Thursday, July 04, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 25 Oct 2018 09.04 AM

ഇനിയും പിടിച്ചു നില്‍ക്കാനാകില്ല, ജീവിതം വഴിമുട്ടുകയാണ്; ശരീരം വില്‍ക്കാന്‍ തെരുവിലേക്ക് ഇറങ്ങാതെ മറ്റ് മാര്‍ഗമില്ല: കൊച്ചി മെട്രോ പുറത്താക്കിയ രഞ്ജു പറയുന്നത്

transgender

കൊച്ചി മെട്രോയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട ട്രാന്‍സ്‌ജെന്‍ഡറിന്റെ വാക്കുകളാണ് ഇപ്പോള്‍ ഏവരെയും കണ്ണീരിലാഴ്ത്തുന്നത്. ഇനിയും പിടിച്ചു നില്‍ക്കാനാകില്ല, ജീവിതം വഴിമുട്ടുകയാണ്. ശരീരം വില്‍ക്കാന്‍ തെരുവിലേക്ക് ഇറങ്ങാതെ മറ്റ് മാര്‍ഗമില്ലെന്നാണ് രഞ്ജു മോഹന്റെ കുറിപ്പ്. നവമാധ്യമങ്ങളെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഇവര്‍.

മാതാപിതാക്കള്‍ മരിച്ച രഞ്ജുവിനുള്ളത് ചേച്ചിയും അനുജത്തിയുമാണ്. എന്നാല്‍ പെണ്ണാകാനിറങ്ങി പുറപ്പെട്ടവള്‍ ജീവനോടെ ഉണ്ടോ മരിച്ചോ എന്ന് പോലും അവര്‍ തിരക്കിയിട്ടില്ല. വേദനയില്‍ പങ്കു ചേരാനോ ഒന്ന് ആശ്വസിപ്പിക്കാനോ ആരുമില്ല. കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയെന്നും അവരുടെ ജീവിതം സുരക്ഷിതമായെന്നും പത്രതലക്കെട്ടുകള്‍ വാര്‍ത്ത നിരത്തിയെങ്കിലും അത്ര സുന്ദരമായിരുന്നില്ല കാര്യങ്ങളെന്ന് രഞ്ജു പറയുന്നു.

നിങ്ങളൊന്നും കരുതും പോലെ ഞങ്ങള്‍ എസിക്കു കീഴെ കുളിരു കോരിയിരിക്കുന്ന സര്‍ക്കാര്‍ ആപ്പീസുകാരിയൊന്നുമല്ല ഞാനും, എന്റെ സുഹൃത്തുക്കളും. കൊച്ചി മെട്രോ ടിക്കറ്റിങ് ജോലി ഏല്‍പ്പിച്ചിട്ടുള്ള ഒരു കമ്പനിയിലെ കോണ്‍ട്രാക്റ്റ് സ്റ്റാഫ് മാത്രമായിരുന്നു ഞാന്‍. ചാനല്‍ ചര്‍ച്ചകളിലും പത്രക്കോളങ്ങളിലും ട്രാന്‍സ് ജെന്‍ഡറുകളുടെ അവകാശ പോരാട്ടത്തെക്കുറിച്ച് ചിലര്‍ ഛര്‍ദ്ദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. ഞങ്ങള്‍ എന്നും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം തരക്കാരായിരുന്നു.

10000 രൂപയായിരുന്നു ശമ്പളം. ആ കാശ് ഒന്നിനും തികയാതെ വന്നപ്പോള്‍ ട്രെയിനില്‍ ഭിക്ഷയെടുക്കാന്‍ വരെ പോയിട്ടുണ്ട്. ഇതൊക്കെ ആരോട് പറയാന്‍. ഒരിക്കല്‍ ജോലിയിലെ പിഴവിന്റെ പേരില്‍ മേലുദ്യോഗസ്ഥന്‍ ഒരുപാട് പേരുടെ മുന്നില്‍ വച്ച് കണ്ണുപൊട്ടണ ചീത്ത പറഞ്ഞു. എന്റെ തെറ്റല്ലെന്നും സിസ്റ്റം ഡൗണായതാണെന്നും ഞാന്‍ കരഞ്ഞു പറഞ്ഞതാണ്. പക്ഷേ അവര്‍ ചെവിക്കൊണ്ടില്ല. എന്നെ അവര്‍ പുറത്താക്കി, ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍ പറഞ്ഞു. എനിക്കറിയാം സാറേ... മറ്റൊരു വ്യക്തിയായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. രഞ്ജു പറയുന്നു.

അന്ന് ജോലിയില്‍ എന്താണ് സംഭവിച്ചതെന്ന് ഏമാന്‍മാരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പിന്നേയും ദിവസങ്ങള്‍ വേണ്ടി വന്നു. കൈയ്യും കാലും പിടിച്ച് ജോലിക്ക് കയറി. പക്ഷേ എന്റെ സമയദോഷം അവിടെ തീര്‍ന്നില്ല, രാത്രി 11മണിക്ക് ജോലി കഴിഞ്ഞ് തിരികെ വരവെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് വച്ച് ഒരുത്തന്‍ എന്നെ ആക്രമിച്ചു. എന്റെ ബാഗ് പിടിച്ചു പറിച്ചു. അവന്റെ ഉദ്ദേശ്യം 'തെറ്റായിരുന്നു.'. ഞാന്‍ അത്തരക്കാരിയല്ലെന്നും വേറെ ആളെ നോക്കണമെന്നും കരഞ്ഞ് പറഞ്ഞതാണ്. പക്ഷേ അവന്‍ ഞങ്ങളെ വിട്ടില്ല, ഒടുവില്‍ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോള്‍ എന്റെ ബാഗും തട്ടിപ്പറിച്ച് അവന്‍ ഓടി. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് പൊലീസില്‍ പരാതി നല്‍കി.

നിയമ നടപടികള്‍ മുന്നോട്ടു പോകേ, തിരിച്ച് ഓഫീസിലെത്തിയപ്പോള്‍ കഥയാകെ മാറി. ലൈംഗിക തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാകില്ലെന്നായിരുന്നു അവരുടെ വാദം. എന്താണ് സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞു, ഈ ജോലി പോയാല്‍ മറ്റ് മാര്‍ഗമില്ലെന്ന് പറഞ്ഞ് കാലുപിടിച്ചു. പക്ഷേ അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. എന്ത് ചെയ്യാനാ...അവരുടെ മുന്നില്‍ ഞങ്ങള്‍ വെറും 'പോക്ക് കേസു'കളാണ്. വെറും രണ്ടാം തരക്കാര്‍. ജോലി പോയാലും വേണ്ടില്ല. പക്ഷേ ഞങ്ങളെ ഇപ്പോഴും ശരീരം വില്‍ക്കുന്നവരായി മുദ്രകുത്തുന്നത് കാണുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. പലപ്പോഴും മരിച്ചാല്‍ മതിയെന്നു വരെ തോന്നിയിട്ടുണ്ട് രഞ്ജുവിന്റെ വാക്കുകളെ കണ്ണീര്‍ മുറിച്ചു.

ജോലിക്കായി പിന്നേയും പല വാതിലുകളില്‍ മുട്ടി. ഞാനൊരു ബിഎസ്സിക്കാരിയാണ്. ടെലി കോളറായി ജോലി ചെയ്ത് എക്‌സ്പീരിയന്‍സും ഉണ്ട്. അതും മുന്നില്‍ക്കണ്ട് മുന്നോട്ടു പോയി. പക്ഷേ ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടു. ഒന്നും നടക്കാതായപ്പോള്‍ ട്രെയിനുകളില്‍ പാട്ടു പാടി ഭിക്ഷയെുത്ത് ജീവിച്ചു. പലരും വിചാരിക്കുന്നത് ഞങ്ങളൊക്കെ ശരീരം വിറ്റും പറയാന്‍ പാടില്ലാത്ത മറ്റ് പണിയൊക്കെ എടുത്തും ജീവിക്കുന്നവരാണെന്നാ. പകല്‍ ആണുങ്ങളും രാത്രി പെണ്ണുങ്ങളുമായി ജീവിക്കുന്ന ചിലരുണ്ട്. ചാവുന്നത് വരെ ആ പണിക്ക് എന്നെക്കിട്ടില്ല...അധ്വാനിച്ച് സ്വന്തം കാലില്‍ നില്‍ക്കുന്നവരും ഇന്നാട്ടില്‍ ഉണ്ട് സാറേ.

എത്രയെന്നു വച്ചാ പട്ടിണി കിടക്കുന്നേ... ഒന്നും നടക്കില്ലെന്ന് കണ്ടപ്പോള്‍ പിന്നേയും പഴയ ഭിക്ഷാടനം തന്നെയായി ആശ്രയം ഗ്വാളിയര്‍, ഷാലിമാര്‍ ട്രെയിനുകളില്‍ പാട്ടുപാടി ഭിക്ഷയ്ക്കറങ്ങി. പക്ഷേ ആര്‍പിഎഫിലെ സാറന്‍മാര്‍ അവിടെ നിന്നും ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചു....എന്താ ചെയ്ക...ഇങ്ങനെ കിടന്ന് നരകിക്കാനാകും ഞങ്ങളുടെ വിധി.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് 50,000 രൂപ ധനസഹായം, പുനരധിവാസ പദ്ധതി, വായ്പാ സഹായം എന്നിങ്ങനെ വാഗ്ദാനങ്ങള്‍ ഒരുപാടുണ്ട്. ഇന്നു വരെ പത്തിന്റെ പൈസ പോലും എനിക്ക് കിട്ടിയിട്ടില്ല. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാന്‍.വേദനയോടെ രഞ്ജു പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW