Tuesday, November 06, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 04 Nov 2018 01.10 AM

മുടിയേറ്റിന്റെ കുലപതി

uploads/news/2018/11/262113/sun2.jpg

കേരളത്തിന്റെ അതിപ്രാചീന അനുഷ്‌ഠാന കലാരൂപമായ മുടിയേറ്റിന്റെ കുലപതിയാണ്‌ കിഴക്കേ വാരണാട്ട്‌ നാരായണക്കുറുപ്പ്‌. ഇദ്ദേഹം കാലങ്ങളായി മുടിയേറ്റിനെ മാറോടണച്ച്‌ മോഹനോന്മുഖമാക്കി മാലോകര്‍ക്കു മുന്നില്‍ ആത്മാര്‍പ്പണത്തോടെ അരങ്ങത്ത്‌ അവതരിപ്പിക്കുന്നു. ഈ കലാകാരന്റെ സര്‍ഗാത്മക സപര്യക്ക്‌ ആറ്‌ പതിറ്റാണ്ടിന്റെ പഴക്കമുണ്ട്‌. മനുഷ്യരാശിയുടെ അനശ്വര പൈതൃകത്തിന്റെ മഹാസൃഷ്‌ടിയായ മുടിയേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഭദ്രകാളി വേഷത്തിലും, കളമെഴുത്ത്‌ പാട്ടിലും, വാദ്യകലയിലും നാരായണക്കുറുപ്പ്‌ നിപുണനാണ്‌. ഈ പ്രതിഭാധനന്റെ പ്രായം 74 വയസ്സ്‌ പിന്നിട്ടു.
ആര്യ ദ്രാവിഢ സംസ്‌കാരങ്ങളുടെ സമന്വയവും സമ്മോഹനവുമായി സംഘകാലത്ത്‌ സവിശേഷതകളോടെ പൊട്ടിമുളച്ച്‌ വളര്‍ന്നുവന്ന മുടിയേറ്റിനെ താലോലിച്ച്‌ തലമുറകള്‍ക്ക്‌ പകര്‍ന്ന്‌ പ്രദീപ്‌തമാക്കുന്നതില്‍ പ്രഥമഗണനീയവും പ്രസിദ്ധവുമാണ്‌ കൊരട്ടിയിലെ വാരണാട്ട്‌ കുടുംബം. ആചാരനുഷ്‌ഠാനങ്ങള്‍ അലിഞ്ഞുചേര്‍ന്നും ആത്മീയ വിശുദ്ധി വഴിഞ്ഞൊഴുകിയും ചരിത്രവും ചൈതന്യവും ചാരുതയേകുന്ന വാരണാട്ടിന്റെ വരദാനമാണ്‌ മുടിയേറ്റ്‌. ഇവിടം ഈ മഹത്തായ കലയുടെ ഈറ്റില്ലവും ഉറവിടവുമായി പ്രകീര്‍ത്തിക്കപ്പെടുന്നു. നാരായണക്കുറുപ്പ്‌ മുടിയേറ്റിനെ തേജോമയമാക്കുന്നു. വാരണാട്ട്‌ കുറുപ്പന്മാരുടെ തറവാടും മുടിയേറ്റും തമ്മിലുള്ള അവതരണത്തിന്റെ ആത്മബന്ധത്തിന്‌ ആയിരം വര്‍ഷത്തെ പാരമ്പര്യമുണ്ട്‌. കേരളത്തിലെ ഭദ്രകാളി, ഭഗവതി ക്ഷേത്രങ്ങളിലാണ്‌ മുടിയേറ്റിന്‌ പ്രാധാന്യമുള്ളത്‌. അപൂര്‍വം ചില പുരോഹിത കുടുംബങ്ങളിലും ഈ കലാരൂപം നടന്നുവരുന്നു. ലോകസാംസ്‌കാരിക പട്ടികയില്‍ മുടിയേറ്റിനെ കുറച്ചുവര്‍ഷം മുന്‍പ്‌ മുതല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യുനെസ്‌കോയുടെ അംഗീകാരം മുടിയേറ്റിന്‌ 2010-നാണ്‌ ലഭിച്ചത്‌.
വാരണാട്ട്‌ കുടുംബത്തിന്റെ കാരണവരും മുടിയേറ്റിന്റെ കുലഗുരുവുമായ നാരായണക്കുറുപ്പ്‌ കൈരളിയുടെ അഭിമാനവും അനുഗ്രഹീതവുമായ ഈ അനുഷ്‌ഠാന കലയുടെ നിറസാന്നിധ്യമായ ആള്‍രൂപമാണ്‌.
കിഴക്കേ വാരണാട്ട്‌ രാമുകുറുപ്പിന്റെയും കല്യാണിയമ്മയുടേയും മകനായി നാരായണക്കുറുപ്പ്‌ 1944 മാര്‍ച്ച്‌ 16-നാണ്‌ ജനിച്ചത്‌. ഇദ്ദേഹം മാതുലനായ മുടിയേറ്റ്‌ ആചാര്യന്‍ ശങ്കരന്‍ രാമുകുറുപ്പിന്റെ കീഴില്‍ 12-ാം വയസില്‍ കലാഭ്യാസനം ആരംഭിച്ചു. മറ്റൂര്‍ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറ്റം 1956-ല്‍ നടന്നു. നാരായണക്കുറുപ്പ്‌ നിരന്തരമായ ശിക്ഷണംകൊണ്ടും കലാപരമായ ആഗ്രഹംകൊണ്ടും മുടിയേറ്റിന്റെ മുഴുവന്‍ കാര്യങ്ങളിലും അവഗാഹം നേടി. മുടിയേറ്റില്‍ കാളീവേഷം കെട്ടുന്ന നടനില്‍ ദേവീ ചൈതന്യം നിറഞ്ഞതും ശക്‌തികുടികൊള്ളുന്നതുമായ പരിവേഷമാണ്‌ സ്‌ഫുരിക്കുന്നത്‌.
മുടിയേറ്റിലെ മുഖ്യഭാഗവും ഭക്‌തജനങ്ങളില്‍ ഈശ്വര വിശ്വാസം ഉണര്‍ത്തുന്നതും വളരെയധികം അനുഷ്‌ഠാന സവിശേഷതയുള്ളതുമാണ്‌. ക്ഷേത്രാങ്കണത്തില്‍ തെല്ലൊന്ന്‌ ഭീകരതയുണര്‍ത്തുന്നതും ഭക്‌തിനിര്‍ഭരവുമാക്കുന്നതുമായ രംഗമാണ്‌ കാളീപ്പുറപ്പാട്‌. അമ്പല സന്നിധിയിലുള്ള അരങ്ങിന്റെ വടക്കുഭാഗത്ത്‌ കാളീപ്പുറപ്പാട്‌ അതിഗംഭീരമായി അവതരിപ്പിക്കുന്നു.
കേരളത്തിനകത്തും പുറത്തുമായി നാരായണക്കുറുപ്പ്‌ മൂവായിരത്തോളം വേദികളില്‍ മുടിയേറ്റ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. ഇതേത്തുടര്‍ന്ന്‌ അനവധി അവസരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അര്‍ഹനായിട്ടുമുണ്ട്‌. കിഴക്കേവാരണാട്ട്‌ നാരായണക്കുറുപ്പിന്‌ കേരളസംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം 2007-ല്‍ ലഭിച്ചു. കേരളഫോക്‌ലോര്‍ അക്കാദമിയുടെ അവാര്‍ഡ്‌ 2008-ലും ഫെലോഷിപ്പ്‌ 2016-ലും ഇദ്ദേഹം കരസ്‌ഥമാക്കി.
കേന്ദ്രസംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ യുനെസ്‌കോയുടെ നിര്‍ദ്ദേശമനുസരിച്ച്‌ കിഴക്കേ വാരണാട്ട്‌ നാരായണക്കുറുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച മുടിയേറ്റ്‌ കലാസംഘ പദ്ധതിയാണ്‌ പുറപ്പാട്‌ പരിശീലന കളരി. ഈ സംഘത്തിന്‌ 2013-ല്‍ യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചു. പുറപ്പാട്‌ പരിശീലന കളരിയില്‍ നിരവധിപേര്‍ മുടിയേറ്റ്‌ അഭ്യസിക്കാനെത്തുന്നു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഈ കലാസംഘം സോദാഹരണ ക്ലാസുകളും കളമെഴുത്തുപാട്ടും ചമയപ്രദര്‍ശനവും നടത്തിവരുന്നു. നാരായണക്കുറുപ്പ്‌ കളിയോഗത്തിന്റെ പ്രധാന ഗുരുനാഥനായി മുടിയേറ്റ്‌ അനുഷ്‌ഠാനത്തോടെയും ചിട്ടയോടെയും പഠിപ്പിച്ചുപോരുന്നു. ഈ പരിശീലന കളരി പുതിയതലമുറയ്‌ക്ക് മുടിയേറ്റിന്റെ പ്രാധാന്യവും ആവിഷ്‌കാരവും പകര്‍ന്നു നല്‍കുന്നു.
മുടിയേറ്റ്‌ ആചാരവും അനുഷ്‌ഠാനവും എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ കൂടിയായ
നാരായണക്കുറുപ്പ്‌ കേന്ദ്ര-കേരള സംഗീതനാടക അക്കാദമികളിലും കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലും ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയത്തിലും കോഴിക്കോട്‌, കണ്ണൂര്‍ സര്‍വ്വകലാശാലകളിലുമെല്ലാം മുടിയേറ്റ്‌ അവതരിപ്പിച്ചിട്ടുണ്ട്‌.
തിരുവനന്തപുരത്ത്‌ ചലച്ചിത്രമേളയിലും ബംഗളൂരുവിലെ ചൗഡയ്യ തിയേറ്ററിലും ഇദ്ദേഹം തന്റെ കലാവൈഭവം പ്രകടമാക്കി. ലോഹിതദാസിന്റെ തനിയാവര്‍ത്തനം സിനിമയിലും മുടിയേറ്റിലെ വേഷമിട്ടു. നാരായണക്കുറുപ്പ്‌ മുടിയേറ്റിലെ കിരീടവും ആടയാഭരണങ്ങളും പുതിക്കിപ്പണിയുന്ന ജോലികളും നിര്‍വഹിക്കുന്നു. പ്രതിഫലംമാത്രം ആഗ്രഹിച്ചുള്ളതല്ല ഇദ്ദേഹത്തിന്റെ കലാസപര്യ. മുടിയേറ്റ്‌ എന്ന അനുഷ്‌ഠാന കലയുടെ പരിരക്ഷണവും പരിപാലനവും പ്രചാരണവും ലക്ഷ്യമിട്ട്‌ നാരായണക്കുറുപ്പ്‌ ആവിഷ്‌കരച്ച പദ്ധതിയാണ്‌ പുറപ്പാട്‌. ദ്രാവിഡ സംസ്‌കാരത്തില്‍ അമ്മ ദൈവങ്ങളെ ആരാധിച്ചതും ഭദ്രകാളി ക്ഷേത്രങ്ങളുണ്ടായതും മുതല്‍ മുടിയേറ്റ്‌ അവതരിപ്പിച്ചു പോരുന്നുവെന്നുമാണ്‌ സങ്കല്‌പം. കൂട്ടായ്‌മ ജീവിതത്തിന്റെ പ്രതീകമായ ഈ ദൃശ്യകലാപ്രസ്‌ഥാനത്തിന്റെ കാഴ്‌ചക്കാര്‍ ഗ്രാമം മുഴുവനുമാണ്‌. വസൂരി രോഗത്തില്‍ നിന്നും ഗ്രാമത്തെ വിമുക്‌തമാക്കി സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുകയാണ്‌ ഇതിനു പിന്നിലെന്ന്‌ കരുതിവരുന്നു. മതാനുഷ്‌ഠാനത്തിന്റെ മൂടിയണിഞ്ഞ്‌ മനുഷ്യാതീതശക്‌തികളുടെ വേഷം കെട്ടി രംഗത്ത്‌ അവതരിപ്പിക്കുന്ന മുടിയേറ്റിനെ നാടോടി നാടകമായും വിലയിരുത്തുന്നു. ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള ഈ അനുഷ്‌ഠാന നാടകത്തില്‍ നിന്നും മതപരമായ അംശങ്ങള്‍ എടുത്തുമാറ്റിയാലും നാടകമായി തന്നെ അത്‌ നിലകൊള്ളുന്നു.
ഐശ്വര്യത്തിന്റെ മാതൃദേവത ഗ്രാമീണ ജീവിതത്തിന്‌ താങ്ങും തണലുമായിവര്‍ത്തിക്കുന്നു എന്ന പ്രാര്‍ത്ഥനാവിശ്വാസമാണ്‌ ഈ ആരാധനയുടെ പ്രധാന ഘടകം. ഓരോ ഗ്രാമത്തിലും ഇത്തരത്തിലുള്ള അമ്മ ദൈവം പ്രധാന സ്‌ഥാനം വഹിക്കുന്നു. ഈ വിശ്വാസത്തിന്റെ പ്രകടിത രൂപമാണ്‌ മുടിയേറ്റ്‌. ദാരികന്റെ കുത്സിതവൃത്തികള്‍കൊണ്ട്‌ പൊറുതി മുട്ടിയ ഭൂലോക നിവാസികളുടെ ദയനീയാവസ്‌ഥ ശിവന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ നാരദന്‍ കൈലാസത്തില്‍ ചെന്ന്‌ അറിയിക്കുന്നു. ശിവന്‍ ഭദ്രകാളിയെ സൃഷ്‌ടിക്കുന്നു. കാളി ദാരികദാനവേന്ദ്രന്മാരെ വധിക്കുന്നു. ഇതാണ്‌ മുടിയേറ്റിന്റെ ഇതിവൃത്തം. ക്ഷേത്രങ്ങളില്‍ അര്‍ധരാത്രിക്കുശേഷമാണ്‌ സാധാരണയായി മുടിയേറ്റ്‌ ആരംഭിക്കുന്നത്‌.
മുടിയേറ്റിലെ പ്രധാന അവതരണ ശൈലികള്‍ അരങ്ങുവാഴ്‌ത്തല്‍, ശിവ-നാരദ സംവാദം, ദാരീകാ-ദാനവന്‍ പുറപ്പാട്‌, കാളിപ്പുറപ്പാട്‌, കോയിമ്പടനായര്‍, കുടിയാട്ടം, പേശല്‍, ദാരിക ശിരചേ്‌ഛദം, പന്തവും കിരീടവും ഉഴിച്ചില്‍, ഗുരുതി എന്നിവയാണ്‌.
മുടിയേറ്റിലെ പ്രധാന വേഷങ്ങള്‍ ഭദ്രകാളി, ദാനവന്‍, ദാരികന്‍, ശിവന്‍, നാരദന്‍, ഭൂത ഗണങ്ങള്‍, നന്ദിമഹാകാളന്‍, കോയിമ്പടനായര്‍ എന്നിവരാണ്‌.
ഈ കലാരൂപത്തിലെ പ്രധാന അലങ്കാരം ചുട്ടികുത്തലാണ്‌. ഭദ്രകാളിയുടേത്‌ കരിവേഷമാണ്‌. ഭദ്രകാളിവേഷത്തിന്റെ മുഖത്ത്‌ വസൂരിക്കലകള്‍ പോലെയുള്ള ചുട്ടിയാണ്‌ കുത്തുന്നത്‌. കാളിവേഷത്തിന്റെ ഉടുത്തുകെട്ടും കൈകളിലെ പള്ളിവാളും പ്രത്യേകതയുളവാക്കുന്നു. ഭദ്രകാളി വേഷത്തിന്റെ ഏറ്റവും പ്രധാന ആഭരണം കിരീടമാണ്‌. ഈ കിരീടത്തെ ദാരുബിംബമായി അനുമാനിക്കുന്നു.
കാളീവേഷക്കാരന്റെ ശിരസ്സില്‍ ധരിക്കുന്നതിനുള്ള ഭാരമേറിയതും വരിക്കപ്ലാവിന്റെ ഒറ്റപ്പലകയില്‍ കടഞ്ഞെടുത്തതുമായ കിരീടം അഥവാ മുടി വേറൊരാള്‍ ഏറ്റികൊടുക്കുന്നതുകൊണ്ടാണ്‌ ഈ കലാരൂപത്തിന്‌ മുടിയേറ്റ്‌ എന്ന പേരുവന്നതെന്ന്‌ പരാമര്‍ശങ്ങളുണ്ട്‌. മുടിയേറ്റില്‍ ഉപയോഗിച്ചു വരുന്ന ഗദ്യ-പദ്യരൂപങ്ങളും ഉച്ചാരണവാക്കുകളും പ്രാകൃത ഭാഷയോടുള്ള ബന്ധം കാണിക്കുന്നു. കൈലാസം തൊട്ട്‌ പാതാളം വരെയുള്ള വ്യത്യസ്‌ത ലോകങ്ങളിലായിട്ടാണ്‌ മുടിയേറ്റിന്റെ രംഗാവതരണം നടക്കുന്നത്‌. ആധ്യാത്മിക ചൈതന്യം അവതരണത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വയമ്പുഴക്കാവ്‌ ക്ഷേത്രവും പാക്കാട്ടി സ്വരൂപവും വാരണാട്ട്‌ തറവാടുമായി ദാരികവധം സംബന്ധിച്ച്‌ അഭേദ്യമായൊരു ബന്ധം നിലനില്‍ക്കുന്നുണ്ട്‌.

Ads by Google
Sunday 04 Nov 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW