''ശങ്കരീ ശങ്കരന്മാരുടെ ഭക്തന്മാരില് അഗ്രഗണ്യനായ വാലാസുരന്‍ സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് അത്യന്തം സന്തോഷത്തോടുകൂടി സത്യലോകം വസിച്ചു. പുണ്യകര്‍മ്മംകൊണ്ട് പരിശുദ്ധമായിത്തീര്‍ന്ന വാലാസുരന്റെ സര്‍വ്വ അവയവങ്ങളും ക്ഷണംതന്നെ രത്നബീജങ്ങളായിത്തീരുകയും അവയില്‍ നിന്നും പുതിയ അനവധി രത്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ''
രത്നങ്ങളുടെ ഉത്ഭവം സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് വാലാബുരനുമായി ബന്ധപ്പെട്ടതാണ്.
കുശ്യപ പ്രജാപതിക്ക് ഭനായു എന്ന ഭാര്യയില്‍ ജനിച്ച പുത്രനാണ് വാലാസുരന്‍. ജന്മനാ പരാക്രമിയായ വാലാസുരന്‍ തപസ്സു ചെയ്ത് പരമശിവനില്നിന്നും നിരവധി വരങ്ങള്‍ നേടി. അതോടെ അസുരേന്ദ്രന്റെ അഹങ്കാരവും ആക്രമണവും വര്‍ദ്ധിച്ചു.
ഒരിക്കല്‍ ദേവലോകം ആക്രമിച്ച വാലാസുരന്‍ ദേവേന്ദ്രനുമായി ഏറ്റുമുട്ടി. നേരിട്ടുള്ള പേരാട്ടത്തില്‍ വാലാസുരനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ദേവേന്ദ്രന് ഒരു തന്ത്രം പ്രയോഗിച്ചു.
വലാസുരന്റെ കഴിവില്‍ ദേവകള്‍ സന്തുഷ്ടരാണെന്നും ആയതിനാല്‍ എന്തെങ്കിലും ഒരു വരം വേണമെങ്കില്‍ ചോദിച്ചുകൊള്ളാനും ദേവേന്ദ്രന് കല്പിച്ചു.
പരാജയപ്പെട്ട ദേവകള്‍ക്ക് വരം നല്കാന് അവകാശം ഇല്ലെന്ന് ആക്രോശിച്ച വാലാസുരന്‍ താന്‍ ദേവകള്‍ക്ക് വരം നല്‍കാമെന്ന് പറഞ്ഞു.
ഇതുതന്നെ തക്കമെന്ന് കണ്ട ദേവേന്ദ്രന് വരം ചോദിച്ചു. ദേവകള്‍ നടത്താന്‍ പോകുന്ന യാഗത്തിന് നീ യജ്ഞപശുവാകണം.
ദേവകളുടെ ചതി ബോധ്യപ്പെട്ടെങ്കിലും കൊടുത്ത വാക്കില്‍നിന്നും പിന്മാറാതെ യാഗത്തിന് ബലിയര്‍പ്പിക്കപ്പെടാന്‍ വാലാസുരന്‍ തയ്യാറായി. ദേവകള്‍ ഉടന്‍തന്നെ യാഗത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. യജ്ഞത്തൂണില് വാലാസുരന്‍ ബന്ധിക്കപ്പെട്ടു. മന്ത്രോച്ചാരണങ്ങളോടെ വാലാസുരനെ ബലിയര്‍പ്പിച്ചു.
ഹോമിച്ച ഉടനെതന്നെ യജ്ഞാര്‍ത്ഥമായി ശരീരം പരിത്യജിച്ച അസുരേന്ദ്രന്‍ അത്യന്ത തേജസ്വരൂപിയും ദിവ്യസ്ത്രീകളാല്‍ പരിസേവിതനുമായി രത്ന വിമാനത്തില്‍ക്കയറി ബ്രഹ്മലോകം പൂകി. ശങ്കരീ ശങ്കരന്മാരുടെ ഭക്തന്മാരില് അഗ്രഗണ്യനായ വാലാസുരന്‍ സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് അത്യന്തം സന്തോഷത്തോടുകൂടി സത്യലോകം വസിച്ചു.
പുണ്യകര്‍മ്മംകൊണ്ട് പരിശുദ്ധമായിത്തീര്‍ന്ന വാലാസുരന്റെ സര്‍വ്വ അവയവങ്ങളും ക്ഷണംതന്നെ രത്നബീജങ്ങളായിത്തീരുകയും അവയില്‍ നിന്നും പുതിയ അനവധി രത്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
ഇപ്രകാരം വാലാസുരന്റെ ശരീരത്തില്‍നിന്നും ജനിച്ച രത്നങ്ങള്‍ ലോകത്തിലെ രത്നങ്ങളില്‍വച്ച് ഏറ്റവും ശ്രേഷ്ഠവും പാവനവുമായിത്തീര്ന്നു. ആ രത്നങ്ങളാണ് കീരിടത്തില്‍ ധരിക്കാന്‍ ഏറ്റവും ഉത്തമമായിട്ടുള്ളവ. ദാനവന്റെ ഏറ്റവും അശുദ്ധീകരണങ്ങളായ അസ്ഥി തുടങ്ങിയവയില്‍നിന്നും ജനിച്ചതായ രത്നങ്ങള്പോലും ശുദ്ധങ്ങളായിത്തീര്ന്നു.
വാലാസുരന്‍ ദാനവേന്ദ്രനാണെങ്കിലും ശിവഭക്തന്മാരില്വച്ച് അത്യന്തം ശ്രേഷ്ഠനായിരുന്നതുകൊണ്ടും അവന്റെ ശരീരം ഏറ്റവും നല്ലകാര്യത്തിനുവേണ്ടി ഉപേക്ഷിച്ചതുകൊണ്ടും ശിവഭക്തനാല് വധിക്കപ്പെട്ടുകൊണ്ടുമാണ് ആ ശരീരം ഇത്രയും പരിശുദ്ധമായിത്തീര്ന്നത്.
വജ്രം
ഭൂമിയിലുള്ള രത്നങ്ങളില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായ രത്നം വജ്രമാണ്. അതിന് സകല ധാതുക്കളെയും മുറിക്കാന്‍ കഴിയും. എന്നാല്‍ വജ്രത്തെ വജ്രം കൊണ്ടുമാത്രമേ മുറിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് ശ്രേഷ്ഠമായി കരുതാന്‍ കാരണം. ദധീചി മഹര്‍ഷി, വാലാസുരന്‍ എന്നിവരുടെ അസ്ഥികള്‍ വീണ കോസലം തുടങ്ങിയ സ്ഥലങ്ങളിലാണ് വജ്രഖനികള്‍ അധികം കാണപ്പെടുന്നത്.
മുത്ത്
മുത്തുകള്‍ രണ്ടു പ്രകാരത്തിലുണ്ട്. സ്ഥലജങ്ങളും ജലജങ്ങളും. വാലാസുരന്റെ ദന്തങ്ങള്‍, ശംഖ്, മത്സ്യത്തിന്റെ ശിരസ്സ്, മേഘം, സ്ത്രീകളുടെ കണ്ഠം, മുള, ആനയുടെ പല്ല് വലാഹകപ്പക്ഷിയുടെ മൊട്ട്, ഗാലിനെല്ലിന്റെ തണ്ട്, മുത്തുച്ചിപ്പി, കരടപാളി ഭുജ (മാനിന്റെ കൈ) എന്നീ സ്ഥലങ്ങളില്‍ നിന്നാണ് മുത്തുകള്‍ ഉണ്ടായിട്ടുള്ളത്.
മാണിക്യം
വാലാസുരന്റെ രക്തം വീണ സ്ഥലങ്ങളായ മക്ക, കാളപുരം, തുംബുരുപുരം, സിംഹളം എന്നീ സ്ഥലങ്ങളിലാണ് മാണിക്യം കണ്ടുവരുന്നത്. കൃതയുഗത്തില്‍ മക്കയിലും ത്രേതായുഗത്തില്‍ കാളപുരത്തിലും ദ്വാപരയുഗത്തില്‍ സിംഹളത്തിലും മാണിക്യം (പത്മരാഗം) ധാരാളമുണ്ടാകും.
ഇന്ദ്രനീലം
ശാസ്ത്രപ്രകാരം നീലരത്നം രണ്ടു പ്രകാശത്തിലുണ്ട്. ഒന്ന് വാലാസുരന്റെ കണ്ണുകളില്‍നിന്ന് ഉത്ഭവിച്ചതും മറ്റൊന്ന് നീലകണ്ന്റെ കണ്ഠത്തിലുള്ള വിഷത്തില്‍നിന്നും ഉത്ഭവിച്ചതുമാണ്.ദേവേന്ദ്രന് പണ്ട് വിശ്വരൂപനെ വധിച്ചതുമൂലം ഉണ്ടായ ദോഷം തീര്‍ക്കാന്‍ ഒരു അശ്വമോധ യാഗം നടത്തി. അപ്പോള്‍ ശേഷിച്ച അദ്ദേഹത്തിന്റെ നേത്രമലങ്ങള് എല്ലാം ഒരു ദിക്കില്‍ ഉപേക്ഷിച്ചു. ആ ദിക്കില്‍ നിന്നുമാണ് ഇന്ദ്രനീലങ്ങള്‍ ഉണ്ടായത്.
ഗോമേദകം
വാലാസുരന്റെ മേദസ്സു വീണ സ്ഥലത്തുനിന്നു ലഭിച്ച രത്നമാണ് ഗോമേദകം. ഇതിന് തേന്‍തുള്ളി, ഗോമൂത്രം, നെയ്യ്, കാഞ്ചനം എന്നിവയുടെ കാന്തിയും നിറവും ഉണ്ടായിരിക്കും. പരിശുദ്ധി, സ്നിഗ്ദ്ധത, ഗുരുത്വം എന്നീ മൂന്നു ഗുണങ്ങളുണ്ടായിക്കും. ഈ രത്നം ധരിക്കുന്നവര്‍ സകല പാപങ്ങളില്‍നിന്നും വിമുക്തരായി പരിശുദ്ധിനേടും.
പുഷ്യരാഗം
ഹിരണ്യാക്ഷനെ വധിക്കാന്‍ മഹാവിഷ്ണു വരാഹവതാരം എടുത്തല്ലോ. ഹിരണ്യാക്ഷനെ കണ്ട് കോപാകുലനായിത്തീര്ന്ന ഭഗവാന്റെ കര്‍ണ്ണരന്ധ്രങ്ങളില്‍ നിന്നും ഉത്ഭവിച്ച മലത്തില്നിന്നാണ് പുഷ്യരാഗം ഉണ്ടായത്. ആ കര്ണ്ണമലം വീണ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇന്ന് പുഷ്യരാഗം ലഭിക്കുന്നുണ്ട്. കൂടാതെ വാലാസുരന്റെ കഫം വീണ സ്ഥലങ്ങളില്‍നിന്നും പുഷ്യരാഗം ഉണ്ടായി.
വൈഡൂര്യം
വാലാസുരന്റെ രോമങ്ങള്‍ പതിച്ച ഇളാമൃതഖണ്ഡം, മേരുപര്‍വ്വതം, പശ്ചിമഭാഗം, ഗോരക്ഷ, സിംഹള ദ്വീപുകള്‍, പാരസികം, മഗധം തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മലയ, ത്രികുടം, മുതലായ പര്‍വ്വതങ്ങളില്‍ നിന്നും ദീപാന്തരങ്ങളില്നിന്നും മറ്റുമാണ് വൈഡൂര്യം ഉണ്ടാകുന്നത്.
ഭൂമിയുടെ ചില ഭാഗങ്ങളില്‍ പ്രളയം മൂലമുണ്ടാകുന്ന മേഘഗര്‍ജനത്താലും വൈഡൂര്യം ഉണ്ടാകുന്നു.
പവിഴം
വാലാസുരന്റെ മാംസം വീണ പല സ്ഥലങ്ങളില്‍നിന്നും പവിഴം (വിദ്രുമങ്ങള്‍) ഉണ്ടാകുന്നു. ബ്രഹ്മാവ് പിതൃകുലസൃഷ്ടി നടത്താന്‍ എടുത്ത ശരീരത്തില്‍നിന്നും ഉത്ഭവിച്ച മലം വീണ സ്ഥലത്ത് ഉണ്ടാകുന്നു. പണ്ട് ലോകനാശത്തിന് തുനിഞ്ഞ പര്‍വ്വതങ്ങളുടെ ചിറക് ഇന്ദ്രന് വെട്ടിയപ്പോള്‍ അവയുടെ ചോര വീണ സ്ഥലം, വരുണന്റെ മുട്ടത്തോടുകള്‍ വീണസ്ഥലം, വിഷ്ണുവിനാല്‍ വധിക്കപ്പെട്ട മധുകൈട ഭടന്മാരുടെ മാംസങ്ങള്‍ വീണ സ്ഥലം, എന്നിവിടങ്ങളില്‍നിന്നുമാണ് പവിഴം ലഭിക്കുന്നത്.
ടി. സന്തോഷ് കുമാര്‍
ജ്യോതിഷാചാര്യ
മൊ: 9961019689