Saturday, June 22, 2019 Last Updated 47 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 29 Oct 2018 03.47 PM

പകര്‍ച്ചപ്പനി കരുതിയിരിക്കുക

''കാലാവസ്ഥയിലെ വ്യതിയാനവും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പവും മലിനമായ ചുറ്റുപാടും പനി പടരാന്‍ അനുകൂലസാഹചര്യമൊരുക്കുന്നു. വൈറല്‍പ്പനി പകരാതെ സൂക്ഷിക്കേണ്ടത് രോഗിതന്നെയാണ്''
uploads/news/2018/10/260651/pani291018a.jpg

പ്രളയശേഷം പകര്‍ച്ചപ്പനിപോലുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കാലാവസ്ഥയിലെ വ്യതിയാനവും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പവും മലിനമായ ചുറ്റുപാടും പനി പടരാന്‍ അനുകൂലസാഹചര്യമൊരുക്കുന്നു. വൈറല്‍പ്പനി പകരാതെ സൂക്ഷിക്കേണ്ടത് രോഗിതന്നെയാണ്. മറ്റുള്ളവരിലേക്ക് രോഗാണുക്കള്‍ പകുത്തു നല്‍കാതെ മുന്‍കരുതലുകള്‍ എടുക്കുക.

1. രോഗാണു ശരീരത്തില്‍ കടന്ന് 24 മണിക്കൂര്‍ കഴിഞ്ഞാണ് തുമ്മലും മറ്റു വിഷമതകളും ഉണ്ടാകുന്നത്. ഈ സമയം മുതല്‍ ജലദോഷം പൂര്‍ണമായും മാറുന്നതുവരെ ഏതുസമയത്തും രോഗം പകരാം.
2. യാത്രയിലും ആളുകള്‍ കൂടുന്നിടത്തുംനിന്നുമാണ് രോഗം പകരുന്നത്. രോഗി സ്പര്‍ശിച്ച സ്ഥലത്ത് മറ്റൊരാള്‍ സ്പര്‍ശിച്ചതുവഴി രോഗം പകരാം.
3. രോഗി തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോഴും രോഗാണു അന്തരീക്ഷത്തില്‍ പടരുകയും മറ്റുള്ളവരിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
4. ജലദോഷവും പകര്‍ച്ചപ്പനിയും വായുവിലൂടെ പകരുന്ന രോഗമാണ്. അതിനാല്‍ രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗം വളരെ വേഗം പകരുന്നു.
5. രോഗി ഉപയോഗിച്ച കിടക്ക, തലയിണ, തൂവാല, തോര്‍ത്ത് എന്നിവയുമായുള്ള സമ്പര്‍ക്കം പാടേ ഒഴിവാക്കണം.

6. രോഗിയുടെ തുമ്മല്‍ ഏല്‍ക്കരുത്. രോഗിക്കൊപ്പം കിടക്കുകയോ ചേര്‍ന്നുനിന്ന് സംസാരിക്കുകയോ ചെയ്യരുത്.
7. ജലദോഷമുള്ളവരും ഇല്ലാത്തവരും ഒരു മുറിക്കുള്ളില്‍ കൂടി നില്‍ക്കരുത്. അടഞ്ഞ അന്തരീക്ഷത്തില്‍ വളരെ വേഗം രോഗം പകരുന്നു.
8. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിവതും ചൂടോടെ കഴിക്കുക,
9. പനി പരത്തുന്ന കൊതുകുകള്‍ പെരുകാതിരിക്കാന്‍ പരിസരം ശുചിയായി സൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നീ മുന്‍കരുതലുകളെടുത്താല്‍ ഒരു പരിധിവരെ പകര്‍ച്ചപ്പനിയില്‍നിന്ന് രക്ഷനേടാം.
10. വൈറസുകൊണ്ടുണ്ടാകുന്ന പകര്‍ച്ചപ്പനികള്‍ പൊതുവേ അപകടകാരികളല്ല. പക്ഷേ പ്രതിരോധശേഷി തീരെ കുറഞ്ഞവരും, പ്രായമായവരും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും പനി വരാതെ സൂക്ഷിക്കേണ്ടതുണ്ട്.

11. ധാരാളം വെള്ളം കുടിച്ച് നന്നായി വിശ്രമിക്കുകയാണ് വൈറല്‍പ്പനിക്കെതിരെയുള്ള നല്ല പ്രതിവിധി.
12. പനിയോടൊപ്പം ഛര്‍ദിയും വയറിളക്കവും പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നതും നിര്‍ജലീകരണത്തിനും ക്ഷീണത്തിനുമിടയാക്കും. അതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളമായി കുടിക്കുകയാണ് പനിയെത്തുടര്‍ന്നുള്ള ക്ഷീണം ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം.
13. പനി ബാധിച്ച ശരീരത്തിന് വിശ്രമം നല്‍കാതിരുന്നാല്‍ പനിയുടെ കാഠിന്യം വര്‍ധിച്ച് പനി ശമിക്കാന്‍ താമസമെടുക്കും. പനി കുറയുവാനും പെട്ടെന്ന് സുഖം പ്രാപിക്കുവാനും പൂര്‍ണ വിശ്രമം സഹായിക്കും.
14. കുടുംബത്തില്‍തന്നെയാണെങ്കിലും പനിയുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. പനി വ്യാപിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
15. പനിയുള്ളയാള്‍ യാത്രകള്‍ ഒഴിവാക്കണം. കൂടാതെ മറ്റ് ജോലികളില്‍നിന്നും മാറിനല്‍ക്കുകയും വേണം.

16. വിശ്രമിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുന്നത് രോഗാണുക്കളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാന്‍ ശരീരത്തിന് കരുത്തു നല്‍കും.
17. മലമൂത്ര വിസര്‍ജനത്തിനുശേഷവും യാത്രയ്ക്കു ശേഷവും സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക.
18. പകര്‍ച്ച വ്യാധികള്‍ ഉണ്ടായാല്‍ മൂന്നാഴ്ചത്തേക്ക് സ്വന്തം ജില്ലവിട്ട് യാത്ര ചെയ്യാതിരിക്കുക. ബന്ധുമിത്രാദികളെ സ്വന്തം വീട്ടിലേക്ക് വരുത്താതിരിക്കുക.
19. പനി പൂര്‍ണമായും മാറുന്നതുവരെ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് ഒഴിവാക്കുക. മറ്റ് കുട്ടികള്‍ക്കുകൂടി പനി പകരാതിരിക്കാന്‍ വേണ്ടിയാണിത്.
20. വീടിനു ചുറ്റുപാടും വൃത്തിയാക്കണം. കൊതുകുകള്‍ പെറ്റുപെരുകുന്നത് ഇതിലൂടെ തടയാം.

uploads/news/2018/10/260651/pani291018b.jpg

21. പ്ലാസ്റ്റിക് കടലാസുകളും സഞ്ചികളും നിരത്തില്‍ വലിച്ചെറിയരുത്. ഇത് കൊതുക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം ഒരുക്കും.
22. കൊതുകുകടി ഒഴിവാക്കാന്‍ കൊതുകുവലയോ കൊതുകിനെ അകറ്റി നിര്‍ത്തുന്ന മറ്റു വസ്തുക്കളോ ഉപയോഗിക്കുക.
23. കൊതുക് അധികമായുള്ള വൈകുന്നേരങ്ങളില്‍ വീടിന് പുറത്തിറങ്ങുന്നത് കുറയ്ക്കുക. അഥവാ ഇറങ്ങണമെങ്കില്‍ കൊതുകിനെ അകറ്റി നിര്‍ത്തുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.
24. പറമ്പിലും വീടിന്റെ പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുക.
25. പനിയുടെ അസ്വസ്ഥതകളും ശരീരവേദനയും കൂട്ടാന്‍ മദ്യപാനം കാരണമാകുന്നു. മദ്യപാനം പാടില്ല.

26. കൊതുകുവലകള്‍ ഉപയോഗിച്ച് വാതിലും ജനലും മൂടുകവഴി കൊതുക് വീടനകത്ത് കടക്കുന്നതൊഴിവാക്കാം.
27. കൊതുകുകളും ജനലുകളും സന്ധ്യയ്ക്കു മുന്‍മ്പ് അടച്ചിടുക.
28. കെട്ടികിടക്കുന്ന അഴുക്കുവെള്ളത്തില്‍ ഇറങ്ങാതിരിക്കാനും എപ്പോഴും ചെരുപ്പു ധരിക്കാനും ശ്രദ്ധിക്കണം. എലികളുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ജലസ്രോതസില്‍ എത്തുകയും ശരീരത്തിലുള്ള മുറിവുകളിലൂടെ ശരീരത്തു പ്രവേശിച്ച് രോഗങ്ങളുണ്ടാകും.
29. എളുപ്പം ദഹിക്കാന്‍ കഴിവുള്ള ആഹാര സാധനങ്ങള്‍ വേണം പനി ബാധിതര്‍ കഴിക്കാന്‍. ഇതിനായി ലളിതമായ ഭക്ഷണ രീതി സ്വീകരിക്കുക.
30. പനിബാധയെത്തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം തടയാന്‍ ധാരളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയാറാക്കിയ പാനീയം തുടങ്ങിയവ രോഗിക്ക് കുടിക്കാന്‍ നല്‍കണം.

31. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിന് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ സഹായിക്കും. പഴങ്ങളില്‍ രോഗപ്രതിരോധത്തിന് സഹായിക്കുന്ന വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
32. രോഗികഴിച്ചതിനുശേഷം ബാക്കി വരുന്ന ആഹാരസാധനങ്ങള്‍ കഴിക്കരുത്.
33. തുറന്നുവച്ചിരിക്കുന്നതോ തണുത്തതോ പഴകിയതോ ആയ ആഹാര സാധനങ്ങള്‍ കഴിക്കരുത്.
34. പുറത്തു പോകുമ്പോള്‍ ചൂടുള്ള ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
35. കൃത്യമായ ദിനചര്യയും വ്യക്തിശുചിത്വവും പാലിക്കുന്നവര്‍ക്ക് പനി പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായിരിക്കും.

36. പ്രതിരോധശേഷി കുറഞ്ഞ ഗര്‍ഭിണികള്‍ പനി പിടിപ്പെടാതെ ശ്രദ്ധിക്കണം.
37. ഗര്‍ഭിണി പനിയുള്ളവരുമായി അടുത്തിടപഴകുന്നത് പൂര്‍ണമായും ഒഴിവാക്കുക. കാരണം ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന പനി ഗര്‍ഭസ്ഥശിശുവിനെ ഗുരുതരമായി ബാധിക്കാം.
38. സാധാരണ ജലദോഷപ്പനി ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് തുടങ്ങിയവ അമ്മയ്ക്കു ഉണ്ടായാല്‍ അത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും.
39. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്കു മുതിരാതെ ഡോക്ടറെകണ്ട് ഏതുതരം പനിയാണെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നടത്തുക.
40. പ്രമേഹരോഗികള്‍, സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ശരീരത്തിന്റെ പ്രതിരോധശേഷി കുറവായതിനാല്‍ പനിപിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ പനിയുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.

41. പനിയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായ് മൂടുക.
42. അലര്‍ജിയുള്ളവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും ആരോഗ്യം കുറഞ്ഞവര്‍ക്കും ജലദോഷവും പനിയും പിടികൂടാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ മഴ നനയാതെയും അധികം തണുപ്പടിക്കാതെയും സൂക്ഷിക്കണം.

Ads by Google
Ads by Google
Loading...
TRENDING NOW