Wednesday, July 17, 2019 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
അനിത മേരി ഐപ്പ്
Friday 12 Oct 2018 08.56 AM

ഒരു 'ലഞ്ച് ബോക്‌സ്' ജീവിതം; 43 വര്‍ഷം, മുടക്കമില്ലാതെ മഴയത്തും വെയിലത്തും സൈക്കിള്‍ ചവിട്ടി ചോറ്റുപാത്രങ്ങളുടെ ഉടമകളെതേടി ഉപേന്ദ്രനാഥ പ്രഭു, എറണാകുളത്ത് അവശേഷിക്കുന്ന ഏക ഡബ്ബാവാലയുടെ കഥ

മഴയായാലും വെയിലായായും എന്നും പഴയ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ 43 വര്‍ഷമായി മുടക്കമില്ലാതെ സൈക്കിള്‍ ചവിട്ടി പോകുന്ന ഉപേന്ദ്രനാഥ്. താമസിച്ചു ചെന്നതല്ലാതെ ഇന്നുവരെ ചോറ്റുപാത്രം കൊണ്ടു കൊടുക്കാനാവാത്ത സാഹചര്യം ഉണ്ടായിട്ടില്ല. പനിയായാലും വീട്ടിലിരിക്കില്ലെന്നു ഭാര്യ ഉമ പരാതിപ്പെടുമ്പോള്‍ ജീവിതം തന്ന ചോറ്റുപാത്രങ്ങളെ അത്രവേഗം ഉപേക്ഷിക്കാനാവില്ലെന്ന് ഉപേന്ദ്രനാഥ് പറയുന്നു.
Dabbawala

കൊച്ചി: വെല്ലിംഗ്ടണ്‍ ഐലന്റിന്റെ ചരിത്രത്തിന്റെ ഓരത്തുകൂടി ചോറ്റുപാത്രങ്ങളുമായി സൈക്കിള്‍ ചവിട്ടിപ്പോകുന്നൊരു മനുഷ്യനുണ്ട്. ഐലന്റിന്റെ സുവര്‍ണകാലം നല്‍കിയ ജീവിതമാര്‍ഗത്തെ ഇന്നും കൈവിടാതെ 43 വര്‍ഷമായി ഉപേന്ദ്രനാഥ പ്രഭു മട്ടാഞ്ചേരിയിലുണ്ട്.

വരുമാനം കുറഞ്ഞതോടെ ഒപ്പമുണ്ടായിരുന്നവര്‍ തൊഴില്‍ ഉപേക്ഷിച്ചപ്പോഴും ഉപേന്ദ്രനാഥ പ്രഭു ചോറ്റുപാത്രങ്ങളുമായി ഉടമസ്ഥരുടെ അടുത്തേക്ക് എന്നും സൈക്കിള്‍ ചവിട്ടിപ്പോകുന്നു. എറണാകുളത്ത് അവശേഷിക്കുന്ന ഏക ഡബ്ബാവാലയാണ് 62 വയസുകാരനായ ഉപേന്ദ്രനാഥ്.

വീട്ടിലെ ഭക്ഷണം ചൂടോടെ

വീട്ടില്‍ തയാറാക്കുന്ന ഉച്ചഭക്ഷണം വീടുകളില്‍നിന്നു ശേഖരിച്ച് ജോലിക്കാര്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ ചൂടോടെ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചുകൊടുക്കുന്നവരാണ് ഡബ്ബാവാലകള്‍. മുംബൈ പോലുള്ള നഗരങ്ങളില്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഡബ്ബാവാലകള്‍. അവിടെ വലിയ ചങ്ങലയായി ഡബ്ബാവാലകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് ഉപേന്ദ്രനാഥ പ്രഭു ഈ തൊഴില്‍ ആരംഭിച്ചത്. 1975ല്‍വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും നിരവധി കമ്പനികളുമൊക്കെയായി സജീവമായിരുന്ന വെല്ലിംഗ്ടണ്‍ ഐലന്റിലെ കമ്പനികളിലെ ഉദ്യോഗസ്ഥരാണ് തങ്ങള്‍ക്കു വീട്ടില്‍നിന്ന് ഭക്ഷണം ചൂടോടെ കൊണ്ടുവരാമോ എന്ന് ഉപേന്ദ്രനാഥിനോടു ചോദിക്കുന്നത്. അന്ന് മാസം പത്തുരൂപയ്ക്ക് തുടങ്ങിയതാണ് ഈ തൊഴില്‍.

സൈക്കിള്‍ ബെല്ലിനു കാത്ത് വീട്ടമ്മമാര്‍

രാവിലെ പത്തുമണിയോടെ ജോലി ആരംഭിക്കും. മട്ടാഞ്ചേരിയിലും ഫോര്‍ട്ട്‌കൊച്ചിയിലും വീടുകളുടെ മുന്നില്‍ചെന്ന് സൈക്കിള്‍ ബെല്ലടിക്കുമ്പോള്‍ അവിടത്തെ വീട്ടമ്മമാര്‍ ഭര്‍ത്താക്കന്മാര്‍ക്കുള്ള ചോറ്റുപാത്രവുമായി ഇറങ്ങിവരും.

അതു സൈക്കിളില്‍ ചുമന്ന് പന്ത്രണ്ട് മണിയോടെ ഐലന്റിലെത്തി ഉടമസ്ഥരെ ഏല്‍പിക്കുന്നു. പാത്രങ്ങള്‍ മാറിപ്പോകാതിരിക്കാന്‍ ചില അടയാളങ്ങളൊക്കെ വച്ചാണ് കൊണ്ടുപോകുന്നത്. രണ്ടു മണിയാകുമ്പോള്‍ ഒഴിഞ്ഞ പാത്രങ്ങള്‍ ശേഖരിച്ച് തിരികെ വീടുകളില്‍ കൊണ്ടുകൊടുക്കും. നാലു മണിയോടെ ജോലി അവസാനിക്കും. ആഴ്ചയില്‍ അഞ്ചു ദിവസം പോയാല്‍ മതി.

Dabbawala

അന്‍പതോളം പാത്രങ്ങള്‍ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. അക്കാലത്ത് വൈകിട്ട് ആറു മണിയാകും വീട്ടിലെത്തുമ്പോള്‍. പിന്നീടത് കുറഞ്ഞുകുറഞ്ഞ് പതിനഞ്ചായി. ഇപ്പോള്‍ ഒരാളില്‍നിന്ന് 500 രൂപയാണ് പ്രതിമാസം വാങ്ങുന്നത്. ഓണത്തിന് ബോണസ് പോലെ ഒരു മാസത്തെ തുക ഉദ്യോഗസ്ഥര്‍ അധികമായി നല്‍കും. ഇതിനിടെ മൂന്നു മക്കളും വളര്‍ന്ന് അവരുടെ ജീവിതം കരുപ്പിടിപ്പിച്ചു. പക്ഷേ, ഉപേന്ദ്രനാഥ പ്രഭുവിന് ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ മനസുവന്നില്ല.

വല്ലാര്‍പാടം ടെര്‍മിനല്‍ വന്നശേഷം ഐലന്റില്‍നിന്ന് കമ്പനികള്‍ പലതും മാറിപ്പോയതും ഹോട്ടലുകള്‍ പെരുകിയതും പുതുതലമുറയ്ക്ക് വീട്ടിലെ ഭക്ഷണത്തോടു താല്‍പര്യം കുറഞ്ഞതുമൊക്കെ വരുമാനം കുറയാന്‍ കാരണമായതായി ഉപേന്ദ്രനാഥ പ്രഭു പറയുന്നു. റിട്ടയറായ ശേഷവും സര്‍വീസില്‍ തുടരുന്ന ചില ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉപേന്ദ്രനാഥിനെ ആശ്രയിക്കുന്നത്.

നേരത്തെ പള്ളുരുത്തിയില്‍നിന്നും ഫോര്‍ട്ട്‌കൊച്ചിയില്‍നിന്നുമൊക്കെയായി പതിനഞ്ചോളം പേരുണ്ടായിരുന്നു ഡബ്ബാവാലകളായി. വരുമാനം കുറഞ്ഞതോടെ അവരൊക്കെ വേറെ ജോലികള്‍ തേടിപ്പോയി. ആരോഗ്യം അനുവദിക്കുന്നതുവരെ ഈ ജോലി തുടരണമെന്നാണ് മട്ടാഞ്ചേരി കേരളേശ്വര്‍ ലൈനില്‍ താമസിക്കുന്ന ഉപേന്ദ്രനാഥിന്റെ ആഗ്രഹം.

മഴയത്തും വെയിലത്തും

മഴയായാലും വെയിലായായും എന്നും പഴയ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ 43 വര്‍ഷമായി മുടക്കമില്ലാതെ സൈക്കിള്‍ ചവിട്ടി പോകുന്ന ഉപേന്ദ്രനാഥിന് മട്ടാഞ്ചേരിയുടെയും വെല്ലിംഗ്ടണ്‍ ഐലന്റിന്റെയും ചരിത്രം കാണാപ്പാഠമാണ്. താമസിച്ചു ചെന്നതല്ലാതെ ഇന്നുവരെ ചോറ്റുപാത്രം കൊണ്ടു കൊടുക്കാനാവാത്ത സാഹചര്യം ഉണ്ടായിട്ടില്ല. പനിയായാലും വീട്ടിലിരിക്കില്ലെന്നു ഭാര്യ ഉമ പരാതിപ്പെടുമ്പോള്‍ ജീവിതം തന്ന ചോറ്റുപാത്രങ്ങളെ അത്രവേഗം ഉപേക്ഷിക്കാനാവില്ലെന്ന് ഉപേന്ദ്രനാഥ് പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW