ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പതിനെട്ടു വര്‍ഷത്തിനൊടുവില്‍ പാര്‍ട്ടിയുടെ തലപ്പത്തുനിന്നു പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത് ലോകം അമ്പരപ്പോടെ നോക്കിക്കാണുന്നു. പാര്‍ട്ടി നേതൃത്വത്തില്‍നിന്നുള്ള പിന്മാറ്റം വരുന്ന തെരഞ്ഞെടുപ്പോടെ സജീവ രാഷ്ര്ടീയത്തില്‍ നിന്നുള്ള വിരമിക്കല്‍ കൂടിയായിരിക്കുമെന്നുറപ്പായി.
എന്നാല്‍, ഇത്ര നേരത്തെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് അപകടകമാകുമെന്ന മുന്നറിയിപ്പും രാഷ്ര്ടീയ നിരീക്ഷകര്‍ നല്കുന്നു. ഇനി കാലാവധി അവസാനിക്കും വരെ ഒരു റബര്‍ സ്റ്റാമ്പായിരിക്കാന്‍ ആവാം അവരുടെ നിയോഗമെന്നും മുന്നറിയിപ്പ്.
2021 നു ശേഷം ആഗോള രാഷ്ര്ടീയ വേദികളിലെ മെര്‍ക്കലിന്റെ അഭാവം എങ്ങനെ നികത്തുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ നിരീക്ഷകര്‍ പൊതുവേ പറയുന്നത്. പിന്‍ഗാമി ആരായാലും മെര്‍ക്കലിനോളം വ്യക്തി പ്രഭാവമാര്ജിക്കാന് അവര്‍ക്ക് എളുപ്പമായിരിക്കില്ലെന്നും നിരീക്ഷകര്‍ കരുതുന്നു.
രണ്ടാം ലോക യുദ്ധത്തിനു ശേഷം വളരെ സൂക്ഷിച്ചു മാത്രമേ ജര്‍മനി ലോക വേദികളില്‍ ഇടപെട്ടിട്ടുള്ളൂ. അത്തരമൊരു സുരക്ഷിതമായ പുറന്തോടില്‍ നിന്നു രാജ്യത്തെ പുറത്തെത്തിച്ച് ലോകവേദികളിലെ സജീവ സാന്നിധ്യമായി പുനസ്ഥാപിച്ചത് മെര്‍ക്കലിന്റെ നേതൃത്വമായിരുന്നു.
ഇപ്പോള്‍, ഇറ്റാലിയന്‍ ബജറ്റിനെ യൂറോപ്യന്‍ യൂണിയന് എതിര്‍ക്കുന്നതു പോലെ ഗുരുതരമായൊരു പ്രശ്നത്തിന്റെ സമയത്ത് അവര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതു ശരിയായില്ലെന്നു വാദിക്കുന്നവരുമുണ്ട്. മെര്‍ക്കലിനോളം സുരക്ഷിതമായ കൈകള്‍ യൂറോസോണിനെ താങ്ങി നിര്‍ത്താന്‍ തത്കാലമില്ല എന്നാണ് അവരുടെ പക്ഷം.
*** അസ്തമിക്കുന്നത് മെര്‍ക്കല്‍ യുഗം
അംഗല മെര്‍ക്കലിന്റെ ഭരണകാലം അവസാനിക്കുന്നതു കാണാന്‍ കാത്തിരുന്നവര്‍ ഏറെയാണ്. എന്നാല്‍, അവരതു പ്രഖ്യാപിച്ചപ്പോള്‍ കാത്തിരുന്നവര്‍ പോലും ഒട്ടൊന്നു ഞെട്ടിയതു പോലെ. അത്ര വലുതാണ് ജര്‍മന്‍ രാഷ്ര്ടീയത്തിലും യൂറോപ്യന്‍ രാഷ്ര്ടീയത്തിലും അംഗല മെര്‍ക്കല്‍ എന്ന ഉരുക്കു വനിത ചെലുത്തിയിരിക്കുന്ന സ്വാധീനം. അവരുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അതു കൂടുതല്‍ വ്യക്തമാകുന്നു. സജീവ രാഷ്ര്ടീയത്തില്‍ അവരില്ലാത്ത കാലത്ത് അത് കൂടുതല്‍ വ്യക്തമാകും, പാര്‍ട്ടിയുടെയും ജര്‍മനിയുടെയും യൂറോപ്പിന്റെയും തലപ്പത്ത്.
പുതിയൊരു അധ്യായം തുറക്കാനുള്ള ദിവസമാണിന്ന് എന്ന ആമുഖത്തോടെ അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ സദാപ്രസന്നദമായ മുഖത്തും ഉത്സാഹഭരിതമായ ശരീരഭാഷയിലും നിഴലൊട്ടും വീണിരുന്നില്ല. ബവേറിയയിലെയും ഹെസ്സെയിലെയും തെരഞ്ഞെടുപ്പ് തിരിച്ചടികളെത്തുടര്‍ന്ന് പെട്ടെന്നെടുത്ത തീരുമാനം തിടുക്കപ്പെട്ട് പറയുന്നതു പോലെയും തോന്നിയില്ല. മറിച്ച്, ഏറെ നാള് ആലോചിച്ചെടുത്ത ദൃഢമായൊരു തീരുമാനം പതിവുപോലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളിലൂടെ പുറത്തുവരുന്നതാണ് കണ്ടത്.
കഴിഞ്ഞ വേനല്ക്കാലത്തു തന്നെ മനസില്‍ ഉറപ്പിച്ചിരുന്ന തീരുമാനം പരസ്യപ്പെടുത്താന്‍ രണ്ട് സേ്റ്ററ്റ് ഇലക്ഷനുകള്‍ കഴിയുന്നതു വരെ മെര്‍ക്കല്‍ കാത്തിരിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. തെരഞ്ഞെടുപ്പുകളില്‍ സി എസ് യുവിന്റെയും സി ഡി യുവിന്റെയും പ്രകടനം കുറച്ചുകൂടി ഭേദപ്പെട്ടതായിരുന്നെങ്കില് ഒരുപക്ഷേ, മെര്‍ക്കല്‍ ഈ പ്രഖ്യാപനം നടത്താന്‍ കുറച്ചു കൂടി കാക്കുമായിരുന്നു എന്നു കരുതുന്നവരും ഏറെ.
രണ്ടു മാസത്തിലേറെയായി മെര്‍ക്കലിനു മേല്‍ സമ്മര്‍ദം മുറുകുകയായിരുന്നു. ഹെസ്സെയിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ അതു പരമാവധിയിലെത്തിയെന്നു വേണം കരുതാന്‍. അടുത്ത പൊതു തെരഞ്ഞെടിപ്പിനു മുന്‍പ് നേതൃത്വം സംബന്ധിച്ച് കാര്യങ്ങളെല്ലാം വ്യക്തമായിരിക്കണമെന്നും അവര്‍ക്ക് നിര്ബന്ധമുണ്ടായിരിക്കണം. അതാണല്ലോ ഒരു മികച്ച തന്ത്രജ്ഞയായ രാഷ്ട്രീയ നേതാവിനു വേണ്ടതും. അതിവിലെ മെര്‍ക്കല്‍ എന്ന ധീര വനിത മുന്‍കൂട്ടി പ്രഖ്യാപിയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ തന്നെ മെര്‍ക്കലിന്റെ പിന്‍ഗാമിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ആറു പേരെങ്കിലും രംഗത്തുണ്ട്. കൂടുതല്‍ പേര് വരാനും സാധ്യതയേറെ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് ഇവരിലൊരാളെ ഉറച്ച പിന്‍ഗാമിയായി ഭരമേല്‍പ്പിച്ചാല്‍ രാജ്യത്തിന്റെയും യൂറോപ്പിന്റെയും ഭാവിയെക്കുറിച്ച് ആശങ്കകളില്ലാതെ മെര്‍ക്കലിനു പടിയിറങ്ങാം.
ഏറ്റവും ഒടുവില്‍ മെര്‍ക്കല്‍തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് വെട്ടി നിരത്തിയ ഫ്രീഡ്രിഷ് മേര്സ് എന്ന അറുപത്തിരണ്ടുകാരന് വീണ്ടും മെര്‍ക്കലിന്റെ സ്ഥാനത്തു വരണമെന്ന് പാര്‍ട്ടിയണികളില്‍ തന്നെ പുതിയൊരു ചലനം സൃഷ്ടിച്ചത് കാലം കാത്തുവെച്ച നീതിയായിരിയ്ക്കണം. അതിനുള്ള പടപ്പുറപ്പാടിലാണ് സിഡിയു പാര്‍ട്ടി.
ജോസ് കുമ്പിളുവേലില്‍