Friday, December 14, 2018 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.31 AM

സാലറി ചലഞ്ചിനെതിരേ വീണ്ടും ഹൈക്കോടതി , വിസമ്മതപത്രം വേണ്ട

uploads/news/2018/10/255532/k2.jpg

കൊച്ചി: പ്രളയദുരിതാശ്വാസത്തിനു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനു താല്‍പ്പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. താല്‍പ്പര്യമുള്ളവരില്‍നിന്നു ശമ്പളം സ്വീകരിക്കുന്നതില്‍ തടസമിെല്ലന്നും ഒരു മാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിര്‍ബന്ധിത പിരിവിനു സമാനമാണെന്നും ജസ്‌റ്റിസുമാരായ സി.ടി. രവികുമാര്‍, എ.എം. ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.
ദുരിതാശ്വാസനിധിയിലേക്കുള്ള സാലറി ചലഞ്ച്‌ നിര്‍ബന്ധിത പിരിവാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഉത്തരവ്‌. വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവിലെ പത്താം നിബന്ധനയാണ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌. കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ ഇതു സംബസിച്ച ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധിത പിരിവ്‌ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.
നിശ്‌ചിത തുക നല്‍കണമെന്നു പറയുന്നത്‌ അപേക്ഷ മാത്രമാണെന്നു വാദത്തിനിടെ അഡ്വക്കേറ്റ്‌ ജനറല്‍ (എ.ജി) കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ നടപടികളില്‍ നിര്‍ബന്ധബുദ്ധിയുണ്ടെന്നു പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. വ്യക്‌തികളുടെ ആത്മാഭിമാനം പരിഗണിക്കണമെന്നും ജീവനക്കാരുടെ സാമ്പത്തിക പരാധീനതകൂടി സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിസമ്മതപത്രം നല്‍കിയില്ല എന്നതിനര്‍ഥം അവര്‍ പണം നല്‍കാന്‍ തയാറാണെന്നായിരുന്നു എ.ജിയുടെ വാദം. എന്നാല്‍, അങ്ങനെ കണക്കാക്കാനാവില്ലെന്നു കോടതി വ്യക്‌തമാക്കി. ദുരിതമനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്നും കോടതി മുന്നറിയിപ്പുനല്‍കി. കാര്‍ഗില്‍ യുദ്ധസമയത്തു സമാനമായ ഉത്തരവ്‌ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിരുന്നുവെന്നും ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിനു ഭരണഘടനാപരമായ അവകാശമുണ്ടെന്നും എ.ജി. കോടതിയെ ബോധിപ്പിച്ചു. അതും പ്രളയവുമായി താരതമ്യം ചെയ്യാന്‍ ആവില്ലെന്നു കോടതി നിലപാടെടുത്തു.
സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരേ കേരള എന്‍.ജി.ഒ. സംഘ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി വിമര്‍ശനമുന്നയിച്ചത്‌. സാലറി ചലഞ്ചിന്റെ വിവരങ്ങള്‍ സര്‍വീസ്‌ ബുക്കില്‍ രേഖപ്പെടുത്താനിടയാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ആത്മാഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ ആയിരം തവണ മരിക്കുന്നതാണെന്നു കോടതി പറഞ്ഞു. ലൂയി ആറാമന്റെ വാക്കുകള്‍ ഉദ്ദരിച്ചായിരുന്നു കോടതി പരാമര്‍ശം.

Ads by Google
Wednesday 10 Oct 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW