Monday, April 22, 2019 Last Updated 59 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 27 Oct 2018 11.05 PM

മനുഷ്യ പ്രകൃതത്തിന്റെ അജ്‌ഞാത ഭൂമികള്‍

uploads/news/2018/10/260187/book.jpg

കാലദേശങ്ങളെ അതിജീവിച്ച്‌ നിലനില്‍ക്കുന്ന സാഹിത്യസൃഷ്‌ടികളെയാണ്‌ നാം ക്ലാസിക്കുകള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഏത്‌ കാലത്തും ദേശത്തും പ്രസക്‌തവും സംഗതവുമാണ്‌ ഇത്തരം രചനകള്‍. വിശ്വസാഹിത്യകാരന്‍ എന്ന വിശേഷണത്തിന്‌ എല്ലാ അര്‍ത്ഥത്തിലും അര്‍ഹനായ ദസ്‌തയേവ്‌സ്കിയുടെ ഒട്ടുമിക്കവാറും കൃതികള്‍ ലോകസാഹിത്യ ത്തിലെ പ്രകാശഗോപുരങ്ങളായി നിലനില്‍ക്കുന്നു. ഇക്കൂട്ടത്തില്‍ താരതമ്യേന അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒന്നാണ്‌ ദി ഡബിള്‍ എന്ന്‌ ഇംഗ്ലീഷിലും അപരന്‍ എന്ന്‌ മലയാളത്തിലും അറിയപ്പെടുന്ന നോവല്‍.
കൃത്യമായ നിര്‍വചത്തിന്റെയോ വ്യാഖ്യാനവിശദീകരണങ്ങളുടെയോ ചതുരക്കള്ളികളില്‍ ഒതുങ്ങുന്ന ഒന്നല്ല ഈ സൃഷ്‌ടി.
മനുഷ്യപ്രകൃതത്തിന്റെ അഗാധതലത്തിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ സൂക്ഷ്‌മാവലോകനം ചെയ്‌ത് ലഭിച്ച തിരിച്ചറിവുകളെ മുന്‍നിര്‍ത്തിയാണ്‌ ദസ്‌തയേവ്‌സ്കി ഈ കൃതി രചിച്ചിരിക്കുന്നതെന്ന്‌ പറയാം. സാധാരണഗതിയില്‍ നാം ഒരു മനുഷ്യനെ ചൂണ്ടി പറയാറുണ്ട്‌.
'ഹോ..അയാളെത്ര നല്ലവന്‍. ഇക്കാലത്ത്‌ ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ?'
പിന്നീട്‌ അതേ മനുഷ്യനെക്കുറിച്ച്‌ നമ്മള്‍ തന്നെ ഇങ്ങനെയും പറയും
'എന്നാലും അയാളെക്കുറിച്ച്‌ ഇത്രയും വിചാരിച്ചില്ല. ഒരു നല്ല മനുഷ്യനാണെന്നായിരുന്നു എന്റെ ധാരണ'
വ്യത്യസ്‌ത സാഹചര്യങ്ങളില്‍ അയാള്‍ സ്വീകരിച്ച വ്യത്യസ്‌ത നിലപാടുകളാണ്‌ നമ്മുടെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുന്നത്‌.
ആത്യന്തികമായി ഒരു മനുഷ്യനും നല്ലവനല്ല, മോശക്കാരനുമല്ല. നന്മയും തിന്മയും പുണ്യവും പാപവും സ്‌നേഹവും സ്‌നേഹശൂന്യതയും ദയയും ക്രൂരതയും ധര്‍മ്മവും അധര്‍മ്മവും വ്യവചേ്‌ഛദിക്കാനാവാത്ത വിധം ഒരാളുടെ ഉളളില്‍ സമന്വയിച്ചിരിക്കുന്നു.
ദ്വന്ദ്വഭാവമെന്ന്‌ ആധുനിക മനഃശാസ്‌ത്രം വിവക്ഷിക്കുന്ന ഈ മാനസികാവസ്‌ഥ അഥവാ പ്രതിഭാസം സാങ്കേതികവും ശാസ്‌ത്രീയവുമായ വിശദീകരണങ്ങള്‍ക്കപ്പുറത്ത്‌ പ്രകൃത്യാ മനുഷ്യപ്രകൃതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു അവസ്‌ഥാ വിശേഷമാണെന്ന്‌ തന്നെ പറയാം. സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും വിവിധ അനുഭവസംബന്ധിയായി മനുഷ്യമനസില്‍ സൃഷ്‌ടിക്കപ്പെടുന്ന മാറ്റങ്ങളും പ്രതികരണങ്ങളുമെല്ലാം കൂട്ടിവച്ച്‌ വായിക്കുമ്പോള്‍ മാത്രമേ ഏതൊരു വ്യക്‌തിയെയും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നമുക്ക്‌ വിലയിരുത്താന്‍ സാധിക്കൂ.
ദസ്‌തേവ്‌സ്കിയുടെ നായകനായ ഗോല്യാദ്‌കിന്‍ എന്ന വ്യക്‌തിയിലൂടെ നോവലിസ്‌റ്റ് പറയാന്‍ ശ്രമിക്കുന്നത്‌ ഒരു പ്രത്യേക മനുഷ്യന്റെ മാത്രം കഥയല്ല. ഗോല്യാദ്‌ ഏതൊരു മനുഷ്യന്റെയും പ്രാതിനിധ്യസ്വഭാവം വഹിക്കുന്ന കഥാപാത്രമാണ്‌. ഒരര്‍ത്ഥത്തില്‍ മനുഷ്യപ്രകൃതത്തിന്റെ പ്രതീകം തന്നെയാണ്‌. ദൈവവും ചെകുത്താനും സമഞ്‌ജസമായി സമ്മേളിക്കുന്ന ഒരു വിചിത്രപ്രതിഭാസമാണ്‌ മനുഷ്യനെന്നും ആ അര്‍ത്ഥത്തില്‍ ഓരോ വ്യക്‌തിയും ഇരട്ടകളാണെന്നും പരസ്‌പരം വേര്‍തിരിച്ചെടുക്കാനാവാത്ത വിധം നന്മതിന്മകള്‍ മനുഷ്യന്റെ ആന്തരികതലത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നുമുള്ള സൂചന ഈ നോവല്‍ നല്‍കുന്നു.
സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമെന്ന പോലെ കരുതാനും താലോലിക്കാനുമെന്ന പോലെ ഹിംസിക്കാനും നിഗ്രഹിക്കാനും വേദനിപ്പിക്കാനും മുറിപ്പെടുത്താനും ദ്രോഹിക്കാനും ആക്രമിക്കാനുമുളള വാസന മനുഷ്യമനസില്‍ രൂഢമൂലമാണ്‌. ഇതരജീവജാലങ്ങളില്‍ നിന്ന്‌ വിഭിന്നമായി ആത്മപീഢയ്‌ക്കുള്ള ത്വര പോലും അവന്റെ ഉള്ളിലുണ്ട്‌. ഈ തലത്തില്‍ വീക്ഷിക്കുമ്പോള്‍ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും പിടികിട്ടാപ്രതിഭാസമാണ്‌. അവനെ കൃത്യമായി നിര്‍വചിക്കാനോ വ്യാഖ്യാനിക്കാനോ സാദ്ധ്യമല്ല. പരസ്‌പരവിരുദ്ധവും വിഭിന്നവും വിചിത്രവും വൈജാത്യപൂര്‍ണ്ണവുമായ മാനസികഭാവങ്ങളുടെ ഒരു മിശ്രിതമാണ്‌ അവന്റെ ആന്തരികലോകം. ക്ലീഷേ പ്രയോഗം കടമെടുത്ത്‌ പറഞ്ഞാല്‍ മനുഷ്യന്‍ ഒരു പ്രഹേളിക തന്നെയാണ്‌. വൈരുദ്ധ്യാത്മകമായ ഈ മാനസികഭാവത്തെ നോവലിന്റെ പ്രമേയഭൂമികയിലേക്കും കഥാപാത്രസൃഷ്‌ടിയിലേക്കും വിദഗ്‌ധമായി സന്നിവേശിപ്പിച്ച്‌ ആവിഷ്‌കരിക്കുക എന്നത്‌ അസാമാന്യപ്രതിഭാശാലികള്‍ക്ക്‌ മാത്രം സുസാദ്ധ്യമായ ദൗത്യമാണ്‌. ഈ പ്രക്രിയയില്‍ ദസ്‌തേവ്‌സ്കി ബഹുദൂരം മുന്നേറിയിരിക്കുന്നു. താന്‍ അടക്കമുളള മനുഷ്യരുടെ ആത്മഭാവങ്ങളെ അസാമാന്യമായ കരവിരുതോടെ സ്വന്തം സൃഷ്‌ടിയില്‍ അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നു.
അപരന്‍ വിശ്വസാഹിത്യത്തില്‍ ഏറെ വായിക്കപ്പെട്ട, ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ്‌. എന്നാല്‍ ബ്രദേഴ്‌സ് കാരമസോവ്‌, പാവപ്പെട്ടവര്‍, കുറ്റവും ശിക്ഷയും, ചൂതാട്ടക്കാരന്‍, അധോലോകത്തില്‍ നിന്നുളള കുറിപ്പുകള്‍..തുടങ്ങി ഗ്രന്ഥകാരന്റെ ഇതര കൃതികള്‍ പോലെ അപരന്‍ കേരളീയ സാംസ്‌കാരിക ലോകത്ത്‌ വ്യാപകമായ സംവാദങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. എന്നാല്‍ കാഫ്‌കയുടെ മെറ്റമോര്‍ഫസിസ്‌ പോലെ വിവിധ തലങ്ങളില്‍, വീക്ഷണകോണുകളില്‍ നിന്ന്‌ വായിക്കപ്പെടേണ്ട ഒന്നാണ്‌ ഈ നോവല്‍. കാലം ഈ നോവലിന്റെ മഹത്ത്വവും പ്രസക്‌തിയും ഏറെ ആഴത്തില്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.
ഈ നോവലിന്‌ വളരെ മികച്ച ഒരു വിവര്‍ത്തനം നിര്‍വഹിച്ചിട്ടുളളത്‌ ഈ രംഗത്ത്‌ കൃതഹസ്‌തനായ വേണു വി ദേശം, സി. വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ്‌.
ഡോ.മുഞ്ഞിനാട്‌ പത്മകുമാറിന്റെ പ്രൗഢഗംഭീരമായ പഠനം ഈ കൃതിയൂടെ ആന്തരിക തലത്തിലേക്കും സൂക്ഷ്‌മാംശങ്ങളിലേക്കും കടന്നു ചെല്ലാന്‍ പ്രേരകമാകുന്നു.

അപരന്‍ (നോവല്‍)
ദസ്‌തയേവ്‌സ്കി
ഗ്രീന്‍ ബുക്‌സ്

എസ്‌.എസ്‌.

Ads by Google
Saturday 27 Oct 2018 11.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW