Friday, June 21, 2019 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 10.53 AM

അരങ്ങില്‍ ഒതുങ്ങാത്ത അടുപ്പം...

uploads/news/2018/10/259818/Weeklybalumattnur261018.jpg

പത്തിരുപതു വര്‍ഷം മുമ്പാണ്... ബിഗ് ബാന്റ് എന്ന പേരില്‍ കുറെ ചെറുപ്പക്കാര്‍ ഏഷ്യാനെറ്റില്‍ ഒരു ഫ്യൂഷന്‍ സംഗീതപരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലം. ആഴ്ചയില്‍ ഒരുദിവസമാണ് സംപ്രേഷണം.

ഓരോ എപ്പിസോഡിലും സംഗീതമേഖലയിലെ അറിയപ്പെടുന്ന ഒരതിഥി ഉണ്ടാവും. അയാളുടെ അഭിമുഖത്തോടെയാണു തുടക്കം. പിന്നെ ഒരു സ്‌പെഷല്‍ പെര്‍ഫോമന്‍സ്.

അങ്ങനെയിരിക്കെ ഈ പ്രോഗ്രാമിലേക്ക് എനിക്കും ക്ഷണം ലഭിച്ചു. പതിവുപോലെ ആദ്യം അഭിമുഖം. പിന്നെ ചെണ്ടയിലുള്ള വാദ്യപ്രകടനം. മുന്നൊരുക്കമൊന്നുമില്ലാതെ യാണ് ഇതത്രയും. അന്ന് കൗമാരം വിട്ടൊഴിയാത്ത ബാലഭാസ്‌കര്‍ എന്ന കോളജ് വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പ്രോഗ്രാം. പ്രകാശ് ഉള്ള്യേരി, നിര്‍മ്മല്‍ തുടങ്ങി പിന്നീട് സംഗീതരംഗത്ത് പ്രതിഭ തെളിയിച്ച ഒരുപറ്റം ചെറുപ്പക്കാരുമുണ്ട് ഒപ്പം.

ബാലഭാസ്‌കറിന് അന്ന് ഇരുപതു തികഞ്ഞിട്ടില്ല. എന്റെ മൂത്തമകന്‍ ശ്രീകാന്തിന്റെ അതേ പ്രായം. നല്ല ഇഴയടുപ്പമുള്ള ഒരാത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പരിചയപ്പെട്ട ആദ്യനാള്‍ മുതല്‍ മാഷേ എന്നാണ് ബാലു എന്നെ വിളിച്ചിരുന്നത്. വളരെക്കാലം വെള്ളിനേഴി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നല്ലോ ഞാന്‍. ഒരു ശിഷ്യനോടുള്ള സ്‌നേഹവും പിതൃനിര്‍വിശേഷമായ വാത്സല്യവും ബാലുവിനോട് ആദ്യം മുതലേ ഉടലെടുത്തിരുന്നു.

രണ്ടാമത് ബാലു എന്നെ വിളിക്കുന്നത് തിരുവനന്തപുരത്തുള്ള ഒരു പ്രോഗ്രാമിനു വേണ്ടിയാണ്.
വയലിനും കീബോര്‍ഡും ഡ്രമ്മും ചെണ്ടയും മറ്റു വാദ്യോപകരണങ്ങളും ചേര്‍ന്ന് സംഗീതത്തിന്റെ ജുഗല്‍ബന്ധിയൊരുക്കുന്ന ആ യുവസംഘത്തോടൊപ്പം ഞാനും പെട്ടെന്ന് ഇണങ്ങിേച്ചര്‍ന്നു.

സ്വദേശത്തും വിദേശത്തുമായി എത്രയെത്ര അരങ്ങുകള്‍. ശിവമണിയും സ്റ്റീഫന്‍ ദേവസിയും ബാലഭാസ്‌കറും രഞ്ജിത്തും ഉള്‍പ്പെടെയുള്ള ബഹുമുഖ പ്രതിഭകള്‍ സംഗമിക്കുന്ന ആ ഫ്യൂഷന്‍ കച്ചേരിയില്‍ ഒപ്പം ചേരാനായത് വലിയൊരു സൗഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

ഉജാല ഗ്രൂപ്പ് തൃശൂരില്‍ സംഘടിപ്പിച്ച ഒരു പ്രോഗ്രാമാണ് ഈ സമയം എന്റെ മനസ്സിലേക്കു കടന്നുവരുന്നത്. സംഗീതരംഗത്തെ പേരും പെരുമയുമുള്ള ഒട്ടനവധി പ്രതിഭകള്‍ ഒത്തുചേരുന്ന വേദി. പ്രൗഢഗംഭീരമായ സദസ്സ്. പ്രോഗ്രാമിനെക്കുറിച്ച് അതിഗംഭീര അഭിപ്രായമാണ് ഏവര്‍ക്കും.

എന്നാല്‍ സംഘാടകരിലെ ചില പ്രമാണിമാര്‍ക്കും ഉജാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തിരക്കുകള്‍ മൂലം പ്രോഗ്രാം കാണാന്‍ കഴിഞ്ഞില്ല. അവര്‍ ഒന്നടങ്കം നിരാശരായി.

uploads/news/2018/10/259818/Weeklybalumattnur261018a.jpg

പിറ്റേദിവസം അതേ വേദിയില്‍ ഒരുവട്ടംകൂടി പ്രോഗ്രാം അവതരിപ്പിക്കാമോ എന്നായി അവരുടെ ചോദ്യം. പിറ്റേന്നു പക്ഷേ എനിക്ക് മറ്റൊരു പ്രോഗ്രാമുണ്ടണ്ട്. അതിനു പോയേ തീരൂ.
എന്തായാലും മാഷ് വന്നേ പറ്റൂ... മാഷില്ലെങ്കില്‍ പ്രോഗ്രാം പെര്‍ഫെക്ടാവില്ല... ബാലുവിന് ഒരേ നിര്‍ബന്ധം.

ഞാനാകെ ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ ഒരു നിബന്ധന മുന്നോട്ടുവച്ചു:
ഒരു കാര്യം ചെയ്യാം ബാലൂ... ഞാന്‍ ഒരുമണിക്കൂര്‍ പങ്കെടുക്കാം. അല്ലെങ്കില്‍ എന്നെ ഒഴിവാക്കിയേക്കൂ...
ബാലു അതു സമ്മതിച്ചു.
പറഞ്ഞിരുന്നതുപോലെ പിറ്റേദിവസം ഒരു മണിക്കൂര്‍ അവിടെ ഞാന്‍ പ്രോഗ്രാം അവതരിപ്പിച്ചു. മടങ്ങാന്‍ നേരം തലേദിവസത്തെ പ്രതിഫലംതന്നെ ബാലു എനിക്കു നല്‍കി.

ഇത്രയും പണം വേണ്ട ബാലൂ... മാത്രമല്ല ഞാന്‍ പകുതി സമയം മാത്രമേ പെര്‍ഫോം ചെയ്തുള്ളൂ...
കുറച്ചു പണമെടുത്തിട്ട് ബാക്കി തുക ഞാന്‍ തിരിച്ചുനല്‍കി.
വേണ്ട മാഷേ... ഇതു മാഷിനുള്ളതാണ്.

ബാലു അതു വാങ്ങാന്‍ വിസമ്മതിച്ചു. പക്ഷേ നിര്‍ബന്ധപൂര്‍വ്വം ഞാനതു തിരിച്ചുകൊടുത്തു.
എന്റെ മനസ്സിനെ വളരെയേറെ സ്പര്‍ശിച്ച ഒരനുഭവമായിരുന്നു അത്. പിന്നീടൊരിക്കലും ബാലു പ്രതിഫലത്തെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടില്ല.

ഇത്ര തുക വേണമെന്ന് ഞാനും ആവശ്യപ്പെട്ടിട്ടില്ല. എനിക്കര്‍ഹതപ്പെട്ടതിന്റെ പരമാവധി തുക നല്‍കാന്‍ ബാലു എപ്പോഴും മനസ്സുവച്ചിരുന്നു.

എന്നെ സംബന്ധിച്ച് അരങ്ങില്‍ മാത്രം ഒതുങ്ങുന്ന അടുപ്പമായിരുന്നില്ല ബാലുവിനോട്. സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു അയാള്‍.

എന്റെ ഷഷ്ഠിപൂര്‍ത്തിക്ക് വെള്ളിനേഴി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബാലഭാസ്‌കറും സംഘവും അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം അവിസ്മരണീയമായ ഒരനുഭവമായിരുന്നു. ബാലുവിന്റെ നേതൃത്വത്തിലുള്ള ഒരു സമര്‍പ്പണമായിട്ടാണ് അന്ന് ആ പ്രോഗ്രാം അവതരിപ്പിച്ചത്.

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി

Ads by Google
Friday 26 Oct 2018 10.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW