടിയെ ചങ്ങലയ്‌ക്കിട്ട്‌ നഗരഹൃദയത്തിലുടെ ഐ.പി.ബിനു നടന്നു. നേരെ വെറ്ററിനറി ഹോസ്‌പിറ്റലിലേക്ക്‌.

വിളിപ്പുറത്തെ കൗണ്‍സിലര്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കുന്നുകുഴി വാര്‍ഡ്‌ കൗണ്‍സിലറാണ്‌ ഐ.പി.ബിനു. സ്വന്തം വാര്‍ഡില്‍ എന്ത്‌ പ്രശ്‌നമുണ്ടായാലും ഞൊടിയിടയില്‍ അവിടേക്ക്‌ പാഞ്ഞെത്തുന്ന കൗണ്‍സിലര്‍. 2100 വീടുകളിലായി 11,200 പേര്‍ താമസിക്കുന്ന വാര്‍ഡാണ്‌ കുന്നുകുഴി. ഓരോ വീട്ടിലെയും അംഗങ്ങളെ ബിനുവിന്‌ വ്യക്‌തിപരമായി അറിയാം. വിഷുവിനും ഓണം-ബക്രീദ്‌ നാളുകളിലും ക്രിസ്‌മസിനും ബിനു എല്ലാ വീടുകളിലുമെത്തും. ആശംസകള്‍ നേരാന്‍. ഒപ്പം കഴിഞ്ഞ മാസങ്ങളില്‍ താന്‍ വാര്‍ഡുകളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കുറിപ്പും നല്‍കും. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അതും സ്വീകരിച്ചുകൊണ്ടായിരിക്കും പടിയിറക്കം. അതുകൊണ്ടുതന്നെ വാര്‍ഡിലെ മൂന്നുവയസ്സുള്ള കുഞ്ഞുങ്ങള്‍ക്കുപോലും ബിനുവിനെ അറിയാം. അതിനുള്ള കാരണവും ബിനു പറയും.
''യു.ഡി.എഫിന്റെ വാര്‍ഡായിരുന്നു കുന്നുകുഴി. കഴിഞ്ഞ തവണ ഇവിടെ മത്സരിക്കുന്ന സമയത്ത്‌ ഓരോ വീട്ടിലും കയറിയിരുന്നു. ആ സമയത്ത്‌ മിക്ക വീട്ടുകാരും പറഞ്ഞൊരു കാര്യമുണ്ട്‌. വോട്ടുപിടിക്കാനൊക്കെ വരും. പിന്നീട്‌ കൗണ്‍സിലര്‍മാരെ കാണാന്‍ കിട്ടില്ല. അത്‌ മാറ്റിയെടുക്കണമെന്ന്‌ തോന്നി. അവരോട്‌ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ-ഇത്തവണ എനിക്കൊരു അവസരം തരിക. കൗണ്‍സിലറും ജനങ്ങളും തമ്മിലുള്ള ബന്ധം ഞാന്‍ കാണിച്ചുതരാം.''
ജനങ്ങള്‍ മാറിച്ചിന്തിച്ചു. 132 വോട്ടിന്‌ സി.പി.എം. സ്‌ഥാനാര്‍ഥിയായ ബിനു ജയിച്ചു. മാലിന്യപ്രശ്‌നവും കുടിവെള്ളക്ഷാമവും പരിഹരിക്കാമെന്നായിരുന്നു ആദ്യ വാഗ്‌ദാനം. മാലിന്യം സ്‌ഥിരമായി കൊണ്ടിടുന്ന സ്‌ഥലത്ത്‌ നാട്ടുകാരുടെ സഹായത്തോടെ ക്യാമറ വച്ചു. ചിലരെയൊക്കെ പിടികൂടി താക്കീത്‌ ചെയ്‌തു. പിന്നീട്‌ രണ്ട്‌ പ്രധാന കേന്ദ്രങ്ങളില്‍ എയ്‌റോബിന്‍ സ്‌ഥാപിച്ചു. ഗുണ്ടുകാട്‌ കോളനിയില്‍ പൈപ്പ്‌ലൈന്‍ നിര്‍മ്മിക്കുകയും ചെയ്‌തു. അതോടെയാണ്‌ ബിനുവിനെക്കുറിച്ച്‌ ആളുകള്‍ക്ക്‌ മതിപ്പുണ്ടായത്‌.
''കോര്‍പ്പറേഷനില്‍നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച്‌ മിക്കവര്‍ക്കും അറിയില്ല. ഓരോ തവണയും വീടുകളില്‍ കയറിയിറങ്ങി പറയുന്നത്‌ പ്രായോഗികവുമല്ല. എല്ലാ വീടുകളിലും കയറാന്‍ മിനിമം 21 ദിവസമെങ്കിലും വേണം. അങ്ങനെ വന്നപ്പോഴാണ്‌ എന്റെ പേരില്‍ത്തന്നെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച്‌ ചെയ്‌തത്‌. ഗൂഗിളില്‍ കയറി ഐ.പി.ബിനു എന്ന്‌ ടൈപ്പ്‌ ചെയ്‌താല്‍ ഏത്‌ ഫോണിലേക്കും ഈ ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്ാം. ഇതുവഴി യനഗരസഭയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അറിയാന്‍ കഴിയും. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ട വിധം, എവിടെ നല്‍കണം എന്നൊക്കെയുള്ള കാര്യങ്ങളും ഈ ആപ്ലിക്കേഷനിലുണ്ട്‌. വാര്‍ഡില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എന്നെ നേരിട്ട്‌ ഇതുവഴി അറിയിക്കാം. ഉദാഹരണത്തിന്‌ മാലിന്യക്കൂമ്പാരമുണ്ടായി എന്നു കരുതുക. അതിന്റെ ഫോട്ടോയും സ്‌ഥലവും ഇട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ത്തന്നെ പരിഹാരമുണ്ടാവും.''
ഇതൊക്കെ ചെയ്‌തിട്ട്‌ ബിനു മാറിനില്‍ക്കുകയല്ല ചെയ്യുന്നത്‌. വാര്‍ഡുകളില്‍ എല്ലാ ദിവസവും നേരിട്ടെത്തും. എവിടെയെങ്കിലും വൈദ്യുതി മുടങ്ങിയാല്‍പോലും ആളുകള്‍ വിളിക്കുന്നത്‌ ബിനുവിനെയാണ്‌. അവര്‍ക്കുറപ്പുണ്ട്‌, ഈ കൗണ്‍സിലര്‍ വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാവുമെന്ന്‌.

സ്വന്തമായി ഫോഗിങ്‌ മെഷീന്‍
കഴിഞ്ഞ മഴക്കാലത്ത്‌ നാടെങ്ങും ഡെങ്കിപ്പനി പടര്‍ന്നപ്പോള്‍, ജനം ഭീതിയിലായി. എന്നാല്‍ കുന്നുകുഴി വാര്‍ഡിലേക്ക്‌ മാത്രം അത്‌ കടന്നുവന്നതേയില്ല. അതിന്റെ ഫുള്‍ ക്രെഡിറ്റ്‌ കൗണ്‍സിലര്‍ക്കാണെന്ന്‌ പറഞ്ഞാല്‍ ബിനു സമ്മതിച്ചുതരില്ല.
''കൊതുകുകളെ തുരത്തുന്ന ഫോംഗിങ്‌ മെഷീന്‍ എനിക്കൊരു കൗതുകമായിരുന്നു. നഗരസഭാ ജീവനക്കാര്‍ അതുമായി വാര്‍ഡിലേക്ക്‌ വന്നപ്പോള്‍ രണ്ടുമൂന്നു ദിവസം ഞാനും അവര്‍ക്കൊപ്പം ചേര്‍ന്ന്‌ മെഷീന്‍ ഉപയോഗിക്കാന്‍ പഠിച്ചു. മിക്ക ദിവസവും അവരെ സഹായിക്കും. മഴക്കാലത്ത്‌ ദിവസവും ഓടകളില്‍ മരുന്നടിക്കണം. അതിനുശേഷം ഫോഗിങ്‌ നടത്തിയാലേ കൊതുകുകള്‍ ഇല്ലാതാവുകയുള്ളൂ. രണ്ടാംശനിയും ഞായറും ജീവനക്കാര്‍ വരില്ല. അതോടെ വാര്‍ഡിലുള്ളവര്‍ക്ക്‌ ഉറക്കമില്ലാരാത്രിയാവും. ഇതിനൊരു പരിഹാരം വേണമെന്ന്‌ തീരുമാനിച്ചാണ്‌് ഫേസ്‌ബുക്കില്‍ ഒരു പോസ്‌റ്റിട്ടത്‌-വാര്‍ഡിന്‌ വേണ്ടി സ്വന്തമായി ഒരു ഫോഗിങ്‌ മെഷീന്‍ വേണമെന്നുണ്ട്‌്. ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്‌താല്‍ നമുക്ക്‌ സമാധാനത്തോടെ കിടന്നുറങ്ങാം. പ്രവാസിയായ ഒരു സുഹൃത്തും മറ്റൊരാളും ചേര്‍ന്ന്‌ ഒരു മെഷീന്‍ വാങ്ങിച്ചുതന്നു. പിന്നീട്‌ എല്ലാ ദിവസവും രണ്ടുനേരം ഞാന്‍ തന്നെ ആ മെഷീനുമായി വാര്‍ഡുകളിലുടെ സഞ്ചരിച്ച്‌ പുകച്ചു. അതോടെ വാര്‍ഡ്‌ മുഴുവനായും കൊതുകുരഹിതമായി. ഓടകളില്‍ മരുന്നടിച്ചശേഷം മീനുകളെ നിക്ഷേപിച്ചു. ഡെങ്കിപ്പനി കുന്നുകുഴി വാര്‍ഡിന്റെ അതിര്‍ത്തിവരെ വന്ന്‌ തിരിച്ചുപോവുകയും ചെയ്‌തു.''
തുലാമാസം തുടങ്ങിയതോടെ ബിനു വീണ്ടും തിരക്കിലായി. മഴയുണ്ടെങ്കിലൂം ഇല്ലെങ്കിലും അതിരാവിലെ ഫോഗിങ്‌ മെഷീനുമായി ഇറങ്ങും. വാര്‍ഡ്‌ മുഴുവന്‍ പുകച്ചുകൊണ്ട്‌ സഞ്ചരിക്കും. അതിനിടയില്‍ നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യും. ഇതുമാത്രമല്ല, കൗണ്‍സിലറുടെ മിടുക്ക്‌. കേരളത്തിലാദ്യമായി ട്രാന്‍സ്‌ജന്റേഴ്‌സിന്‌ മാത്രമായി മൂന്ന്‌ കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിച്ചത്‌ കുന്നുകുഴി വാര്‍ഡിലാണ്‌. വാര്‍ഡ്‌സഭയില്‍ അവരെ പങ്കെടുപ്പിക്കുകയും ചെയ്‌തു.
''ട്രാന്‍സ്‌ജന്‍ഡറുകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയാണ്‌ ലക്ഷ്യം. കുന്നുകുഴി വാര്‍ഡിലുള്ളവര്‍ മാത്രമല്ല, തിരുവനന്തപുരം ജില്ലയിലുള്ള എല്ലാവരും ഈ കുടുംബശ്രീയിലുണ്ട്‌. ഇന്ത്യയിലാദ്യമായി എയ്‌ഡ്സ്‌ രോഗികള്‍ക്കായി കുടുംബശ്രീ യൂണിറ്റ്‌ ആരംഭിച്ചതും എന്റെ വാര്‍ഡിലാണ്‌.''
കുന്നുകുഴി വാര്‍ഡില്‍ ഇപ്പോള്‍ കേസുകളും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും വളരെ കുറവാണ്‌. വാര്‍ഡില്‍ താമസിക്കുന്നവരുടെ കേസുകള്‍ മജിസ്‌ട്രറ്റിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്തതും കൗണ്‍സിലറാണ്‌.
സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഒരു വിവേചനവും ബിനു കാണിക്കാറില്ല. വാര്‍ഡിലുള്ളവര്‍ക്കെല്ലാം ഒരേപോലെ പ്രിയപ്പെട്ടവനാണ്‌ അദ്ദേഹം. രണ്ടുതവണ മികച്ച കൗണ്‍സിലര്‍ക്കുള്ള പുരസ്‌കാരവും ബിനു നേടിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഹരിതകേരളത്തിന്റെ പുതിയ പ്ര?ജ്‌ക്ടിനായി കുന്നുകുഴി വാര്‍ഡിനെ തെരഞ്ഞെടുത്തതും. എല്ലാ വീടുകളിലും കൃഷി പ്രോത്സാഹിപ്പിക്കുകയാണ്‌ ഈ പ്ര?ജക്‌ടിലുടെ ലക്ഷ്യമിടുന്നത്‌. അതിന്റെ പ്രവര്‍ത്തനവും ആരംഭിക്കാനിരിക്കുകയാണ്‌.
''ഒരു ജനപ്രതിനിധി മാത്രം വിചാരിച്ചാല്‍ വാര്‍ഡ്‌ നന്നാവണമെന്നില്ല. അതിന്‌ ജനങ്ങളുടെ സഹകരണവും വേണം. ഇത്‌ എന്റെ മാത്രം വിജയമല്ല, നാട്ടുകാരുടേതുമാണ്‌.''
എല്ലാ ക്രെഡിറ്റും ജനങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ട്‌ അവരിലൊരാളായി മാറുകയാണ്‌ ഈ കൗണ്‍സിലര്‍.

Ads by Google
Sunday 04 Nov 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW