Friday, June 21, 2019 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 29 Oct 2018 04.34 PM

ചരിത്രസമരം

uploads/news/2018/10/260659/Weekly291018.jpg

പുതുകാല മലയാള സാഹിത്യത്തിലെ ശ്രദ്ധേയ നാമങ്ങളിലൊന്നായ മിനി പി.സി.യുടെ അടുത്തയിടെ പുറത്തിറങ്ങിയ കാന്തം എന്ന നോവലിന്റെ പ്രമേയം സിസ്റ്റര്‍ റോസി എന്ന യുവ കന്യാസ്ത്രീക്ക് ഒരു പുരോഹിതനില്‍നിന്നുണ്ടാകുന്ന ലൈംഗിക ചൂഷണമാണ്.

ആ രചനയിലൂടെ കടന്നുപോയപ്പോള്‍ അത് ഭാവനയ്ക്കപ്പുറം കേരളീയ സാമൂഹ്യ ജീവിതത്തില്‍ ഇത്രപെട്ടെന്ന് കടുത്ത പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയായിത്തീരുമെന്ന് തീരെ നിനച്ചതല്ല.

എന്നാല്‍ സര്‍ഗാത്മക ഭാവനയുടെ പ്രവചനാത്മകതയ്ക്ക് ഒരിക്കല്‍ കൂടി അടിവരയിട്ടുകൊണ്ട് പുരോഹിതനുമപ്പുറം, ഒരു കത്തോലിക്കാ സഭാ ബിഷപ്പ് തന്നെ നടത്തിയിട്ടുള്ള കന്യാസ്ത്രീ പീഡനം സഭാവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ വലിയ വെല്ലുവിളികളുയര്‍ത്തുകയാണ്.

ഇവിടെ ഒരുപക്ഷേ ഇന്ത്യന്‍ കത്തോലിക്കാസഭയുടെ തന്നെ ചരിത്രത്തില്‍ പുതിയൊരു തുടക്കം കുറിച്ചുകൊണ്ട് മഠങ്ങളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് കന്യാസ്ത്രീകള്‍ തങ്ങളുടെ പരമോന്നത മേലധികാരികളില്‍ ഒരാള്‍െക്ക തിരെ തെരുവില്‍ നടത്തിയ സമരം വിജയപ്രാപ്തിയിലെത്തിയിരിക്കുകയാണ്.

ഇതേ വരെയുള്ള നമ്മുടെ ഭരണകൂട നീതിന്യായ സംവിധാനങ്ങളുടെ നാള്‍വഴികള്‍ വിലയിരുത്തുമ്പോള്‍ പരാതിക്ക് മേലെയുള്ള പോലീസ് അനേ്വഷണത്തിന്റെ സ്വാഭാവിക പരിണതി എന്നതിനപ്പുറം അസാധാരണമായ വിധം പൊതുസമൂഹ, മാധ്യമ പിന്തുണ നേടിയ കന്യാസ്ത്രീകളുടെ തെരുവു സമരവും ആരോപണവിധേയനായിരിക്കുന്ന ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് സമ്മര്‍ദ്ദം ചെലുത്തി എന്ന് ന്യായമായി ചിന്തിക്കാവുന്നതാണ്.

ഇങ്ങനെ ഒരു വിലയിരുത്തല്‍ എന്നത് ഇടത് വലത് ഭേദത്തിനപ്പുറം നമ്മുടെ നാട്ടിലെ ഭരണകൂടങ്ങളും അവയെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രബല മതസ്ഥാപനങ്ങളും തമ്മിലുള്ള കൊള്ളക്കൊടുക്കലുകളുടെ നേര്‍ക്കാഴ്ചകളില്‍നിന്ന് ഉരുത്തിരിയുന്ന ഒന്നുമാണ്.

കാലകാലങ്ങളായി നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പല അറിവുകളും വച്ച് നോക്കുമ്പോള്‍, കന്യാസ്ത്രീകള്‍ പുരോഹിതന്മാരാലും അതേപോലെയുള്ള മേലധികാരികളാലും പീഡിപ്പിക്കപ്പെടുന്നുണ്ട്.

തീര്‍ച്ചയായും സഭയിലെ വലിയൊരു പങ്ക് സമര്‍പ്പിത ചേതസ്സുകളായ പുരോഹിതന്മാരെ മാറ്റിനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇതു പറയുന്നത്.
ഇതിനോടൊപ്പം തന്നെ, മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം സ്വശരീരങ്ങളുടെ അടക്കാനാവാത്ത കാമനകള്‍ക്ക് സാഫല്യം സ്വമനസാലെ തേടുന്ന പെ ണ്മകളെയും നമുക്ക് മഠങ്ങളില്‍ കണ്ടെത്താം.

ഇവിടെയും, മഠങ്ങളുമായി സ്വാഭാവികമായി ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്താനാകുന്ന പുരോഹിതന്മാര്‍ തന്നെയാകും അവരുടെ പങ്കാളികളായി വരുന്നത്. അങ്ങനെ നോക്കുമ്പോള്‍ സഭ അനുശാസിക്കുന്ന നിര്‍ബന്ധിത ബ്രഹ്മചര്യം പുരോഹിതന്മാരിലെയും കന്യാസ്ത്രീകളിലെയും ഒരു ന്യൂനപക്ഷത്തിനെങ്കിലും അസഹ്യമായിത്തീരുകയും അതുവഴി അവര്‍ക്കും സഭയ്ക്കുതന്നെയും അനേകം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇവിടെയാണ്, കത്തോലിക്കാ സഭ അതിന്റെ പുരോഹിതന്മാരില്‍ അടിച്ചേല്‍പ്പിക്കുന്ന ബ്രഹ്മചര്യവ്രതം പുനഃപരിശോധിക്കേണ്ട കാലം എന്നേ കടന്നുപോയിരിക്കുന്നു എന്ന സംവാദം ഉയര്‍ന്നുവരുന്നത്.

കേരളത്തിലും ഭാരതത്തിലും മാത്രമല്ല, ലോകമാകെ കത്തോലിക്കാ സഭ അതിന്റെ പുരോഹിതന്മാരിലും ബിഷപ്പുമാരിലും കര്‍ദ്ദിനാളന്മാരിലും ഒരു വിഭാഗം അവരുടെ ലൈംഗികതൃഷ്ണാ ശമനങ്ങള്‍ക്ക് തേടുന്ന വിവിധ വഴികള്‍ സൃ ഷ്ടിക്കുന്ന ക്രിമിനല്‍ കുറ്റങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്.

പുതിയ കാലത്തിന്റെ ചലനങ്ങള്‍ ഏറ്റവും സൂക്ഷ്മമായി തൊട്ടറിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെയും മറ്റും നിര്‍ണായകശ്രദ്ധ പതിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയവുമാണിത്.

ഇതോടൊപ്പം ഒരു കാര്യംകൂടി പറയേണ്ടതുണ്ട്. കന്യാസ്ത്രീകളുടെ സമരത്തെ ഇടത് സര്‍ക്കാരിനെതിരെയുള്ള സമരമെന്ന മട്ടില്‍ അധിക്ഷേപിക്കാന്‍ തുനിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ സത്യത്തില്‍ ഇടതുപക്ഷ ചിന്താഗതിക്കാരിലും യഥാര്‍ത്ഥ വിശ്വാസികളിലുമെല്ലാം വലിയ നിരാശയാണ് ഉളവാക്കിയിരിക്കുന്നത്.

ഒരുകാലത്ത് ഏറെ തിളക്കമാര്‍ന്നു നിന്നിരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് അപചയങ്ങള്‍ സൃഷ്ടിക്കാനും തദ്വാരാ സംഘ പരിവാറും ഇസ്ലാമിക തീവ്രവാദികളും ഉള്‍പ്പെടെയുള്ള എല്ലാ മത, വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കും കേരളത്തില്‍ വേരോട്ടം ഉണ്ടാക്കാനും ഇടയാക്കിയത് മത, വര്‍ഗീയ വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കുന്ന ഇത്തരം സങ്കുചിത രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടു കൂടിയാണ്.

വിനു എബ്രഹാം
(പ്രശസ്തനായ പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമാണ് ലേഖകന്‍)

Ads by Google
Monday 29 Oct 2018 04.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW