Thursday, April 25, 2019 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 27 Oct 2018 02.51 PM

സംഘപരിവാര്‍ ലക്ഷ്യം ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കല്‍, ബ്രാഹ്മണ്യത്തിന് മുന്നില്‍ ഓഛാനിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ്; ജനകീയപ്രശ്‌നങ്ങളും പ്രളയദുരന്തവും മറയ്ക്കുപിന്നിലായി

ബി.ജെ.പി, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയേയോ, വ്യവസ്ഥാപിതമായ സംവിധാനങ്ങളേയോ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ബി.ജെ.പിയെക്കാളും വലിയ വര്‍ഗ്ഗീയവാദികളാണ് തങ്ങളെന്ന് സ്ഥാപിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമം തീര്‍ത്തും മോശമാണ്.
Sabarimala issue

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാലും ഇല്ലെങ്കിലും സുപ്രീംകോടതി വിധി ചിലര്‍ക്ക് അനുഗ്രഹമെന്നല്ല, ഒരു വരദാനമാണെന്നു പറയാതെ വയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാണ്ട് ഏഴു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ വീണുകിട്ടിയ ഒരു നിധിയാണ് ഇത്. വര്‍ഗ്ഗീയചേരിതിരിവ് ഉണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്നതല്ല പ്രധാന വിഷയം, ജനദ്രോഹനടപടികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയെന്നതാണ് ഇതിന് പിന്നിലെ പ്രധാന ഗൂഢാലോചന. വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടായാല്‍ പുട്ടിന് പീരപോലെ എന്ന് മാത്രമേ ബി.ജെ.പിയും സംഘപരിവാറും ചിന്തിക്കുകയുള്ളു. ഒരുവെടിക്ക് ബി.ജെ.പി ഇരട്ടനേട്ടം കൊയ്യുമ്പോള്‍ ആകെ തകര്‍ന്നുപോകുന്നത് കേരളത്തിലെ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനമാണ്. വര്‍ഗ്ഗീയസംഘടനകള്‍ പിണങ്ങുമോയെന്ന ഭയത്താല്‍ ശിലായുഗത്തിനും പിന്നിലുള്ള കാലത്തെ ഒരു അഴകൊഴമ്പന്‍ നയവുമായി മുന്നോട്ടുപോകുന്ന അവരായിരിക്കും ഇതിന്റെ തിക്തഫലം ഏറെ അനുഭവിക്കുകയെന്നത് വെളിവായി തുടങ്ങിയിട്ടുണ്ട്.

ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകേണ്ടത് ഇന്ധനവിലവര്‍ദ്ധന, നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള തുഗ്ലക്ക് സാമ്പത്തികപരിഷ്‌ക്കാരങ്ങള്‍ സൃഷ്ടിച്ച തിരിച്ചടി, പ്രളയത്തില്‍ തകര്‍ന്ന കേരളത്തോട് കേന്ദ്രം കാട്ടുന്ന ചിറ്റമ്മനയം എന്നിവയൊക്കെയാണ്. എന്നാല്‍ ഇവ മറച്ചുപിടിക്കാന്‍ ബി.ജെ.പിക്കും സംഘപരിവാറിനും ലഭിച്ച ഏറ്റവും ശക്തമായ ആയുധമായിരുന്നു ശബരിമല സ്ത്രീപ്രവേശനം. ഈ വിഷയം വന്നതോടെ ജനജീവിതം ഏറെ ദുഃസ്സഹമാക്കിയ പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവും കേന്ദ്രത്തിന്റെ ഭരണപരാജയവും കേരളത്തോടുള്ള അവഗണനയും പൊതുസമൂഹത്തിന്റെ ചര്‍ച്ചകളില്‍നിന്ന് അപ്രത്യക്ഷമായി. ഇത്തരത്തില്‍ ശബരിമല വിഷയം ശക്തമായ ഒരു പ്രചരണായുധമാക്കി മാറ്റുന്നതിന് ബി.ജെ.പിക്ക് കഴിഞ്ഞു. അറിഞ്ഞോ, അറിയാതെയോ കേരളത്തിലെ കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും പിന്തുണയും അവര്‍ക്ക് ഇതിന് ലഭിച്ചു. കേരളത്തില്‍ മാത്രമല്ല, തങ്ങള്‍ക്ക് സ്വാധീനമുള്ള മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് ദേശീയതലത്തില്‍ തന്നെ ശബരിമല വിഷയം ഒരു ശക്തമായ പ്രചരണായുധമാക്കി മാറ്റാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് അവര്‍ക്ക് ചില്ലറ നേട്ടമൊന്നുമല്ല ഉണ്ടാക്കികൊടുത്തത്. ഇതിന് ഉപരിയായാണ് വര്‍ഗ്ഗീയ ധ്രുവീകരണം എന്ന നേട്ടവും കൂടി അവര്‍ക്ക് ലഭ്യമാകുന്നത്.

ഇതോടൊപ്പം ബി.ജെ.പിക്കും സംഘപരിവാറിനും മറ്റൊരു ലക്ഷ്യവും കൂടിയുണ്ട്. ക്ഷേത്രങ്ങള്‍ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരികയെന്നത്. അതിന് ദേവസ്വംബോര്‍ഡ് എന്ന സംവിധാനം ഇല്ലാതാകണം. അതാണ് ശബരിമല വിധി വന്നതിന് തൊട്ടുപിന്നാലെ ഹര്‍ജിയുമായി ബി.ജെ.പി നേതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ദേവസ്വംബോര്‍ഡ് ഇല്ലാതായാല്‍ ക്ഷേത്രങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാമെന്നും അവിടെനിന്ന് തങ്ങളുടെ രാഷ്ട്രീയം കരുപ്പിടിപ്പിക്കാമെന്നുമാണ് അവരുടെ കണക്കുകൂട്ടല്‍. പന്തളം രാജകുടുംബത്തിന്റെ ചില പ്രസ്താവനകളും ഇതിനോടനുബന്ധിച്ച് കാണേണ്ടതാണ്. അതുമനസിലാക്കിയാണ് ഇവയ്ക്ക് മുഖ്യമന്ത്രിക്ക് ശക്തമായ മറുപടി നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ ഭരണപരാജയത്തെ സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടേണ്ട കോണ്‍ഗ്രസാണ് ഇതില്‍ വെട്ടിലായിരിക്കുന്നത്. റഫേല്‍ അഴിമതിയുള്‍പ്പെടെ ഉയര്‍ത്തികൊണ്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വം ശക്തമായി ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിക്കുമ്പോള്‍ ഇവിടെ ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ഊര്‍ജ്ജം പകരാനാണ് അവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുപോയ ഹിന്ദുവോട്ടുകള്‍ ലക്ഷ്യമാക്കികൊണ്ടാണ് ഈ നീക്കമെങ്കിലും ഇത് അവര്‍ക്ക് ഉണ്ടാക്കുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കേരളത്തെ ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തിയെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസായിരുന്നുവെന്നത് ചരിത്രസത്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അങ്ങോട്ടുപോയവരുള്‍പ്പെടെ ഇതിനെ മുന്‍പന്തിയില്‍ നിന്നും നയിക്കുകയും ചെയ്തിരുന്നു. കേരളത്തിലുണ്ടായ പുരോഗമനപരമായ കാര്യങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണ് എന്ന് വാദമുന്നയിക്കുന്നവര്‍ ഇപ്പോള്‍ ചരിത്രത്തിന്റെ ഒരു നൂറ്റാണ്ട് പിന്നോക്കം പോകുന്നത് എന്താണെന്ന ചോദ്യമാണ് കോണ്‍ഗ്രസില്‍നിന്നും ഉണ്ടാകുന്നത്.

ന്യൂനപക്ഷപാര്‍ട്ടി മുന്നണിയെന്ന ലേബല്‍ മാറ്റിയെടുക്കാന്‍ നടത്തുന്ന കഠിനപരിശ്രമമാണെങ്കിലും അതുണ്ടാക്കുക വിപരീതഫലമായിരിക്കുമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ഉയരുന്ന അഭിപ്രായം. നേരത്തെ ബി.ജെ.പി നേതൃത്വം നല്‍കിയ സമരത്തിന് കൊടിപിടിക്കാതെ പങ്കാളികളാകാന്‍ നിര്‍ദ്ദേശിച്ച പാര്‍ട്ടിനേതൃത്വം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ആ സമരത്തില്‍ പങ്കെടുത്തവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതാണ് കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായ ജി. രാമന്‍നായരുടെ കാര്യം. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക. ഇപ്പോള്‍ തന്നെ ദേശീയതലത്തില്‍ ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസ് എന്ന ആരോപണമുണ്ട്. ശബരിമല സമരം തുടങ്ങിയശേഷം ഇവിടെയും ആ ആരോപണം സി.പി.എം ശക്തമായ ഉന്നയിക്കുന്നുമുണ്ട്. അത് തെരഞ്ഞെടുപ്പില്‍ ശക്തമായി സി.പി.എം ഉന്നയിച്ചാല്‍ കോണ്‍ഗ്രസിന് വല്ലാത്ത തിരിച്ചടിയുണ്ടാകും. നഷ്ടപ്പെട്ട ഹിന്ദുവോട്ടുകള്‍ മാത്രമല്ല, ഇനി ബാക്കിയുള്ള ന്യൂനപക്ഷവോട്ടുകള്‍ കൂടി അവര്‍ക്ക് ഇല്ലാതാകുന്ന സാഹചര്യം സംജാതമാകും.

ശബരിമല വിഷയം ദേശീയതലത്തില്‍ തന്നെ കേരളത്തിനെ ഒരു നൂറ്റാണ്ട് പിന്നിലേക്കടിക്കുകയാണ്. കേരളത്തില്‍ മാറുമറയ്ക്കാന്‍ പാടില്ലെന്നും മുലക്കരം നല്‍കണമെന്നുമൊക്കെ നിലനിന്ന ദുരാചാരങ്ങളാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലുള്‍പ്പെടെ പ്രചരണവിഷയം.

കേരളം അതിഭീകരമായ ഒരു പ്രളയത്തെ അഭിമുഖീകരിച്ച് തിരിച്ചുവരവിനുളള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഒരേ മനസോടെ ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ നേരിട്ട മലയാളിയെ ലോകമാകെ ഇഷ്ടപ്പെട്ടുതുടങ്ങിയതാണ്. അതിനിടയിലാണ് ശബരിമല വിഷയം ഉയര്‍ന്നുവന്നിരിക്കുന്നത്. അത് കേരളത്തിന്റെ പ്രതിച്ഛായ വളരെ മോശമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രളയത്തെ നേരിടാന്‍ കേരളം കാണിച്ച ഒരുമ കണ്ട് സഹായഹസ്തം നീട്ടിയവര്‍ പോലും ഇപ്പോള്‍ പുരികം ചുളിക്കുകയാണ്. കെട്ടുറപ്പ് എന്നത് ദുര്‍ബലമായ ഒന്നായിരുന്നുവെന്നാണ് അവര്‍ കരുതുന്നത്. പഴയ ചാതുര്‍വര്‍ണ്ണ്യത്തിന്റെ മലീമസമായ ആചാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പെടാപ്പാട് പെടുന്ന ഒരു സമൂഹമായാണ് കേരളത്തെ ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. എന്നോ എവിടെയോ നാം പിന്നിലാക്കിയ പൗരോഹിത്യാധികാരത്തിന്റെ തിരിച്ചുവരവിനുളള് കളം ഒരുക്കുകയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പലരും ഉന്നയിക്കുന്ന ആരോപണം.
തന്ത്രിയുടെയും രാജാവിന്റെയും അധികാരങ്ങള്‍ സംബന്ധിച്ച് നടക്കുന്ന തര്‍ക്കങ്ങള്‍ വിരല്‍ചൂണ്ടുന്നതും അതിലേക്കാണ്. അധികാരം ജനങ്ങളിലെത്തിയെന്ന് പോലും മനസിലാക്കാതെയാണ് പലരും എന്നോ മണ്‍മറഞ്ഞുപോയ ഒരു അധികാരസ്ഥാനത്തെ തിരിച്ചുകൊണ്ടുവരാന്‍ ഭഗീരഥപ്രയത്‌നം നടത്തുന്നത്. അതുപോലെത്തന്നെ ബ്രാഹ്മണ്യത്തിന് മുന്നില്‍ ജനാധിപത്യത്തിന്റെ സര്‍വാധികാരങ്ങളും അനുഭവിക്കുന്നവര്‍ പോലും ഓഛാനിച്ച് നില്‍ക്കുന്ന കാഴ്ചയും നാം ഇവിടെ കാണുന്നു.

ഭരണഘടനയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ അധികാരങ്ങള്‍ അനുഭവിക്കുന്നവര്‍ കൂറുകാട്ടേണ്ടത് ജനങ്ങളോടും ഈ സമൂഹത്തോടുമാണ്. അല്ലാതെ ആരെങ്കിലും തന്ത്രിയെയും രാജകുടുംബത്തേയും വിമര്‍ശിച്ചാല്‍ വിമര്‍ശനമേറ്റവരെക്കാള്‍ അതിന് മറുപടിപറയാനുള്ള വ്യഗ്രതകാട്ടുകയല്ല, ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവര്‍ ചെയ്യേണ്ടത്. സമാധാനം നിലനിര്‍ത്താനും സുപ്രീംകോടതി വിധി അനുസരിക്കാനുമുള്ള ബാദ്ധ്യത സര്‍ക്കാരുകള്‍ക്ക് മാത്രമല്ല, പ്രതിപക്ഷത്തിനുമുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ബി.ജെ.പി, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ഭരണഘടനയേയോ, വ്യവസ്ഥാപിതമായ സംവിധാനങ്ങളേയോ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ബി.ജെ.പിയെക്കാളും വലിയ വര്‍ഗ്ഗീയവാദികളാണ് തങ്ങളെന്ന് സ്ഥാപിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമം തീര്‍ത്തും മോശമാണ്. അക്രമം കാട്ടിയവരെ അമര്‍ച്ചചെയ്യുകതന്നെ ചെയ്യണം. അതിന് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ഉപദേശം ഉമ്മന്‍ചാണ്ടിയുടേതുമാണ്. '' സമരം ചെയ്യാന്‍ അവകാശമുളളതുപോലെ മറ്റുള്ളവര്‍ക്ക് ജീവിക്കാനും വഴിനടക്കാനും പണിയെടുക്കാനും അവകാശമുണ്ടെന്ന് ഓര്‍ക്കണം'' എന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഏപ്പോഴും പറയുമായിരുന്നു. ഇപ്പോഴും അദ്ദേഹം ആ നിലപാടിലായിരിക്കുമെന്നാണ് കരുതുന്നതും.

-ആര്‍. സുരേഷ്

Ads by Google
Ads by Google
Loading...
TRENDING NOW