Tuesday, May 21, 2019 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 25 Oct 2018 03.32 PM

ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ചേര്‍ത്തലയിലെ ഇടവകപ്പള്ളിയില്‍ സംസ്‌കരിച്ചു

uploads/news/2018/10/259581/fr.kuriakose.jpg

ചേര്‍ത്തല : ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ചേര്‍ത്തല പള്ളിപ്പുറം സെന്റ്‌മേരീസ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിലാണ് മൃതദേഹം അടക്കം ചെയ്തത്. സംസ്‌കാര ചടങ്ങുകളില്‍ ജലന്ധര്‍ രൂപതാ വികാരി ജനറല്‍ ഉള്‍പ്പെടെയുള്ള വൈദികരും പങ്കെടുത്തു.

ഉച്ചയ്ക്ക് 12ന് വീട്ടിലെ സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഒരുമണിയോടെ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ കൊണ്ട് വന്നു ഇവിടെ നടന്ന ശുശ്രൂഷകള്‍ക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍.ജേക്കബ് മനത്തോടത്ത് കാര്‍മ്മികത്വം വഹിച്ചു. ജലന്ധര്‍ രൂപത വികാരി ജനറലിന്റെ നേതൃത്വത്തില്‍ എട്ട് വൈദികരും ചടങ്ങില്‍ പങ്കടുക്കാനെത്തിയിരുന്നു.

രണ്ട് മണിയോടെയാണ് പളളിയിലെ ശുശ്രൂഷകള്‍ ആരംഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വൈദികരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. 4 മണിയോടെ പ്രത്യേകം സജ്ജമാക്കിയ കല്ലറയില്‍ മൃതദേഹം അടക്കം ചെയ്തു.

ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ഫാ. കുര്യാക്കോസ് കാട്ടുതറയെ തിങ്കളാഴ്ചയാണ് ജലന്ധറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും, ജലന്ധര്‍ പോലീസിനും, കേരള പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. ജലന്ധര്‍ മുന്‍ ബിഷപ്
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കടുത്ത നിലപാടുകള്‍ എടുത്ത ഫാ. കുര്യാക്കോസ് കാട്ടുതറയെ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തു. തനിക്ക് ഭീഷണിയുള്ളതായി വൈദികന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അസ്വാഭാവിക മരണത്തിന് ജലന്ധര്‍ കേസ്സെടുക്കുമെന്നാണ് സൂചന. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. എന്നാല്‍ ഏത് തരത്തിലുള്ള അന്വേഷണത്തിനും പൂര്‍ണ്ണ പിന്തുണയെന്ന് ജലന്ധര്‍ രൂപതയും അറിയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW