Friday, June 21, 2019 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 03.17 PM

അഞ്ച് ലക്ഷത്തിന് അഡാര്‍ വീട്

''അതിജീവനത്തിന്റെ പാതയിലൂടെ അതിവേ ഗം കുതിക്കുന്ന കേരളത്തിന് മാതൃകയായി അഞ്ചുലക്ഷം രൂപയ്ക്ക് പ്രളയത്തെ അതിജീ വിക്കുന്ന വീടൊരുക്കുകയാണ് ആര്‍ക്കി ടെക്ട് ജി ശങ്കര്‍...''
uploads/news/2018/11/262013/rebuildkerala031118.jpg

കേരളക്കരയാകെ നാശംവിതച്ച പ്രളയം കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ വരെ തകര്‍ത്തെറിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥ എന്ന തന്റെ മണ്‍വീടിന്റെ അതിജീവന രഹസ്യങ്ങളുമായി ആര്‍ക്കിടെക്ട് ജി ശങ്കര്‍ മലയാളികള്‍ക്കിടയില്‍ ചര്‍ച്ച ഒരുക്കിയിട്ട് അധികനാളായിട്ടില്ല.

കേരളക്കരയാകെ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ വെള്ളം നിറഞ്ഞ സിദ്ധാര്‍ത്ഥയുടെ ഫോട്ടോയും പ്രളയത്തിന് ശേഷം കൂടുതല്‍ തലയെടുപ്പോടെ നില്‍ക്കുന്ന തന്റെ വീടിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ച് പോസ്റ്റ് ചെയ്ത് അതിജീവനത്തിന്റെ മാതൃക ഒരുക്കിയ അദ്ദേഹം നാളുകള്‍ക്കിപ്പുറം പുതിയൊരു വിശേഷവുമായി രംഗത്തെത്തിയിരുന്നു.

പ്രളയാനന്തരം കേരളത്തിന്റെ പുന: സൃഷ്ടിക്കായി പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്നതരത്തില്‍ 5 ലക്ഷം രൂപയുടെ വീടൊരുക്കി കൊണ്ടാണ് ആര്‍ക്കിടെക്ട് ശങ്കര്‍ വീണ്ടും മലയാളികള്‍ക്ക് സര്‍പ്രൈസ് ഒരുക്കിയത്.

തിരുവനന്തപുരം ജഗതി ഡി പി ഐ ജംഗ്ഷനില്‍ പോലീസ് ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് 23 ദിവസം കൊണ്ട് ആദ്യ മാതൃകയുടെ പണി പൂര്‍ത്തിയാക്കിയത്. മൂന്നു നിലകളുള്ള ഈ വീടിന് 495 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്. സംസ്‌കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോണ്‍ക്രീറ്റ് തൂണുകളിലാണ് വീട് പണിതുയര്‍ത്തിയത്.

വീടിന്റെ ആദ്യത്തെ നില ആറടിയോളം ഉയരമുള്ള പില്ലറുകളുടെ രൂപത്തിലാണ്.ആവശ്യാനുസരണം ഈ ഭാഗം പാര്‍ക്കിങ്ങിനോ, മൃഗങ്ങളെ വളര്‍ത്തുന്നതിനോ, പഠനമുറിയായോ ഒക്കെ മാറ്റിയെടുക്കാം. ഒന്നാം നിലയില്‍ സ്വീകരണ മുറിയും അടുക്കളയും കിടപ്പുമുറിയും ശുചിമുറിയുമുണ്ട്. രണ്ടാം നിലയില്‍ ഒരു കിടപ്പുമുറിയാണുള്ളത്.

വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഈ മുറി വലുതാക്കുകയോ കൂടുതല്‍ മുറികള്‍ നിര്‍മ്മിക്കുകയോ ചെയ്യാവുന്ന രീതിയില്‍ ടെറസ് ഒഴിച്ചിട്ടിരിക്കുന്നു. ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉള്ള സൗകര്യംകൂടി കണക്കിലെടുത്താണ് ഈ സ്ഥലം ഇത്തരത്തില്‍ ഒഴിച്ചിട്ടിരിക്കുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ടാണ് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

uploads/news/2018/11/262013/rebuildkerala031118a.jpg

വെള്ളം കെട്ടിനിന്ന് ചുമരുകള്‍ക്ക് കേടുപാട് ഉണ്ടാക്കാതിരിക്കാന്‍ പത്തടി ഉയരത്തില്‍ വരെ സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഴയ ഓട്, ചിരട്ട, സംസ്‌കരിച്ച മുള എന്നിവയാണ് വാര്‍ക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ചെലവ് കുറയ്ക്കാനായി തറയോടിന് പകരം സെറാമിക് ടൈലുകള്‍ തെരഞ്ഞെടുത്തു. പെയിന്റിങ് ഉള്‍പ്പെടെ ഈ വീടിന്റെ നിര്‍മ്മാണത്തിനായി ചെലവായത് 4.75 ലക്ഷം രൂപ മാത്രമാണ്.

താമസക്കാര്‍ക്ക് അനുയോജ്യമായതും ആവശ്യമുള്ളതായ ചെറിയ മാറ്റങ്ങള്‍ കൂടി കണക്കിലെടുത്താല്‍ പോലും ചെലവ് അഞ്ച് ലക്ഷത്തിനുള്ളില്‍ ഒതുങ്ങും.

സുനാമിയും ഭൂകമ്പവും ഉള്‍പ്പെടെയുള്ള ദുരന്ത മേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് വീടിന്റെ രൂപകല്പന നിര്‍വഹിച്ചതെന്ന് ശങ്കര്‍ പറയുന്നു. പ്രളയത്തിനുശേഷം സെപ്റ്റംബര്‍ ഏഴിനാണ് വീടുപണി തുടങ്ങിയത്. സെപ്റ്റംബര്‍ മാസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ വീടിന്റെ പണിയും പൂര്‍ത്തിയാക്കി.

ഇതേ മാതൃകയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍പേര്‍ക്ക് താമസ സൗകര്യം ഒരുക്കാം. പ്രളയം സര്‍വ്വവും കവര്‍ന്നെടുത്തവര്‍ക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകും. കൃത്യമായ പ്ലാനിംഗോടെ കുറഞ്ഞ ചെലവില്‍ വേറിട്ട നിര്‍മ്മാണ രീതികള്‍ പരീക്ഷിക്കുന്നതിലൂടെ പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കഴിയുമെന്ന ദീര്‍ഘവീക്ഷണമാണ് ആര്‍ക്കിടെക്റ്റ് ശങ്കറിറ്റേത്.

മറ്റേതൊരു വീടിനെയും പോലെ ഈ വീടും എത്രകാലം വേണമെങ്കിലും ഈട് നില്‍ക്കുമെന്നും താമസക്കാര്‍ക്ക് സുരക്ഷയൊരുക്കുമെന്നുമുള്ള കാര്യത്തില്‍ ശങ്കറിന് സംശയമില്ല. പുന:സൃഷ്ടിയുടെ പാതയിലൂടെ പകുതി ദൂരം പിന്നിട്ട കേരളത്തിന് ഇനിയുള്ള യാത്രയില്‍ അഞ്ചു ലക്ഷത്തിന്റെ ഈ അഡാറ് വീട് വലിയൊരു ആശ്വാസം പകരുമെന്നുറപ്പ്.

ദീപു ചന്ദ്രന്‍

Ads by Google
Saturday 03 Nov 2018 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW