Saturday, October 20, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.26 AM

രണ്ടാമൂഴത്തില്‍ നിന്ന് പിന്മാറി, തിരക്കഥ തിരിച്ചു വാങ്ങുമെന്ന് എംടി; എംടിക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍

uploads/news/2018/10/255906/sreekumar.jpg

രണ്ടാമൂഴത്തില്‍ നിന്ന് പിന്‍വാങ്ങുന്നെന്ന് അറിയിച്ച് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ നിയമനടപടി ആരംഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നടക്കുമെന്നാണ് ശ്രീകുമാര്‍ മേനോന്റെ ഉറപ്പ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ടാമൂഴം നടക്കും!

എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.

മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.

മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്നറിയുന്നു. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചു. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചേക്കും.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് താന്‍ തിരക്കഥ ഒരുക്കിയത് എന്നാല്‍ തന്റെ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായില്ലെന്ന തോന്നലാണ് പിന്‍മാറ്റത്തിന് കാരണമായത്. നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എംടി ആരോപിക്കുന്നു.

ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്.

2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും നിര്‍മാതാവ് ഷെട്ടി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകുമെന്നും. പ്രിപ്രൊഡക്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണെന്നും പ്രഖ്യാപനം നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായില്ല. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.

Ads by Google
Thursday 11 Oct 2018 11.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW