Wednesday, October 17, 2018 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Thursday 11 Oct 2018 11.49 AM

കുറവിലങ്ങാട് മഠം അടച്ചുപൂട്ടി സമരം ചെയ്ത കന്യാത്രീകളെ പുറത്താക്കാന്‍ നീക്കം ? ജലന്ധറില്‍ നിന്നും രണ്ട് കന്യാസ്ത്രീകള്‍ താമസത്തിന് എത്തിയതില്‍ ദുരൂഹത; അവധിയെടുക്കാന്‍ പറ്റാത്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഒരു മാസം അവധിയെടുത്ത് വന്നതിനു പിന്നില്‍ ഗൂഢലക്ഷ്യം

uploads/news/2018/10/255918/nuns.jpg

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയും സാക്ഷികളായ കന്യാസ്ത്രീകളും താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ ജലന്ധറില്‍ നിന്നും രണ്ട് കന്യാസ്ത്രീകള്‍ എത്തി താമസിക്കുന്നതില്‍ ദുരൂഹത. കേസില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് ഇവര്‍ ഇവിടെയെത്തിയിരിക്കുന്നത്. ഇരയേയും സാക്ഷികളെയും സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ ഇവരുടെ വരവിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ഇരയ്‌ക്കൊപ്പമുള്ള കന്യാസ്ത്രീകള്‍ പറയുന്നു.

ചമിയാരി സെന്റ് മേരീസ് കോണ്‍വെന്റിലെ സി.അനിറ്റും ജലന്ധര്‍ സെന്റ് മേരീസ് കോണ്‍വെന്റിലെ സി. സ്‌റ്റെല്ലയുമാണ് ഇൗ മാസം ആറു മുതല്‍ കുറവിലങ്ങാട് മഠത്തില്‍ താമസത്തിനെത്തിയത്. ഇവിടെയുള്ള ബിഷപ്പ് അനുകൂലികളായ രണ്ട് കന്യാസ്ത്രീകള്‍ക്ക് സംരക്ഷണത്തിന് വേണ്ടിയാണ് ഒരു മാസത്തേക്ക് വന്നിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ജലന്ധറിലെ രണ്ട് ഐസിഐസിഐ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരായ ഇവര്‍ ഒരു മാസം അവധിയെടുത്ത് വന്നതാണ് മറ്റുള്ളവരില്‍ സംശയം ഉണ്ടാക്കുന്നത്. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് എല്ലാ കന്യാസ്ത്രീകളും നിര്‍ബന്ധിതമായി ധ്യാനത്തിന് പോകണമെന്ന സഭയുടെ നിര്‍ദേശം പോലും ഇവര്‍ക്ക് വേണ്ടി ഇളവ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍മാരായതിനാല്‍ സ്‌കൂളില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഇവരെ ധ്യാനത്തിന് വിട്ടിരുന്നില്ല. ഒരു ദിവസം പോലും അവധിയെടുക്കാന്‍ പറ്റാത്ത ഇവര്‍ ഒരു മാസം അവധിയെടുത്ത് വന്നിരിക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്. മറ്റു രണ്ടു പേര്‍ക്ക് കൂട്ടിനു വന്നതാണെങ്കില്‍ ഇത്രയും ഉത്തരവാദിത്തപ്പെട്ട ചുമതലകളില്‍ ഇരിക്കുന്ന ഇവര്‍തന്നെ വരണമെന്നില്ലല്ലോയെന്നാണ് കന്യാസ്ത്രീകള്‍ ചോദിക്കുന്നത്.

ഇവരില്‍ സി.അനിറ്റിന്റെ നിലപാട് ഏറെ ഗൗരവമുള്ളതുമാണ്. പരാതിക്കാരി മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ ആയിരിക്കുമ്പോള്‍ അസിസ്റ്റന്റ് മദര്‍ ജനറാള്‍ ആയിരിന്നു ഇവര്‍. പരാതിക്കാതിക്കൊപ്പം ആദ്യഘട്ടത്തില്‍ ഉറച്ചുനിന്നിരുന്ന ഇവര്‍ പോലീസ് കേസ് വന്നതോടെ പരാതിക്കാരിയില്‍ നിന്ന് അകന്ന് ബിഷപ്പിനൊപ്പം ചേരുകയായിരുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പോയ കന്യാസ്ത്രീകളുടെ സംഘത്തിലും ഇരുവരുമുണ്ടായിരുന്നു.

കന്യാസ്ത്രീ മഠങ്ങളില്‍ സാധാരണ സ്ഥലംമാറ്റങ്ങള്‍ ഏപ്രില്‍, മേയ് മാസങ്ങളിലാണ് നടക്കുന്നത്. എന്നാല്‍ ഇവരുടെ അപ്രതീക്ഷിതമായ സ്ഥാനചലനത്തിനു പിന്നില്‍ ജലന്ധറിലെ ചില വൈദികരുടെ ഇടപെടലും സംശയിക്കുന്നുണ്ട്. ഈ മാസം മൂന്നിനാണ് ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞത്. തൊട്ടുപിന്നാലെ ഫ്രാങ്കോയുടെ വലംകൈ ആയ ഒരു വൈദികന്‍ ജലന്ധറില്‍ തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടി ഇടപെടലാണ് അടിയന്തിരമായി ഈ രണ്ട് കന്യാസ്ത്രീകള്‍ കുറവിലങ്ങാട് എത്താന്‍ കാരണമെന്ന് സംശയിക്കുന്നു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ബിഷപ്പ് അഗ്‌നെലോ ഗ്രേഷ്യസ് എട്ടിന് ചുമതലയേല്‍ക്കുമെന്ന് അറിയിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി ഇവര്‍ കേരളത്തില്‍ എത്തിയത്. പുതിയ അഡ്മിനിസ്‌ട്രേഷര്‍ ചുമതലയേറ്റാല്‍ പിന്നെ ഇവരുടെ നീക്കങ്ങള്‍ക്ക് രൂപതയുടെ രക്ഷാധികാരിയെന്ന നിലയില്‍ അദ്ദേഹം കൂടി അറിഞ്ഞിരിക്കണം.

ജലന്ധറിലുള്ള ഒട്ടുമിക്ക കന്യാസ്ത്രീകളും ആദ്യഘട്ടത്തില്‍ പരാതിക്കാരിക്ക് ഒപ്പമായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമായതോടെ പലരും കാലുമാറി. അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കണ്ടതോടെ മറ്റേതെങ്കിലും നീക്കവുമായാണോ ഇവര്‍ എത്തിയതെന്ന് പരാതിക്കാരിക്ക് ഒപ്പമുളളവര്‍ സംശയിക്കുന്നു. ഇവരുടെ വരവ് പോലീസും അറിഞ്ഞിരുന്നില്ല. സുപ്രധാനമായ ഒരു കേസിലെ ഇരയും സാക്ഷികളും താമസിക്കുന്ന ഇടത്താണ് ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേര്‍ താമസത്തിനെത്തുന്നത്. ഇരയ്ക്കും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന കോടതിയുടെ നിര്‍ദേശവുമുള്ളതാണ്. ഇവരില്‍ നിന്നും ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ പോലീസിനോട് അത്തരത്തില്‍ പരാതിയൊന്നൂം പറയേണ്ടിവന്നിട്ടില്ലെന്നൂം കന്യാസ്ത്രീകള്‍ അറിയിച്ചു.

അതേസമയം, മഠം അടച്ചുപൂട്ടി ഞങ്ങളെ പുറത്താക്കാന്‍ ഇവര്‍ക്ക് നീക്കമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. മഠത്തിനോട് ചേര്‍ന്നുള്ള വൃദ്ധമന്ദിരത്തിലെ ചില അന്തേവാസികളോട് വേറെ സ്ഥലം നോക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി വിവരമുണ്ട്. ഓരോരുത്തരെ പറഞ്ഞുവിട്ട് മഠം അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നു. എന്തുവന്നാലും തങ്ങള്‍ ഇവിടെനിന്ന് ഇറങ്ങില്ല. കാരണം, ഞങ്ങള്‍ സഭയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചുവീടും വീട്ടുകാരേയും ഉപേക്ഷിച്ചുവന്നരാണ്. ഞങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ ഈ സഭയിലേക്ക് വന്നു. സഭയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചു. സഭയ്ക്കു വേണ്ടി ജീവിക്കുന്നു. സഭയില്‍ തന്നെ ജീവിച്ചുമരിക്കും. അത് സ്വഭാവിക മരണമായാലും കൊലപാതകമായാലും. അവസാന നിമിഷം വരെ ഈ സഭയില്‍ തന്നെ തുടരും. മാത്രമല്ല, കേസിലെ ഇരയും സാക്ഷികളുമായ ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയുമാണ്- കന്യാസ്ത്രീകള്‍ പറയുന്നു.

ബീനാ സെബാസ്റ്റ്യന്‍

Ads by Google
ബീനാ സെബാസ്റ്റ്യന്‍
Thursday 11 Oct 2018 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW