Saturday, February 09, 2019 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 01.12 PM

ജീവിതം ഒരു യമണ്ടന്‍ പ്രേമകഥ

uploads/news/2018/11/261987/Cinibibingeorge031118a.jpg

പ്രേമം മുഴുവനും സിനിമയോടാണ്. അതുകൊണ്ടാണ് ബിബിന്‍ ജോര്‍ജ് സിനിമയുടെ എല്ലാവശങ്ങളും ഇഷ്ടപ്പെടുന്നത്. അഭിനയം, തിരക്കഥ, സംവിധാനം ഇങ്ങനെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ ബിബിന്‍ ഇഷ്ടപ്പെടുന്നു. സിനിമാ സ്വപ്‌നങ്ങളുമായി നടന്നിരുന്ന സ്‌കൂള്‍ കാലത്ത് അപ്പുറത്തെ വീട്ടില്‍ വരുന്ന പത്രത്തിലെ സിനിമയുടെ പോസ്റ്ററുകള്‍ മുറിച്ചെടുക്കും.

എന്നിട്ട് വീടിന് മുമ്പിലുള്ള പുളിമരത്തില്‍ ഇന്നത്തെ സിനിമ എന്ന ബോര്‍ഡ് ഉണ്ടാക്കി ഒട്ടിച്ചുവയ്ക്കും. അത്രയ്ക്കും യമണ്ടന്‍ പ്രേമമായിരുന്നു ബിബിന്‍ ജോര്‍ജിന് സിനിമയോട്. അഭിനയത്തോടായിരുന്നു ബിബിന് അന്നുമുതലേ പ്രേമം. ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് എഴുതിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക്‌റോഷന്‍ എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളായി.

കട്ടപ്പനയിലെ ഋതിക്‌റോഷനിലൂടെ വിഷ്ണു നായകനായെങ്കില്‍ 75 ദിവസം പിന്നിട്ട ഒരു പഴയബോംബ് കഥയിലൂടെ ബിബിന്‍ ജോര്‍ജും നായകനായിരിക്കുകയാണ്. ഇപ്പോള്‍ ഇവര്‍ ഒരുമിച്ച് എഴുതിയ മൂന്നാമത്തെ തിരക്കഥ ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ക്കര്‍ സല്‍മാനാണ് നായകന്‍. ബിബിന്‍ ജോര്‍ജ് സംസാരിക്കുന്നു. ..

സിനിമ സ്വപ്‌നം കണ്ടുനടന്ന കാലം


കാക്കനാട് നിലംപതിഞ്ഞിമുകളിന് പരിസരത്താണ് വീട്. അപ്പച്ചന് കല്‍പ്പണിയായിരുന്നു. അമ്മ, രണ്ടുചേച്ചിമാര്‍ ഇങ്ങനെ സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കലാകാരന്‍മാരുടെ നാടാണ് ഞങ്ങളുടേത്. എന്റെ നാട്ടുകാര്‍ മതേതരത്വം കാത്തുസൂക്ഷിച്ചിരുന്നു. മതം പ്രശ്‌നമല്ലായിരുന്നു. ഉത്സവത്തിന് അമ്പലത്തില്‍ പോയിതുള്ളും. നബിദിനത്തിന് കൊടിപിടിച്ച് ആഘോഷിക്കും. ക്രിസ്മസിന് കരോള്‍ നടത്തും. അവിടെ എല്ലാവര്‍ക്കും ഭയങ്കര ഹ്യൂമര്‍ സെന്‍സ് ആണ്. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. കളിയാക്കുന്നതിന്റെ ലക്ഷ്യം ചിരിയാണ്.

എല്ലാവരും അത് പോസിറ്റീവായാണ് എടുക്കാറുള്ളത്. അത് എനിക്ക് കുറേ ഗുണംചെയ്തിട്ടുണ്ട്. അഭിനയിക്കാനായിരുന്നു കൂടുതല്‍ ആഗ്രഹം. എന്നെങ്കിലും ഒരിക്കല്‍ നായകനാകണമെന്ന് മോഹിച്ചു. പക്ഷേ അതൊന്നും പുറത്തുപറഞ്ഞില്ല. മറ്റുള്ളവര്‍ കളിയാക്കുമെന്ന് വിചാരിച്ചാണ് പുറത്തുപറയാതിരുന്നത്. അങ്ങനെ ആ സ്വപ്‌നം ഞാന്‍ ഒളിപ്പിച്ചുവച്ചു. ആ സ്വപ്‌നം ദൈവം ബോംബ് കഥയിലൂടെ സാധിച്ചുതന്നു.

uploads/news/2018/11/261987/Cinibibingeorge031118b.jpg

അഭിനയസ്വപ്‌നം സ്വപ്‌നം മാത്രമായി


അവസരം ചോദിച്ച് ചെന്നിട്ടുണ്ട്. എന്നാല്‍ ആദ്യമൊക്കെ മടിയായിരുന്നു. അതുകൊണ്ടാണ് എഴുത്ത് തുടങ്ങിയത്. ആദ്യം കോമഡി സ്‌കിറ്റുകള്‍ എഴുതി. സിനിമയുടെ തിരക്കഥ എഴുതാനുള്ള വല്ല്യശേഷി ഉണ്ടായിട്ടല്ല. എന്നെയും വിഷ്ണുവിനെയും റിതിനെയും വച്ച് സിനിമ ചെയ്യാന്‍ ബി.എസ്. നൗഫലിനു(യമണ്ടന്‍ പ്രേമകഥയുടെ ഡയറക്ടര്‍) വേണ്ടി എഴുതിയതാണ് അമര്‍ അക്ബര്‍ അന്തോണി. എന്നാല്‍ അത് നടന്നില്ല. ആ തിരക്കഥ നാദിര്‍ഷായുടെ കൈയിലെത്തി സൂപ്പര്‍ഹിറ്റ് സിനിമയായി.

ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഹിറ്റായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ചിത്രം അമ്പതുകോടി ക്ലബിലെത്തി. ഞാനും വിഷ്ണുവും ഇതില്‍ ചെറിയറോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഞാന്‍ അഭിനയിക്കാനുള്ള ആഗ്രഹംവിട്ടു. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എനിക്ക് കൂടുതല്‍ ചുമതല കിട്ടി. പിന്നീട് ഞാന്‍ എഴുത്തില്‍ ശ്രദ്ധിച്ചു. ആഴത്തിലും ആലങ്കാരികമായും എഴുതാനുള്ള ശ്രമത്തിലായി.

വിഷ്ണുവിനെ അഭിനയിപ്പിക്കാനുള്ള ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. വിഷ്ണു ഫുള്‍ടൈം ആക്ട്റ്റിംഗില്‍തന്നെ ആയിരുന്നു. അവന്റെ ലക്ഷ്യം സിനിമയില്‍ അഭിനയിക്കണമെന്ന് തന്നെ ആയിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷന്‍ അവനുവേണ്ടി എഴുതിയതാണ്. ആദ്യം മറ്റൊരു നടനെ സമീപിച്ചെങ്കിലും പിന്നീട് അത് വിഷ്ണുവിലേക്കുതന്നെ വന്നു. അപ്പോള്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായി. അവനാണ് നടന്‍ എന്നറിഞ്ഞപ്പോള്‍ ഞാനാണ് ഏറ്റവും സന്തോഷിച്ചത്.

ബോംബ് കഥയിലെ നായകന്‍


മനസുനിറയെ അഭിനയസ്വപ്‌നമാണെങ്കിലും ബോംബുകഥയിലെ നായകനായത് യാദൃശ്ചികമാണ്. ബോംബ്കഥയുടെ തിരക്കഥ ബിഞ്ചുജോസഫ്, സുനില്‍ കര്‍മ എന്നിവരുടേതാണ്. ആദ്യം നിര്‍മാതാക്കള്‍ കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നു. ആല്‍വിന്‍ ആന്റണി, ഡോ. സക്കറിയതോമസ്, ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിച്ചത്. ഇവര്‍ എന്നോട് കഥ കേള്‍ക്കാന്‍ പറഞ്ഞു. ആദ്യം ബിഞ്ചുജോസഫും സുനില്‍കര്‍മയും കഥപറഞ്ഞിട്ട് എനിക്ക് ഇഷ്ടമായില്ല. എന്റെ മനസില്‍ കേറില്ല എന്നുപറയുന്നതായിരിക്കും ശരി.

തലയില്‍ ദുല്‍ക്കറിന്റെ സിനിമയുടെ തിരക്കഥ ആയിരുന്നു. ഒരു യമണ്ടന്‍ പ്രേമകഥയുടെ ചിന്തയിലായിരുന്നു. പിന്നെ എന്റെ സുഹൃത്ത് സലീഷ് വിളിച്ചുപറഞ്ഞു. ടാ അത് നല്ല കഥയാണ് നീ എന്തുപണിയാണ് കാണിച്ചത് എന്ന്. അങ്ങനെ ഞാന്‍ അവരെ വീണ്ടും വിളിച്ചു. കഥ കേട്ടു. ഷാഫിസാറിനോട് പറയുന്നു. അങ്ങനെയാണ് ഒരുപഴയ ബോംബുകഥയിലെ നായകനായത്. ഒരുപഴയ ബോംബുകഥയില്‍ വിഷ്ണുവും നല്ലൊരു വേഷം ചെയ്തിട്ടുണ്ട്.

ഒരു യമണ്ടന്‍ പ്രേമകഥ


നര്‍മം മാത്രമല്ല ഒരു യമണ്ടന്‍ പ്രേമകഥയില്‍ നല്ലൊരു കഥയും പറയുന്നുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക്‌റോഷന്‍ എന്നിവയ്ക്കുശേഷം ഞാനും വിഷ്ണുവും എഴുതിയ തിരക്കഥയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രീകരണം നടക്കുന്നു. വിഷ്ണുവിന് ഒരു ഷൂട്ടിനിടയില്‍ പരുക്കുപറ്റിയിരിക്കുന്ന സമയത്ത് ഞങ്ങള്‍ ഒരു കഥ എഴുതാന്‍ തീരുമാനിച്ചു.
uploads/news/2018/11/261987/Cinibibingeorge031118c.jpg

ആദ്യം ഒരു കഥ ഉണ്ടാക്കുന്നു. നിര്‍മാതാവ് ആന്റോജോസഫ് ഞങ്ങളെ സമീപിക്കുന്നു. തീരുമാനിച്ച കഥ ഇഷ്ടമാകുന്നു. ഫുള്‍സീന്‍ ഓര്‍ഡറോടെയാണ് കഥ പറയാന്‍ പോയത്. കഥ പറയാന്‍ പോകുന്ന സമയത്ത് ഇന്ത്യയിലെതന്നെ നമ്പര്‍വണ്‍ സംവിധായകരാണ് ദുല്‍ക്കറെ സമീപിക്കാന്‍ വന്നത്. അത്രയ്ക്കും തിരക്കുള്ള നടനായി ദുല്‍ക്കര്‍ വളര്‍ന്നു.

തിരക്കഥ വായിച്ച് ദുല്‍ക്കര്‍ കുറച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഞങ്ങള്‍ അത് പോസിറ്റീവ് ആയി എടുത്തു. തിരക്കഥ വീണ്ടും ചെറിയ തിരുത്തലുകള്‍ നടത്തി. അങ്ങനെയാണ് ഒരു യമണ്ടന്‍ പ്രേമകഥ ഉണ്ടാകുന്നത്.

എഴുതി നടനാകണം


നടനാകുക എന്റെ സ്വപ്‌നമാണ്. ഇപ്പോള്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു. പക്ഷേ എഴുതിയാണ് ഇവിടെ എത്തിയത്. അതുകൊണ്ട് എഴുത്ത് ശക്തമായി തുടരും. എഴുത്ത് ഒരു സിദ്ധിയാണെന്നും ഈ കഴിവ് എല്ലാവര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണെന്നും എല്ലാവരും എന്നോട് പറയുന്നു. അതിനാല്‍ എഴുത്ത് നിലനിര്‍ത്തും. വര്‍ഷങ്ങളോളം സ്‌കിറ്റുകള്‍ എഴുതിയതാണ് തിരക്കഥ എഴുതാന്‍ കരുത്തുനേടിയത്. പറ്റിയകഥ കിട്ടിയാല്‍ സംവിധാനം ചെയ്യും. എന്നാല്‍ സംവിധാനം എഴുത്തുപോലെയോ അഭിനയംപോലെയോ അല്ല. അത് വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്. സിദ്ധിഖ്-ലാല്‍മാരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്.

അത്തരം സിനിമകള്‍ എനിക്ക് പ്രചോദനമായിരുന്നു. റാംജിറാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി എന്നീ സിനിമകള്‍ എത്രവട്ടം കണ്ടിരിക്കുന്നു. ഞാന്‍ എഴുതുന്ന അല്ലെങ്കില്‍ ഞാന്‍ ഭാഗമാകുന്ന സിനിമകള്‍ എല്ലാവരും കാണാനാണ് എന്റെ ആഗ്രഹം. സംവിധാനമായാലും തിരക്കഥയായാലും നര്‍മത്തിനായിരിക്കും പ്രാധാന്യം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക്‌റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഞങ്ങളുടെ ഈ മൂന്നുതിരക്കഥകളിലും നര്‍മമുണ്ട്. ചിരിക്കാനുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതാണ് ഞങ്ങളുടെ സിനിമകള്‍.

ധനേഷ്‌കൃഷ്ണ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW