Thursday, July 11, 2019 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 01 Nov 2018 12.24 PM

മുള്ളുകളും പൂക്കളുമുള്ള വഴികളിലൂടെ തന്നെയായിരുന്നു സിനിമയിലേയ്ക്കുള്ള എന്റെ യാത്ര- നവാഗത സംവിധായിക സൗമ്യ സദാനന്ദന്‍ പറയുന്നു

''മാംഗല്യം തന്തുനാനേനയിലൂടെ മലയാളത്തില്‍ ഒരു പുതിയ സംവിധായിക കൂടി അരങ്ങേറുന്നു. ''
uploads/news/2018/11/261332/soumyaINSW011118b.jpg

കൊച്ചിയിലെ വീട്ടിലെ ബാല്‍ക്കണിയില്‍ പെയ്യാന്‍ വെമ്പിനില്‍ക്കുന്ന മഴമേഘങ്ങളെ നോക്കി ഇരിക്കുകയാണ് മലയാളത്തിലെ നവാഗത സംവിധായിക സൗമ്യ സദാനന്ദന്‍. മലയാളിക്ക് ഈ മുഖം സുപരിചിതമാണ്.

ചാനല്‍ അവതാരകയായും നടിയായും ഹ്രസ്വചിത്ര സംവിധായികയായും മലയാളി മനസില്‍ ഇടം നേടിയ ഈ പെണ്‍കുട്ടി സംവിധായികയുടെ പുതിയ കുപ്പായമണിഞ്ഞിരിക്കുന്നു.

ചെമ്പൈ മൈ ഡിസ്‌കവറി ഓഫ് എ ലജന്‍ഡ് എന്ന ആദ്യ ഡോക്യുമെന്ററിയിലൂടെത്തന്നെ ദേശീയ പുരസ്‌ക്കാരം നേടിയ സൗമ്യ കൈവച്ചതെല്ലാം പൊന്നാക്കി തന്റെ ജൈത്രയാത്ര തുടരുന്നു. തിരക്കുകള്‍ക്ക് ഇടവേള നല്‍കി അടുത്ത സിനിമയ്ക്കായുള്ള ധ്യാനത്തിലാണ് സൗമ്യ.

ഏകാന്തതയേയും യാത്രകളേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്ന സൗമ്യയുടെ മനസില്‍ നിറമുള്ളൊരു കുട്ടിക്കാലമുണ്ട്. അന്നുമുതല്‍ കണ്ടുതുടങ്ങിയ സ്വപ്നങ്ങളിലേക്ക് ചിറകടിച്ച് പറന്നുയരുന്ന സൗമ്യയ്ക്കൊപ്പം അല്‍പനേരം.

മാംഗല്യം തന്തുനാനേനയിലേക്കുള്ള യാത്ര?


പൂക്കള്‍ വിരിച്ച വഴികളിലൂടെ മാത്രമായിരുന്നു യാത്ര എന്ന് ഒരിക്കലും അവകാശപ്പെടില്ല. മുള്ളുകളും പൂക്കളുമുള്ള വഴികളിലൂടെയായിരുന്നെങ്കിലും യാത്ര ഗംഭീരമായി. ഒരുപാടനുഭവങ്ങള്‍ കിട്ടിയതില്‍ ചിലതെല്ലാം വരുംനാളുകളിലേക്ക് ഓര്‍ത്തുവയ്ക്കാനുള്ളതാണ്. മറ്റുചിലത് വഴിയില്‍ ഉപേക്ഷിച്ചു. എന്തായാലും യാത്രയ്ക്കൊടുവില്‍ ഞാന്‍ കുറേക്കൂടി സന്തോഷമുള്ള, നല്ലൊരു മനുഷ്യനായെന്ന് തോന്നുന്നു.

സൗമ്യയില്‍ നിന്ന് ഒരു കുടുംബചിത്രം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഫാമിലിയോട് അത്ര അറ്റാച്ച്ഡ് ആണോ?


അച്ഛനും അമ്മയുമായി വളരെയധികം അടുപ്പമുള്ള വ്യക്തിയാണ് ഞാന്‍. വലിയൊരു ബോണ്ട് ഞങ്ങള്‍ക്കിടയിലുണ്ട്. പക്ഷേ ഈ സിനിമ പൂര്‍ണ്ണമായും ടോണിയുടെ സ്‌ക്രിപ്റ്റാണ്. ടോണിയുടെയും സുഹൃത്തുക്കളുടേയും അനുഭവങ്ങള്‍ കോര്‍ത്തിണക്കിയതാണീ സിനിമ. ഞാന്‍ എത്രനാള്‍ ജീവിച്ചാലും ആ അനുഭവങ്ങളിലൂടെ കടന്നുപോകുമോ എന്നറിയില്ല. അങ്ങനെയെങ്കില്‍ ഒരു സിനിമയിലൂടെ ആ അനുഭവങ്ങളിലൂടെ കടന്നുപോയാലോ എന്നൊരു ആലോചനയില്‍ നിന്നാണ് ഈ സിനിമ ഉണ്ടായത്.
uploads/news/2018/11/261332/soumyaINSW011118a.jpg

നടിമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. സംവിധായികയായപ്പോള്‍..?


എന്റെ ടാലന്റിലും, വിശ്വസിച്ച സ്‌ക്രിപ്റ്റിലുമാണ് പ്രൊഡ്യൂസറും നടീനടന്മാരും പോസിറ്റിവിറ്റി കണ്ടത്. ആ സ്‌ക്രിപ്റ്റ് ഏറ്റെടുത്ത് ഞാനും ടോണിയും ഒരുമിച്ച് നടന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ആ സ്‌ക്രിപ്റ്റ് ടോണിയുടെ കൈയില്‍ ഇരുന്ന് പോയേനെ.

അതൊരു പ്രോജക്ട് ആകില്ലായിരുന്നു. പക്ഷേ ഇങ്ങനെ ഒരു സിനിമ ആവുക എന്നതായിരുന്നു അതിന്റെ വിധി. സ്‌ക്രിപ്റ്റിലും മേക്കിങ്ങിലുമെല്ലാം പ്രൊഡ്യൂസറും നടീനടന്മാരുമൊക്കെ വിശ്വസിച്ചതിനാല്‍ നല്ലൊരു സിനിമയായി മാറി.

സിനിമ പൂര്‍ത്തിയാക്കുന്നതിനിടയില്‍ ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു, ഞാനൊരു പെണ്‍കുട്ടിയായതുകൊണ്ടല്ലത്, എല്ലാ നവാഗതരും നേരിടുന്ന ഭീമാകാരന്‍ പ്രശ്‌നങ്ങളൊക്കെത്തന്നെയാണ് ഞാനും നേരിട്ടത്.

ഒരുപാട് യാത്ര ചെയ്യുന്ന, സിനിമ ആസ്വദിക്കുന്ന വ്യക്തിയാണ്. സ്വന്തം സിനിമയുടെ കാര്യത്തില്‍ ലൊക്കേഷനും അഭിനേതാക്കളേയും കണ്ടെത്തിയത് എങ്ങനെ?


കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് ഷൂട്ട് ആരംഭിക്കുന്നത്. നല്ല വെയിലുള്ള സമയം. പച്ചപ്പുള്ളൊരു ലാന്‍ഡ്സ്‌കേപ്പില്‍ ഷൂട്ട് ചെയ്യണമെന്നൊരാഗ്രഹമുണ്ടായിരുന്നു. കടുത്ത വേനലിലും പച്ചപ്പ് കാണു ന്ന നാട്ടിന്‍പുറങ്ങള്‍ കേരളത്തിലുണ്ട്. അത്തരമൊരു നാട്ടിന്‍പുറത്താണ് ഞാന്‍ വള ര്‍ന്നത്. അങ്ങനെ ആലോചിച്ചപ്പോള്‍ തൊടുപുഴയാകട്ടെ ലൊക്കേഷന്‍ എന്ന് തീരുമാനിച്ചു.

അവിടെത്തിയപ്പോള്‍ റോയിയുടെ വീടും കൂട്ടുകാരുടെ വീടും പാലവും കവലയുമൊക്കെയായി ഞാന്‍ മനസില്‍ കണ്ട പശ്ചാത്തലമൊക്കെ അവിടെയുണ്ടായിരുന്നു.

കഥ കേട്ടശേഷം ഏതൊക്കെ അഭിനേതാക്കളെയാണ് ഉദ്ദേശിക്കുന്നതെന്ന് പ്രൊഡ്യൂസര്‍ ആല്‍വിന്‍ ആന്റണി ചേട്ടന്‍ ചോദിച്ചിരുന്നു. അദ്ദേഹമൊരു സീനയര്‍ പ്രൊഡ്യൂസറായതുകൊണ്ടുതന്നെ താരങ്ങളുടെ ഡേറ്റ് സംഘടിപ്പിക്കുന്നത് എളുപ്പമായി. അങ്ങനെ ഞാന്‍ ആഗ്രഹിച്ച താരങ്ങളെ സിനിമയിലെത്തിക്കാന്‍ കഴിഞ്ഞു.

സിനിമ പാഷനായതെപ്പോഴാണ്?


ചെറുപ്രായം മുതല്‍ കഥപറച്ചിലിനോട് വലിയ പ്രേമമായിരുന്നു. ദിവസവും നടന്ന കാര്യങ്ങള്‍ വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ പറഞ്ഞ് ഫലിപ്പിക്കുന്നത് എനിക്കു കൗതുകമുള്ളൊരു കാര്യവുമായിരുന്നു. ക്രമേണ ആ കൗതുകം എനിക്കൊപ്പം വളര്‍ന്ന് സിനിമയില്‍ വന്നു നിന്നു.

സ്വാധീനിച്ച മറ്റു സിനിമകള്‍?


ഫാസില്‍ സാറിന്റെ, സിബി മലയില്‍ സാറിന്റെ, കമല്‍ സാറിന്റെ, സത്യന്‍ സാറിന്റെയൊക്കെ സിനിമകള്‍ എനിക്കിഷ്ടമാണ്. ശ്രീനിവാസന്റെ തിരക്കഥയിലുള്ള സിനിമകളൊക്കെ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. വേണു നാഗവള്ളി സാറിന്റെ കളിപ്പാട്ടവും കിലുക്കവുമൊക്കെ കണ്ണു നനയിച്ചപ്പോള്‍ ഫണ്‍ ഓറിയന്റഡായി സിനിമകള്‍ ചെയ്യാമെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ സിദ്ദിഖ് ലാല്‍ ടീമിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയുമൊക്കെ സിനിമകള്‍ കുടുകുടെ ചിരിപ്പിച്ചു.
uploads/news/2018/11/261332/soumyaINSW011118.jpg

തൊണ്ണൂറുകളിലെ സിനിമകളെ സ് നേഹിക്കുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് പത്മരാജന്‍ സാറിന്റെ ക്ലാസിക് സിനിമകള്‍. അത്രയും ലയേര്‍ഡ് ആയിട്ടുള്ള കഥയും കഥാപാത്രങ്ങളുമൊക്കെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനേ കഴിയൂ. ഇനി വരുന്ന പ്രേക്ഷകര്‍ക്കൊക്കെയും അത്രയും ആഴമുള്ള കഥയും കഥാപാത്രങ്ങളുമൊക്കെ താങ്ങാനാകുമോ എന്നെനിക്കറിയില്ല. എങ്കിലും ഒരുപാട് ആഗ്രഹിച്ചതല്ലേ, അതുകൊണ്ട് നല്ല സിനിമകള്‍ ചെയ്യണം.

വീട്ടുകാരുടെ പിന്തുണ?


ഒരുപ്രായംവരെയൊക്കെയേ മാതാപിതാക്കള്‍ അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞ് ശാസിക്കുകയുള്ളൂ. ഒരു ഘട്ടം കഴിഞ്ഞാല്‍ അതൊക്കെ മാറും. എപ്പഴോ സ്വാഭാവികമായി എന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാന്‍ എല്ലാവരും തയാറായപ്പോള്‍ എന്റെ ഇഷ്ടങ്ങള്‍ പറയാനും അതിന്റെ പുറകെ പോകാനും തീരുമാനിച്ചു. ഉള്ളിന്റെ ഉള്ളില്‍ ഒരു തീ ആളിക്കത്തുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ? അങ്ങനെ രണ്ടും കല്‍പ്പിച്ചിറങ്ങി.

സിനിമ കണ്ട ശേഷം വീട്ടുകാര്‍ ഭയങ്കര ഹാപ്പിയായിരുന്നു. എന്നില്‍ നിന്ന് ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞാനൊരു മിഡില്‍ ക്ലാസ്സുകാരിയാണ്. അച്ഛന്‍ സദാനന്ദന്‍ പത്തനംതിട്ട സ്വദേശിയാണ്, അമ്മ ഊര്‍മ്മിള ശൂരനാടുകാരിയും. അച്ഛന് കെ.എസ്.ആര്‍.ടിസിയിലും അമ്മയ്ക്ക് ടീച്ചറായും ജോലി കിട്ടി, എനിക്ക് 85 ദിവസം പ്രായമുള്ളപ്പോഴാണ് അച്ഛനും അമ്മയും ചേട്ടനും ഞാനും തിരുവനന്തപുരത്ത് എത്തുന്നത്.

ഒരു ഓലപ്പുരയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നെ ഒരു ഓടിട്ട വീട്ടില്‍. പിന്നീട് കുറച്ചുകൂടി വലിയൊരു വീടിന്റെ ഒരു ഭാഗത്തായി താമസം. അതിനുശേഷമാണ് സ്വന്തമായൊരു വീട് വയ്ക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഞാനൊരു മിഡില്‍ക്ലാസുകാരിയാണ്. ഇതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. നാല് വര്‍ഷം മെട്രോനഗരത്തില്‍ ജീവിച്ച അനുഭവമുണ്ടെങ്കില്‍പ്പോലും സ്വന്തം വേരുകള്‍ മറക്കാന്‍ കഴിയില്ല.

വര്‍ണ്ണങ്ങള്‍ ചാലിച്ച ബാല്യം മനസിലില്ലേ?


അമ്മയുടെ നാട്ടില്‍ കസിനും കുടുംബത്തിനുമൊപ്പമാണ് അവധിക്കാലം ചെലവിടുന്നത്. അവിടെ ഓലപ്പുരയുണ്ടാക്കിയതും കൈത്തോട്ടിലിറങ്ങി മീന്‍പിടിക്കുന്നതും അടുത്ത ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പം മത്സരിച്ച് ക്രിക്കറ്റ് കളിക്കുന്നതും ഒരാള്‍ക്കുമാത്രം നടക്കാവുന്ന വഴികളില്‍ കുഴി കുത്തി ആഞ്ഞിലിപ്പഴത്തിന്റെ തൊലിനിറച്ച് ആളുകളെ വീഴിച്ച് കുരുത്തക്കേടുകാണിച്ചതൊക്കെയാണ് ( ഒരു നിമിഷം പഴയ കുട്ടിക്കാലമോര്‍ത്ത് തനിയെ ചിരിക്കുന്നു)കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍.

സംഗീത കമ്പം സിനിമയിലും കാണാം. സംഗീത സംവിധാനത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാന്‍ തീരുമാനിച്ചത്?


എന്റെ സിനിമയില്‍ നല്ല പാട്ടു വേണമെന്ന ശാഠ്യം തന്നെയാണ് കാരണം. സിനിമയില്‍ അഞ്ച് പാട്ടാണുള്ളത്. അത് അഞ്ച് പുതുമുഖങ്ങള്‍ക്ക് കൊടുക്കുകയാണെങ്കില്‍ ആദ്യ അവസരമായതിനാല്‍ അവര്‍ക്കതില്‍ ഒരു ആത്മാവ് നല്‍കാനാകും. അവര്‍ക്കതൊരു ബ്രേക്കുമാകും എനിക്ക് നല്ല പാട്ടുകളും കിട്ടും എന്ന ഐഡിയയും ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. ആ തീരുമാനം വര്‍ക്കൗട്ടായി. സിനിമ കണ്ട എല്ലാവര്‍ക്കും അതിലെ പാട്ടുകളും ഇഷ്ടമായി എന്നുതന്നെയാണ് എന്റെ വിശ്വാസം.

സ്വാധീനിച്ച വനിതാ സംവിധായകര്‍?


ഞാന്‍ സിനിമ ധാരാളമായി കണ്ടുതുടങ്ങുന്ന സമയത്ത് മീരാ നായരും അപര്‍ണ്ണ സെന്നുമൊക്കെ സിനിമയില്‍ സജീവമായിരുന്നു. ആദ്യ സിനിമ ചെയ്ത് ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ് അപര്‍ണ്ണ സെന്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍ ചെയ്യുന്നത്. എന്തിനാണ് ഒരുപാട് സിനിമകള്‍ ചെയ്യുന്നത്.

അതുപോലൊരു സിനിമ പോരെ? ആ സിനിമയുടെ കഥ, അത് ഹോള്‍ഡ് ചെയ്യുന്ന പൊളിടിക്സ് എല്ലാം ഗംഭീരമായിരുന്നു. മീര നായരുടെയും അപര്‍ണ്ണ സെന്നിന്റെയുമൊക്കെ സിനിമകള്‍ ഞാന്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് കണ്ടത്. ഇത്രയൊക്കെ പോരെ? ഇതിലും വലിയ സ്വാധീനം എന്തുണ്ട്.

uploads/news/2018/11/261332/soumyaINSW011118d.jpg

സിനിമയ്ക്കുപുറമേയുള്ള ഇഷ്ടങ്ങള്‍?


പാട്ടുകേള്‍ക്കാന്‍ ഇഷ്ടമാണ്. മുമ്പ് ധാരാളം വായിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയക്കു പ്രയോരിറ്റി കൊടുക്കുന്നതുകൊണ്ട് വായന കുറഞ്ഞു. പിന്നെ ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമാണ്. ആരുടെ കമ്പനിയാണ് ഏറ്റവും എന്‍ജോയ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ എന്റെ തന്നെ എന്ന് പറയാനാണിഷ്ടം. ഇപ്പോഴത്തെ ജനറേഷന്റെയൊരു പ്രശ്നമെന്താണെന്ന് ചോദിച്ചാല്‍ അവര്‍ക്ക് അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഒറ്റയ്ക്കിരിക്കാന്‍ മടിയാണ്. എനിക്കങ്ങനെ ഒരു പ്രശ്നമേയില്ല. മണിക്കൂറുകളോളം, ദിവസങ്ങളോളം മാസങ്ങളോളം ഒറ്റയ്ക്കിരുന്നാലും ഞാന്‍ കംഫര്‍ട്ടബിളാണ്.

മാംഗല്യം തന്തുനാനേന തീര്‍ന്നശേഷം രണ്ടുദിവസം ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് ഒറ്റയ്ക്കിരുന്നു. എനിക്കൊരു പീസ് ഓഫ് മൈന്‍ഡ് വേണമായിരുന്നു. ഫോണ്‍ ഓണായിരുന്നാല്‍ ഇടയ്ക്ക് നെറ്റ് ഓണാക്കി സോഷ്യല്‍ മീഡിയ നോക്കും, ചില അപ്ഡേറ്റ്സ് കാണുമ്പോള്‍ മനസ് അതിലേക്ക് പോകും. എനിക്ക് മൈന്‍ഡിന് ഒരു ബ്രീതിങ് സ്പേസ് കൊടുക്കണമായിരുന്നു. അതിനുവേണ്ടി ചെയ്തതാണ്.

അപ്പോള്‍ ഒരു ശാന്തത എന്നെ അന്വേഷിച്ചു വന്നു. ആ ഒരു അവസ്ഥയിലാണ് ഞാനിപ്പോഴും. ഒരുപാട് യാത്ര ചെയ്ത ആളാണ് ഞാ ന്‍. കറങ്ങി നടന്നാല്‍ സിനിമ വൈകുമെന്നതുകൊണ്ടാണ് യാത്രകള്‍ ചുരുങ്ങിയത്. കുറച്ചുനാളായി ദൂരയാത്രചെയ്യാന്‍ മടിയാണ്. ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍. പക്ഷേ ഒരുങ്ങിയിറങ്ങിയാല്‍ അങ്ങ് പോകും.

വിമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ സജീവ സാന്നിധ്യമായിരുന്നല്ലോ? എന്നിട്ടും വിവാദങ്ങളിലൊന്നും പ്രതികരിച്ചു കണ്ടില്ല?


നാല് വര്‍ഷമായി ഈ സ്‌ക്രിപ്റ്റിന് പുറകേയാണ് ഞാന്‍. സംഘടന രൂപം കൊണ്ടിട്ട് ഒരു വര്‍ഷവും രണ്ടുമാസവുമാകുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മുതല്‍ സിനിമയുടെ പുറകേ ഫുള്‍ ഓണായി പ്രവര്‍ത്തിക്കുകയാണ്. എനിക്ക് സിനിമയില്‍ തലതൊട്ടപ്പന്മാരോ അടിതെറ്റിവീണാല്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഗോഡ്ഫാദറോ ഇല്ല. ആറ്റുനോറ്റിരുന്ന് ഒരവസരം കിട്ടിയപ്പോള്‍ അത് ഉപയോഗപ്പെടുത്തണമായിരുന്നു. നമ്മളുടെ കാര്യം നമ്മള്‍ തന്നെ നോക്കിയേ മതിയാകൂ. അതാണ് ഒരു റീസണ്‍.

എന്റെ സിനിമ അല്ലെങ്കില്‍ ഡബ്ല്യൂ സി.സിയിലെ മറ്റംഗങ്ങളുടെ സിനിമ പുറത്തിറങ്ങി ഞങ്ങള്‍ കഴിവുതെളിയിച്ചാലേ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ലഭിക്കൂ എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അല്ലാതെ ചുമ്മാ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. സിനിമയില്‍ സ്ത്രീകളുടെ പ്രാധാന്യം കൂടുമ്പോള്‍ ഇതുവരെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്നതെല്ലാം പ്രശ്നമല്ലാതായി മാറും. ഞാനീ പ്രോജക്ടില്‍ ഇന്‍വോ ള്‍വ് ചെയ്യണമെന്നതും ആ ശ്രമം വിജയിക്കണമെന്നതും എന്റെ മാത്രമായിരുന്നില്ല ഡബ്ല്യൂ സി.സിയിലെ മുഴുവന്‍ അംഗങ്ങളുടേയും ആവശ്യമായിരുന്നു.

എല്ലാവരുടേയും പിന്തുണ എനിക്കുണ്ടായിരുന്നു. ഞാന്‍ എത്ര വര്‍ഷം സിനിമയുടെ പുറകേ നടന്നെന്നും ഏതൊക്കെ പ്രതിസന്ധികള്‍ നേരിട്ടെന്നും എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. നീ നിന്റെ വര്‍ക്ക് കംപ്ലീറ്റ് ചെയ്യൂൂ എന്ന് പറഞ്ഞ് അവരൊക്കെ എനിക്കൊപ്പം നിന്നു.സംഘടനയുടെ എല്ലാപ്രവര്‍ത്തനങ്ങളിലും പങ്കാളിയായില്ലെങ്കിലും ചിലതിന്റെയൊക്കെ തുടക്കത്തില്‍ ഞാനും ചേരുമായിരുന്നു.

uploads/news/2018/11/261332/soumyaINSW011118c.jpg

സിനിമയ്ക്കുവേണ്ടി വര്‍ക്ക് ചെയ്യണമെന്നും പരിപാടികളില്‍ സജീവമാകാന്‍ കഴിയില്ലെന്നും മറ്റ് അംഗങ്ങളെ അറിയിച്ചിരുന്നു. എല്ലാവരും അങ്ങനെ തന്നെയാണ്. എനിക്ക് നല്ലൊരു സംവിധായികയാവണമെന്നതുപോലെ മറ്റുള്ളവര്‍ക്കും നല്ല സിനിമകളുടെ ഭാഗമാകണമായിരുന്നു. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഒരു സഹോദരിക്ക് ഒരു ദുരനുഭവമുണ്ടായി. മലയാള സിനിമയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അത്.

ഭൂമിയോളം ക്ഷമിച്ചു, ഇനിയും ക്ഷമിച്ചുകൊണ്ടിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. പ്രതികരിച്ചേ മതിയാകൂ. അത്രയേ ഉള്ളൂ. ഞങ്ങള്‍ക്കുവേണ്ടി മാത്രമല്ല സംസാരിക്കുന്നത്, ഇനി വരുന്ന തലമുറയിലെ പെണ്‍കുട്ടികള്‍ക്കും ഇവിടെ പേടി കൂടാതെ ജീവിക്കാന്‍ കഴിയണം.

സ്വന്തം സ്‌ക്രിപ്റ്റില്‍ ഒരു സിനിമ?


തീര്‍ച്ചയായുമുണ്ട്. അതിന്റെ വര്‍ക്കിലാണിപ്പോള്‍. ഇതിനോടകം ഒരുപാട് കഥകള്‍ മനസിലുണ്ട്. എട്ടോളം കഥകളുടെ വണ്‍ലൈന്‍ എഴുതിവച്ചിട്ടുണ്ട്. എന്റെ കഥകളുടെ പ്രത്യേകതയെന്തെന്നാല്‍ അവയെല്ലാം ടൈംലെസ്സാണ്. ഏത് കാലഘട്ടത്തിലും പറയാവുന്ന കഥകളാണവ. വണ്‍ലൈന്‍ എഴുതിവച്ചിരുന്നാല്‍ ഏത് സമയത്താണോ ആ കഥ പറയാന്‍ അനുയോജ്യം ആ സമയത്തിനനുസരിച്ച് സ്‌ക്രിപ്റ്റ് ചെയ്യാം.

ഞാന്‍ പറയുന്ന കഥകളില്‍ പ്രൊഡ്യൂസര്‍ക്ക് കണ്‍വീന്‍സ്ഡാകുന്ന സിനിമയ്ക്കുവേണ്ടി വര്‍ക്കൗട്ട് ചെയ്താല്‍ മതിയല്ലോ. സംസാരമവസാനിച്ചപ്പോഴേക്കും മഴമേഘങ്ങള്‍ ഭൂമിയിലേക്കെത്തിയിരുന്നു. സൗമ്യയുടെ ശ്രദ്ധ നിശബ്ദയായി പെയ്യുന്ന ആ മഴത്തുള്ളികള്‍ക്കൊപ്പമായി.

അശ്വതി അശോക്

Ads by Google
Thursday 01 Nov 2018 12.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW