Friday, June 21, 2019 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 04.06 PM

വിഷാദം കുടഞ്ഞെറിയാൻ യോഗ ചെയ്യൂ

Depressed? It’s Time To Do Yoga

അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞ ഒരു നീണ്ട യാത്രയാണ് ജീവിതം. അതിൽ ആഹ്ളാദത്തിന്റെയും ദു:ഖത്തിന്റെയും നിമിഷങ്ങൾ ഉണ്ടായേക്കാം. ആഹ്ളാദം നിങ്ങളെ ഉത്തേജിപ്പിക്കുകയും ദു:ഖം നിങ്ങളെ നിരാശയിലേക്ക് തള്ളിവിടുകയും ചെയ്യാം. ദു:ഖം തോന്നുന്ന അവസരങ്ങളിൽ സ്വാഭാവികമായും വിഷാദമുണ്ടാവാം. ഇത്തരം മാനസികാവസ്ഥയെ മറികടക്കാൻ ഓരോത്തർക്കും അവരുടേതായ വഴികളുണ്ട്. കൂട്ടുകാരോട് സംസാരിക്കുക, സിനിമകൾ കാണുക, ഒരു നീണ്ട ഡ്രൈവിനു പോവുക, ഒരു ഐസ്ക്രീമിനൊപ്പം അസന്തുഷ്ടി അലിയിച്ചു കളയുക അങ്ങനെ പലതും.

ചിലയവസരങ്ങളിൽ, നിരാശ ആഴത്തിലുള്ളതും കൂടുതൽ സമയം നിലനിൽക്കുന്നതും ആയേക്കാം. ഇത്തരം അവസരങ്ങളിൽ, എന്തെങ്കിലും ചെയ്യാൻ മടി തോന്നുകയും പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുകയും നിസ്സഹായത അനുഭവപ്പെടുകയും ആരോടെങ്കിലും സംസാരിക്കാൻ പോലും വിമുഖത കാട്ടുകയും ഏകാന്തതയും ഉറക്കമില്ലായ്മയും മറ്റും അനുഭവപ്പെടുകയും ചെയ്തേക്കാം. ഇത് ‘നിങ്ങൾ വിഷാദരോഗത്തിലേക്ക് അടുക്കുന്നു’ എന്നതിന്റെ മുന്നറിയിപ്പോ സൂചനയോ ആവാം.

വിഷാദരോഗം നിശബ്ദനായ ഒരു കൊലയാളിയാണ് എന്ന് വേണമെങ്കിൽ പറയാം. ചികിത്സിച്ചില്ല എങ്കിൽ, അത് ഒരു വ്യക്തിയെ ശരീരികമായും മാനസികമായും വൈകാരികമായും തകർക്കുകയും ജീവിത നിലവാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പാർശ്വഫലങ്ങളും ആശ്രയത്വവും ഉണ്ടായേക്കാമെന്ന് കരുതി മിക്ക ആളുകളും വിഷാദരോഗത്തിന് മരുന്ന് കഴിക്കാൻ വിസമ്മതിക്കും. സാമൂഹികപരമായ ദുഷ്കീർത്തിയെ ഭയന്നും നമ്മുടെ നാട്ടിലെ ആളുകൾ വിഷാദരോഗത്തിനു മരുന്നു കഴിക്കാൻ വിസമ്മതം കാണിച്ചേക്കാം. അതിനാൽ, മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സയ്ക്കാണ് മിക്കവരും ആഗ്രഹിക്കുക. അത്തരത്തിൽ ഉള്ള ഒരു ഇടപെടലാണ് യോഗ.

ലക്ഷണങ്ങളെ മാത്രമല്ലാതെ ഒരു വ്യക്തിയെ പൂർണമായും ചികിത്സാവിധേയമാക്കാൻ സഹായിക്കുന്ന രീതിയാണ് യോഗയിലുള്ളത്. അതേസമയം, വിഷാദരോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്ന ഒരാൾ അത് നിർത്തണമെന്ന് യോഗ ആവശ്യപ്പെടുന്നില്ല. അത് നിർത്തുകയോ തുടരുകയോ ചെയ്യുന്നത് ഡോക്ടറുടെ നിർദേശപ്രകാരം ആയിരിക്കണം.

വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്ന ഒരാൾക്ക് തുടക്കത്തിൽ ചെയ്യാൻ കഴിയുന്ന യോഗാഭ്യാസങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ക്രമേണ യോഗാസനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാവുന്നതാണ്.

Depressed? It’s Time To Do Yoga

ശാരീരിക ലക്ഷണങ്ങളെ നേരിടാനുള്ള യോഗാസനങ്ങൾ (Yoga asanas (postures) to combat physical symptoms)


ചലനമില്ലാതെ കൂനിക്കൂടിയിരിക്കുന്നതാണ് വിഷാദരോഗത്തിന് അടിമയായ ഒരു വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്ന ആദ്യ ലക്ഷണം. വിഷാദരോഗമുള്ളവർക്ക് ഒന്നും ചെയ്യാനുള്ള ഉത്സാഹമുണ്ടായിരിക്കില്ല. ഇത്തരം കേസുകളിൽ, പേശികൾക്ക് ചെറിയ തോതിൽ സങ്കോച വികാസങ്ങൾ ഉണ്ടാക്കുന്ന യോഗാഭ്യാസങ്ങൾ ചെയ്യുന്നത് പ്രയോജനപ്രദമായിരിക്കും. തുടക്കത്തിൽ, ചെറിയ വ്യായാമങ്ങൾ പിന്തുടരുന്നതാവും നല്ലത്. ക്രമേണ, കൂടുതൽ സമയം നീണ്ടുനിൽക്കുന്ന യോഗാഭ്യാസങ്ങൾ ചെയ്യാം. ശ്വാസക്രമം പാലിച്ചു വേണം യോഗാഭ്യാസങ്ങൾ ചെയ്യേണ്ടത്. ഒന്നിലധികം ആളുകളുടെ കൂടെ യോഗാഭ്യാസങ്ങൾ ചെയ്യുന്നത് ഏകാന്തതയെ നേരിടാൻ നല്ല മാർഗമാണ്.

A) അർദ്ധകടിചക്രാസനം:


നേരെ നിവർന്ന് നിൽക്കുക. നിങ്ങളുടെ വലതു കൈ പതുക്കെ ഉയർത്തി തിരശ്ചീനമായും പിന്നീട് ലംബമായും കൊണ്ടുവരിക. ലംബമായിരിക്കുന്ന കൈ പരമാവധി മുന്നോട്ട് നീട്ടാൻ ശ്രമിക്കുക. ഈ സ്ഥിതിയിൽ കുറച്ചുസമയം തുടരുക. ഈ സമയം നിങ്ങൾക്ക് ആയാസമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുറച്ചുസമയത്തിനു ശേഷം വലതു കൈ തിരശ്ചീനമായും പിന്നീട് തുടക്കത്തിലെ അവസ്ഥയിലേക്കും കൊണ്ടുവരിക. ഇത് ഇടത് കൈ ഉപയോഗിച്ചും ആവർത്തിക്കണം. നിങ്ങളുടെ രക്തചംക്രമണത്തെ സഹായിക്കുന്ന യോഗാഭ്യാസമാണിത്. ഒരു യോഗാസനം ചെയ്ത ശേഷം മനസ്സിനും ശരീരത്തിനും അനായാസത അനുഭവപ്പെടുന്നത് ഒരാൾക്ക് വീണ്ടും യോഗ ചെയ്യാനുള്ള പ്രചോദനമാവുന്നു. ശാരീരിക ചലനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ നിങ്ങളെ ശല്യപ്പെടുത്തുന്ന ചിന്തകളിൽ നിന്ന് വ്യതിചലിക്കാനും കഴിയുന്നു.
Depressed? It’s Time To Do Yoga

B) ഭുജംഗാസനം:


വയറും നെറ്റിയും നിലത്ത് മുട്ടിച്ച് കമഴ്ന്ന് കിടക്കുക. കാലുകൾ അടുപ്പിച്ച് വയ്ക്കുക, ഉപ്പൂറ്റികൾ തമ്മിൽ മുട്ടിയിരിക്കട്ടെ. കൈപ്പത്തികൾ നെഞ്ചിനടുത്തായി നിലത്ത് സ്പർശിച്ചിരിക്കണം. പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുത്ത് തല, നെഞ്ച്, അടിവയർ എന്നീ ഭാഗങ്ങൾ മുകളിലേക്ക് ഉയർത്തുക. ഈ സമയത്ത് നാഭിപ്രദേശം തറയിൽ നിന്ന് ഉയരുന്നില്ല എന്ന് ഉറപ്പുവരുത്തണം. സ്വാഭാവിക രീതിയിൽ ശ്വാസോച്ഛ്വാസം നടത്തിക്കൊണ്ട് ഈ സ്ഥിതിയിൽ അൽപ്പസമയം തുടരുക. കുറച്ചുസമയത്തിനു ശേഷം ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുക. ശ്വാസം പുറത്തുവിടുന്നതിനൊപ്പം അടിവയറും നെഞ്ചും തലയും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരിക. ഈ ആസനം നെഞ്ചിന്റെ വികാസത്തിനും നട്ടെല്ലിന് ശക്തിപകരാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായകമാവും. വലിയതോതിൽ ഓക്സിജൻ ഉള്ളിലേക്ക് എടുക്കുന്നത് മനസ്സിന് നവോന്മേഷം നൽകും.

വ്യായാമം ചെയ്യാതെ ശരീരത്തിനു വഴക്കം ഇല്ലാത്ത അവസ്ഥ ദ്രുതഗതിയിലുള്ളതും ആഴം കുറഞ്ഞതുമായ ശ്വാസോച്ഛ്വാസത്തിനു കാരണമായേക്കാം. യോഗയിൽ, ശ്വസന വേഗത കുറയ്ക്കുന്നത് മനസ്സിന് അയവ് ലഭിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ആഴത്തിൽ ശ്വാസമെടുക്കുന്നത് അല്ലെങ്കിൽ പ്രാണായാമം ചെയ്യുന്നത് ഒരാളുടെ ശ്വാസോച്ഛ്വാസം ദൈർഘ്യമുള്ളതും സാവധാനത്തിലുള്ളതും ആക്കുന്നു. ശ്വാസഗതിയിൽ ശ്രദ്ധിക്കുന്നതിലൂടെ മറ്റു ചിന്തകൾ മാറ്റിവയ്ക്കാനും വർത്തമാനകാലത്ത് വ്യാപരിക്കുന്നതിനും സഹായിക്കും.

1. നാഡിശോധന പ്രാണായാമം:


പിരിമുറുക്കമില്ലാതെ നട്ടെല്ലു നിവർത്തി തോളുകൾ അയച്ചുവിട്ട് കസേരയിലോ തറയിലോ ഇരിക്കുക. ഇടതുകൈ ചിന്മുദ്രയിൽ (തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും അറ്റങ്ങൾ മൃദുവായി സ്പർശിക്കുന്ന രീതിയിലുള്ള മുദ്ര) ഇടത്തെ മുട്ടിൽ വിശ്രമിക്കുന്ന അവസ്ഥയിൽ ആയിരിക്കണം.
Depressed? It’s Time To Do Yoga

നാഡിശോധന പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ വലത് കൈ ഉപയോഗിച്ചായിരിക്കണം. വലതു കൈയുടെ ചൂണ്ടുവിരലും നടുവിരലും പുരികങ്ങളുടെ ഇടയിൽ വരണം. ചെറുവിരലും മോതിരവിരലും ഇടത്തെ നാസാദ്വാരത്തിനു മുകളിലും തള്ളവിരൽ വലത്തെ നാസാദ്വാരത്തിനു മുകളിലും വരണം. ഇനി പതുക്കെ തള്ളവിരൽ ഉപയോഗിച്ച് വലത്തെ നാസാദ്വാരം അടയ്ക്കുക. ഇടത്തെ നാസാദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്ക് എടുത്ത ശേഷം അത് ചെറുവിരലും മോതിരവിരലും ഉപയോഗിച്ച് അടയ്ക്കുക.

തള്ളവിരൽ മാറ്റിയ ശേഷം പതുക്കെ വലത്തെ നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഇതേപോലെ വലത്തെ നാസാദ്വാരത്തിലൂടെ ശ്വാസമെടുത്ത ശേഷം ഇടത്തെ നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തുവിടണം. ഇവ രണ്ടും ചേരുന്നത് ഒരു റൗണ്ടായി കണക്കാക്കാം. തുടക്കത്തിൽ അഞ്ച് റൗണ്ട് ചെയ്യാം. ക്രമേണ എണ്ണം വർദ്ധിപ്പിക്കാം. പ്രാണായാമം ചെയ്യുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

2. ഭ്രമരി:


സുഖപ്രദമായ രീതിയിൽ ഇരിക്കുക. ചൂണ്ടുവിരലുകൾ നിങ്ങളുടെ ചെവിയിൽ തിരുകുക. ഉള്ളിലേക്ക് ആഴത്തിൽ ശ്വാസമെടുത്ത ശേഷം നാക്ക് മേലണ്ണാക്കിൽ മുട്ടിച്ചുകൊണ്ട് ഉച്ചസ്ഥായിയിൽ തേനീച്ചയുടെ മൂളൽ പോലെയുള്ള ശബ്ദം സൃഷ്ടിച്ചുകൊണ്ട് ശ്വാസം പുറത്തേക്ക് വിടുക. ഇത് ഒമ്പത് തവണ ആവർത്തിക്കണം. ഈ അഭ്യാസം ചെയ്യുമ്പോൾ ഉണ്ടാകുന്ന കമ്പനങ്ങൾ നിങ്ങൾ മസാജിനു വിധേയമാകുന്ന പ്രതീതി നൽകുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.

കടപ്പാട്: modasta.com

Ads by Google
Tuesday 09 Oct 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW