Wednesday, July 17, 2019 Last Updated 50 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Oct 2018 11.18 AM

ഇനിയും കാത്തിരിക്കേണ്ടി വരും; റെഡി ടു വെയ്റ്റ് എന്നു തന്നെ പറയേണ്ടി വരും; ഭക്തസമൂഹം സ്വയം റെഡി ആവും വരെയെങ്കിലും; ഡോ. ഫസല്‍ റഹ്മാന്‍

sabarimala issue

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആക്ടിവിസ്റ്റുകള്‍ക്കും പുരോഗമന വാദികള്‍ക്കും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഡോക്ടര്‍ ഫസല്‍ റഹ്മാന്‍. ഇസ്ലാമായിട്ടും ആരും അറിയാതെ താന്‍ ശബരിമലയില്‍ പോയിട്ടുണ്ട്. മുസ്ലീം നാമധാരിയായ രഹന ഫാത്തിമയ്ക്ക് മല കയറാന്‍ സാധിക്കാതെ വന്നതില്‍ ഉള്ളില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്ത സമൂഹം സ്വയം റെഡിയാവുന്നത് വരെ എങ്കിലും റെഡി ടു വെയ്റ്റ് പറയേണ്ടി വരും. പോലീസിന്റെയും പട്ടാളത്തിന്റെയും അകമ്പടിയുണ്ടെങ്കിലും ഒരു സ്ത്രീയും ശബരിമലയില്‍ സുരക്ഷിതയല്ലെന്നും ഫസല്‍ റഹ്മാന്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ. ഫസല്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

താല്‍ക്കാലികമായെങ്കിലും എല്ലാം കെട്ടടങ്ങിയത് കൊണ്ട് മാത്രം പറയുന്നു.

ഞാനും പോയിട്ടുണ്ട് ശബരിമലയില്‍..
വീട്ടുകാരറിയാതെ ,നാട്ടുകാരറിയാതെ,
ഉറ്റകൂട്ടുകാര്‍ മാത്രമറിഞ്ഞു കൊണ്ട്.
MBBS നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ.
കൂട്ടുകാരന്റെ വീട്ടില്‍ നിന്നും പൂജയൊക്കെ ചെയ്ത്
ഇരുമുടിക്കെട്ട് കെട്ടി ,വൃതശുദ്ധിയോടെത്തന്നെ..

18-ആം പടി കയറി അയ്യപ്പസന്നിധിയിലെത്തി അയ്യപ്പദര്‍ശനം നടത്തിയത് ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരനുഭവം തന്നെയായിരുന്നു.
ശരണമന്ത്രങ്ങളുടെ താളലയങ്ങള്‍ കൊണ്ട് തീര്‍ക്കുന്ന ഒരു മാസ്മരിക നിര്‍വൃതിയുടെ ഭക്തി സാന്ദ്രമായ ഒരവസ്ഥ.ജീവിതത്തിലിന്നു വരെ അനുഭവിച്ചതില്‍ ഏറ്റവും ശക്തമായ ഭക്തികൊണ്ടുണ്ടാവുന്ന ഉന്മാദാവസ്ഥ .അത് ഞാന്‍ പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറത്തായിരുന്നു .

ഒരു ആര്‍ഷഭാരത ഹിന്ദുവല്ലാത്ത ഇസ്ലാം മത വിശ്വാസിയായ എനിക്ക് ഉണ്ടായതിതാണെങ്കില്‍ ,ഭക്തരുടെ വികാരം എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവഹിക്കാവുന്നതേയുള്ളൂ .......

മാലയിട്ട അയ്യപ്പ ഭക്തരായ കൂട്ടുകാരെ പേര് ചൊല്ലി വിളിക്കുമ്പോള്‍ അവരെ ബഹുമാനപൂര്‍വ്വം സ്വാമിയെന്നു വിളിക്കണമെന്നും ,നമ്മള്‍ കാശ് മുടക്കി മക്കയില്‍ ഹജ്ജിനു പോവുന്ന പോലെയാണ് അവര്‍ നോമ്പെടുത്തു മലയില്‍ പോവുന്നതെന്നും ,വീട്ടില്‍ വരുന്ന ജോലിക്കാരില്‍ ആരെങ്കിലും ഒരാള്‍ മാലയിട്ടെങ്കില്‍ തന്നെ ബാക്കിയുള്ളവര്‍ക്ക് പോലും മീനും ഇറച്ചിയും ഉണ്ടാക്കി കൊടുക്കാതെ അവരുടെ വൃതശുദ്ധിയെ ബഹുമാനിക്കുന്ന ഉമ്മയുടെ മകനായത് കൊണ്ടാണോ എന്നറിയില്ല ,

ശബരിമലയിലും ,എന്തിന് എല്ലാ മുസ്ലിം പള്ളികളില്‍ പോലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും ,ഇന്നല്ലെങ്കില്‍ നാളെ ഈ സ്ത്രീ വിവേചനം അവസാനിക്കുമെന്നും ,ശബരിമലയില്‍ ത്തന്നെ സ്ത്രീപ്രവേശനം സാധ്യമാവുമെന്നും വിശ്വസിക്കുന്ന ആളായിട്ടു കൂടി...

October 19 ന് ...

ഹിന്ദുക്കളുടെ മക്കയായ ശബരിമല എന്ന പുണ്യഭൂമിയിലേക്ക് മുസ്ലിം പേരുമായി ഒരു പെണ്ണ് നടന്നടുത്തപ്പോള്‍
ഹിന്ദുസഹോദരന്മാരേ നെഞ്ച് പിടഞ്ഞത് നിങ്ങളുടേത് മാത്രമായിരുന്നില്ല.
എന്റേത് കൂടിയായിരുന്നു...

ആര്‍ത്തവം അശുദ്ധിയാണെന്നോ പെണ്ണ് കയറിയാല്‍ അയ്യപ്പന്റെ ചൈതന്യം കുറഞ്ഞുപോവുമെന്നോ വിശ്വസിക്കാതിരുന്നിട്ട് കൂടി ഞാനും നിങ്ങളോടൊപ്പം പ്രാര്ഥിക്കുന്നുണ്ടായിരുന്നു ...
അവര്‍ക്ക് അവിടേക്ക് കയറാന്‍ സാധ്യമാവരുതേ എന്ന് .

രണ്ട് വര്‍ഷത്തോളമായി രെഹ്ന ഫാത്തിമയുടെയും അവരുടെ ഭര്‍ത്താവിന്റെയും facebook friend ആയിരിക്കുക വഴി അവരുടെ പുരോഗമന പ്രവര്‍ത്തനങ്ങളെയും body politics നെയുമെല്ലാം സപ്പോര്‍ട്ട് ചെയ്യുമ്പോഴും അവരുടെ ശബരിമല പ്രവേശനം ഭക്തി കൊണ്ടോ അയ്യപ്പനോടുള്ള സ്‌നേഹം കൊണ്ടോ അല്ലെന്ന ഉറച്ച സംശയമുള്ളതിനാല്‍ അത് പരാജയപ്പെട്ടു കണ്ടപ്പോള്‍ നിങ്ങളുടെയൊപ്പം ഞാനും സന്തോഷിക്കുന്നുണ്ടായിരുന്നു...
ആശ്വസിക്കുന്നുണ്ടായിരുന്നു...

10 വയസ്സിനും 50വയസ്സിനും ഇടയിലുള്ള പെണ്ണ് കയറിയാല്‍ ശബരിമലയുടെയും അയ്യപ്പന്റേയും ചൈതന്യത്തിന് കോട്ടം തട്ടുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്ന അവര്‍ണ്ണരും സവര്‍ണ്ണരും ആയ അയ്യപ്പഭക്തന്മാര്‍ ശരണമന്ത്രത്തിന്റെ താളലയം കൊണ്ട് നേടിയെടുക്കുന്ന ഭക്തിയുടെ ഉന്മാദാവസ്ഥയില്‍ നില്‍ക്കുമ്പോള്‍...

പോലീസിന്റെയോ എന്തിന് പട്ടാളത്തിന്റെയോ അകമ്പടിയോടെയാണെങ്കിലും അവിടെ ഒരു സ്ത്രീയും സുരക്ഷിത ആയിരിക്കില്ല എന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.ദേശസ്‌നേഹവും ഭരണഘടനയും ഫാഷിസവും വര്‍ഗീയതയും പുരോഗമനവും എല്ലാം അവിടെ വെറും വാക്കുകള്‍ മാത്രമായിരിക്കും.

അപ്പോ
പുരോഗമനവാദികളേ ആക്ടിവിസ്റ്റുകളേ....

നിങ്ങള്‍ കാത്തിരിക്കേണ്ടി വരും

ഇനിയും കാത്തിരിക്കേണ്ടി വരും...

Ready to wait എന്നു തന്നെ പറയേണ്ടി വരും

ഭക്തസമൂഹം സ്വയം റെഡി ആവും വരെയെങ്കിലും...

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW