Monday, June 24, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 12.45 PM

ഇടുക്കിയിലുണ്ടൊരു മിടുക്കി

''അതിജീവന പാതയില്‍ കേള്‍ക്കുന്ന വീരപുരുഷന്‍മാരുടെ സാഹസിക കഥകള്‍ക്കിടയില്‍ തിളങ്ങുന്ന പെണ്‍കരുത്ത്, അന്‍ഷ. വി. തോമസ്...''
uploads/news/2018/10/255622/Anshavthomas101018d.jpg

അതിജീവനത്തിന്റെ പാതയില്‍ രക്ഷകരുടെ വേഷമിട്ട വീരപുരുഷന്‍മാരുടെ സാഹസികകഥകള്‍ കേട്ട് തരിച്ചിരിക്കുകയാണ് മലയാളികള്‍. എന്നാല്‍ ഈ വീരപുരുഷന്‍മാര്‍ക്കിടയില്‍ വേറിട്ട കഥയുമായി പെണ്‍കരുത്ത് വിളിച്ചറിയിച്ച ഒരാളുണ്ട്.

പ്രതീക്ഷയുടെ ചിറകടിയുമായി പറന്നെത്തി ദുരന്തമുഖത്ത് നിന്ന് മലയാളികളെ വാനിലേക്കുയര്‍ത്തിയ എയര്‍ഫോഴ്‌സ് സംഘത്തെ നിയന്ത്രിച്ച ഒരു ഇടുക്കിക്കാരി... അന്‍ഷ.വി.തോമസ്

ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം വീട്ടിലെ ഈ മിടുക്കിക്കുട്ടി കോയമ്പത്തൂരിലെ എയര്‍ഫോഴ്‌സ് സ്പേസിലെ സുലൂര്‍ നാല്പതാം വിങ്ങിലെ സ്‌ക്വാഡ്രണ്‍ ലീഡറാണ്.

പ്രളയക്കെടുതിയിലാണ്ട കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേന ഹെലിക്കോപ്റ്ററുകള്‍ എവിടെയൊക്കെയാണ് പോകേണ്ടത്, എവിടെയൊക്കെ ഭക്ഷണം വിതരണം ചെയ്യണം, എവിടെ ലാന്‍ഡ് ചെയ്യണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് അന്‍ഷയായിരുന്നു.

ഇടുക്കിയിലെ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി പ്രതീക്ഷയുടെ വാനിലേക്കുയര്‍ന്ന കഥ ഓരോ മലയാളി പെ ണ്‍കുട്ടിയ്ക്കും പ്രചോദനമാണ്. പെണ്‍കുട്ടികളെ അവരുടെ സ്വപ്നങ്ങളിലേക്ക് വിടുന്ന കാര്യത്തില്‍ സമൂഹത്തിന്റെ മനസില്‍ ഇന്നും ഒരു സംശയം ബാക്കി നില്‍ക്കുന്നുണ്ട്.

മറ്റുള്ളവരുടെ ഇഷ്ടത്തിനല്ല നമ്മള്‍ ജീവിക്കേണ്ടത്. ഓരോരുത്തരും വ്യത്യസ്തമായ കഴിവുള്ളവരാണ്. ആ കഴിവ് തിരിച്ചറിഞ്ഞ് ചങ്കുറപ്പോടെ രണ്ടും കല്‍പ്പിച്ചിറങ്ങണം. പെണ്‍കുട്ടികള്‍ ചെറുപ്പത്തിലേ കല്യണം കഴിച്ച് പ്രാരാബ്ദങ്ങളുമായി ജീവിക്കേണ്ടവര്‍ മാത്രമല്ല.

നമ്മുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുന്ന കുടുംബമോ സുഹൃത്തുക്കളോ സമൂഹമോ കൂടെയുണ്ടാകണമെന്നില്ല. പക്ഷേ ശരിയെന്നുറപ്പുള്ള വഴിയേ പോകാന്‍ ഒരാളുടെയും പിന്തുണയ്ക്ക് കാത്തുനില്‍ക്കരുത്. ഓരോരുത്തരും അവരവരുടെ ഉള്ളിലുള്ള കഴിവ് തിരിച്ചറിയണം.

uploads/news/2018/10/255622/Anshavthomas101018c.jpg

അതിന് വേണ്ടി പ്രയത്‌നിക്കണം. ആ തിരിച്ചറിവുണ്ടായാല്‍ ഓരോരുത്തര്‍ക്കും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.. സ്വപ്നങ്ങളുടെ വാനിലേക്ക് ഓരോ പെണ്‍കുട്ടിയേയും പറന്നുയരാന്‍ പ്രേരിപ്പിക്കുകയാണ് അന്‍ഷ.

പറയാത്ത സ്വപ്നം


നാട്ടിന്‍പുറത്തെ സാധാരണ കുടുംബമാണ് എന്റേത്. എല്ലാവരേയും പോലെ മകള്‍ക്ക് സ്വസ്ഥമായൊരു ജോലി, കുടുംബം എന്ന ചെറിയ സ്വപ്നങ്ങള്‍ കണ്ടിരുന്ന കുടുംബം. ഞാന്‍ ഉയരങ്ങളിലെത്തണമെന്ന ആഗ്രഹം അവര്‍ക്ക് ഉണ്ടായിരുന്നെങ്കിലും അതിനെല്ലാം ഒരു പരിധിയുണ്ടായിരുന്നു. ആര്‍മിയും എയര്‍ഫോഴ്‌സും ഒക്കെ അവരുടെ പരിധികള്‍ക്കെല്ലാം എത്രയോ
അകലെയായിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൗട്ട് ആന്‍ഡ് ഗൈഡിലൊക്കെ സജീവമായിരുന്ന എന്റെ മനസില്‍ ആര്‍മി യൂണിഫോമിനോടുള്ള ഇഷ്ടം എവിടെയോ ഉണ്ടായിരുന്നു.

ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് പഠിക്കുന്ന സമയത്ത് സീനിയറായി പഠിച്ച ഒരാള്‍ക്ക് ആര്‍മിയില്‍ ജോലി ലഭിച്ചിരുന്നു. അത് എന്റെയുള്ളിലെഇഷ്ടത്തെ വീണ്ടും വിളിച്ചുണര്‍ത്തി. ആര്‍മി യൂണിഫോമിനോട് വല്ലാത്ത അഭിനിവേശമായി. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠിച്ചു.

uploads/news/2018/10/255622/Anshavthomas101018a.jpg
അന്‍ഷ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍

പക്ഷേ എന്റെ ഉള്ളിലെ ആഗ്രഹത്തെ ക്കുറിച്ച് വീട്ടുകാരോടോ കൂട്ടുകാരോടോ പറഞ്ഞിരുന്നില്ല. അവര്‍ക്കത് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. ആരെയുമറിയിക്കാതെ ആര്‍മിയുടെയും എയര്‍ഫോഴ്‌സിന്റെയും പരീക്ഷകള്‍ എഴുതി. കോഴിക്കോട് എന്‍ ഐ ടിയില്‍ എം.ടെക്കിന് പഠിക്കുന്ന സമയത്താണ് ബംഗളൂരുവില്‍ ഇന്റര്‍വ്യൂവിന് വിളിക്കുന്നത്.

എന്‍ ഐ ടി യില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ തിരികെ വാങ്ങാന്‍ 24000 രൂപയുടെ ഡിഡി നല്‍കേണ്ടതായി വന്നു. പൈസയ്ക്കായി വീട്ടില്‍ ചോദിക്കേണ്ടി വന്നപ്പോഴാണ് എന്റെ സ്വപ്നത്തെ കുറിച്ച് അവര്‍ അറിയുന്നത്. എന്‍ജിനീയറിംഗ് പഠനം തുടരുന്നതിനോടായിരുന്നു അവര്‍ക്ക് താല്പര്യം.

പെണ്‍കുട്ടിയായ എന്നെ ആര്‍മിയിലേക്ക് അയയ്ക്കാന്‍ ഏതൊരു മാതാപിതാക്കളേയും പോലെ അവര്‍ക്കും പേടിയായിരുന്നിരിക്കണം. എന്റെ സ്വപ്നത്തെക്കുറിച്ച് കുടുംബാംഗങ്ങളെയെല്ലാം പറഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, എല്ലാം മനസ്സിലാക്കി കഴിഞ്ഞപ്പോള്‍ എനിക്ക് പിന്തുണയുമായി അവരും ഒപ്പം നിന്നു.

എന്തൊക്കെ പ്രതിസന്ധികളായാലും പെണ്‍കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്നുള്ള പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. പിന്നെ സുഹൃത്തുക്കളുടെ സഹായവും മറക്കാനാവില്ല. കിഷോര്‍ എന്ന എന്റെ സുഹൃത്താണ് ഞാന്‍ സങ്കടപ്പെട്ട സന്ദര്‍ഭത്തിലൊക്കെ ആത്മവിശ്വാസം നല്‍കിയത്. ഇവരൊക്കെ നല്‍കിയ ധൈര്യത്തിലാണ് ഞാന്‍ ഇന്റര്‍വ്യു അറ്റന്‍ഡ് ചെയ്തത്.

പ്രതിസന്ധികള്‍ക്കൊടുവില്‍ ആര്‍മിയിലേക്ക് സെലക്റ്റായി. അവിടെ ജോയിന്‍ ചെയ്ത് ഒരു മാസം ട്രെയിനിംഗ് പിന്നിട്ടപ്പോഴാണ് എയര്‍ഫോഴ്‌സില്‍ ജോലി ലഭിക്കുന്നത്. തുടര്‍ന്ന് ആ ജോലിയിലേക്ക് മാറി. എയര്‍ ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ വിഭാഗത്തിലായിരുന്നു പോസ്റ്റിംഗ്.

uploads/news/2018/10/255622/Anshavthomas101018f.jpg

ലഡാക്കിലെ തണുപ്പും, കേരളത്തിന്റെ കണ്ണീരും


എയര്‍ഫോഴ്‌സില്‍ ചേര്‍ന്നിട്ട് നാല് വര്‍ഷം പൂര്‍ത്തിയായി. ജമ്മു കാശ്മീരിലെ ലഡാക്കിലായിരുന്നു എന്റെ ആദ്യ പോസ്റ്റിംഗ്. അത് വലിയ വെല്ലുവിളിയായിരുന്നു. മൈനസ് ഇരുപത് ഡിഗ്രിയില്‍ ജീവിക്കുന്ന കാര്യം നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.

സ്ത്രീകളായി മൂന്ന് നാലു പേര്‍ മാത്രം. ഞാനൊഴികെ മറ്റുള്ളവരെല്ലാം വിവാഹിതരും. എങ്കിലും ഞങ്ങളെല്ലാം ഒരു കുടുംബത്തെ പോലെയാണ് അവിടെ കഴിഞ്ഞിരുന്നത്. എല്ലാ വീടുകളും ബന്ധുവീടുകളെ പോലെയായിരുന്നു.

കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ഞാന്‍ കോയമ്പത്തൂരിലായിരുന്നു. പത്ത് മിനിട്ടിനുള്ളില്‍ തയ്യാറായി കേരളത്തിലേക്ക് പോകണമെന്ന് കമാന്‍ഡിംഗ് ഓഫീസര്‍ വന്ന് പറഞ്ഞു. അവിടെ എത്തിയ ശേഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തെ സഹായിക്കണമെന്നതായിരുന്നു ലഭിച്ച നിര്‍ദ്ദേശം.

അങ്ങനെയാണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ രക്ഷാപ്രവര്‍ത്തന ചുമതലയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. പഠിച്ചത് ചെങ്ങന്നൂരിലായത് കൊണ്ട് ആ പ്രദേശത്തെക്കുറിച്ച് അറിയാമായിരുന്നു. അതിനാല്‍ ഞാന്‍ ആ മേഖല തെരഞ്ഞെടുക്കുകയായിരുന്നു. അവിടത്തെ സുഹൃത്തുക്കളുടെ സഹായവും ലഭിച്ചിരുന്നു.

uploads/news/2018/10/255622/Anshavthomas101018e.jpg
അന്‍ഷ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍

ഇത്രയും വലിയൊരു മിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചത് വല്ലാത്ത ഒരു അനുഭവമായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ പഠിച്ചതോ ചെയ്യേണ്ടതോ ആയ കാര്യങ്ങള്‍ മാത്രമല്ല, സമയോചിതമായി പലതും ചെയ്യേണ്ടി വരും. ഈ അനുഭവങ്ങള്‍ എന്നിലെ ലീഡര്‍ഷിപ്പ് ക്വാളിറ്റി മെച്ചപ്പെടുത്തിയെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ എന്നെ അദ്ഭുതപ്പെടുത്തിയത് യുവാക്കളായ വോളന്റിയര്‍മാരുടെ ആത്മാര്‍ത്ഥതയാണ്. എന്ത് സഹായത്തിനും ഏത് നിമിഷവും അവര്‍ തയ്യാറാണ്. അവരുടെ കൈയ്യില്‍ കേരളത്തിന്റെ ഭാവി ശോഭനമായിരിക്കുവെന്നത് ഉറപ്പായി.

കേരളത്തിലെ യൂത്തിനെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എനിക്കും അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.. അന്‍ഷയുടെ വാക്കുകളില്‍ അഭിമാനവും സ്വന്തം നാടിനെ കുറിച്ചുള്ള ആവേശവും നിറയുകയാണ്.

ആര്‍മിയില്‍ ചേര്‍ന്നു, ആളാകെ മാറി


ഒരുകാലത്ത് ഹോംലി ഗേളായിരുന്നു ഞാന്‍. പപ്പയുടെ കൂടെയല്ലാതെ പുറത്തിറങ്ങാത്ത പ്രകൃതം. സ്വന്തം കാര്യം സ്വയം നോക്കിക്കൂടേ എന്ന് ഏതോ ഒരു സമയത്ത് ചേട്ടന്‍ പറഞ്ഞത് എന്റെ മനസില്‍ പതിഞ്ഞു. അതിനെ പോസിറ്റീവായി തന്നെ കണ്ടു കൊണ്ട് പിന്നീടുള്ള കാര്യങ്ങളൊക്കെ സ്വന്തമായി തന്നെ ചെയ്യാന്‍ ശ്രമിച്ചു.
uploads/news/2018/10/255622/Anshavthomas101018b.jpg
അന്‍ഷ മാതാപിതാക്കളായ ലീലാമ്മ, തോമസ്, സഹോദരങ്ങളായ അന്‍ഷല്‍, ടെലീന എന്നിവര്‍ക്കൊപ്പം

പിന്നെ ഇടുക്കിക്കാരിയായതുകൊണ്ടാകും ഒരല്‍പ്പം ധൈര്യവും ചങ്കൂറ്റവും ഉണ്ടായിരുന്നു. പിന്നെ എന്ത് കാര്യത്തിനും മടിച്ചു നില്‍ക്കാതെ എടുത്ത് ചാടുന്ന സ്വഭാവവുമായി. എന്റെ ഇഷ്ടത്തിന്റെ പിന്നാലെ പോയതും ആ സ്വഭാവത്തിന്റെ പിന്‍ബലത്തിലാണ്.

സേനയില്‍ ചേര്‍ന്ന ശേഷമുള്ള പരിശീലന കാലം എന്നെ വല്ലാതെ മാറ്റിക്കളഞ്ഞു. മാനസികവും ശാരീരികവുമായ കാര്യങ്ങളെയെല്ലാം വല്ലാതെ സ്വാധീനിച്ചു. എന്തും ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് നല്‍കിയതും ഈ നിലയിലേക്ക് എന്നെ രൂപപ്പെടുത്തിയെടുത്തതും ആ പരിശീലനം തന്നെയാണ്.

എന്ത് വെല്ലുവിളികളേയും നേരിടാന്‍ ഞാനിപ്പോള്‍ തയ്യാറാണ്.

ദീപു ചന്ദ്രന്‍

Ads by Google
Wednesday 10 Oct 2018 12.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW