Thursday, April 25, 2019 Last Updated 42 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 28 Oct 2018 12.57 AM

മനക്കണ്ണില്‍ മായാത്ത മണ്ണാറശാല

uploads/news/2018/10/260273/sun1.jpg

മഞ്ഞള്‍ തൂകിയ നാഗവിഗ്രഹങ്ങള്‍ക്കു ചുറ്റും നമ്രശിരസ്‌കരായി വൃക്ഷത്തലപ്പുകള്‍. ചെഞ്ചായം വാരിവിതറിയ വിശ്വാകാശം സൂര്യകിരണങ്ങളെ കടത്തിവിടാനെന്നവണ്ണം വകഞ്ഞുമാറി കാവിനുമേല്‍ വീഴുന്നു. പുള്ളോര്‍ വീണയുടെ നാദം കേട്ട്‌ മെത്ത വിരിച്ച കരിയിലക്കുള്ളില്‍ തണുപ്പു പുതച്ചുകിടന്ന നാഗത്താന്മാര്‍ ഉണര്‍ന്നെണീക്കുന്നു. ആയില്യപ്പുലരിയുടെ അനിര്‍വചനീയമായ അനുഭൂതികളിലേക്ക്‌ ആയിരങ്ങള്‍ അണയുന്ന അപൂര്‍വത! അഭംഗുരം, അവിരാമം, അനാദിപുണ്യം, മണ്ണാറശാല.
മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം പ്രധാന ആട്ടവിശേഷമായ ആയില്യത്തിന്‌ ഒരുങ്ങിക്കഴിഞ്ഞു. ഒക്‌ടോബര്‍ 30, 31, നവംബര്‍ 1 എന്നീ ദിവസങ്ങളിലാണ്‌ പുണര്‍തം, പൂയം, ആയില്യം ഉത്സവങ്ങള്‍.
ഒരിക്കല്‍ എത്തിയാല്‍ പിന്നെ തിരികെ പോകാന്‍ മനസ്‌ മടികാണിക്കുന്ന, അല്ലെങ്കില്‍ എപ്പോഴും വരണമെന്നു തോന്നിപ്പിക്കുന്ന സവിശേഷ തീര്‍ഥാടനകേന്ദ്രമാണ്‌ മണ്ണാറശാലയിലെ ഈ കാനനക്ഷേത്രം. ലോകോത്തര നാഗാരാധന കേന്ദ്രമായ ഇവിടെ ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്നു. മനുഷ്യന്‍ ഒരുപക്ഷേ ലോകത്തില്‍ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു ജീവിയെ ആരാധിക്കുന്നയിടം. മറ്റ്‌ ആരാധനാലയങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വലിയമ്മ മുഖ്യ പൂജാരിണിയായ ഇടം. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിനടുത്താണ്‌ ഭൂമിയുടെ ആദിമാവകാശികളായ നാഗങ്ങള്‍ വസിക്കുന്ന, സംസാര സാഗരത്തില്‍ നിന്നും മനുഷ്യരെ ശാന്തിതീരത്തെത്തിക്കുന്ന ഈ അപൂര്‍വ ക്ഷേത്രം.
മണ്ണാറശാലയുടെ ഐതിഹ്യം കേരളോത്‌പത്തിക്കഥയുമായി ബന്ധപ്പെട്ടവയാണ്‌. പരശുരാമന്‍ മഴുവെറിഞ്ഞ്‌ കേരളം സൃഷ്‌ടിച്ച ശേഷം പരദേശങ്ങളില്‍ നിന്നും ബ്രാഹ്‌മണരെ കൊണ്ടുവന്ന്‌ ഇവിടെ പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചതിനാലും ഇവിടെ മനുഷ്യവാസം സാധ്യമായില്ല. ശിവന്റെ നിര്‍ദേശാനുസരണം പരശുരാമന്‍ തപസ്‌ ചെയ്‌ത് സര്‍പ്പരാജാവായ വാസുകിയെ പ്രത്യക്ഷപ്പെടുത്തി ജലത്തിലെ ഉപ്പ്‌ നീക്കി ബ്രാഹ്‌മണാധിവാസം സാധ്യമാക്കി. കാവുകളുണ്ടാക്കി സര്‍പ്പങ്ങളെ പാര്‍പ്പിച്ച്‌ പൂജിച്ചാരാധിച്ചാല്‍ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്ന വാസുകിയുടെ അരുളപ്പാട്‌ യാഥാര്‍ഥ്യമാക്കുവാന്‍ പരശുരാമന്‍ കണ്ടെത്തിയ പ്രദേശമാണ്‌ മന്ദാരപ്പൂക്കള്‍ നിറഞ്ഞ കാനനപ്രദേശമായ മണ്ണാറശാലയെന്നാണ്‌ ഐതിഹ്യം.
മഹാഭാരതത്തിലെ ഖാണ്ഡവ വനമായി കരുതുന്ന പത്തിയൂര്‍ മുതല്‍ കുട്ടനാട്‌ വരെയുള്ള വനപ്രദേശം അക്കാലത്ത്‌ അഗ്നിബാധയേറ്റ്‌ വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍ വരെയെത്തി. പൊള്ളലേറ്റ നാഗങ്ങളെ, സന്താനസൗഭാഗ്യമില്ലാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്‌മണ പത്നി പാല്‍, തേന്‍, കരിക്കിന്‍വെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ തൂകി രക്ഷപ്പെടുത്തുകയും ഇവിടം വെള്ളം കോരിയൊഴിച്ച്‌ തണുപ്പിക്കുകയും ചെയ്‌തു. ഇങ്ങനെ മണ്ണ്‌ ആറിയ ശാല മണ്ണാറശാലയായെന്നും ഐതിഹ്യത്തില്‍ പരാമര്‍ശമുണ്ട്‌.
മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്‌ഠിച്ചു. നാഗങ്ങളെ തീയില്‍ നിന്നും രക്ഷിച്ച പുണ്യപ്രവൃത്തി ചെയ്‌ത ബ്രാഹ്‌മണ പത്നിക്ക്‌ മകനായി അഞ്ച്‌ തലയോടുകൂടിയ ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും ജനിച്ചു. സര്‍പ്പശിശു നാഗരാജാവായി നിലവറ പൂകുകയും മനുഷ്യശിശു ഗൃഹസ്‌ഥാശ്രമിയുമായി. നിലവറയിലെ മുത്തശ്ശനെന്ന്‌ ഇല്ലത്തുള്ളവര്‍ ഭക്‌ത്യാദരങ്ങേളാടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്‌ടപ്രകാരമാണ്‌ മൂപ്പുള്ള അമ്മ മുഖ്യ പൂജാരിണിയായത്‌. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പത്നിക്കാണ്‌ അമ്മസ്‌ഥാനം.

നാഗരാജാവിന്റെ പിറന്നാള്‍
എഴുന്നള്ളത്ത്‌ ദര്‍ശനപുണ്യം
നാഗരാജാവിന്റെ പിറന്നാളാണ്‌ ആയില്യംനാള്‍. രാജചിഹ്‌്നങ്ങളോടെയുള്ള ആയില്യം നാളിലെ എഴുന്നള്ളത്താണ്‌ മുഖ്യ ആകര്‍ഷണം. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യദിനങ്ങളും മഹാശിവരാത്രിയുമാണ്‌ ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍. കന്നി ആയില്യത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ മഹാരാജാവിന്റെ നിര്‍ദേശപ്രകാരമാണ്‌ തുലാം ആയില്യം കൊണ്ടാടിയത്‌. പിന്നീടിത്‌ പ്രധാന ഉത്സവമായി.

വാസുകിയായും
അനന്തനായും നാഗരാജാവ്‌
നാഗരാജാവ്‌ വാസുകിയായും അനന്തനായും ആരാധിക്കപ്പെടുന്ന ക്ഷേത്രമാണ്‌ മണ്ണാറശാല. ശൈവ സങ്കല്‌പത്തിലുള്ള വാസുകിയെ ശ്രീകോവിലിലും വിഷ്‌ണു സങ്കല്‌പത്തിലുള്ള അനന്തന്‍ ഇല്ലത്തെ നിലവറയിലുമാണുള്ളത്‌. വാസുകിയുടെ ഭാര്യാസങ്കല്‌പത്തിലുള്ള സര്‍പ്പയക്ഷിയുടെ പ്രതിഷ്‌ഠ ഇടതുഭാഗത്തും അനന്തന്റെ ഭാര്യാസങ്കല്‌പത്തിലുള്ള നാഗയക്ഷിയുടെ പ്രതിഷ്‌ഠ പടിഞ്ഞാറുഭാഗത്തുമാണുള്ളത്‌.

ഉരുളി കമിഴ്‌ത്ത്
മണ്ണാറശാലയ്‌ക്കു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന സവിശേഷ വഴിപാടാണ്‌ ഉരുളി കമിഴ്‌ത്ത്. സന്താനഭാഗ്യമില്ലാത്ത ദമ്പതിമാര്‍ ക്ഷേത്രത്തിലെത്തി ഉരുളിയുമായി ക്ഷേത്രപ്രദക്ഷിണം നടത്തി നടയ്‌ക്കു വയ്‌ക്കണം. വലിയമ്മ ഇത്‌ നിലവറയില്‍ കമിഴ്‌ത്തും. ഇതിനുള്ളില്‍ സര്‍പ്പം തപസിരിക്കുന്നതായാണ്‌ വിശ്വാസം. കുഞ്ഞ്‌ ജനിച്ച്‌ ആറുമാസത്തിനകം കുട്ടിയുമായെത്തി ഉരുളി നിവര്‍ത്തണമെന്നാണ്‌ വിധി. രാഹുര്‍ ദോഷപരിഹാരത്തിന്‌ ജ്യോതിഷ വിധിപ്രകാരമുള്ളതടക്കം നിരവധി വഴിപാടുകളാണിവിടെയുള്ളത്‌.

സര്‍പ്പം പാട്ടും തുള്ളലും
41 വര്‍ഷം കൂടുമ്പോള്‍
ഇല്ലത്തിന്റെ തെക്കേമുറ്റത്ത്‌ 1976 ഏപ്രില്‍ 15 മുതല്‍ 29 വരെയാണ്‌ അവസാനമായി സര്‍പ്പം പാട്ടും തുള്ളലും നടന്നത്‌. ഇവിടെ 175 പ്രാവശ്യം ചടങ്ങ്‌ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. ദ്രാവിഡ പരമ്പരയില്‍പെട്ട സ്‌തുതി ഗീതങ്ങളും നൃത്തവാദ്യങ്ങളും കളമെഴുത്തും പാട്ടും തുള്ളലും ആര്യ സമ്പ്രദായങ്ങളായ സര്‍പ്പബലി, നൂറുംപാല്‍, വേദോപാസനകള്‍ എന്നിവയും ഒത്തുചേര്‍ന്ന രീതിയാണ്‌ മണ്ണാറശാലയില്‍ കാണുന്നത്‌.

വലിയമ്മയെ കാണാന്‍
പ്രത്യേക സൗകര്യം
ഭക്‌തര്‍ക്ക്‌ മണ്ണാറശാല വലിയമ്മ ഉമാദേവി അന്തര്‍ജനത്തെ ദര്‍ശിച്ച്‌ സങ്കടം പറഞ്ഞ്‌ പരിഹാരം തേടാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ഇല്ലത്തെ നിലവറയുടെ പടിഞ്ഞാറു ഭാഗത്താണ്‌ ഇതിനായി പ്രത്യേക സജ്‌ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്‌.

കാവും കുളവും
മാനം തൊടുന്ന മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ മണ്ണാറശാലക്കാവ്‌ പരിസ്‌ഥിതി സന്തുലനത്തിന്റെ മികച്ച ആവാസ വ്യവസ്‌ഥയാണ്‌. താന്നി, ഇലഞ്ഞി, പൈന്‍ തുടങ്ങി 156 തരം വൃക്ഷങ്ങളും സസ്യങ്ങളും ഉള്ളതായാണ്‌ കണക്ക്‌. ഉപദേവതാ പ്രതിഷ്‌ഠകളായ ശാസ്‌താനടയ്‌ക്ക് തെക്കുവശം ഭദ്രകാളീ ക്ഷേത്രത്തിനു സമീപമുള്ള കുളം മത്സ്യങ്ങളും ആമകളും നിറഞ്ഞതാണ്‌.

വിവിധതരം
പശുക്കളുടെ ഗോശാല
അപൂര്‍വയിനത്തില്‍ പെട്ട പശുക്കളുള്ള ഗോശാലയാണ്‌ ഇവിടെയുള്ളത്‌. ക്ഷേത്ര പൂജയ്‌ക്കുള്ള പാല്‍ ഇവിടെനിന്നാണ്‌ ലഭ്യമാക്കുന്നത്‌. ഗുജറാത്തില്‍ നിന്നുള്ള ഗീര്‍, വെച്ചൂര്‍, കാംഗ്രേജ്‌, സഹിവാള്‍, കാസര്‍കോഡ്‌ കുള്ളന്‍ പശുക്കളും ടാര്‍പാര്‍ക്കര്‍ കാളയും ഗോശാലയിലുണ്ട്‌.

സ്‌കൂളും ഗസ്‌റ്റ് ഹൗസും
കലാ-കായിക പഠനനിലവാരത്തില്‍ ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്‌ഥാപനമെന്ന സത്‌പേര്‌ മണ്ണാറശാല യു.പി. സ്‌കൂളിന്‌ നേടാനായിട്ടുണ്ട്‌. തീര്‍ഥാടകര്‍ക്ക്‌ താമസത്തിനും ഭക്ഷണത്തിനും സൗകര്യമുള്ള മന്ദാരം ഗസ്‌റ്റ് ഹൗസും സജ്‌ജമാണ്‌.

പുണര്‍ത സന്ധ്യ, പൂയസദ്യ
ആയില്യദിനത്തോടനുബന്ധിച്ച്‌ മഹാദീപ പ്രഭയില്‍ കുളിക്കുന്ന പുണര്‍തവും പതിനായിരങ്ങള്‍ പങ്കുകൊള്ളുന്ന പൂയസദ്യയും ഉണ്ടാവും. പ്രശസ്‌ത നര്‍ത്തികമാരുടെ നൃത്തം, സംഗീത വിദ്വാന്മാരുടെ ശാസ്‌ത്രീയ സംഗീതം തുടങ്ങി ക്ഷേത്രകലകളും ഈ ദിവസങ്ങളില്‍ അരങ്ങേറും. വിശ്രുത കലാകാരന്മാരെ ആദരിക്കുവാന്‍ ശ്രീനാഗരാജ പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പൂയസദ്യയും പൂയം തൊഴലും കഴിഞ്ഞ്‌ ആയില്യം ദിവസം എഴുന്നള്ളത്തും ദര്‍ശിച്ചാണ്‌ ഭക്‌തര്‍ മടങ്ങാറ്‌.
എഴുന്നള്ളത്ത്‌ ഇല്ലത്തെത്തിയാല്‍ പിന്നീട്‌ അമ്മ നടത്തുന്ന ആയില്യം പൂജ. അര്‍ധരാത്രിയോടടുപ്പിച്ചു നടക്കുന്ന തട്ടിന്മേല്‍ നൂറും പാലും കഴിയുന്നതോടെ ആയില്യം ചടങ്ങുകള്‍ക്ക്‌ പരിസമാപ്‌തിയാകും.

മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രം
മണ്ണാറശാല പി.ഒ. - 690514
ഹരിപ്പാട്‌, ആലപ്പുഴ ജില്ല
ഫോണ്‍: 0479-2413214, 2160300
മന്ദാരം ഗസ്‌റ്റ് ഹൗസ്‌ : 0479-2417662, 2417663

വി.വി. വിനോദ്‌

Ads by Google
Sunday 28 Oct 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW