Wednesday, July 17, 2019 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Oct 2018 04.12 PM

പോലീസിന്റെ പൊന്നോമനകള്‍

അച്ഛനും അമ്മയും ജീവിച്ചിരിക്കെ അനാഥരാക്കപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും തണലൊരുക്കിയ ഒരു പോലീസ് കഥ...
uploads/news/2018/10/259273/inspringlife241018b.jpg

അച്ഛനെയും അമ്മയേയും വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് അനുരൂപയോടും ആര്യയോടും അദ്ധ്യാപകര്‍ പറഞ്ഞാല്‍ അവരുടനേ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് പോകും... പി.ടി.എ മീറ്റിംഗ് വന്നാലും ഫീസടയ്ക്കാന്‍ പറഞ്ഞാലും അവരുടെ പോക്ക് പോലീസ് സ്‌റ്റേഷനിലേക്ക് തന്നെ. തീര്‍ന്നില്ല... ജീവിതത്തില്‍ എന്ത് സന്തോഷം വന്നാലും സങ്കടം വന്നാലും ഈ പെണ്‍കുട്ടികള്‍ കയറി ചെല്ലുന്നത് ബാലുശ്ശേരി പോലീസ് സ്‌േറ്റഷനിലേക്കാണ്.

ഈ സ്‌റ്റേഷനാണ് ഇന്നിവരുടെ തറവാട്. ഇവിടുത്തെ പോലീസുകാരാണ് ഇവരുടെ രക്ഷകര്‍ത്താക്കള്‍. ഇവിടെ അവര്‍ക്ക് അമ്മയുണ്ട്... അച്ഛനുണ്ട്... എല്ലാ സഹായവും ചെയ്യുന്ന സി.എ മാമനുണ്ട്... സ്‌നേഹിക്കാന്‍ മാത്രമറിയുന്ന കാക്കി വേഷമിട്ട ഒട്ടേറെ കുടുംബാംഗങ്ങളുണ്ട്.

അനുരൂപയും ആര്യയും പോലീസുകാരുടെ പൊന്നോമനകളായതിന് പിന്നില്‍ നീണ്ട ഒരു കഥയുണ്ട്. ഒരല്‍പ്പം നൊമ്പരവും അതിലേറെ സന്തോഷവും പകര്‍ന്നു നല്‍കുന്ന ജീവിതകഥ. ഒപ്പം മാതൃകയാക്കപ്പെടേണ്ട ഒരപൂര്‍വ്വ പോലീസ് സ്‌റ്റോറിയും.

രക്ഷതേടിയെത്തി,രക്ഷാകര്‍ത്താക്കളെ കിട്ടി


ജന്‍മം നല്‍കിയ അച്ഛനും അമ്മയും ബന്ധം വേര്‍പ്പെടുത്തി ഇരു വഴികളിലൂടെ പോയപ്പോള്‍ ഒറ്റപ്പെടലിന്റെ നടുവിലായിരുന്നു ഈ പെണ്‍കുട്ടികള്‍. മുത്തശ്ശിക്കും മുത്തച്ഛനും ഒപ്പമായിരുന്നു അനുരൂപയും ആര്യയും കഴിഞ്ഞിരുന്നത്.

സ്വന്തമായി കരുതിവച്ച ചെറുസമ്പാദ്യം രണ്ടാനച്ഛന്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് പരാതി പറയാനാണ് ആദ്യമായി ഇവര്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലത്തുന്നത്. നിറഞ്ഞ കണ്ണുകളുമായി ഇവര്‍ സി.ഐ സുശീറിന് മുന്നില്‍ നിസ്സഹായരായി നിന്നു. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനാഥരാക്കപ്പെട്ട അവസ്ഥയായിരുന്നു അവര്‍ക്ക്.

uploads/news/2018/10/259273/inspringlife241018a.jpg
*അനുരൂപയും ആര്യയും ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം

ജോലിക്കൊന്നും പോകാന്‍ കഴിയാത്ത മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം ഈ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന് ആദ്യം തന്നെ തോന്നി. മാത്രമല്ല ഇരുവരും നന്നായി പഠിക്കുന്നവരുമാണ്. പഠനാവശ്യങ്ങള്‍ക്കായി കരുതിവച്ച പൈസ നഷ്ടപ്പെട്ട അവരുടെ കണ്ണീര് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.

സി.ഐ സുശീറിന്റെയുള്ളില്‍ പിതാവിന്റെ കരുതലുണര്‍ന്നു. അടുത്ത മീറ്റിംഗിനിടെ സ്‌റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുമായി തന്റെ ഒരു ആഗ്രഹം അദ്ദേഹം പങ്കുവച്ചു. അനുരൂപയേയും ആര്യയേയും നമുക്ക് ഏറ്റെടുക്കാമോ? പോലീസുകാരൊന്നടങ്കം ഒരേമനസ്സോടെ പറഞ്ഞു. അവരെ നമുക്ക് വളര്‍ത്താം.

സ്‌റ്റേഷനിലുണ്ട്, അച്ഛനും അമ്മയും അങ്കിള്‍മാരും


അനുരൂപയ്ക്കും ആര്യയ്ക്കും സാമ്പത്തിക സഹായം മാത്രം നല്‍കുക എന്നതായിരുന്നില്ല ഈ ഏറ്റെടുക്കലിന്റെ ലക്ഷ്യം.സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ റഷീദ് പിതാവിന്റെ സ്ഥാനവും വനിതാ പോലീസായ ശ്രീജ അമ്മയുടെ സ്ഥാനവും ഏറ്റെടുത്തു.

മാതാപിതാക്കള്‍ ഇടപെടേണ്ടഎന്ത് ആവശ്യത്തിനും ഈ പോലീസച്ഛനും പോലീസമ്മയും മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഓടിയെത്തും. എനിക്ക് ആദ്യം രണ്ട് മക്കളേയുണ്ടായിരുന്നുള്ളൂ.

പക്ഷേ ഇപ്പോള്‍ നാലു പേരുണ്ട്. എന്റെ മക്കളായി തന്നെയാണ് ഇവരെയും ഞാന്‍ കാണുന്നത്. ഞാനുള്ളിടത്തോളം അമ്മയില്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടാകില്ലല്ല.പോലീസമ്മയുടെ വാക്കുകളില്‍ സ്‌നേഹവും കരുതലും ആവോളമുണ്ട്.

ശമ്പളം കിട്ടിയാല്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകും മുന്‍പ് ഇവിടുത്തെ എല്ലാ പോലീസുകാരും ആദ്യം പണം നല്‍കുന്നത് അനുരൂപയുടെയും ആര്യയുടെയും ചെലവുകള്‍ക്കായാണ്.

അതിനായി അനുരൂപയുടെയും മുത്തച്ഛന്റെയും പേരില്‍ ഒരു അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. എല്ലാ പോലീസുദ്യോഗസ്ഥരുടെ വീട്ടുകാര്‍ക്കും ഈ പെണ്‍കുട്ടികള്‍ സ്വന്തക്കാരാണ്. ഓരോ ആഴ്ചയും ഓരോ പോലീസുകാര്‍ നേരിട്ട് അവരുടെ വീട്ടിലെത്തി ക്ഷേമം അന്വേഷിക്കാറുമുണ്ട്.

പഠനചെലവുകള്‍ക്കുള്‍പ്പടെ എന്താവശ്യത്തിനും ഒരു മടിയുമില്ലാതെ ഇവര്‍ക്കിപ്പോള്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് കയറിച്ചെല്ലാം.

ആരുമില്ലെന്ന തോന്നല്‍ ഞങ്ങള്‍ക്കിപ്പോഴില്ല. എന്തും പറയാനും ആവശ്യപ്പെടാനും ആരൊക്കെയോ ഉണ്ട്. നന്നായി പഠിച്ച് ജോലി നേടണമെന്ന ആഗ്രഹമായിരുന്നു. അത് നടക്കില്ലെന്ന സാഹചര്യം ജീവിതത്തിലുണ്ടായി. പക്ഷേ അതൊക്കെ മാറി. ഒന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

uploads/news/2018/10/259273/inspringlife241018.jpg
*അനുരൂപയും ആര്യയും റഷീദിനും ശ്രീജയ്ക്കുമൊപ്പം

ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കുമെന്ന് ഇപ്പോള്‍ ഒരു വിശ്വാസമുണ്ട്. ശരിക്കും ഈ പോലീസ് സ്‌റ്റേഷനാണിപ്പോള്‍ ഞങ്ങളുടെ വീട്. ഞങ്ങളെ സ്‌നേഹിക്കുന്നവരെല്ലാം ഇവിടെയുണ്ട് . അനുരൂപയും ആര്യയും നിറഞ്ഞ മനസോടെ പറയുന്നു.

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ് പഠിക്കുന്ന അനുരൂപയേയും, മാലികടവ് ഐടിഐയില്‍ സ്‌റ്റെനോഗ്രാഫി കോഴ്‌സ് പഠിക്കുന്ന ആര്യയേയും സിവില്‍ സര്‍വ്വീസ് പോലെ ഉന്നത പഠത്തിനയയ്ക്കണം എന്ന ആഗ്രഹമാണ് പോലീസ് രക്ഷകര്‍ത്താക്കള്‍ക്കുള്ളത്.

മാതൃകയാക്കാം, ഈ ജനമൈത്രി


ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ജനമൈത്രി എന്ന ആശയം നടപ്പിലാക്കപ്പെട്ടത്. ജനമൈത്രി ശരിക്കും അര്‍ഥവത്താവുകയാണ് ബാലുശ്ശേരിയിലെ ഈ നന്മയുള്ള പോലീസുകാരിലൂടെ. കേരളത്തിലെ ഓരോ സ്‌റ്റേഷനും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.

കുട്ടികള്‍ ഭാവിയുടെ സ്വത്താണ്. അവരിലേക്കാണ് നമ്മള്‍ ഇന്‍വെസ്റ്റ് ചെയ്യേണ്ടത്. വഴി തെറ്റി പോകാനോ, അപകടത്തില്‍ ചാടാനോ ഇടവരുത്താതെ അവര്‍ക്ക് സ്‌നേഹവും കരുതലും കൊടുത്താല്‍ നാളെ നന്‍മയുടെ പൂമരങ്ങളായി അവര്‍ വളര്‍ന്നു വരും. പോലീസുകാര്‍ മനുഷ്യരാണെന്നും മനുഷ്യത്വമുള്ളവരാണെന്നും തിരിച്ചറിയപ്പെടണം.

പിന്നെ ജന്‍മം കൊടുത്തതു കൊണ്ട് മാത്രം ഒരാളും അച്ഛനും അമ്മയും ആകില്ല. അതിന് കര്‍മ്മം ചെയ്യണം. ആ കര്‍മ്മമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ആ കര്‍മ്മഫലം ഞങ്ങളുടെ ഈ മക്കള്‍ സമൂഹത്തിന് തിരിച്ച് നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്്.

അനുരൂപയേയും ആര്യയേയും ചേര്‍ത്ത് പിടിച്ച് സുശീര്‍ ഇത് പറയുമ്പോള്‍ അവര്‍ തങ്ങളുടെ നിറഞ്ഞ കണ്ണുകള്‍ മറയ്ക്കുന്ന തിരക്കിലായിരുന്നു. ഹൃദയത്തില്‍ നിന്നൊഴുകിയ നന്ദിയുടെ... സ്‌നേഹത്തിന്റെ... കരുതലിന്റെ ആനന്ദക്കണ്ണീര്‍.

ദീപു ചന്ദ്രന്‍
രാജേഷ് മേനോന്‍

Ads by Google
Wednesday 24 Oct 2018 04.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW