Tuesday, June 25, 2019 Last Updated 48 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 07 Oct 2018 12.37 AM

തിമിലയിലെ ഗോപീരവം

uploads/news/2018/10/254701/sun2.jpg

തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയുടെ അഭിമാനമാണ്‌ തിമില വാദനത്തില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച തിരുവില്വാമല ഗോപി എന്ന പി. ഗോവിന്ദന്‍കുട്ടി. നാലര പതിറ്റാണ്ടായി തന്റെ കലാമികവ്‌ വളര്‍ന്നുവരുന്ന തലമുറയ്‌ക്കും പകര്‍ന്നു നല്‍കികൊണ്ടിരിക്കുന്ന ഗോപിക്ക്‌ ആയിരത്തില്‍പരം ശിഷ്യന്മാരുണ്ട്‌. വാദ്യകലയില്‍ നിലനിന്നിരുന്ന ജാതീയതയ്‌ക്കെതിരെ പടപൊരുതിയ അദ്ദേഹം ഇപ്പോള്‍ അര്‍ബുദത്തില്‍ നിന്നും മോചിതനായി കലാലോകത്തേക്കുള്ള തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌. പഞ്ചവാദ്യ രംഗത്ത്‌ അരനൂറ്റാണ്ടോട്‌ അടുക്കുകയാണ്‌ ഗോപിയുടെ കലാസപര്യ.

കലാകാരനെന്ന നിലയില്‍ തുടക്കം എങ്ങനെ ആയിരുന്നു?
ചെറുപ്പം മുതല്‍ കലയോട്‌ താല്‌പര്യം ഉണ്ടായിരുന്നു. എവിടെ കൊട്ട്‌ കേള്‍ക്കുന്നോ അങ്ങോട്ട്‌ ഓടിപ്പോകുമായിരുന്നു.സ്‌ഥിരമായി പോയതോടെ പഠിക്കണമെന്ന്‌ തോന്നി. വളരെ ആഗ്രഹിച്ചാണ്‌ പഠിച്ചതെങ്കിലും അതിനുശേഷം വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. എന്റെ തുടക്കകാലത്ത്‌ അമ്പലവാസികള്‍ക്ക്‌ മാത്രമേ തിമില കൊട്ടാനും ക്ഷേത്രത്തിനുള്ളില്‍ അവതരിപ്പിക്കാനും സാധിക്കുകയുണ്ടായിരുന്നുള്ളു. താഴ്‌ന്ന ജാതിക്കാര്‍ (നായര്‍ ജാതിയില്‍ താഴോട്ട്‌) തിമില കൊട്ടാന്‍ പാടില്ല എന്നതായിരുന്നു വ്യവസ്‌ഥിതി. ആ സമയത്താണ്‌ അമ്പലവാസി അല്ലാത്ത എന്നേപോലെയുള്ള ആളുകളെ പഠിപ്പിച്ചതിന്റെ പേരില്‍ എന്റെ ഗുരുനാഥനെ ഭ്രഷ്‌ട് കല്‍പിച്ച്‌ പുറത്താക്കുന്നത്‌. പിന്നീട്‌ ഈ വ്യവസ്‌ഥിതി മാറ്റിയെടുക്കുന്നതിനുള്ള പ്രയത്നമായിരുന്നു. കുറേ ശ്രമങ്ങള്‍ക്ക്‌ ശേഷം അമ്പലവാസി അല്ലാത്തൊരാള്‍ക്ക്‌ ആദ്യമായി ക്ഷേത്രത്തിനകത്ത്‌ തിമില കൊട്ടാനുള്ള അവസരം ലഭിച്ചു.അതും തിരുവില്വാമല ക്ഷേത്രത്തില്‍.

അതോടെ പോരാട്ടം അവസാനിപ്പിച്ചോ?
ഒരിക്കലുമില്ല. വരവൂര്‍ പാലയ്‌ക്കല്‍ പൂരത്തില്‍ മറ്റു ജാതിയില്‍പെട്ടവര്‍ക്ക്‌ തിമില വായിക്കാന്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല ന്നു പറഞ്ഞ്‌ കയറുകെട്ടി. ഞാനും സംഘവും കയറു പൊട്ടിച്ച്‌ ഉള്ളില്‍ കടന്ന്‌ ആകെ ബഹളമായി. അതിന്റെ പേരില്‍ മൂന്ന്‌ വര്‍ഷത്തോളം കേസൊക്കെ നടന്നു. ഒടുവില്‍ ജാതിയുടെ പേരില്‍ ഭ്രഷ്‌ട് കല്‍പിക്കാന്‍ പാടില്ല, ആര്‍ക്കും അമ്പലത്തിനുള്ളില്‍ പ്രവേശിക്കാം എന്ന വിധി വന്നു. അങ്ങനെ ഗുരുവായൂരിലും കൊട്ടി. പിന്നീടാണ്‌ തന്ത്രി ഇതിനെ വിലക്കുന്നത്‌.

ഇപ്പോഴും വാദ്യ കലയില്‍ ജാതീയത ഉണ്ടോ?
വാദ്യകലയില്‍ ഇന്നും ജാതീയത നിലനില്‍ക്കുന്നു.അതിനുള്ള ഉദാഹരണമാണ്‌ തൃശൂര്‍പൂരം, ഗുരുവായൂര്‍ പോലുള്ളവ. ഇത്തരം ക്ഷേത്രങ്ങളിലോ പൂരങ്ങളിലോ ഇന്നും തിമില, ഇടയ്‌ക്ക,ചെണ്ട എന്നിവയില്‍ നായര്‍ മുതല്‍ക്ക്‌ താഴോട്ടുള്ള ഒരു വിഭാഗത്തിനും അവസരങ്ങള്‍ ഇല്ല. ഇന്നും അതിനായി ഞാന്‍ പൊരുതുന്നു .

ഇപ്പോഴും കല പഠിപ്പിക്കുന്നുണ്ടോ?
ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്‌. തിരുവില്വാമല വാദ്യകലാ സംഘടന എന്ന പേരില്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ ഒരു സ്‌ഥാപനം നടത്തുന്നു. ആയിരത്തില്‍പ്പരം ശിഷ്യരുണ്ട്‌. പഞ്ചവാദ്യത്തില്‍ പേരെടുത്ത ഒരുപിടി ശിഷ്യരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു.

കലാജീവിതത്തിലെ അംഗീകാരങ്ങള്‍?
2007ല്‍ സുവര്‍ണോപഹാരം, ഭരത്‌ മുരളി കാരുണ്യം ട്രസ്‌റ്റിന്റെ അവാര്‍ഡ്‌, സംസ്‌കാര സാഹിതി പുരസ്‌കാരം,. 2018 ല്‍ ജയറാം അക്കാദമിയുടെ അവാര്‍ഡും കിട്ടിയിട്ടുണ്ട്‌.

ഗുരുക്കന്മാര്‍?
തിരുവില്വാമല കുട്ടികൃഷ്‌ണപൊതുവാള്‍, പുലക്കോട്‌ മണികണ്‌ഠന്‍ നായര്‍, തിരുവില്വാമല അപ്പുണ്ണി പൊതുവാള്‍, ചിന്നക്കുട്ടി പൊതുവാള്‍, കലാമണ്ഡലം പരമേശ്വര മാരാര്‍ എന്നിവരുടെ കീഴില്‍ തിമില അഭ്യസിച്ചു.മംഗലം ശിവരാമന്‍ നായരുടെ കീഴില്‍ ചെണ്ടയും പഠിച്ചു.

കലാപാരമ്പര്യം?
നാല്‌ സഹോദരങ്ങളില്‍ മൂത്തയാള്‍ രാമകൃഷ്‌ണന്‍ നായര്‍ മദ്ദള കലാകാരനാണ്‌.രണ്ടാമത്തെ ജേഷ്‌ഠന്‍ നാരായണന്‍കുട്ടി ഇലത്താള കലാകാരന്‍,അനിയന്‍ തിരുവില്വാമല രാജന്‍ മദ്ദള കലാകാരന്‍. മരുമക്കള്‍ തിരുവില്വാമല സുന്ദരന്‍ തിമില കലാകാരനാണ്‌. ചേലക്കര സൂര്യ നാരായണന്‍ ഇലത്താളം ,തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗം പ്രമാണിയുമാണ്‌.തിരുവില്വാമല മണികണ്‌ഠന്‍ ഇലത്താളം കലാകാരന്‍.

കലാ ജീവിതത്തില്‍ കുടുംബത്തിനുള്ള പങ്ക്‌?
എന്റെ കലാ ജീവിതത്തില്‍ കുടുംബം പൂര്‍ണ്ണ പിന്തുണയാണ്‌ നല്‌കിട്ടുള്ളത്‌. ഭാര്യ നന്ദിനി വീട്ടമ്മയാണ്‌. രണ്ടു മക്കളില്‍ ശിവപ്രസാദ്‌ പത്രപ്രവര്‍ത്തകനാണ്‌. തിമില അഭ്യസിച്ചിട്ടുണ്ട്‌. മകള്‍ അശ്വതി നര്‍ത്തകിയാണ്‌. സംസ്‌ഥാന തലത്തില്‍ കലാതിലകവും, 2017ല്‍ കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ യംഗ്‌ ടാലന്റ്‌ അവാര്‍ഡ്‌ ജേതാവുമാണ്‌.

സുരേന്ദ്രന്‍ തിരുവില്വാമല

Ads by Google
Sunday 07 Oct 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW