Wednesday, October 17, 2018 Last Updated 28 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 10.42 AM

ക്യാമറ കണ്ടപ്പോള്‍ അര്‍ദ്ധനഗ്നനായ കള്ളനു നാണം വന്നേ... കടയില്‍നിന്ന് കിട്ടിയ കൈലി ഉടുത്ത് പിന്നെ ക്യാമറതന്നെ അടിച്ചുമാറ്റി; റാന്നിയിലെ കള്ളന്‍ ഇങ്ങനെയാണ്

uploads/news/2018/10/255598/ranni-rober.jpg

റാന്നി: രാത്രിയല്ലേ, മോഷണത്തിനു തടസമുണ്ടാകാതിരിക്കാന്‍ അത്യാവശ്യ വസ്ത്രം മാത്രം മതി എന്നു കണക്കാക്കിയാണ് കള്ളന്‍ പണി തുടങ്ങിയത്. മുട്ടറ്റം പോലും എത്താത്ത തോര്‍ത്ത് അല്ലെങ്കില്‍ നിക്കര്‍ ആയിരുന്നു പെരുമ്പുഴയിലെ ഹാര്‍ഡ്‌വെയറിലും ബേക്കറിയിലും മോഷണം നടത്താന്‍ പുറപ്പെട്ട കള്ളന്റെ വേഷം. തോര്‍ത്തു കൊണ്ട് മുഖം പാതി മറച്ച് കടയുടെ മേല്‍ക്കൂരയില്‍ ഓടിനു താഴെ സ്ഥാപിച്ച സീലിങും ചെറിയ ജനലും ഇളക്കിയാണ് കയറിയത്. ഹാര്‍ഡ് വെയര്‍ കടയില്‍ നിന്നു തന്നെ ചുറ്റികയും ആക്‌സോ ബ്ലേഡുമൊക്കെ എടുത്ത് ആയുധമാക്കി.

കടയില്‍ സ്ഥാപിച്ചിട്ടുള്ള ക്‌ളോസ്ഡ് സര്‍ക്യൂട്ട് ക്യാമറയില്‍ തന്റെ ചിത്രം പതിയുന്നുണ്ടെന്നു മനസിലാക്കിയ കള്ളന്‍ അപ്പോഴാണ് തന്റെ അര്‍ധ നഗ്നത ഓര്‍ത്തത്. മുട്ടു പോലും എത്താത്ത വേഷത്തില്‍ അസ്വസ്ഥനായ കള്ളന്‍ കടയില്‍ തൊഴിലാളികള്‍ ഉപയോഗിക്കുന്ന കൈലി ഉടന്‍ തന്നെ കൈക്കലാക്കി. പിന്നീട് ഇത് ഉടുത്തായിരുന്നു ക്യാമറയെ അഭിമുഖീകരിച്ചത്. കൂട്ടത്തില്‍ ക്യമറയും ഇയാള്‍ പൊട്ടിച്ചെടുത്തു.

കടയില്‍ നിന്നും ആറു ക്യാമറകള്‍ നഷ്ടപ്പെട്ടതായാണ് ഉടമ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതെങ്കിലും ഒരു ക്യാമറ നഷ്ടപ്പെട്ടതായാണ് ഹാര്‍ഡ് ഡിസ്‌കില്‍ നിന്നുള്ള പ്രാഥമിക വിവരമെന്ന് അറിയുന്നു. വൈകുന്നേരം ആറു വരെ ഹര്‍ത്താല്‍ നടന്ന ഞായറാഴ്ചയായിരുന്നു മോഷണം. പെരുമ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപമാണ് മോഷണം നടന്ന കടകള്‍.

സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് റവന്യു ടവറിനു സമീപം നിരാഹാരസമരം അനുഷ്ഠിക്കുന്ന തോട്ടമണ്‍ ഇടശേരില്‍ എബി സ്റ്റീഫന്റെ ബേക്കറിയിലാണ് മോഷണം നടന്നത്. ചില്ലറത്തുട്ടുകളും ബേക്കറി സാധനങ്ങളും അപഹരിച്ച കള്ളന്‍ സമീപത്തെ കടയിലെ ക്യാമറയും മോഷ്ടിച്ചു. പെരുമ്പുഴ ബസ് സ്റ്റാന്റിനു സമീപം എബനേസര്‍ സ്വീറ്റ്‌സ്, തൊട്ടടുത്തുള്ള ഗ്രേസ് ഹാര്‍ഡ്‌വെയേഴ്‌സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഇതിന് അടുത്തുള്ള മരിയന്‍ മെഡിക്കല്‍സിന്റെ താഴ് അറക്കാനും ശ്രമം നടത്തി.

uploads/news/2018/10/255598/ranni-rober2.jpg

കടകളുടെ മേല്‍ക്കൂരയിലെ ഓടിനു താഴെയുള്ള സീലിങ് ഇളക്കിയാണ് കള്ളന്‍ കടയ്ക്കുള്ളില്‍ കയറിയത്. സീലിങിനിടയില്‍ ഗ്രില്‍ ഉപയോഗിച്ചു സ്ഥാപിച്ച് ചെറിയ വാതിലിന്റെ പൂട്ട് ഇളക്കി കടയ്ക്കുള്ളില്‍ ഇറങ്ങുകയായിരുന്നു. ബേക്കറിയിലെ ഫ്രിഡ്ജും കള്ളന്‍ ഇറങ്ങാന്‍ ഉപയോഗിച്ചു. ക്യാമറാ ദൃശ്യത്തില്‍ നിന്നും മോഷണം നടന്നത് ഹര്‍ത്താല്‍ ദിനമായ ഞായറാഴ്ച രാത്രി 11.20 നാണെന്ന് വ്യക്തമായിട്ടുണ്ട്. ഹാര്‍ഡ് വെയേഴ്‌സില്‍ നിന്നുംക്യാമറകള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ബേക്കറിയില്‍ ഉണ്ടായിരുന്നു രണ്ടായിരം രൂപയുടെ നാണയം, കുറച്ചു ബേക്കറി സാധനങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടതായാണ് വിവരം. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.

പ്രളയത്തില്‍ എബി സ്റ്റീഫന്റേയും കുടുംബത്തിന്റേയും ഏഴു വ്യാപാരസ്ഥാപനങ്ങളിലും വീട്ടിലും വെള്ളം കയറിയിരുന്നു. കോടി രൂപയുടെ നാശനഷ്ടം ഉണ്ടായ എബിയും ഭാര്യയും മക്കളും റാന്നി റവന്യു ടവറിനു മുമ്പില്‍ തിങ്കളാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ്. എബിയുടെ ഏഴു സ്ഥാപനങ്ങളില്‍ എബനേസര്‍ ബേക്കറി മാത്രമാണ് കഴിഞ്ഞ ദിവസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് മോഷണം നടന്നതും. എബി നിരാഹാര സമരത്തിലായതിനാല്‍ മാതാവ് ലീലാമ്മ സ്റ്റീഫന്റെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസ് എടുത്തത്.

Ads by Google
Ads by Google
Loading...
TRENDING NOW