Saturday, February 09, 2019 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 22 Oct 2018 01.47 PM

'പനിവന്നാല്‍ ന്യുമോണിയ' എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കുട്ടിയുടെ അസുഖം പൂര്‍ണമായി മാറാന്‍ എന്തു ചെയ്യണം?

കുട്ടികളുടെ ആരോഗ്യം
uploads/news/2018/10/258615/asdrkidscar221018.jpg

''ഈ പ്രായത്തിന്റെ പ്രത്യേകതകള്‍കൊണ്ടാണിത്. ഇതൊരു രോഗമായോ രോഗ ലക്ഷണമായോ കണക്കാക്കേണ്ടതില്ല. എന്നാല്‍ അസ്വഭാവികമാണെന്ന് നിങ്ങള്‍ക്ക് തോന്നുവെങ്കില്‍ പരിശോധന നടത്താവുന്നതാണ്. ''

നടുവിന് മുന്നിലേക്ക് വളവ്

എന്റെ മകന് 2 വയസുണ്ട്. മെലിഞ്ഞ ശരീരപ്രകൃതമാണ്. മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി അവന്റെ നടുവിന് മുന്നിലേക്ക് അല്‍പം വളവ് കൂടുതലുള്ളതായി തോന്നുന്നു. കുട്ടിയ്ക്ക് വേറെ അസുഖങ്ങളൊന്നുമില്ല. ഇത് ഡോക്ടറെ കാണിയ്‌ക്കേണ്ട ഗുരുതരമായ എന്തെങ്കിലും പ്രശ്‌നമാണോ? ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ടോ?
---- റോജി സാമുവല്‍ , കൊച്ചി

രണ്ടു വയസ് പ്രായമായ കുട്ടികള്‍ അല്‍പം മുന്നോട്ട് വയര്‍ ഉന്തി ഞെളിഞ്ഞ് നടക്കുന്നത് സ്വാഭാവികമാണ്. ഈ പ്രായത്തിന്റെ പ്രത്യേകതകള്‍കൊണ്ടാണിത്. ഇതൊരു രോഗമായോ രോഗ ലക്ഷണമായോ കണക്കാക്കേണ്ടതില്ല. എന്നാല്‍ അസ്വഭാവികമാണെന്ന് നിങ്ങ ള്‍ക്ക് തോന്നുവെങ്കില്‍ പരിശോധന നടത്താവുന്നതാണ്. ഇതിനായി കുട്ടികളുടെ ഡോക്ടറെ കുട്ടിയുമായി നേരില്‍ ചെന്നുകാണുക. കത്തില്‍ വിന്നും വായിച്ചറിഞ്ഞതനുസരിച്ച് താങ്കളുടെ കുഞ്ഞിന് പ്രത്യേകിച്ച് എന്തെങ്കിലും തകരാര്‍ ഉള്ളതായി തോന്നുന്നില്ല.

കുളികഴിഞ്ഞാല്‍ ദേഹത്തു ചൊറിച്ചില്‍


4 വയസുള്ള എന്റെ മകള്‍ക്കു വേണ്ടിയാണീ കത്ത്. കുളിപ്പിച്ചു കഴിഞ്ഞയുടനെ ദേഹം മുഴുന്‍ ചൊറിച്ചിലാണ്. ചൊറിഞ്ഞു തടിക്കുന്നുമുണ്ട്. കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മറ്റ് അവസരങ്ങളിലൊന്നും ചൊറിച്ചില്‍ അനുഭവപ്പെടുന്നുമില്ല. ഇത് എന്ത് അസുഖമാണ്? എന്താണ് ഇതിന് പ്രതിവിധി?
---- വിജിത രാജ് , കൊടുങ്ങല്ലൂര്‍

കിണറ്റില്‍ നിന്നും വെള്ളമെടുത്ത് കുളിപ്പിക്കുമ്പോള്‍ മാത്രമാണോ കുഞ്ഞിന് ഈ പ്രശ്‌നം ഉണ്ടാകുന്നതെന്ന് കത്തില്‍ നിന്നും വ്യക്തമല്ല. കിണറ്റിലെ വെള്ളം ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നതെങ്കില്‍ വെള്ളത്തിന്റെ തകരാറായിരിക്കാനാണ് സാധ്യത. ഏതെങ്കിലും തരത്തില്‍ മലിനമായ വെള്ളമുപയോഗിക്കുമ്പോള്‍ ഇത്തരത്തില്‍ ചര്‍മത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശം കുഞ്ഞിന്റെ ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്നു എന്നുവേണം കത്തില്‍ നിന്നും മനസിലാക്കാന്‍. അതാണ് കാരണമെങ്കില്‍ കിണറ്റിലെ വെള്ളത്തിന്റെ ഉപയോഗം നിര്‍ത്തുകയാണ് വേണ്ടത്.

പനിവന്നാല്‍ ന്യുമോണിയ


മകന് 5 വയസുണ്ട്. മെലിഞ്ഞ ശരീരപ്രകൃതമാണ്. അവന് മിക്കവാറും ദിവസങ്ങളില്‍ അസുഖങ്ങളാണ്. ഇതുമൂലം മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ പോകാന്‍ കഴിയാറില്ല. കുഞ്ഞായിരുന്നപ്പോള്‍ ക്ഷയം വന്നിരുന്നു. ഇപ്പോള്‍ പനി വന്നാലുടന്‍ അത് ന്യുമോണിയ ആയി മാറുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കുട്ടിയുടെ അസുഖം പൂര്‍ണമായി മാറാന്‍ എന്തു ചെയ്യണം?
----- രാജന്‍ , കാര്‍ത്തികപ്പിള്ളി

കുട്ടികള്‍ സ്‌കൂളില്‍ പോയിത്തുടങ്ങുന്ന ആദ്യത്തെ ഒന്നുരണ്ടു വര്‍ഷങ്ങളില്‍ ചില ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. വീട്ടിലെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്നും പെട്ടെന്നൊരു മാറ്റമുണ്ടാകുന്നതുകൊണ്ടാണിത്. ഇതിന്റെ ഫലമായി പുറത്തുനിന്നുമുള്ള പലതരത്തിലുള്ള അലര്‍ജികളും അണുബാധയും കുട്ടികളെ ബാധിക്കാനിടയുണ്ട്. പല അന്തരീക്ഷത്തില്‍ നിന്നും വീടുകളില്‍ നിന്നും വരുന്ന കുട്ടികളാണ് സ്‌കൂളില്‍ ഒരുമിച്ച് പഠിക്കുന്നത്. ഇവിടെ രോഗാണുക്കള്‍ ധാരാളമായുണ്ടാകും.

ഈ സാഹചര്യത്തില്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ താങ്കളുടെ മകന് രോഗപ്രതിരോധ ശേഷി കുറവുണ്ടെന്നോ രോഗമുണ്ടെന്നോ അര്‍ഥമില്ല. എന്നാല്‍ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യതിയാനം ഉണ്ടാകുന്നുവെങ്കില്‍ കുട്ടികളുടെ ഡോക്ടറെ കാണിച്ച് പരിശോധിക്കുന്നതാണ് നല്ലത്. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അഞ്ചുവയസുകാരന് അടിക്കടി രോഗം ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ടതില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും വിദഗ്ധ പരിശോധന നടത്തണം.

പാദരക്ഷ ധരിച്ചാല്‍ വീഴുന്നു


എന്റെ മകന് 3 വയസ്. ചെരുപ്പ് ധരിച്ച് നടക്കുമ്പോള്‍ കുഞ്ഞ് കാലിടറി വീഴാന്‍ തുടങ്ങുന്നു. ചെരുപ്പിടാത്ത അവസരത്തില്‍ വളരെ വേഗത്തിലും ശരിയായ രീതിയിലുമാണ് നടക്കുന്നത്. ചെരുപ്പിട്ട് നടന്ന് ശീലിക്കാന്‍ എങ്ങനെയാണ് പരിശീലനം നല്‍കേണ്ടത്? ഏതുപ്രായം മുതലാണ് കുട്ടികളെ ചെരുപ്പ് ധരിച്ചു നടക്കാന്‍ ശീലിപ്പിക്കേണ്ടത്?
---- തോമസ് എം. സി , മട്ടന്നൂര്‍

ഇപ്പോള്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ കുട്ടികളെ സോക്‌സും ഷൂവും ശീലിപ്പിക്കാറുണ്ട്. കുഞ്ഞ് കാലുറച്ച് നടന്നു തുടങ്ങുന്ന 15 - 18 മാസം പ്രായമാകുമ്പോള്‍ സാധാരണ ചെരുപ്പ് ധരിപ്പിക്കാറുണ്ട്. കാലില്‍ നിന്നും അഴിഞ്ഞു പോകാത്ത, കെട്ടുള്ള പാദരക്ഷകള്‍ കുട്ടികള്‍ളെ ധരിപ്പിക്കുന്നതാണ് നല്ലത്.

മൂന്നു വയസുള്ള കുട്ടികളെ സാധാരണ വള്ളിച്ചെരുപ്പ് ധരിപ്പിക്കാന്‍ സാധിക്കുന്നതാണ്. എന്തായാലും കുഞ്ഞിന് നടപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കത്തില്‍ വ്യക്തമാണ്. ചെരുപ്പ് ശീലമാവാത്തതാണ് കുഞ്ഞിന്റെ പ്രശ്‌നം. ഇത് കാലക്രമത്തില്‍ കുഞ്ഞിനു ശീലമാവുകയും ഇപ്പോഴുള്ള പ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്യും. പിന്നില്‍ കെട്ടുള്ള ചെരുപ്പ് ധരിക്കുന്നത് തട്ടി ഊരിപ്പോകാതിരിക്കാനും വീഴുന്നതും ഒഴിവാക്കാനാവും.

മൂന്നാം മാസം ഫിറ്റ്‌സ്


മകന്റെ കുഞ്ഞിന് മൂന്നുമാസം പ്രായം. ഒരു മാസമായി കുഞ്ഞിന് ഫിറ്റ്‌സ് വരുന്നു. ഓരോ തവണയും കണ്ണുകള്‍ തുറിച്ച് അപകടകരമായ അവസ്ഥയിലാകുന്നു. ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ദിവസത്തില്‍ പലതവണ ഫിറ്റ്‌സ് ഉണ്ടാകുന്നു. പ്രായത്തിന് ആനുപാതികമായ ശാരീരിക വളര്‍ച്ചയുണ്ട്. ഈ പ്രായത്തില്‍ കുഞ്ഞിന് ഫിറ്റ്‌സ് ഉണ്ടാവുക സാധാരണമാണോ? ഇത് ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമോ? ഞങ്ങള്‍ ഏതു ഡോക്ടറെയാണ് കാണിക്കേണ്ടത്?
-------ടി.വി. സാമുവല്‍ , കുന്ദംകുളം

പനിയോടു കൂടിയല്ലാതെ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് ഫിറ്റ്‌സ് വരുന്നത് പല കാരണംകൊണ്ടാവാം. തലച്ചോറിലുണ്ടാകുന്ന ജന്മനാലുള്ള വൈകല്യം ഇതില്‍ ആദ്യത്തേതാണ്. ന്യൂറോ മെറ്റബോളിക് ഡിസോര്‍ഡേഴ്‌സ് എന്ന പ്രത്യേകതരം രോഗങ്ങള്‍, അണുബാധയെത്തുടര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍, തലച്ചോറിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, ജന്മനാലുള്ള ചില അസുഖങ്ങള്‍ ഇവയെല്ലാം കുഞ്ഞുങ്ങള്‍ക്ക് ഫിറ്റ്‌സ് ഉണ്ടാകാനുള്ള കാരണങ്ങളാണ്. ഇ.ഇ.ജി. ബ്രയിന്‍ എം.ആര്‍.ഐ പരിശോധനകള്‍ നടത്തിയാല്‍ കാരണം കണ്ടെത്താന്‍ എളുപ്പം സാധിക്കും.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW