Friday, June 21, 2019 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 12.18 PM

നീലിയും ലക്ഷ്മിയും പിന്നെ മംമ്തയും

''അരികെ, കഥ തുടരുന്നു, മൈ ബോസ് എന്നീ വ്യത്യസ്ത സിനിമകളില്‍ അഭിനയിച്ച് മോളിവുഡിന്റെ ആരാധനയും പ്രശംസയും പിടിച്ചുപറ്റിയ മംമ്തയ്ക്ക് നീലി എന്ന ചിത്രം പുതിയൊരു മുഖം സമ്മാനിച്ചിരിക്കിരിക്കുകയാണ്.''
uploads/news/2018/10/255285/ciniINwmamthamohandas091018.jpg

മംമ്ത മോഹന്‍ദാസിന്റെ അഭിനയ ജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് നീലിയിലെ ലക്ഷ്മി. ചിത്രത്തില്‍ തന്റെ മകളെ കണ്ടെത്താന്‍ നീലിയുടെ പരിവേഷംകൂടി സ്വീകരിക്കുകയാണ് ലക്ഷ്മി. അതേസമയം കോമഡിയും ഹൊററും ഇഴചേര്‍ത്ത നീലിയ്ക്ക് കള്ളിയങ്കാട്ട് നീലിയുമായി വിദൂരസാദൃശ്യംപോലുമില്ലെന്ന് മംമ്ത പറയുന്നു.

അരികെ, കഥ തുടരുന്നു, മൈ ബോസ് എന്നീ വ്യത്യസ്ത സിനിമകളില്‍ അഭിനയിച്ച് മോളിവുഡിന്റെ ആരാധനയും പ്രശംസയും പിടിച്ചുപറ്റിയ മംമ്തയ്ക്ക് നീലിയിലൂടെ പുതിയൊരു മുഖം കൂടി കൈ വന്നിരിക്കുന്നു.

കാര്‍ബണനുശേഷം നീലിയിലൂടെ മംമ്ത ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമയില്‍ എത്തിയ നാള്‍വഴികളെക്കറിച്ച് മംമ്ത സിനിമാമംഗളത്തോട് പറയുന്നു.

മയൂഖമാണല്ലോ മംമ്തയുടെ ആദ്യചിത്രം. മധുചന്ദ്രലേഖയിലെ ഇന്ദുലേഖ വളരെ വ്യത്യസ്തമായ വേഷമായിരുന്നു ?


അതെ. ഹരിഹരന്‍ സാറിന്റെ മയൂഖത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്നും അറിയില്ലായിരുന്നു. വളരെ മോഡേണ്‍ വേഷമായിരുന്നു മധുചന്ദ്രലേഖയിലേത്. മധുചന്ദ്രലേഖയില്‍ അഭിനയിക്കുന്നതിനുമുന്‍പ് മയൂഖം ഉള്‍പ്പെടെ രണ്ടുമൂന്നു സിനിമകളില്‍ അഭിനയിച്ചിരുന്നു.

എന്നാല്‍ മയൂഖത്തിലേതുപോലെ ഞാന്‍ ഈ സെറ്റിലും ഒന്നും അറിയാത്ത ഒരാളായിരുന്നു. ആ സമയത്ത് എനിക്ക് അഭിനയത്തെക്കുറിച്ച് ഐഡിയയൊന്നുമില്ല. സംവിധായകന്‍ പറയുന്നു. അത് ഭംഗിയായി അഭിനയിക്കാന്‍ ശ്രമിക്കുന്നു. അത്രതന്നെ.

ജയറാമേട്ടന്‍, ഉര്‍വ്വശിച്ചേച്ചി അങ്ങനെ കുറേ നല്ല സുഹൃത്തുക്കള്‍. അവരുമായി പരിചപ്പെടുന്നത് ലൊക്കേഷനില്‍ വന്നതിനുശേഷമാണ്. ഇവരില്‍നിന്ന് കുറേ പഠിച്ചു. ഉര്‍വ്വശിച്ചേച്ചി വളരെ സ്‌ട്രോങ്ങായ വ്യക്തിയാണ്. ഉര്‍വശിച്ചേച്ചിക്ക് ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. വളരെ എക്‌സ്പീരിയന്‍സ്ഡായ നടി. അവരില്‍നിന്ന് കുറേകാര്യങ്ങള്‍ പഠിക്കാനുണ്ട്. ഞങ്ങള്‍ വളരെ നല്ലസുഹൃത്തുക്കളായിരുന്നു.

അരികെയിലെ അനുരാധയില്‍നിന്ന് കഥ തുടരുന്നു എന്ന ചിത്രത്തിലെ വിദ്യാലക്ഷ്മിയിലേക്കുള്ള ദൂരം ?


അനുരാധയും വിദ്യാലക്ഷ്മിയും രണ്ടുതരത്തിലുള്ള കഥാപാത്രങ്ങളാണ്. രണ്ടും എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. ഇപ്പോഴും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് അരികെയിലെ അനുരാധ. ഞാന്‍ ഏറ്റവും സത്യസന്ധമായി ഉള്‍ക്കൊണ്ട കഥാപാത്രം. ശ്യാംചേട്ടന്‍ അനുരാധയെക്കുറിച്ച് ഒരു ചെറിയവിവരമാണ് ആദ്യം പറഞ്ഞത്. ആ കഥാപാത്രം പിന്നെ മനസിലേക്ക് കയറുകയായിരുന്നു. ഭയങ്കര മൂഡാണ് ഈ സിനിമയ്ക്ക്.

സിനിമയുടെ ഓരോ നിമിഷവും അങ്ങനെയാണ്. ഇതുപോലെ വളരെ കുറച്ചുസിനിമകള്‍ മാത്രമേ എന്നെ സ്പര്‍ശിച്ചിട്ടുള്ളു. അഭിനയിച്ചിട്ട് മതിയായില്ലെന്ന് തോന്നിയ സിനിമകൂടിയാണ് അരികെ. ദിലീപേട്ടന്‍, സംവൃത എല്ലാവരും വളരെ രസമായി അഭിനയിച്ചിട്ടുണ്ട്. ഭയങ്കര രസമുള്ള ബന്ധങ്ങള്‍, സൗഹൃദങ്ങര്‍, അവസാനം ഞാന്‍ ഈ സിനിമയില്‍ ദിലീപേട്ടനെ തിരിഞ്ഞുനോക്കുന്ന രംഗമുണ്ട്. അത് വല്ലാത്ത ഒരു മൂഡാണ്, ഫീലാണ്.

uploads/news/2018/10/255285/ciniINwmamthamohandas091018a.jpg

എനിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നേടിതന്ന സിനിമയാണ് സത്യന്‍അന്തിക്കാട് അങ്കിള്‍ സംവിധാനം ചെയ്ത കഥ തുടരുന്നു. ഈ ചിത്രത്തിലെ വിദ്യാലക്ഷ്മി വളരെ ബോള്‍ഡായ കഥാപാത്രം. അത്രയ്ക്കും പക്വതയുള്ള കഥാപാത്രം ചെയ്യുന്നത് അത് ആദ്യമായിരുന്നു. അരികെ യ്ക്കുശേഷം വ്യക്തിപരമായി ഞാന്‍ ഇഷ്ടപ്പെടുന്ന ചിത്രമാണ് കഥ തുടരുന്നു എന്ന സിനിമ.

എനിക്ക് വളരെ അറ്റാച്ച്‌മെന്റ് തോന്നിയ കഥയാണ്. എന്റെ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന, വേദനിക്കുന്ന സമയത്താണ് ഈ തിരക്കഥ വരുന്നത്. സത്യന്‍ അങ്കിളിന്റെ കോള്‍ വന്നപ്പോള്‍ ഒരു പ്രകാശംവരുന്നതുപോലെ എനിക്ക് തോന്നി. നായികയ്ക്ക് വളരെ പ്രാധാന്യമുള്ള സിനിമയാണിത്. നന്നായി അഭിനയിക്കാനും സാധിച്ച കഥാപാത്രമാണ് വിദ്യാലക്ഷ്മി.

മംമ്തയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് ?


ഞാന്‍ അഭിനയിച്ച ചില സിനിമകള്‍ കുറേപേരുടെ ഇഷ്ടസിനിമകളാണ്. അത് കേള്‍ക്കുമ്പോള്‍ സന്തോഷം മാത്രമല്ല അഭിമാനവുമുണ്ട്. മൈബോസ് എത്ര കണ്ടാലും ചിലര്‍ക്ക് ഭയങ്കര ഇഷ്ടമാണ് എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമുള്ള ഒരു കാര്യമാണ്. എത്ര കണ്ടാലും മതിയാവാത്ത സിനിമ, അതായിരിക്കണമല്ലോ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. എന്റെ കാര്യത്തില്‍ അത് മണിച്ചിത്രത്താഴാണ്. ഞാന്‍ കുറേതവണ കണ്ടിട്ടുണ്ട്. യുട്യൂബില്‍ വെറുതെയിരുന്ന് കാണും. അതിലെ പാട്ട് കേട്ടിരിക്കും. കോമഡി ഇരുന്ന് കാണും.

നീലിയിലെ ഹൊറര്‍ സീന്‍ ഷൂട്ടുചെയ്യുന്നതിനിടയില്‍ ഞാന്‍ ഇതിലെ കോമഡിയും സംഗീതവും കേട്ടിരിന്നിട്ടുണ്ട്. അതുപോലെ സര്‍ഗത്തിലെ എല്ലാപാട്ടുകളും എനിക്ക് ഇഷ്ടമാണ്. ആ സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. ആരോ വിരല്‍ മീട്ടി എന്ന ഗാനം ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഞാന്‍ ഏറെയും ഇംഗ്ലീഷ് ആല്‍ബങ്ങളാണ് കാണുന്നത്. ഇപ്പോള്‍ ഞാന്‍ മലയാളം പാട്ടുകളും കേള്‍ക്കുന്നുണ്ട്.

ആളൊരുക്കം, കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം ഈ സിനിമകള്‍ വഴിമാറി സഞ്ചരിക്കുന്നു. മലയാളസിനിമയെക്കുറിച്ചുള്ള വിലയിരുത്തല്‍ ?


ഞാന്‍ ആദ്യമൊന്നും മലയാള സിനിമകള്‍ കൂടുതല്‍ ശ്രദ്ധിക്കാറില്ല. ഇവിടെ വരുന്നു. അഭിനയിക്കുന്നു, പോകുന്നു. അങ്ങനെയായിരുന്നു പതിവ്.
മലയാളത്തിനുപുറമേ തമിഴ്, കന്നട, തെലുങ്ക് ഇങ്ങനെ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം കണ്ടിട്ടില്ല. കലി കണ്ടു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടു.
uploads/news/2018/10/255285/ciniINwmamthamohandas091018b.jpg

ഇപ്പോഴാണ് ഞാന്‍ കൂടുതലായി സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എനിക്ക് വളരെ ഇഷ്ടമായ സിനിമയാണ്. പുതിയ മാറ്റം, പുതിയ പ്രചോദനം എല്ലാം മലയാളസിനിമയില്‍ വന്നിട്ടുണ്ട്. ഇന്നത്തെ സംവിധായകര്‍ വളരെ ബോള്‍ഡായി ചിന്തിക്കുന്നു. പുതിയ സാങ്കേതികത മാത്രമല്ല, അവരുടെ ചലച്ചിത്രരീതി വളരെ നിലവാരം പുലര്‍ത്തുന്നു. അതേസമയം പത്മരാജനുശേഷം ഇടക്കാലത്ത് അത്തരം സംവിധായകരെ കണ്ടിട്ടില്ല.

അന്നത്തെ കാലത്ത് വളരെ പ്രൊഗ്രസീവായ രീതിയില്‍ ചിന്തിച്ച ഒരാളായിരുന്നു പത്മരാജന്‍. വളരെ ബോള്‍ഡായ വ്യത്യസ്തമായ സിനിമകളാണ് പത്മരാജന്‍ സംവിധാനംചെയ്തിട്ടുള്ളത്. തിരക്കഥ എഴുത്ത്, സംവിധാനം എല്ലാം വളരെ വിദഗ്ധമായി കൈകാര്യംചെയ്തിട്ടുള്ള സംവിധായകനാണ് പത്മരാജന്‍. വളരെ ഇഷ്ടപ്പെട്ട സംവിധായകനാണ് അദ്ദേഹം.മോഹന്‍ലാലും സുമലതയും അഭിനയിച്ച തൂവാനത്തുമ്പികള്‍ ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന സിനിമയാണ്.

മണിച്ചിത്രത്താഴുപോലെ ഒരു ഹൊറര്‍ സിനിമയാണോ നീലി ?


നീലിയുടെ കഥതന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ലക്ഷ്മി എന്ന കഥാപാത്രമാണ് ഞാന്‍ ഇതില്‍ അഭിനയിക്കുന്നത്. ഹൊറര്‍ സിനിമകള്‍ ഞാന്‍ ചെറുപ്പത്തില്‍ കുറേ കണ്ടിട്ടുണ്ട്. ഇപ്പോഴും അവയുടെ പേരുകള്‍ കാണാതെ അറിയും. ഇപ്പോഴും ഹൊറര്‍ സിനികള്‍ കാണുന്നുണ്ട്. നീലി അമ്മയുടെയും മകളുടെയും ബന്ധം പറയുന്ന സിനിമയാണ്.

അത് ഹൊറര്‍ കോമഡി ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്നു. അതാണ് അതിന്റെ പ്രത്യേകതയും. നീലി ഒരു കൂട്ടായ സിനിമയാണ്. നവാഗതനായ അല്‍ത്താഫ് റഹ്മാനാണ് സംവിധായകന്‍, തൃശൂരിലെ സണ്‍ ആഡ്‌സ് ആന്റ് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. ടി.എ. സുന്ദര്‍മേനോനാണ് നീലി നിര്‍മിച്ചിരിക്കുന്നത്. റിയാസ് മാരാത്തും മുനീര്‍ മുഹമ്മദുണ്ണിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ക്യാമറാമാന്‍ മനോജേട്ടന്‍, ഈ സിനിമയില്‍ വളരെ ഹെല്‍പ്പ്ഫുള്ളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ഞങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരുടെയും ബ്രയിന്‍ ആണ് നീലി. ഓരോ ഷോട്ടുകളും എടുക്കുമ്പോള്‍ അതെങ്ങനെ ആയിരിക്കണം എന്തായിരിക്കണം അങ്ങനെ പരസ്പരം ചര്‍ച്ചചെയ്ത് ചിത്രീകരിച്ച സിനിമ. വളരെ നിപുണനായ ക്യാമറാമാന്‍.

uploads/news/2018/10/255285/ciniINwmamthamohandas091018c.jpg

ശരത്ത് സാര്‍ ആണ് സംഗീതം. മൂന്നുപാട്ടുകളുണ്ട് നീലിയില്‍. നല്ലപാട്ടുകളാണ്. അതുപോലെ എന്റെ മകളായി അഭിനയിച്ച ബേബിമിയ വളരെ മിടുക്കിയായ കുട്ടിയാണ്. അഭിനയിക്കാന്‍ മോഹിച്ച് വന്നതല്ല ഈ കുട്ടി. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമയിലേക്കുവന്നതാണ്. എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്താല്‍ അതുപോലെ വളരെ രസമായി ചെയ്യും.

ഗീതുമോഹന്‍ദാസ് , രേവതി എന്നിവര്‍ അഭിനയത്തില്‍നിന്ന് സംവിധാനമേഖലയിലേക്ക് വഴിമാറിയ നടിമാരാണ്. മംമ്തയ്ക്കും സംവിധായിക ആകാനുള്ള ആഗ്രഹം ഉണ്ടോ ?


എനിക്ക് ഒന്നും പകുതിയായി ചെയ്യുന്നത് ഇഷ്ടമല്ല. എനിക്ക് എന്റെ സ്വന്തം സിദ്ധിവച്ച് നൃത്തമോ പാട്ടോ ചെയ്യുന്നതാണ് ഇഷ്ടം. പിന്നെ തിരക്കഥ, സംവിധാനം, എഴുത്തില്‍ എനിക്ക് അത്ര വിശ്വാസമില്ല. എഡിറ്റിംഗ് ഇഷ്ടമാണ്. എഴുതാന്‍ ശ്രമിക്കും. സിനിമ എല്ലാവരുടെയും കൂടിയാണ് എന്നതാണ് എന്റെ അഭിപ്രായം.

ധനേഷ്‌കൃഷ്ണ

Ads by Google
Tuesday 09 Oct 2018 12.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW