Friday, June 14, 2019 Last Updated 18 Min 13 Sec ago English Edition
Todays E paper
Ads by Google
കഴുമരത്തിന്റെ നിഴലില്‍ / ടി. ശ്യാംലാല്‍ (ഡിവൈ.എസ്.പി സ്‌പെഷല്‍ ബ്രാഞ്ച്)
Friday 19 Oct 2018 12.42 PM

ജയില്‍ തറവാടാക്കിയ കുറ്റവാളി

ആലീസ് വധക്കേസ്
uploads/news/2018/10/257858/Weeklycrimestory181018.jpg

കുണ്ടറയിലെ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ആലീസ് വര്‍ഗീസ് എന്ന അമ്പത്തിയേഴുകാരി കൊല്ലപ്പെട്ടു. പട്ടാപ്പകല്‍ ആലീസിനെ മാനഭംഗം ചെയ്ത കൊലയാളി അവരുടെ കഴുത്തറുത്തതിനു ശേഷം അവിടെയുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായാണു കടന്നു കളഞ്ഞിരിക്കുന്നത്.

ഗിരീഷ് എന്ന കുറ്റവാളിയെ കുറച്ചു ദിവസങ്ങളിലായി ആലീസിന്റെ വീടിനു സമീപത്ത് അവിടവിടെയായി കാണാറുണ്ടായിരുന്നെന്നതിനേക്കുറിച്ചു പോലീസിനു വിശ്വാസ്യമായ വിവരം ലഭിച്ചു. സംഭവത്തിനു ശേഷം ഗിരീഷ് അവിടെയെത്തിയതായി സൂചനയുമില്ല.
ഇനി ഗിരീഷിനേപ്പറ്റി...

സാഹചര്യം ഒരാളെ കുറ്റവാളിയാക്കി എന്നു സാധാരണ നമ്മള്‍ പറയാറുണ്ട്. എന്നാല്‍, ഗിരീഷ് ഒരു കാരണവശാലും അത്തരത്തില്‍ ഒരാളല്ല.

കുഞ്ഞുന്നാളിലേ വീടു വിട്ടതാണ് പാരിപ്പള്ളി പാമ്പുറം കോലായില്‍ പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ ഗിരീഷ്‌കുമാര്‍. കുറ്റകൃത്യങ്ങളുടേയും ക്രിമിനലുകളുടേയും ലോകത്തായിരുന്നു പിന്നീടയാള്‍.

മുപ്പത്തിയാറു വയസിലെത്തിയിട്ടും ഗിരീഷിനു സ്വന്തമായി ഒരു വിലാസമില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു കുറ്റകൃത്യത്തിന്റെ പേരില്‍ കേരളത്തിലെ ഏതെങ്കിലും ജയിലില്‍ അയാള്‍ മിക്കപ്പോഴുമുണ്ടാകും. ജയില്‍മതിലിനു പുറത്തുണ്ടാകുന്ന ദിവസങ്ങള്‍ അപൂര്‍വം.

എന്നാല്‍, സാധാരണ കുറ്റവാളികള്‍ വെച്ചു പുലര്‍ത്താറുള്ള ചില തത്വദീക്ഷകളും മര്യാദകളും പോലുമില്ലാത്തയാളായിരുന്നു ഇയാള്‍. ജയിലിലായിരിക്കുമ്പോഴും അടുത്ത കുറ്റകൃത്യം ചെയ്യാനുള്ള ആസൂത്രണത്തിലാവും ഇയാളുടെ മനസ്.

സഹതടവുകാരുടെ വിവരങ്ങള്‍ ഇയാള്‍ സൂക്ഷ്മമായി ചികഞ്ഞെടുക്കും. വീട് എവിടെ, വീട്ടില്‍ ആരൊക്കെയുണ്ട്, സാമ്പത്തികസ്ഥിതി എന്നിവയൊക്കെയാണു സൂത്രത്തില്‍ ചോര്‍ത്തിയെടുക്കുക.

uploads/news/2018/10/257858/Weeklycrimestory181018b.jpg
പ്രതി ഗിരീഷ്‌

വീട്ടില്‍ ഭാര്യ ഒറ്റയ്ക്കാണ്, ആരും തുണയില്ല എന്നെങ്ങാനും വിവരം കിട്ടിക്കഴിഞ്ഞാല്‍ ഏതെങ്കിലും ചെറിയ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങുന്ന ഗിരീഷ് നേരെ പോകുക അവിടേക്കാവും.
സ്ത്രീകളെ വശത്താക്കാന്‍ ഒരു പ്രത്യേക ചാതുര്യമുണ്ട്് അയാള്‍ക്ക്. വിസമ്മതിക്കുന്നിടങ്ങളില്‍ അല്‍പം ബലപ്രയോഗം നടത്താനും മടിക്കില്ല.

അതല്ലെങ്കില്‍, ജയില്‍മതിലിന്റെ ചുറ്റുവട്ടത്ത് അവിടവിടെയായി ചുറ്റിപ്പറ്റി നില്‍ക്കും ഗിരീഷ്. പ്രതികളെ കാണാനെത്തുന്ന സ്ത്രീകളിലാണ് ഇയാളുടെ നോട്ടം. ഭര്‍ത്താവിനു ജാമ്യം നേടാന്‍ സഹായിക്കാം, പരോളിലിറക്കിത്തരാം എന്നൊക്കെ പറഞ്ഞാണ് ഇയാള്‍ അടുത്തു കൂടുക. പലരും അതില്‍ വീണു പോകുകയും ചെയ്യും.

മറ്റൊരു കേസില്‍ ഇയാള്‍ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് ആഴ്ചകളേ പിന്നിട്ടിട്ടുള്ളു. ഗിരീഷിനേപ്പോലെ ഒരു കറതീര്‍ന്ന കുറ്റവാളി ആലീസിന്റെ വീടിന്റെ ചുറ്റുവട്ടത്തു കറങ്ങിയിട്ടുണ്ടെങ്കില്‍ ഈ കൃത്യത്തില്‍ അയാള്‍ക്ക് എന്തെങ്കിലും പങ്കുണ്ടാവുമെന്നു തീര്‍ച്ചയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പാരിപ്പള്ളിക്കാരനായ ഗിരീഷിനു കുണ്ടറയില്‍ ചുറ്റിക്കറങ്ങേണ്ട കാര്യമില്ലെന്നതും ഞങ്ങളുടെ സംശയം നേരായ ദിശയിലാണെന്നതു സ്ഥിരീകരിച്ചു.

ഗിരീഷിനായി വല വിരിച്ചു ഞങ്ങള്‍ കാത്തിരുന്നു. പ്രതീക്ഷിച്ചതു പോലെ ഗിരീഷ് വലയില്‍ വന്നു വീണു. കുണ്ടറയിലെ കാവേരി ബാറില്‍നിന്നാണു ഗിരീഷിനെ ഞങ്ങള്‍ പിടികൂടിയത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകള്‍ ഒന്നൊന്നായി നിരത്തിയപ്പോള്‍ ഗിരീഷിനു കുറ്റം സമ്മതിക്കേണ്ടി വന്നു.

ഞങ്ങള്‍ കണക്കുകൂട്ടിയതില്‍നിന്ന് അധികം വ്യത്യസ്തമായ കഥയായിരുന്നില്ല ഗിരീഷിനു പറയാനുായിരുന്നത്. ജയിലില്‍ ഒപ്പമുണ്ടായിരുന്ന മുളവന സ്വദേശിയായിരുന്ന സഹതടവുകാരനില്‍നിന്നാണു ഒറ്റയ്ക്കു താമസിക്കുന്ന ആലീസ് വര്‍ഗീസിനേപ്പറ്റി ഗിരീഷ് അറിയുന്നത്. അടുത്ത ഇര ആലീസ് തന്നെയെന്ന് അപ്പോള്‍ത്തന്നെ ഗിരീഷ് മനസിലുറപ്പിച്ചു.

2013 ജൂണ്‍ 11-നു രാവിലെ മതിലു ചാടിയാണു ഗിരീഷ് ആലീസിന്റെ വീട്ടുവളപ്പില്‍ പ്രവേശിക്കുന്നത്. വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ പറ്റിയ ഒരു സന്ദര്‍ഭം നോക്കിയിരുന്നപ്പോഴാണ് ആലീസ് കുളിക്കാനായി പുറത്തെ ബാത്‌റൂമിലേക്കു പോകുന്നത്. ആ തക്കം നോക്കി അയാള്‍ അകത്തു കടന്നു.

കുളി കഴിഞ്ഞെത്തിയ ആലീസിനെ ഗിരീഷ് ബലപ്രയോഗത്തില്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. എന്നാല്‍, ആലീസ് ബഹളം വെച്ച് ആളുകളെ കൂട്ടുമെന്ന് ഉറപ്പായതോടെയാണ് അവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കത്തി കൊണ്ടു കഴുത്തറുത്ത ശേഷം ആ കത്തി അവരുടെ തന്നെ കൈയില്‍ പിടിപ്പിച്ചു.

അതിനു ശേഷം കിട്ടാവുന്നത്ര ആഭരണങ്ങളുമായി അയാള്‍ കടന്നു കളഞ്ഞു. ആലീസിന്റെ ദേഹത്തുണ്ടായിരുന്നതും വീട്ടിലുണ്ടായിരുന്നതുമായ ആഭരണങ്ങള്‍ കണ്ണനല്ലൂരിലെ ഒരു ജ്വല്ലറിയില്‍നിന്നു കണ്ടെടുത്തു. കൃത്യം നടത്തുന്ന സമയത്തു താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഗിരീഷ് ഭദ്രമായി പൊതിഞ്ഞ് ഭരണിക്കാവിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ വെച്ചിരിക്കുകയായിരുന്നു.

uploads/news/2018/10/257858/Weeklycrimestory181018a.jpg

പിന്നീട് ചവറയിലെ ഒരു കോഴിക്കടയിലെ കശാപ്പുകാരനായി ഒന്നുമറിയാത്തതു പോലെ കഴിഞ്ഞുകൂടുന്നതിനിടെയാണ് അപ്രതീക്ഷിതമായി പോലീസിന്റെ പിടി വീഴുന്നത്. സംശയലേശമന്യേയുള്ള തെളിവുകളുണ്ടായിട്ടും അനേ്വഷണസംഘത്തെ വഴി തെറ്റിക്കാന്‍ ആവുന്നത്ര ശ്രമിച്ചു ഗിരീഷ്.

പ്രതിയുടെ വിലാസം സ്ഥിരീകരിക്കാനായി ഗിരീഷിന്റെ പാരിപ്പള്ളിയിലെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു സംഭവവുമുണ്ടായി. ഗിരീഷിന്റെ തന്നെ സഹോദരന്‍ അയാള്‍ക്കെതിരേ തിരിഞ്ഞു. ഇയാളുടെ ചെയ്തികള്‍ കൊണ്ടു മനംമടുത്തിരിക്കുകയായിരുന്നു ബന്ധുക്കള്‍. ഗിരീഷിനെയും കൊണ്ട് എങ്ങനെയെങ്കിലും അവിടെനിന്നു തലയൂരിയാല്‍ മതിയെന്നായി പോലീസിന്.

ഡിവൈ.എസ്.പിമാരായ രാധാകൃഷ്ണപിള്ള, സുള്‍ഫിക്കര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അനേ്വഷണം. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ വെറും പന്ത്രണ്ടു ദിവസം കൊണ്ടു പ്രതിയെ കണ്ടെത്താന്‍ സാധിച്ചതു പോലീസിന്റെ നേട്ടമായി.

അറസ്റ്റിലായിക്കഴിഞ്ഞ ശേഷം ഗിരീഷിനെ ജാമ്യത്തിലെടുക്കാന്‍ ബന്ധുക്കളാരും തയാറായില്ല. ജയിലില്‍ കിടന്നു തന്നെയാണു ഗിരീഷ് വിചാരണ നേരിട്ടത്. 23 സാക്ഷികളും 38 തൊണ്ടിമുതലുകളുമാണു കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാക്കിയത്. സൈബര്‍ സെല്ലിന്റെ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും യുക്തിഭദ്രമായി കൂട്ടിയോജിപ്പിച്ചതായിരുന്നു കുറ്റപത്രം.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊല്ലം നാലാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ ഗിരീഷിനു തൂക്കുകയര്‍ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 302, 394, 449, 461 വകുപ്പുകള്‍ പ്രതിക്കെതിരെ നിലനില്‍ക്കുമെന്നു കോടതി കണ്ടെത്തി. കൊലപാതകക്കുറ്റത്തിനാണ് വധശിക്ഷ. ഭവനഭേദനത്തിന് ശേഷം കൊലപാതകം നടത്തിയതിന് ജീവപര്യന്തവും കൊള്ളനടത്താനായി ആക്രമിച്ചതിന് പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ഒടുക്കണം.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ബി മഹേന്ദ്ര, അഡ്വ. അനോജിത്ത് എന്നിവര്‍ കോടതിയില്‍ ഹാജരായി. ആലീസ് കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗിരീഷ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു...

Ads by Google
കഴുമരത്തിന്റെ നിഴലില്‍ / ടി. ശ്യാംലാല്‍ (ഡിവൈ.എസ്.പി സ്‌പെഷല്‍ ബ്രാഞ്ച്)
Friday 19 Oct 2018 12.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW