മുംബൈ: ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയും മീ ടൂ കുരുക്കില്‍. മുംബൈയിലെ ഹോട്ടലില്‍വച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ഒരു വിമാനജീവനക്കാരി രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണു വെളിപ്പെടുത്തല്‍.
1998 ല്‍ ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മുംബൈയില്വച്ചാണു സംഭവം. രണതുംഗയുടെ ഓട്ടോഗ്രാഫ് വാങ്ങാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. രണതുംഗയുടെ മുറിയിലെത്തിയപ്പോള്‍ ആദ്യം മദ്യം വാഗ്ദാനം ചെയ്തു. നിരസിച്ചതിനുശേഷം മടങ്ങുന്നതിനിടെയാണു രണതുംഗ കടന്നുപിടിച്ചത്. തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെന്നും എന്നാല്‍ ഇടപെടാന്‍ ഹോട്ടല്‍ ജീവനക്കാര്‍ വിസമ്മതിച്ചെന്നുമാണു വെളിപ്പെടുത്തല്‍.