കോഴിക്കോട് : ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നാമജപ പ്രാര്‍ഥനയുമായി തുടങ്ങിയ പ്രതിഷേധം 41 ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ സമരമുഖം തുറക്കുന്നു. 200 കേന്ദ്രങ്ങളില്‍ ഇന്നു റോഡ് ഉപരോധിക്കാന്‍ നീക്കം. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും.
ശബരിമലയിലെ യുവതീപ്രവേശത്തിനെതിരേ നടക്കുന്ന സമരത്തില്‍ സ്ത്രീപങ്കാളിത്തം ഏറിയതാണു സംഘടനകള്‍ക്കു കരുത്തു പകരുന്നത്. കോടതിവിധി നടപ്പാക്കാന്‍ പോലീസിനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ജനവികാരം ആളിക്കത്തുന്നതും സമരക്കാര്‍ക്കു നേട്ടമായി. ഒട്ടുമിക്ക ഹൈന്ദവ സംഘടനകളും സമുദായസംഘടനകളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. നിലയ്ക്കല്‍ സമരമാതൃക പിന്തുടരാനാണു ശബരിമല കര്‍മസമിതിയുടെ തീരുമാനം. സി.പി.എം അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ ബദല്‍ കാമ്പയില്‍ നടത്തുന്നുമ്പോള്തന്നെ സംഘപരിവാര്‍ സംഘടനകളും പന്തളം രാജകുടുംബവും ശക്തമായ ചെറുത്തുനില്‍പ്പിലാണ്.
താലൂക്കുകള്‍ കേന്ദ്രീകരിച്ച് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം നടത്താനാണു കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവസംഘടനകളുടെ യോഗം തീരുമാനിച്ചത്. രാവിലെ പതിനൊന്നു മുതല്‍ പന്ത്രണ്ടുവരെയാണ് ഉപരോധം. എന്‍.ഡി.എ സംസ്ഥാന ചെയര്മാന് അഡ്വ: പി.എസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇന്നു പന്തളത്തുനിന്ന് ആരംഭിക്കുന്ന ലോങ് മാര്‍ച്ച് 15-നു തലസ്ഥാനത്തെത്തുന്നതോടെ സമരം സമരത്തിന്റെ രൂപം മാറും.
സന്യാസി മഠങ്ങളുള്പ്പെടെ സമരത്തിനൊപ്പമാണ്. സന്യാസിമാരുടെ കൂട്ടായ്മയായ മാര്ദര്ശക മണ്ഡല് ശക്തമായ നിലപാടുമായി രംഗത്തുണ്ട്. ശ്രീരാമകൃഷ്ണ മിഷന്, ചിന്മയാ മിഷന്, കുളത്തൂര്‍ അദൈ്വതാശ്രമം തുടങ്ങിയ ആശ്രമങ്ങള്‍ വിശ്വാസികള്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. കുളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിതാനന്ദപുരിയാണ് ശബരിമല കര്‍മസമിതിയുടെ രക്ഷാധികാരികളിലൊരാള്‍.
സംഘപരിവാര്‍ സംഘടനയില്‍ ഇല്ലാത്ത ഹനുമാന് സേന, ശിവസേന തുടങ്ങിയ സംഘടനകളും സമരരംഗത്തുണ്ട്. ഫെഡറേഷന് ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 13-നു കാസര്‍ഗോഡുനിന്നു പമ്പയിലേക്ക് അയ്പ്പ രഥയായത്ര സംഘടിപ്പിക്കും. ഇന്നു നടക്കുന്ന സമരത്തോടെ മലബാറിലേക്കും സമരവീര്യമെത്തും.
എം. ജയതിലകന്‍