Saturday, June 15, 2019 Last Updated 46 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 04.19 PM

അഭിനയിക്കാന്‍ അവസരംതേടി മണിയെ കാണാന്‍ ചെന്നു, അവസാനം കലാഭവന്‍ മണിയായി തന്നെ നായകനായി

'' വിനയന്‍ സംവിധാനം ചെയ്ത 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ട് രാജാമണി ആയിത്തീര്‍ന്ന സെന്തില്‍ തന്നെക്കുറിച്ചും സിനിമയെക്കുറിച്ചും പറയുന്നു.. ''
uploads/news/2018/11/261684/rajamaniWeeklyINW021118a.jpg

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ...
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം....
നീ തനിച്ചല്ലേ പേടിയാവില്ലേ,
കൂട്ടിന് ഞാനും വന്നോട്ടേ...

മിന്നാമിനുങ്ങിനു കൂട്ടായി കലാഭവന്‍ മണി മറ്റൊരു ലോകത്തേക്കു പോയപ്പോള്‍ ശൂന്യമായിപ്പോയ മനസുകള്‍ ഇന്നിതാ മണിമുത്തിനെ മുന്നില്‍കണ്ട നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുന്നു. മണിയുടെ ജീവിതകഥ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന പേരില്‍ സിനിമയായതോടെ മലയാളികളുടെ മനസിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നു.

മണിശബ്ദം വീണ്ടും കേട്ട്, കറുത്ത മുത്തിനെ കണ്‍നിറയെ കണ്ട കണ്ണീരോടെ തിയേറ്റര്‍ വിട്ടിറങ്ങുന്ന മലയാളികളുടെ മനസിലേക്ക് മണിയുടെ മുഖത്തിനൊപ്പം മറ്റൊരു മുഖം കൂടി പതിഞ്ഞിരിക്കുന്നു.

കലാഭവന്‍ മണിയായി വേഷമിട്ട സെന്തിലിന്റെ മുഖം.
അഭിനയിക്കാന്‍ അവസരം ചോദിച്ച് ഒരു കാലത്ത് കലാഭവന്‍ മണിയെ സമീപിച്ച സെന്തില്‍ ഒടുവില്‍ കലാഭവന്‍ മണിയായിത്തന്നെ സിനിമയില്‍ നായകനായി എത്തിയതു നിമിത്തമാണ്.

മണിയായി മാറിയതോടെ സെന്തിലിന്റെ പേരിലും മാറ്റം വന്നിരിക്കുന്നു... രാജാമണി. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയാണിവിടെ.

മണിച്ചേട്ടനെപ്പോലെ മണിച്ചേട്ടന്‍ മാത്രം


മണിച്ചേട്ടനോട് ഒരുപാടു സ്‌നേഹവും ആരാധനയുമായിരുന്നു. പക്ഷേ കുറച്ചു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. 'പുള്ളിമാന്‍' എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം ചെറിയ വേഷം ചെയ്തുകൊണ്ടാണ് ഞാന്‍ സിനിമയില്‍ ആദ്യമായി മുഖം കാണിക്കുന്നത്. മണിച്ചേട്ടനൊപ്പം ഒരു കോമ്പിനേഷന്‍ സീനിനായി കൊതിച്ചിട്ടുണ്ട്. അന്ന് മണിച്ചേട്ടന്‍ ഞങ്ങള്‍ക്കു ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു.

ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണമെന്നു പറഞ്ഞപ്പോള്‍ 'തിരക്കൊഴിയട്ടെ, സമാധാനത്തോടെ എടുക്കാം' എന്നദ്ദേഹം പറഞ്ഞിരുന്നു. തിരക്കിനിടയില്‍ പിന്നീട് ഞാനതു മറന്നു. പക്ഷേ, പുള്ളിമാന്റെ പാക് അപ്പിനു തൊട്ടുമുമ്പ് മണിച്ചേട്ടന്‍ ഇങ്ങോട്ടുവന്ന് 'ഫോട്ടോ എടുക്കണ്ടേ' എന്നു ചോദിച്ചു. എന്നിട്ട് ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു. ആ നിമിഷം ഇന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

uploads/news/2018/11/261684/rajamaniWeeklyINW021118.jpg

മണിച്ചേട്ടനെപ്പോലെ മണിച്ചേട്ടന്‍ മാത്രമേയുള്ളൂ. അദ്ദേഹത്തിനു പകരം വയ്ക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. എങ്കിലും വലിയൊരു കലാകാരനായ അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിക്കുന്നതിന് എന്നെക്കൊണ്ടാവുന്ന രീതിയില്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട് ആത്മാര്‍ത്ഥതയും നീതിയും പുലര്‍ത്തിയിട്ടുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ മണിച്ചേട്ടനാവുക എന്നത് വലിയ ഉത്തരവാദിത്വം കൂടിയാണ്.

മണിയെന്ന അദൃശ്യശക്തി


ഈ സിനിമ ചെയ്യുമ്പോള്‍ മണിച്ചേട്ടന്റെ അദൃശ്യസാന്നിധ്യം എപ്പോഴും തോന്നിയിട്ടുണ്ട്. പലപ്പോഴും അദ്ദേഹത്തെ സ്വപ്‌നം കാണാറുണ്ടായിരുന്നു. ഒരുദിവസം സിനിമയ്ക്കായി ഞാന്‍ മേക്കപ്പിട്ടു വന്നപ്പോള്‍ വിനയന്‍ സാര്‍ പുറത്തിരിക്കുകയായിരുന്നു. ഒപ്പം ടിനിച്ചേട്ടനുമുണ്ട്. പെട്ടെന്നാണ് ഞാനങ്ങോട്ടു ചെല്ലുന്നത്. ഉടനെ സാര്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു:

''ഞങ്ങള് മണിയുടെ കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാ നീ വരുന്നത്. ശരിക്കും മണിയാണെന്നു ഞാന്‍ വിചാരിച്ചു പോയി.''
എന്നെപ്പോലൊരു കലാകാരന് അതിലും വലിയൊരു അഭിനന്ദനം ലഭിക്കാനില്ല.

ചാലക്കുടിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ മണിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. അദ്ദേഹത്തെ അടക്കിയ സ്മാരകത്തില്‍ തൊഴുത് അനുഗ്രഹം വാങ്ങി. മണിച്ചേട്ടന്റെ ഭാര്യയെയും മകളെയും സഹോദരനായ രാധാകൃഷ്ണന്‍ ചേട്ടനെയും നേരില്‍ കാണുകയും അവരിലൂടെ മണിച്ചേട്ടനെ കൂടുതല്‍ മനസിലാക്കുകയും ചെയ്തു.

കരയിപ്പിച്ച മണിച്ചേട്ടന്‍


ഞാന്‍ അമേരിക്കയില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് പോയ സമയത്താണ് എന്റെ സുഹൃത്തിനെ വിനയന്‍ സാര്‍ വിളിച്ചത്. പുതിയ സിനിമയില്‍ ഒരു വേഷമുണ്ട, നാട്ടിലെത്തിയാലുടന്‍ വന്നു കാണണം, അത്യാവശ്യമാണ് എന്നദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കു ശേഷമാണ് ഞാന്‍ തിരിച്ചെത്തിയത്. ഉടനെ വിനയന്‍സാറിനെ വിളിച്ചു.

സാറിനെ കാണാന്‍ പോകുമ്പോള്‍ ഏതെങ്കിലും ചെറിയ വേഷമായിരിക്കും എന്നായിരുന്നു മനസില്‍. 'നമുക്കു പറ്റിയ ചെറിയ വേഷമുണ്ടോ' എന്നു ചോദിച്ചപ്പോള്‍ 'പുതിയ സിനിമയിലെ നായകനായ കലാഭവന്‍ മണിയുടെ റോള്‍ ചെയ്യുന്നതു നീയാണ്' എന്നായിരുന്നു മറുപടി. സാറേന്ന് വിളിച്ച് ഞാനപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. ഇതിനുമുമ്പ് ജയസൂര്യ ചേട്ടനാണ് ഇങ്ങനെ കരഞ്ഞതെന്ന് വിനയന്‍ സാര്‍ പറഞ്ഞു.

ഊമപ്പെണ്ണിലേക്ക് നായകനാക്കാന്‍ വിളിച്ചപ്പോള്‍. സിനിമയില്‍ മണിച്ചേട്ടന്റെ ചെറുപ്പം അവതരിപ്പിക്കാനാണു വിളിച്ചതെന്നാണ് ആദ്യം ഞാന്‍ കരുതിയത്.

ഈ സിനിമയ്ക്കുവേണ്ടി 5000 പേരെയെങ്കിലും ഓഡിഷന്‍ നടത്തിയിട്ടുണ്ട്. പക്ഷെ വിനയന്‍ സാറിനു തൃപ്തിയായില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാനഭിനയിക്കുന്ന ഒരു സീരിയല്‍ കണ്ടിട്ട് അദ്ദേഹത്തിന്റെ ഭാര്യ എന്റെ പേര് നിര്‍ദേശിച്ചത്.

ആ സീരിയലില്‍ ഓരോ ദിവസവും ഓരോ വിഷയമാണ്. അതുകൊണ്ട് തമാശയും ദു:ഖവുമെല്ലാം അഭിനയിക്കാനുണ്ടാവും. അതു കണ്ട് സാറിനും ഇഷ്ടപ്പെട്ടു. അങ്ങനെയാണു വിളിച്ചത്.

uploads/news/2018/11/261684/rajamaniWeeklyINW021118c.jpg

മണിച്ചേട്ടന്റെ രൂപമോ ഭാവമോ എനിക്കില്ല. മിമിക്രി ചെയ്യുമെങ്കിലും അതുവരെ മണിച്ചേട്ടനെ അനുകരിച്ചിട്ടുമില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ അഭിനയിച്ചാല്‍ ശരിയാകുമോ എന്നു ഞാന്‍ സാറിനോടു ചോദിച്ചിരുന്നു.

'അയാളുടെ രൂപവും ഭാവവുമൊന്നും ഇല്ലാത്ത ഒരാളെയാണ് എനിക്കുവേണ്ടതെ'ന്നാണ് അപ്പോള്‍ സാര്‍ പറഞ്ഞത്. ചിരിച്ചുകൊണ്ടു കരയുകയും കരഞ്ഞുകൊണ്ടു ചിരിക്കുകയും ചെയ്യുന്ന അഭിനേതാവാണു മണിച്ചേട്ടന്‍. അതുപോലെ സിറ്റുവേഷന്‍ കൈകാര്യം ചെയ്യുന്ന ഒരാളെയാണാവശ്യമെന്ന് വിശദീകരിച്ചു.

ഞാന്‍ തീരെ മെലിഞ്ഞിട്ടായിരുന്നു. അതുകൊണ്ട് ശരീരം കുറച്ചു പുഷ്ടിപ്പെടുത്തേണ്ടി വന്നു. ജിമ്മില്‍ പോയി വ്യായാമം ചെയ്ത് പന്ത്രണ്ട്് കിലോയോളം കൂട്ടി. പിന്നെ മണിച്ചേട്ടന്റെ കൂടുതല്‍ സിനിമകള്‍ കണ്ടു. ആ ജീവിതം അടുത്തു മനസിലാക്കാന്‍ ശ്രമിച്ചു. അദ്ദേഹം പ്രത്യേകമായി ചെയ്തിരുന്ന കുറച്ചു കോമഡികള്‍ ഉണ്ടായിരുന്നു. കുരങ്ങ്, എലി, തുടങ്ങിയവയെ അനുകരിക്കല്‍, ആനയുടെ നടപ്പ് തുടങ്ങിയവ. അതൊക്കെ ഞാനും പഠിച്ചു.

മണി എന്ന അതുല്യ പ്രതിഭ


ഞാന്‍ ഒരുപാട് ആരാധിച്ചിരുന്ന മനുഷ്യനാണ് മണിച്ചേട്ടന്‍. അദ്ദേഹത്തോടൊപ്പമാണ് ആദ്യമായി ഞാന്‍ സിനിമയില്‍ മുഖം കാണിച്ചതെന്നു പറഞ്ഞല്ലോ. പിന്നീട് ചെറിയ രണ്ടുമൂന്നു സിനിമകള്‍ ചെയ്തു. സിനിമ തന്നെയായിരുന്നു സ്വപ്‌നം.

നായകനാകാന്‍ കൊതിക്കാത്ത ആരെങ്കിലുമുണ്ടോ? എനിക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്റെ രൂപത്തെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു. ഈ രൂപവും നിറവും വച്ച് ഒരിക്കലും നായകനാകാന്‍ പറ്റുമെന്നു കരുതിയില്ല. എല്ലാം ദൈവാനുഗ്രഹം... സിനിമയുടെ ഡബ്ബിങ്ങും ഞാന്‍ തന്നെയാണു ചെയ്തത്. അതിനുവേണ്ടി ചാലക്കുടി സ്ലാങ് പഠിക്കേണ്ടി വന്നു.

മണിച്ചേട്ടന്റെ വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല, സിനിമയില്‍ ഒരു പേരുണ്ടാക്കാനും അദ്ദേഹം കാരണമായി. ഇനിമുതല്‍ രാജാമണി എന്നായിരിക്കും ഞാന്‍ അറിയപ്പെടുക. വിനയന്‍ സാറാണ് ആ പേര് തന്നത്. ഗുരുക്കന്മാര്‍ പറയുമ്പോള്‍ അനുസരിക്കണം. ഒരുപാടു പേരെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നയാളാണ് വിനയന്‍ സാര്‍. അവരെല്ലാം വിജയിച്ചിട്ടുമുണ്ട്. അങ്ങനെയൊരാള്‍ എന്റെ പേരുമാറ്റിയതും ഭാഗ്യമായി കരുതുന്നു.

കലാഭവന്‍ മണി എന്ന പ്രതിഭയുടെ കഴിവില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ മണിച്ചേട്ടനായി അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ആ മനുഷ്യനോട് മലയാളികള്‍ക്ക് എത്രത്തോളം സ്‌നേഹവും കരുതലും ഉണ്ടായിരുന്നെന്ന് ആഴത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ആ അതുല്യ കലാകാരനു മലയാളികള്‍ നല്‍കിയ സ്‌നേഹത്തിന്റെ ഒരംശം എനിക്കും കിട്ടിത്തുടങ്ങിയിരിക്കുന്നു.

uploads/news/2018/11/261684/rajamaniWeeklyINW021118b.jpg

ഇത്രയേറെ ആരാധിക്കപ്പെടുന്ന ഒരു വ്യക്തിയായി അഭിനയിക്കുമ്പോള്‍ ആ മനുഷ്യനോടു നീതി പുലര്‍ത്തുക എന്ന വലിയ ഉത്തരവാദിത്വം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തോടു നീതി പുലര്‍ത്തിത്തന്നെയാണ് പടമെടുത്തിട്ടുള്ളത്. മണിച്ചേട്ടന്റെ ജീവിതം സിനിമയിലൂടെയെങ്കിലും പകര്‍ത്തിയെഴുതാന്‍ കഴിഞ്ഞത് ഒരു കലാകാരനെന്ന നിലയില്‍ എനിക്കു നല്‍കുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല.

ജീവിതത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതൊക്കെ സത്യമാണോ എന്നുപോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു ഞാന്‍. അമ്മയും സഹോദരങ്ങളും നിറഞ്ഞ കണ്ണുകളോടെ ചേര്‍ത്തുനിര്‍ത്തി അനുഗ്രഹിച്ചപ്പോള്‍ അഭിമാനം തോന്നി. മൂന്നുവര്‍ഷം മുമ്പ് ഞങ്ങളെ വിട്ടുപോയ അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു എന്നെ ഒരു സിനിമാനടനായി കാണണം എന്നുള്ളത്. അദ്ദേഹത്തിനത് നേരില്‍ കാണാന്‍ സാധിച്ചില്ല. ഒരുപക്ഷേ മണിച്ചേട്ടനൊപ്പം ഏതോ ലോകത്തിരുന്ന് എന്റെ അച്ഛനും ഇതൊക്കെ കാണുന്നുണ്ടാകും. അവര്‍ രണ്ടുപേര്‍ക്കും വേണ്ടിയുള്ള സമര്‍പ്പണമാണ് എന്റെ സിനിമ.

മലയാളികളുടെ പുതിയ മണിമുത്ത് നിറഞ്ഞ സംതൃപ്തിയിലാണ്. പ്രേക്ഷകമനസുകളില്‍ മണി പുനര്‍ജനിക്കുമ്പോള്‍ മിന്നാമിനുങ്ങുകളുടെ നുറങ്ങു വെട്ടങ്ങള്‍ക്കൊപ്പം മാനത്തെവിടെയോ ആ മണിനാദം വീണ്ടും മുഴങ്ങുന്നതുപോലെ...

എത്തിപ്പിടിക്കുവാന്‍ എത്തിയില്ലെങ്കിലും
ഇന്നു ഞാനോര്‍ക്കും നിന്‍ സ്‌നേഹമെല്ലാം...
മിന്നുന്നതെല്ലാം പൊന്നെന്നു കരുതാതെ
നിന്‍ മോഹജാലം ഞാന്‍ ഓമനിക്കാം...!

തയ്യാറാക്കിയത്: ദീപു ചന്ദ്രന്‍

Ads by Google
Friday 02 Nov 2018 04.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW