Sunday, June 23, 2019 Last Updated 20 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 29 Oct 2018 01.12 PM

കലാഭവന്‍ മണിയും ജയസൂര്യയുമൊക്കെ പണ്ട് എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്, സിനിമയില്ലെങ്കില്‍ തട്ടുകടയിട്ടും ജീവിക്കാമെന്ന് ധൈര്യമുണ്ട്- വിനയന്‍ തുറന്നു പറയുന്നു

''വിനയന്റെ ജീവിതത്തില്‍ കലാഭവന്‍ മണിക്ക് സഹോദര തുല്യമായ സ്ഥാനമുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന മണി ചിത്രത്തിലൂടെ വിനയന് പറയാനും ഏറെയുണ്ട്...''
Vinayan interview

വിനയന്റേത് ഒരു ഒറ്റയാള്‍ പോരാട്ടമായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുളള ഒറ്റയാള്‍ പോരാട്ടം. തനിക്ക് അന്നം തന്ന സിനിമാമേഖലയില്‍നിന്ന് ഒന്‍പത് വര്‍ഷം സഹപ്രവര്‍ത്തകര്‍ മാറ്റി നിര്‍ത്തിയപ്പോഴും വിനയന്‍ മാറി ചിന്തിച്ചില്ല. വാക്കുകളില്‍ ഉറച്ചുനിന്നു.

ആ ഉറപ്പ് വിജയത്തിന്റെ ഉറപ്പായിരുന്നു. ഒന്‍പത് വര്‍ഷത്തിനു ശേഷം ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വിനയന്‍.

താന്‍ ഏറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്ത സഹോദര തുല്യനായ കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം. മണിയെ ഏറെ ഇഷ്ടപ്പെടുകയും അടുത്തറിയുകയും ചെയ്യുന്നവര്‍ക്ക് കണ്ണ് നനയിക്കുന്ന അനുഭവമാണ് ഈ ചിത്രം നല്‍കുന്നത്. ഒപ്പം മണി ഏറെ സ്നേഹിച്ച വിനയന്റെ വിജയവും.

വിലക്കിനുശേഷം തിരിച്ചെത്തുമ്പോള്‍...?


ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിജയത്തില്‍ സന്തോഷിക്കാന്‍ മൂന്ന് കാരണങ്ങളുണ്ട്. ഒന്ന് ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഒരു കലാകാരന്റെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം വിജയിച്ചു എന്നത് അദ്ദേഹത്തിന് കിട്ടുന്ന അംഗീകാരമാണ്. അതിനപ്പുറത്ത് ഒന്‍പത് വര്‍ഷത്തെ വിലക്കും, ജീവപര്യന്തവുമൊക്കെ കഴിഞ്ഞ് എന്റെ ചിത്രം ജനങ്ങള്‍ ഏറ്റെടുത്തു എന്നതും വലിയൊരു കാര്യമാണ്. മൂന്നാമത്തെ സന്തോഷം ഈ സിനിമയിലൂടെയും മലയാള സിനിമയ്ക്ക് ഒരു പുതിയ നായകനെ സമ്മാനിക്കാന്‍ കഴിഞ്ഞു. അയാളും മലയാള സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാവും എന്ന പ്രതീക്ഷയുണ്ട്.

കലാഭവന്‍ മണിയെ മണിയാക്കിയത് വിനയനാണ്?


വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങി മണിയുടെ ജീവിതത്തില്‍ മുതല്‍ക്കൂട്ടായ 13 ചിത്രങ്ങളാണ് സമ്മാനിക്കാന്‍ കഴിഞ്ഞത്. തമിഴിലും തെലുങ്കിലും മണിക്ക് വലിയ വില്ലന്‍ കഥാപാത്രങ്ങള്‍ ലഭിച്ചത് രാക്ഷസരാജാവ് കഴിഞ്ഞാണ്. അതില്‍ മമ്മൂട്ടിയുടെ വില്ലനായാണല്ലോ മണി അഭിനയിച്ചത്.

ഞങ്ങള്‍ ഒരുമിച്ച് 13 വര്‍ഷം ജോലിചെയ്തു. ഞങ്ങളുടെ ആത്മബന്ധം വളരെ വലുതായിരുന്നു. മണിയെ നായകനാക്കുമ്പോള്‍ പലരും എതിര്‍ത്തിരുന്നു. അത് മണിക്ക് വളരെ വേദനയുണ്ടാക്കി. കൂടെ അഭിനയിക്കാന്‍ നായികമാരെ കിട്ടിയിരുന്നില്ല. അപ്പോഴൊക്കെ അയാളെ ചേര്‍ത്തുപിടിക്കുകയും നീ വലിയ ആളായി മാറുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കാനും നല്ല അവസരങ്ങള്‍ കൊടുക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കാരണം മണിയെ എനിക്ക് നന്നായി അറിയാം, അയാള്‍ വളര്‍ന്ന വഴിയറിയാം, ജീവിച്ചുവളര്‍ന്ന സാമൂഹിക വ്യവസ്ഥകളറിയാം.

വേണ്ട വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാതെ പട്ടിണിയും പരിവട്ടവുമായി ജീവിച്ച് ജീവിതത്തോട് പടവെട്ടി വന്ന ഒരു മനുഷ്യന്‍. അതായിരുന്നു കലാഭവന്‍ മണി.പിന്നീട് ആളുകള്‍ അറിയപ്പെടുന്ന വ്യക്തിയായിട്ടും വന്ന വഴികളെക്കുറിച്ചൊന്നും തുറന്നുപറയാന്‍ മണിക്ക് മടിയില്ലായിരുന്നു. എനിക്ക് ഇഷ്ടമുള്ള പല കാര്യങ്ങളും മണിയിലുണ്ടായിരുന്നു.

പേരും പ്രശസ്തിയും നേടിയപ്പോള്‍ മണി സുഹൃത് വലയത്തില്‍പ്പെടുകയും മദ്യപാനത്തിന് ഒരു പരിധിവരെ അടിമയാവുകയും അതില്‍നിന്ന് രക്ഷപെടാനായി ശ്രമിക്കുകയും ഒക്കെ ചെയ്തു. അത്തരം കാര്യങ്ങളൊക്കെ ചര്‍ച്ചയിലിരിക്കുമ്പോള്‍ത്തന്നെ ദുരൂഹത ബാക്കിയാക്കി മരണവും നടന്നു. അതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടക്കുകയാണ്.

ഈ സിനിമയില്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള ഒരു ഇന്റര്‍പ്രട്ടേഷന്‍ ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ കൊടുത്തതാണ്. അതുകൊണ്ടുതന്നെ ഇത് ബയോപിക്ക് അല്ല. ആത്മകഥ സത്യസന്ധമായിരിക്കണം. അതിനെനിക്ക് തെളിവില്ല. ഞാന്‍ ഒരു വ്യാഖ്യാനം പറഞ്ഞിരിക്കുകയാണ് അയാളുടെ മരണം ഒരു കൊലപാതകമാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ത്തന്നെയാണ് ഞാനത് വര്‍ക്ക് ചെയ്തിരിക്കുന്നത്.

Vinayan interview

ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അവസരം ലഭിച്ച വിവരം പറഞ്ഞപ്പോള്‍ സെന്തില്‍ പൊട്ടിക്കരയുകയുണ്ടായി?


സെന്തില്‍ മാത്രമല്ല. പണ്ട് മണിയും ജയസൂര്യയുമൊക്കെ നായകനാകാനുള്ള ഭാഗ്യം ലഭിച്ചപ്പോള്‍ എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞവരാണ്. ഒരു സിനിമയില്‍ കയറാന്‍ കഷ്ടപ്പെട്ടു നടക്കുന്ന ചെറുപ്പക്കാര്‍ക്ക് നായകനായി അവസരം ലഭിച്ചു, ആ ഫീലിംഗില്‍ നിന്നുവരുന്ന സന്തോഷമായിട്ടേ ആ കരച്ചിലിനെ കാണാന്‍ കഴിയൂ..

വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്‍ മണിയെ നായകനായി തീരുമാനിക്കുന്ന സമയത്ത് അയാള്‍ ഒരു കൊമേഡിയന്‍ മാത്രമായിരുന്നു. അങ്ങനെ ഒരാള്‍ക്ക് അന്ധഗായകന്റെ വേഷം ചെയ്യാന്‍ കഴിയുമോ എന്ന സംശയം പലരും ചോദിച്ചു. അയാളുടെ കഴിവിന്റെ ഉന്നതി മനസിലാക്കി ഞാന്‍ പറഞ്ഞു. ഈ സിനിമ കഴിയുമ്പോള്‍ ഇവിടുത്തെ വലിയ സൂപ്പര്‍ സ്റ്റാറുകളുടെയൊപ്പം കസേരയില്‍ ഞാനയാളെ ഇരുത്തും എന്ന്. അന്ന് ആ പറഞ്ഞത് അവിവേകമാണെന്ന് തോന്നിയെങ്കിലും പിന്നീടത് സത്യമായല്ലോ.

ഭാര്യ നീനയാണ് സെന്തിലിനെ സെലക്ട് ചെയ്തത്?


അയ്യായിരം പേരില്‍നിന്നാണ് സെന്തിലിനെ തെരഞ്ഞെടുത്തത്. ആരെയും തൃപ്തിയില്ലാതിരിക്കുന്ന അവസരത്തില്‍ നീനയാണ് സെന്തിലിനെക്കുറിച്ച് പറയുന്നത്. സീരിയലില്‍ ഇങ്ങനൊരു പയ്യനെ കണ്ടു. ഒന്നു നോക്കൂ എന്ന്.

ധാരാളം കുടുംബചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് പുതിയ ചിത്രവും അത്തരത്തിലുള്ള ഒന്നാണ് ?


ചിത്രം കണ്ട പല അമ്മമാരും കരഞ്ഞുകൊണ്ടാണ് തീയറ്റര്‍ വിട്ടുപോയത്. ഒന്നാമത്തെ കാര്യം മണിയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. എല്ലാ വീടുകളിലും കൊച്ചു കുട്ടികള്‍ പോലും മണിയുടെ നാടന്‍ പാട്ട് പാടി ശീലിച്ച കാലം കേരളത്തിലുണ്ടായിട്ടുണ്ട്. മണിയെ ഇഷ്ടപ്പെടുന്ന, അയാളിലെ നന്മയറിഞ്ഞ ഒരാള്‍ക്ക് ഈ ചിത്രം കണ്ണുനയുന്ന അനുഭവമായിരിക്കും സമ്മാനിക്കുന്നത്. ആ ഫീല്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് വിജയമായി കാണുന്നു.

മണിയുടെ കുടുംബത്തിന്റെ പ്രതികരണം?


മണിയുടെ ഭാര്യയും മകളും പാലായിലെ വീട്ടിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അവരെ ഫോണില്‍ ലഭിച്ചില്ല. സഹോദരങ്ങെളന്നോട് സംസാരിച്ചു, മണിയുടെ അനുജന്‍ ഈ ചിത്രത്തില്‍ പാടിയിട്ടുണ്ട്. ചരിത്രത്തില്‍ നില്‍ക്കുന്ന ഒരു ചിത്രത്തിന്റെ പേരില്‍ എന്നോടൊപ്പം അവരും അഭിമാനിക്കുന്നു. സിനിമ കണ്ട് സിനിമാമേഖലയില്‍നിന്നു ധാരാളം ആളുകള്‍ പ്രതികരണമറിയിച്ചു. ജയസൂര്യ, ഉണ്ണിമുകുന്ദന്‍ അങ്ങനെ സാധാരണക്കാരായ സിനിമക്കാര്‍ പലരും വിളിച്ചു.

മണിയുമായുള്ള ആത്മബന്ധം?


കലാഭവന്‍ മണി എന്റെ ചിത്രത്തില്‍ ആദ്യമഭിനയിക്കുന്നത് കല്യാണ സൗഗന്ധികത്തിലാണ്. ഒരുച്ച ബ്രേക്കില്‍ മണി ഞങ്ങളെ കുറേ മിമിക്രി കാണിച്ചു. സെറ്റില്‍ ഞാന്‍, ക്യാപ്റ്റന്‍ രാജു, ദിലീപ്, ജഗദീഷ് അങ്ങനെ ഒരുപാട് പേരുണ്ട്. പശുവായും, കുരങ്ങായും എലിയായും ഒക്കെ അവന്‍ തകര്‍ക്കുകയാണ്. പെട്ടെന്ന് അവന്‍ ഞങ്ങളോട് ചോദിച്ചു.

ഞാനൊരു അന്ധനായി അഭിനയിച്ച് കാണിക്കട്ടെ?? ഞാന്‍ പറഞ്ഞു, അന്ധന്‍ റോഡ് മുറിച്ച് കടക്കുന്നതായി അഭിനയിക്ക്.. ഞങ്ങളെല്ലാം ഞെട്ടി. അത്രയ്ക്ക് ഗംഭീരം. അന്ന് ഞാന്‍ അവനോട് പറഞ്ഞു, ഈ ക്യരക്ടറില്‍ നിന്നെ നായകനാക്കി ഒരു ചിത്രം ഞാന്‍ ചെയ്യും. ആ വാക്കുകേട്ട് മണിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. മണിക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.

എനിക്ക് വിലക്കുകളുള്ള സമയത്ത് എന്നോടുള്ള സ്നേഹം കാണിക്കാനായി അയാളുടെ ഒരു സിനിമയുടെ പൂജയ്ക്ക് എന്നെക്കൊണ്ട് വിളക്കുകൊളുത്തി ക്കാന്‍ നിര്‍ബന്ധംപിടിച്ചു. സഹപ്രവര്‍ത്തകര്‍ കുഷ്ഠ രോഗിയെക്കണക്ക് എന്നെ മാറ്റിനിര്‍ത്തിയ സമയമാണ്. ഞാന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും മണി എന്നെ കൊണ്ടുപേയി തിരികൊളുത്തി. ആ ചിത്രത്തിന്റെ അന്നത്തെ പേര് ഗുണ്ട എന്നോ മറ്റോ ആയിരുന്നു.

അവരാ പേരുവരെ മാറ്റി ഫെഫ്കയുടെ പ്രസിഡന്റിനെക്കൊണ്ട് തിരികൊളുത്തി വേറെ പൂജ നടത്തി. മണിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതുകഴിഞ്ഞ് ഒരിക്കല്‍ ഞാന്‍ ചെന്നൈയില്‍ ഒരു ഹോട്ടലില്‍ താമസിക്കാന്‍ ചെന്നപ്പോള്‍ മണി എന്നെക്കണ്ട് ഓടിമാറിക്കളഞ്ഞു.

ജോലിചെയ്ത രംഗത്തെ അനീതിക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തില്‍ കരുത്തായത്?


എന്റെ മനസാക്ഷി മാത്രമായിരുന്നു കരുത്ത്. മറ്റാരും എന്നോടൊപ്പം ഇല്ലായിരുന്നല്ലോ. ഞാന്‍ മാക്ട എന്നൊരു സംഘടന ഉണ്ടാക്കി. സിനിമക്കാരായ തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ കിട്ടണം എന്ന ഉദേശ്യം കൊണ്ടാണ് സത്യത്തില്‍ മാക്ട ഫെഡറേഷന്‍ രൂപീകരിച്ചത്. യൂണിയന്‍ എന്ന നിലയില്‍ പലര്‍ക്കും അത് ബുദ്ധിമുട്ടായി. മറ്റൊരു സംഘടന ഉണ്ടാക്കി മാക്ട പൊളിച്ച് മാറ്റി എന്നെ ഒഴിവാക്കുക എന്നതായിരുന്നു സുഹൃത്തുക്കളുടെ അജണ്ട.

എന്റെ മന:സാക്ഷിക്ക് ബോധിക്കുന്ന വിധത്തിലാണ് ചില നല്ല കാര്യങ്ങള്‍ ചെയ്തുവച്ചത്. സിനിമയിലെ ചില ദുഷ്പ്രവണതകള്‍ ചൂണ്ടിക്കാട്ടിയത്, തിലകന്‍ ചേട്ടനൊക്കെ അന്നത്തെ അനീതികള്‍ക്കെതിരെ ശബ്ദിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമാണെന്ന് ഇന്നും വിശ്വസിക്കുന്നു.
ഒരു ചിത്രത്തിന് 35 ലക്ഷം രൂപയോളം പ്രതിഫലം വാങ്ങിയ, വര്‍ഷത്തില്‍ രണ്ടും മൂന്നും സിനിമകളൊക്കെ ചെയ്തിരുന്ന ഒരു കലാകാരന്‍ അതെല്ലാം കളഞ്ഞ് ഇത്തരം കോലാഹലങ്ങളുമായി പണിയില്ലാതിരിക്കുക എന്നത് ഒന്ന് ആലോചിച്ചുനോക്കൂ.

അതിനും ഞാന്‍ തയാറായത് എന്റെ മന:സാക്ഷിയും വ്യക്തിത്വവും കൊണ്ടാണ്. അല്ലാതെ അവരു പറയുന്നതുപോലെ കോംപ്രമൈസ് ചെയ്യുകയോ, തെങ്ങില്‍ കിടക്കുന്നത് മാങ്ങയാണെന്ന് പറയുമ്പോള്‍ അത് ശരിയാണെന്ന് സമ്മതിക്കുകയും ചെയ്യുന്നൊരു വിഡ്ഢിയായിരുന്നെങ്കില്‍ എനിക്കും അവരുടെ കൂടെ നിലനില്‍ക്കാമായിരുന്നു.

Vinayan interview

സത്യം വിജയിക്കുകതന്നെ ചെയ്തുവല്ലോ?


ഒറ്റയ്ക്ക് പോരാടിയാല്‍ വിജയിക്കില്ല എന്നു വന്നപ്പോള്‍ ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ കേസിനുപോയി. അവര്‍ അവരുടേതായ അന്വേഷണങ്ങള്‍ നടത്തി, ഈ പറഞ്ഞ സംഘടനയുടെ ആളുകള്‍ക്കെല്ലാം ലക്ഷക്കണക്കിന് രൂപ ഫൈന്‍ അടിക്കുകയും ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയുകയും ചെയ്തു. അത്തരം പോരാട്ടങ്ങള്‍ ചെയ്യാനുള്ള മനസും ശേഷിയും ഒക്കെ കിട്ടിയതിന് ദൈവത്തിന് നന്ദിപറയുന്നു.
സത്യം വെളിപ്പെട്ടതുകൊണ്ടാണല്ലോ മമ്മൂട്ടി പോലും അമ്മ ജനറല്‍ ബോഡിയില്‍ വിനയനെ പോലുള്ള ഒരാളെ വിലക്കിയത് തെറ്റിപ്പോയി എന്ന് പറഞ്ഞത്. അതാണ് ഏറ്റവും വലിയ വിജയം. ന്യൂ ജനറേഷന്‍ കാലഘട്ടത്തിലും എന്നെപ്പോലെ ഒരാള്‍ ഒരു സിനിമയുമായി വന്നിട്ട് ജനങ്ങള്‍ ഏറ്റടുത്തു എന്നതും സന്തോഷമുള്ള കാര്യമാണ്.

കുടുംബത്തിന്റെ പിന്തുണ?


എന്റെ എല്ലാ പ്രയാസങ്ങളിലും കുടുംബം കൂടെനിന്നു. അല്ലെങ്കില്‍ അതിജീവിക്കാന്‍ ഒരിക്കലും പറ്റിയെന്ന് വരില്ല. ഇത്രയും വലിയ നഷ്ടമൊക്കെ സംഭവിച്ചു, ഒന്‍പത് വര്‍ഷമായി വരുമാനം പോലും ഇല്ലാതായി നില്‍ക്കുമ്പോള്‍ അതൊരു വലിയ കാര്യമാണല്ലോ. അവര്‍ക്ക് എന്റെ കാര്യത്തില്‍ ആശങ്കയില്ല. വേണ്ടിവന്നാല്‍ തട്ടുകടയിട്ടും ജീവിക്കാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പണം കുറവുള്ളപ്പോഴും കൂടുതലുള്ളപ്പോഴും അതനുസരിച്ച് ജീവിക്കാനറിയാവുന്ന ആളാണ് ഞാന്‍.

മകന്‍ അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുകയാണല്ലോ?


എനിക്കും നീനയ്ക്കും രണ്ട് മക്കളാണ്. മൂത്തയാള്‍ വിഷ്ണു. മകള്‍ നിഖില. വിഷ്ണു അമേരിക്കയില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇപ്പോള്‍ സിനിമയില്‍ നായകനാവുന്നു. അവന്റെ ഒന്നുരണ്ട് സിനിമകള്‍ റിലീസാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞങ്ങള്‍. വിഷ്ണുവിന് സംവിധാനമായിരുന്നു താല്‍പര്യം. അങ്ങനെയിരുന്നപ്പോഴാണ് നായകനാകാന്‍ അവസരം ലഭിച്ചത്.

ഞാന്‍ അവനോട് പറഞ്ഞു,,ആദ്യം അഭിനയം മതി പിന്നീട് ഡയറക്ഷന്‍ ചെയ്യാം.. എന്ന്. കഴിവുണ്ടെങ്കില്‍ ശ്രദ്ധിക്കപ്പെടും അത്രമാത്രം. എന്റെ സിനിമകളിലൂടെ ജനങ്ങള്‍ അവനെ കാണുന്നതിലും മറ്റൊരാളുടെ ചിത്രത്തിലൂടെ അവസരം ലഭിച്ചത് നന്നായി. കാരണം ജനിച്ചപ്പോള്‍ മുതല്‍ എന്റെ സിനിമകള്‍ കണ്ടുവളര്‍ന്നതാണ്. എന്റെ രീതികള്‍ അവനറിയാം.

പുതിയ പ്രോജക്ടുകള്‍?


മൂന്ന് പ്രോജക്ടുകളുണ്ട്. നങ്ങേലിയുടെ മാറുമറയ്ക്കല്‍ സമരത്തിനെ കുറിച്ചാണ് ഒരെണ്ണം. മുല മുറിച്ച് 200 വര്‍ഷങ്ങള്‍ക്കുമുന്‍പ് ആത്മാഹൂതി നടത്തിയ നങ്ങേലിയുടെ കഥ. രാജാമണിയെ നായകനാക്കി ഒന്നും പിന്നെ ഒരു തമിഴ് പടവും.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW