Friday, April 26, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Thursday 01 Nov 2018 12.45 AM

നമുക്കു 'മംഗ്ലീഷി'ല്‍ ടൈപ്പ്‌ ചെയ്യാം; കേരളത്തിനു ബര്‍ത്ത്‌ ഡേ വിഷസ്‌!

uploads/news/2018/11/261262/2.jpg

നവസാമൂഹികമാധ്യമങ്ങളുടെ കാലത്ത്‌ കുട്ടിക്കഥകള്‍ വായിച്ചു വളരാന്‍ ആര്‍ക്കാണു സമയം? വാരികകളുടെ പിന്‍താളിലെങ്കിലും ഒരുകാലത്തു കുട്ടികളുടെ പംക്‌തികളും കാര്‍ട്ടൂണുകളും ഉണ്ടായിരുന്നു. ഇന്ന്‌ അവ അപൂര്‍വമായിരിക്കുന്നു. സ്‌മാര്‍ട്ട്‌ ഫോണുകളുടെ കാലത്ത്‌ ലിപിതന്നെ അപ്രസക്‌തമായി. മലയാളവാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതുന്നതിനു നമ്മള്‍ സ്വന്തമായൊരു ഭാഷ കണ്ടുപിടിച്ചു- മംഗ്ലീഷ്‌!

ഭാഷാടിസ്‌ഥാനത്തിലുള്ള സംസ്‌ഥാന പുനഃസംഘടനയേത്തുടര്‍ന്നാണ്‌ 1956 നവംബര്‍ ഒന്നിന്‌ ഐക്യകേരളം നിലവില്‍വന്നത്‌. ഇന്നു നമ്മുടെ കൊച്ചുകേരളത്തിന്‌ 62 വയസാകുന്നു. ഒഡീഷ ഗവര്‍ണറായിരുന്ന ഫാസല്‍ അലിയുടെ നേതൃത്വത്തില്‍, എച്ച്‌.എന്‍. കുണ്‍സ്രുവും സര്‍ദാര്‍ കെ.എം. പണിക്കരും ഉള്‍പ്പെട്ട സംസ്‌ഥാന പുനഃസംഘടനാ കമ്മിഷന്‍ 1953 ഡിസംബര്‍ 23-ന്‌ നിലവില്‍വന്നു. ജനാധിപത്യപ്രക്രിയ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഓരോ സംസ്‌ഥാനത്തെയും ഭരണഭാഷ മാതൃഭാഷയാക്കാന്‍ തീരുമാനിച്ചു.

ഒരു ജനാധിപത്യസര്‍ക്കാര്‍ ജനത്തിനു മനസിലാകുന്ന ഭാഷയില്‍ത്തന്നെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കണമെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ജനസംഖ്യയുടെ 70 ശതമാനമോ അതില്‍ കൂടുതലോ സംസാരിക്കുന്ന ഭാഷയെ ഔദ്യോഗികഭാഷയായി കണക്കാക്കാം. 1991-ലെ കാനേഷുമാരിപ്രകാരം കേരളത്തില്‍ 96.55% പേരുടെ മാതൃഭാഷയാണു മലയാളം; നമ്മുടെ സ്വത്വബോധത്തിന്റെ ഭാഷ. ഔദ്യോഗികഭാഷാനിയമം നിലവില്‍വന്നത്‌ 1969-ലാണ്‌. സര്‍ക്കാര്‍തലത്തില്‍ ഔദ്യോഗികഭാഷാവകുപ്പുണ്ട്‌.

ഔദ്യോഗികഭാഷയുമായി ബന്ധപ്പെട്ട നടപടികള്‍ നടപ്പാക്കാനും നിരീക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഈ വകുപ്പിനാണ്‌. ഔദ്യോഗികഭാഷാനിഘണ്ടു തയാറാക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രമമാരംഭിച്ചെങ്കിലും ഇന്നുമതു പൂര്‍ത്തീകരിച്ചിട്ടില്ല. കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഔദ്യോഗികഭാഷ മലയാളമാക്കാനും പുതിയ പദങ്ങള്‍ കണ്ടെത്താനും ശ്രമങ്ങള്‍ നടത്തി. എന്നാല്‍, സ്വന്തമായി "ഇന്‍സ്‌റ്റിറ്റ്യൂട്ടി"ന്‌ പകരം ഒരു മലയാളപദം കണ്ടെത്താന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല!

കേരളനിയമസഭയ്‌ക്ക്‌ ഔദ്യോഗികഭാഷ സംബന്ധിച്ച ഒരു സമിതിയുണ്ട്‌. ഔദ്യോഗികഭാഷാനയം വിജയകരമായി നടപ്പാക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനും ഭാഷാമാറ്റത്തിന്റെ കാര്യത്തില്‍ വിവിധവകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനുമാണു 2003-ല്‍ ഈ സമിതി രൂപീകരിച്ചത്‌. ഭരണഭാഷയില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിവിധ ഓഫീസുകളില്‍ "ഇന്നത്തെ വാക്ക്‌" എന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതു സമിതിയുടെ ഇടപെടലിനേത്തുടര്‍ന്നാണ്‌. സംസ്‌ഥാനബജറ്റുകളില്‍ ഔദ്യോഗികഭാഷാപ്രയോഗത്തിനായി 26 എന്ന ശീര്‍ഷകം ആരംഭിച്ചതും ഈ സമിതിയുടെ നിര്‍ദേശപ്രകാരമാണ്‌.

ജില്ലാതലങ്ങളിലും ഔദ്യോഗികഭാഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സമിതിയുമുണ്ട്‌. ഇവയൊക്കെ ആരംഭിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പല പ്രധാനവകുപ്പുകളുടെയും കത്തിടപാടുകള്‍ ഇപ്പോഴും ഇംഗ്ലീഷിലാണ്‌. ഈരംഗത്ത്‌ ആശാവഹമായി ഏറെ മുന്നോട്ടു പോയിട്ടുള്ളതു ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റാണ്‌. മലയാളത്തില്‍ വരുന്ന കത്തുകള്‍ക്കു മലയാളത്തില്‍ത്തന്നെ മറുപടി നല്‍കാനുള്ള സന്മനസ്‌ അവിടെയുണ്ട്‌. എന്നാല്‍, താഴേത്തട്ടിലുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ ഇനിയും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാനുണ്ട്‌.

നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും വേണമെന്നു പ്രത്യേകനിര്‍ദേശമുണ്ട്‌. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന വൈദ്യുതി, പൊതുമരാമത്ത്‌, നികുതി വകുപ്പുകളൊന്നും ഭരണഭാഷയുടെ കാര്യത്തില്‍ ലക്ഷ്യം കൈവരിച്ചിട്ടില്ല. ഭരണസംവിധാനത്തിന്റെ സുതാര്യതയും നിഷ്‌പക്ഷതയും ഉറപ്പുവരുത്താന്‍ സാധാരണക്കാരുടെ ഭാഷയില്‍ ഭരണനിര്‍വഹണം നടപ്പാകണം.

നമ്മുടെ ദൈനംദിനജീവിതത്തിലും മലയാളത്തിന്റെ ഇടങ്ങള്‍ കുറഞ്ഞുവരുന്നു. ഒക്‌ടോബര്‍ 27 മലയാളഭാഷയെ സ്‌നേഹിക്കുന്ന ആര്‍ക്കും വിസ്‌മരിക്കാനാവാത്ത ദിനമാണ്‌-മലയാളിയുടെ സ്വപ്‌നങ്ങള്‍ക്കു ചിറകുമുളപ്പിച്ച വയലാറിന്റെ ചരമദിനം ഭാഷാസ്‌നേഹികള്‍ എന്തോ, മറന്നുപോയി! നമ്മുടെ ഭാഷയേയും സാഹിത്യത്തെയുമൊക്കെ സമ്പുഷ്‌ടമാക്കിയ മനീഷികളുടെ ഓര്‍മകള്‍ നമുക്ക്‌ അന്യമാകുന്നു. ജോലി മാത്രം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസസമ്പ്രദായം നിലനില്‍ക്കുന്ന സാമൂഹികവ്യവസ്‌ഥയില്‍ സാംസ്‌കാരികവിനിമയത്തിനു സമയമില്ലാതെപോകുന്നു.

രാഷ്‌ട്രീയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ വയലാര്‍ ഉള്‍പ്പെടെയുള്ള കവികള്‍ കോറിയിട്ട സമന്വയത്തിന്റെയും സംസ്‌കൃതിയുടെയും സുഗന്ധം മലയാളിക്കു തിരിച്ചറിയാന്‍ കഴിയണം. വിപ്ലവമണ്ണില്‍ ജനിച്ചുവളര്‍ന്ന്‌, ഇടതുരാഷ്‌ട്രീയാഭിമുഖ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആര്‍ഷഭാരതത്തിന്റെ മിത്തുകളെയും ഐതിഹ്യങ്ങളെയും നിരാകരിക്കാതെ, ആ ചിപ്പികളില്‍നിന്നു സ്വപ്‌നങ്ങളുടെ മുത്തെടുത്തു നല്‍കാന്‍ വയലാറിനു കഴിഞ്ഞു. ഇതുള്‍ക്കൊള്ളാന്‍ പുതുതലമുറയ്‌ക്കു കഴിയാതെപോകുന്നതിന്റെ പ്രധാനകാരണം ഭാഷയില്‍നിന്ന്‌ അകലുന്നതാണ്‌.

വായനയുടെ തലങ്ങള്‍ കുറയുന്നതാണ്‌. പുരാണങ്ങളില്‍നിന്നുപോലും വിപ്ലവകവിതകള്‍ക്ക്‌ ആശയം കണ്ടെത്താന്‍ വയലാറിനു കഴിഞ്ഞു. "ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരംപേര്‍ ഉയരുന്നു..." എന്ന വിപ്ലവഗാനത്തിനു പിന്നില്‍ കാളി-ദാരികയുദ്ധത്തിന്റെ പുരാണപാഠങ്ങളുണ്ട്‌. അഭിജാതമായ ഒരു സംസ്‌കൃതിയുടെ ഭാഗമാണു നമ്മളെന്ന ബോധം അങ്കുരിപ്പിക്കാന്‍ ഭാഷയിലെ ഇത്തരം പ്രയോഗങ്ങള്‍ക്കായിട്ടുണ്ട്‌.

ഇന്നുമുതല്‍ മലയാളഭാഷാസംരക്ഷണപരിപാടികള്‍ ആരംഭിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഭാഷയ്‌ക്കു സമകാലികമായി സംഭവിക്കുന്ന രൂപാന്തരങ്ങളും ചര്‍ച്ചചെയ്യപ്പെടണം. ചര്‍ച്ചകളിലും പ്രസംഗങ്ങളിലുമൊക്കെ ഭാഷയുടെ സൗമ്യത നഷ്‌ടപ്പെടുന്നു. വെല്ലുവിളികളുടെയും ആക്രോശങ്ങളുടെയും ഭാഷയ്‌ക്കപ്പുറം, നമുക്കു പറയാനുള്ള ആശയം സൗമ്യമായി അവതരിപ്പിക്കാന്‍ എന്തേ കഴിയുന്നില്ല? നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കു രണ്ടാം ക്ലാസിലെ പാഠപുസ്‌തകം വായിക്കാന്‍ കഴിയുന്നില്ലെന്നു വിദ്യാഭ്യാസവകുപ്പ്‌ കണ്ടെത്തിയതില്‍ അത്ഭുതപ്പെടാനില്ല.

കൊട്ടിഘോഷിക്കപ്പെടുന്ന ഭാഷാവാരാചരണങ്ങള്‍ നെടുങ്കന്‍ വാചകക്കസര്‍ത്തുകളും സൈദ്ധാന്തിക സെമിനാറുകളിലുമൊക്കെ അവസാനിക്കുന്നു. എല്ലാം പഴഞ്ചനാണെന്നു പറയുമ്പോഴും കുട്ടിക്കാലത്തെ വായനയാണ്‌ ഈ ലേഖകനില്‍ ഉള്‍പ്പെടെ ഭാഷാസ്‌നേഹത്തിന്‌ അടിത്തറ പാകിയത്‌. തെറ്റുകൂടാതെ പത്തുവാക്ക്‌ മലയാളത്തില്‍ പറയാന്‍ കഴിയുന്നതും അതുകൊണ്ടാണ്‌. ചാനല്‍ അവതാരകരുടെ ഭാഷയാണു യഥാര്‍ത്ഥ മലയാളമെന്നു പുതുതലമുറ തെറ്റിദ്ധരിക്കുന്നു. വായനയിലേക്കു ചെറുപ്രായത്തിലേ കടന്നുചെല്ലാന്‍ മുന്‍തലമുറയെ സഹായിച്ച ബാലപ്രസിദ്ധീകരണങ്ങളും ഇന്നു മരണക്കിടക്കയിലാണ്‌.

ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുതന്നെ ഭാഷയെ ശക്‌തിപ്പെടുത്താന്‍ കഴിയും. തമിഴില്‍ അത്തരമൊരു നീക്കം നടന്നത്‌ അനുകരണീയമാണ്‌. ടെലിഫോണിനു "തൊലൈപേശി"യെന്നും കമ്പ്യൂട്ടറിനു "കാണിനി"യെന്നും ഇന്‍സ്‌റ്റിറ്റ്യൂട്ടിനു "നിറുവന"മെന്നും ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിനു "മൊഴി നിറുവന"മെന്നുമുള്ള ബദലുകള്‍ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞു. നമുക്ക്‌ ഇത്രകാലമായിട്ടും ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഇന്നും ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ തന്നെയാണ്‌; അതു ഭാഷയുടെ പേരിലുള്ളതായാലും.

അച്ചടിയിലെ ഏകീകരണമില്ലായ്‌മയും നമുക്ക്‌ ഒട്ടേറെ വൈഷമ്യങ്ങള്‍ സൃഷ്‌ടിക്കുന്നു. ഒറ്റവാക്കുകള്‍ എവിടെയൊക്കെ മുറിക്കണമെന്ന്‌ അറിയാത്തതിനാല്‍ അര്‍ത്ഥവ്യത്യാസമുണ്ടാകുന്നു. കമ്പ്യൂട്ടറിലെ ഏകീകൃതലിപിയുടെ അഭാവം പരിഹരിക്കാന്‍ സാങ്കേതികവിദ്യ കണ്ടെത്തണം. നിലവില്‍ യുണീകോഡ്‌ സംവിധാനമുണ്ടെങ്കിലും പൂര്‍ണപ്രാപ്‌തമല്ല. ഭാഷാപഠനത്തില്‍ വൃത്തവും അലങ്കാരങ്ങളും വേണ്ടെന്നുവച്ചതോടെ വ്യാകരണം അപ്രസക്‌തമായി. തൊഴിലധിഷ്‌ഠിതമായ സാമൂഹികവ്യവസ്‌ഥയില്‍ ഇതിനൊക്കെ എന്തു പ്രസക്‌തിയെന്നു ചോദിച്ചേക്കാം.

ഒരു ഭാഷയുടെ നിലനില്‍പ്പിനായി എന്നേ മറുപടിയുള്ളൂ. ഭാഷയുടെ പേരില്‍ ഒരു സംസ്‌ഥാനം അഭിമാനിക്കുമ്പോള്‍തന്നെ കാലോചിതമായി ഭാഷയെ ശാക്‌തീകരിക്കാനും സമകാലികവ്യവഹാരങ്ങളില്‍ മാതൃഭാഷാസാന്നിധ്യം ഉറപ്പാക്കാനും കഴിയണം. ഒരു പിറന്നാള്‍കൂടി കടന്നുവരുമ്പോള്‍, അതിനു കാരണഭൂതമായ ഭാഷയെ അതിന്റെ അന്തസിലും ആഭിജാത്യത്തിലും ഹൃദയത്തോടു ചേര്‍ത്തുപിടിക്കാന്‍ കഴിയണം.

Ads by Google
Ads by Google
Loading...
TRENDING NOW