Tuesday, June 25, 2019 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 07 Oct 2018 12.37 AM

ലോകസിനിമയുടെ ഭൂപടമായി ടൊറന്റോ ചലച്ചിത്ര മേള

uploads/news/2018/10/254699/sun5.jpg

നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ആരംഭിച്ച കുടിയേറ്റങ്ങളിലൂടെ ഭിന്നസംസ്‌കാരങ്ങളുടെ കേളീരംഗമായിത്തീര്‍ന്ന കാനഡയിലെ ഉത്സവങ്ങളുടെ ഉത്സവമായിരുന്നു ടൊറോന്റോ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറ്റമ്പതോളം ചിത്രങ്ങളാണ്‌ 11 ദിവസങ്ങളിലായി രണ്ടു ഡസനിലധികം വേദികളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. ചരിത്രത്തില്‍ നിന്നു മാറ്റിനിറുത്തപ്പെട്ടവരുടേയും പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവരുടേയുമായ ഇരുന്നൂറിലധികം വ്യത്യസ്‌തശബ്‌ദങ്ങളാണ്‌ മേളയില്‍ ഇക്കുറി ഉയര്‍ന്നു കേട്ടത്‌. ഓരോ ചിത്രങ്ങളും പുതിയ ദൃശ്യാനുഭവമായി പ്രേക്ഷകരിലേക്ക്‌ ആഴ്‌ന്നിറങ്ങി. അയ്യായിരത്തിലധികം സിനിമാപ്രവര്‍ത്തകരും ആയിരത്തഞ്ഞൂറോളം വരുന്ന മാധ്യമപ്രതിനിധികളും മേളയുടെ പ്രത്യേകതയായിരുന്നു.
ഇന്ത്യന്‍ പ്രാതിനിധ്യം താരതമ്യേന കുറവായിരുന്ന ഈ ചലച്ചിത്രമേളയിലെ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്‌ വാസന്‍ ബാല സംവിധാനം ചെയ്‌ത 'മര്‍ദ്‌ കോ ദര്‍ദ്‌ നഹീ ഹോത്താ' എന്ന ഹിന്ദി ചിത്രമായിരുന്നു. ഇന്ത്യന്‍ സിനിമയ്‌ക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം മികച്ച അന്താരാഷ്‌ട്ര ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ദ ഫീല്‍ഡ്‌' ആയിരുന്നു. ബ്രിട്ടനില്‍ സ്‌ഥിരതാമസമാക്കിയിട്ടുള്ള സന്ധ്യാ സൂരി ആണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഉത്തരേന്ത്യയിലെ ചുട്ടുപൊള്ളുന്ന ചോളവയലുകളിലെ കര്‍ഷകത്തൊഴിലാളിയായ 'ലല്ല' എന്ന സ്‌ത്രീയുടെ ജീവിതമാണ്‌ സന്ധ്യ അവിസ്‌മരണീയമായ രീതിയില്‍ ഈ ചിത്രത്തിലൂടെ പറയുന്നത്‌. 33 രാജ്യങ്ങളില്‍ നിന്ന്‌ 25 ഭാഷകളിലായി 56 ഹ്രസ്വചിത്രങ്ങളാണ്‌ മത്സരത്തിനുണ്ടായിരുന്നത്‌. അതില്‍ നിന്നാണ്‌ 20 മിനിട്ട്‌ മാത്രം ദൈര്‍ഘ്യമുള്ള സന്ധ്യയുടെ ചിത്രം പതിനായിരം ഡോളറിന്റെ ഒന്നാം സമ്മാനം നേടിയെടുത്തത്‌. മികച്ച കനേഡിയന്‍ ഹ്രസ്വചിത്രമായി മെറിയം ജുബൈറിന്റെ ബ്രദര്‍ഹുഡ്‌ തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും നല്ല കനേഡിയന്‍ നവാഗതചിത്രത്തിനുള്ള പതിനയ്യായിരം ഡോളറിന്റെ സമ്മാനം നേടിയത്‌ കാതറീന്‍ ജെര്‍ക്കോവിച്ചിന്റെ'ഫെബ്രുവരിയിലെ പാതകള്‍' ആണ്‌. ഈ ചിത്രം കാനഡയിലും ഉറുഗ്വായിലുമായാണ്‌ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. ഏറ്റവും മികച്ച കനേഡിയന്‍ ഫീച്ചറിനു നല്‍കുന്ന മുപ്പതിനായിരം ഡോളറിന്റെ കനേഡിയന്‍ ഗൂസ്‌ അവാര്‍ഡു നേടിയത്‌ സെബാസ്‌റ്റ്യന്‍ പൈലറ്റ്‌ സംവിധാനം ചെയ്‌ത 'ഫയര്‍ഫ്‌ളൈസ്‌ ആര്‍ ഗോണ്‍' എന്ന സിനിമയാണ്‌.
ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ര്‌ടസംഘടനയായ 'ഫിപ്രെസി' നല്‍കിയ പുരസ്‌കാരങ്ങള്‍ താഴെപ്പറയുന്ന ചിത്രങ്ങള്‍ക്കാണ്‌. ഡിസ്‌ക്കവറി വിഭാഗത്തില്‍ കാര്‍മെല്‍ വിന്റേഴ്‌സ് ഒരുക്കിയ 'ഫ്‌ളോട്ട്‌ ലൈക്ക്‌ എ ബട്ടര്‍ഫ്‌ളൈ പ്രത്യേകപ്രദര്‍ശനവിഭാഗത്തിലുണ്ടായിരുന്ന, ഗൈ നറ്റീവ്‌ തയ്യാറാക്കിയ 'സ്‌കിന്‍. ബംഗ്‌ളൂരു ചലച്ചിത്രോത്സവത്തിന്റെ സംഘാടകരിലൊരാളായ വിശ്വനാഥ്‌ സുബ്രഹ്‌മണ്യമുള്‍പ്പെടുന്ന ജൂറിയാണ്‌ ഇതിലേക്ക്‌ അര്‍ഹമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്‌. യൂറിമേജസ്‌ ഓഡെന്‍ഷ്യ നല്‍കുന്ന മികച്ച സംവിധായികയ്‌ക്കുള്ള അവാര്‍ഡ്‌ അത്തിമരം എന്ന ഇസ്രയേലി ചിത്രത്തിലൂടെ ആലം വാര്‍ക്‌ ഡവീഡിയന്‍ ആണ്‌ നേടിയത്‌. മുപ്പതിനായിരം യൂറോ ആണ്‌ അവാര്‍ഡുതുക.
ഏഷ്യന്‍ ചിത്രങ്ങള്‍ക്കു മാത്രമായുള്ള നെറ്റ്‌പാക്‌ സമ്മാനം നേടിയത്‌ വിയെറ്റ്‌നാമില്‍ നിന്നുള്ള ഏകചിത്രമായ മൂന്നാം ഭാര്യയ്‌ക്കാണ്‌. സംവിധായിക ആഷ്‌ മേഫെയര്‍ . പതിവു വിട്ട്‌ ദ ക്രോസിംഗ്‌ എന്ന ചൈനീസ്‌ ചിത്രത്തിനു ജൂറിയുടെ പ്രത്യേക പരാമര്‍ശവുമുണ്ടായി.
പീറ്റര്‍ ഫാറെലിയുടെ 'ഗ്രീന്‍ ബുക്‌' ആണ്‌ മീര നയ്യാര്‍ ഉള്‍പ്പെടുന്ന പ്ലാറ്റ്‌ഫോം ജൂറി തെരഞ്ഞെടുത്ത മേളയിലെ മികച്ച ചിത്രം. ഗ്രീന്‍ ബുക്‌ നേടിയത്‌ എയര്‍ ഫ്രാന്‍സ്‌ സംഭാവന ചെയ്‌ത ഇരുപത്തയ്യായിരം ഡോളറാണ്‌. മാഹെര്‍ഷല അലിയും വിഗ്ഗോ മോര്‍ട്ടെന്‍സനും ഈ ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നു. രണ്ടാം സ്‌ഥാനത്ത്‌ അമേരിക്കന്‍ ചലച്ചിത്രകാരനായ ബാരി ജെങ്കിന്‍സിന്റെ 'ഇഫ്‌ ബീല്‍ സ്‌ട്രീറ്റ്‌ കുഡ്‌ ടോക്ക്‌' എത്തിയപ്പോള്‍ മൂന്നാമത്‌ മെക്‌സിക്കോയില്‍ നിന്ന്‌ അല്‍ഫോണ്‍സോ ക്വാറോണ്‍ കറുപ്പിലും വെളുപ്പിലുമായി ചിത്രീകരിച്ച 'റോമ ആയിരുന്നു. വീ ഡിംഗ്‌ ഹോ തയ്യാറാക്കിയ 'സിറ്റി ഒാഫ്‌ ലാസ്‌റ്റ് തിംഗ്‌ ' വിധികര്‍ത്താക്കളുടെ പ്രത്യേക അഭിനന്ദനമേറ്റുവാങ്ങി.
വാസന്‍ ബാലയുടെ ചിത്രത്തിനുപിന്നിലായി രണ്ടും മൂന്നും സ്‌ഥാനങ്ങളിലേയ്‌ക്ക് കാണികള്‍ തെരഞ്ഞെടുത്തത്‌ ഡേവിഡ്‌ ഗ്രീനിന്റെ 'ഹാലൊവീനും , സാം ലെവിന്‍സന്റെ 'അസാസിനേഷന്‍ നേഷനു' മാണ്‌. മേളയിലെ മികച്ച വാര്‍ത്താചിത്രത്തിനുള്ള ഒന്നാം സമ്മാനം ഫ്രീ സോളോ സംവിധായകര്‍ - ചായ്‌ വസെര്‍ഹെയ്‌ലിയും ജിമ്മി ചിന്നും നേടിയപ്പോള്‍ രണ്ടാം സ്‌ഥാനത്ത്‌ ടോം ഡോനഹ്യൂ വിന്റെ 'ദിസ്‌ ചെയ്‌ഞ്ചെസ്‌ എവ്രിതിംഗും' , മൂന്നാമതായി ജോണ്‍ ചെസ്‌റ്റിന്റെ 'ദ ബിഗസ്‌റ്റ് ലിട്ടില്‍ ഫാമും' എത്തിയിരുന്നു.
മേള അവസാനിക്കുന്നതിലൂടെ ഓസ്‌ക്കര്‍ ചര്‍ച്ചകള്‍ക്ക്‌ തിരി കൊളുത്തുകയാണ്‌. പതിനൊന്നു ദിവസം നീണ്ടുനിന്ന കാഴ്‌ചകളുടെ ഈ ഉത്സവം അഭൂതപൂര്‍വ്വമായ അനുഭവമാണ്‌ പ്രേക്ഷകരിലുണ്ടാക്കിയതെന്നതില്‍ ഒരു സംശയവുമില്ല.

സുരേഷ്‌ നെല്ലിക്കോട്‌

Ads by Google
Sunday 07 Oct 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW